Follow KVARTHA on Google news Follow Us!
ad

സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയത് ഭക്തിയുടെ ഭാഗമല്ല, പോലീസ് നടപടി സ്വാഭാവികം; തങ്ങളുടെ നേട്ടങ്ങള്‍ക്ക് വേണ്ടി ശബരിമലയില്‍ ചില അജണ്ടകള്‍ നടപ്പിലാക്കാനാണ് സംഘപരിവാര്‍ സംഘടനകളുടെ ശ്രമം, ആചാര സംരക്ഷകരെന്ന് അവകാശപ്പെടുന്നവര്‍ തന്നെ ആചാരങ്ങള്‍ ലംഘിക്കുന്നു, ശബരിമല തങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കാനാണ് ഹരിവരാസനം പാടി നടയടച്ചതിന് ശേഷം ആസൂത്രിതമായി പ്രതിഷേധം സംഘടിപ്പിച്ചതെന്നും മുഖ്യമന്ത്രി

ശബരിമല വിഷയത്തില്‍ ആര്‍.എസ്.എസ്, സംഘപരിവാര്‍ നേതാക്കളെ Thiruvananthapuram, News, Politics, Religion, Sabarimala Temple, Women, Trending, Controversy, Press meet, Kerala,
തിരുവനന്തപുരം: (www.kvartha.com 20.11.2018) ശബരിമല വിഷയത്തില്‍ ആര്‍.എസ്.എസ്, സംഘപരിവാര്‍ നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയത് ഭക്തിയുടെ ഭാഗമല്ലെന്നും പോലീസ് നടപടി സ്വാഭാവികമാണെന്നും വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തങ്ങളുടെ നേട്ടങ്ങള്‍ക്ക് വേണ്ടി ശബരിമലയില്‍ ചില അജണ്ടകള്‍ നടപ്പിലാക്കാനാണ് സംഘപരിവാര്‍ സംഘടനകള്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ആചാര സംരക്ഷകരെന്ന് അവകാശപ്പെടുന്നവര്‍ തന്നെ ആചാരങ്ങള്‍ ലംഘിക്കുകയാണ്. ശബരിമല തങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കാനാണ് ഹരിവരാസനം പാടി നടയടച്ചതിന് ശേഷം ആസൂത്രിതമായി പ്രതിഷേധം സംഘടിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. തങ്ങള്‍ ഭക്തരാണെന്ന് സ്വയം അവകാശപ്പെട്ട് രംഗത്തെത്തിയവരെല്ലാം ആര്‍.എസ്.എസിന്റെ പ്രമുഖ നേതാക്കളാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സമരത്തില്‍ പങ്കെടുത്ത ആര്‍.എസ്.എസ്, സംഘപരിവാര്‍ നേതാക്കളുടെ പേരെടുത്ത് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

Kerala Chief Minister Pinarayi slams RSS, BJP for disrupting peace in state over Sabarimala, Thiruvananthapuram, News, Politics, Religion, Sabarimala Temple, Women, Trending, Controversy, Press meet, Kerala

സ്ത്രീ പ്രവേശനത്തിനെതിരെ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ആര്‍.എസ്.എസ് , ബി.ജെ.പി പ്രവര്‍ത്തകര്‍ സമരം നടത്തുന്നത് എന്തിനാണെന്ന് വ്യക്തമാണ്. കോണ്‍ഗ്രസുകാരും ആര്‍.എസ്.എസ് നിലപാടിനൊപ്പം നില്‍ക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്.

ശബരിമലയില്‍ പ്രതിഷേധമുണ്ടായപ്പോള്‍ പോലീസ് പരമാവധി സംയമനം പാലിച്ചു. ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കുന്ന നിലയിലെത്തിയപ്പോഴാണ് പോലീസ് ഇടപെട്ടത്. ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന ഒരു ഭക്തനെയും തടഞ്ഞിട്ടില്ല. പോലീസ് പരമാവധി സംയമനം പാലിച്ചു. ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കുന്ന സാഹചര്യത്തിലാണു പോലീസ് നടപടിയുണ്ടായത്. പോലീസ് നടപടി ശക്തമാക്കിയശേഷം ഒരു ഭക്തനും ആക്രമിക്കപ്പെട്ടിട്ടില്ല.

ഭക്തര്‍ക്ക് ശബരിമലയില്‍ സൗകര്യം ഒരുക്കണം എന്നാണു പോലീസ് നിലപാട്. ആ നിലയ്ക്കു പോലീസ് സംയമനത്തോടെ കാര്യങ്ങള്‍ നിര്‍വഹിച്ചു. തടസം സൃഷ്ടിക്കുന്ന ചിലരെ സ്വാഭാവികമായും അറസ്റ്റു ചെയ്തു നീക്കേണ്ടിവരും. അതു ദര്‍ശനത്തിനു സൗകര്യം ഒരുക്കുന്നതിനാണ്. ചിത്തിര ആട്ടത്തിരുനാള്‍ ഒരു ദിവസത്തെ ഉത്സവമാണ്. ശബരിമലയില്‍ ഇന്നു വരെ ഇല്ലാത്ത അക്രമ നടപടിയാണ് കണ്ടത്.

സന്നിധാനം പവിത്രമായ ഇടമാണ്. ഭക്തരുടെ പ്രധാന സ്ഥലം. ആ സന്നിധാനത്ത് തന്നെ പ്രശ്‌നം സഷ്ടിക്കാന്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ ശ്രമം നടന്നു. സ്ത്രീകളെ സന്നിധാനത്തുവച്ചുതന്നെ ആക്രമിക്കുന്ന സ്ഥിതി ഉണ്ടായി. 50 വയസു കഴിഞ്ഞ സ്ത്രീയെപോലും ആക്രമിച്ചു. സംഘപരിവാരിനു ശബരമിലയില്‍ മനഃപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കണമായിരുന്നു.

അന്‍പതു വയസു കഴിഞ്ഞെന്നു തിരിച്ചറിഞ്ഞിട്ടും സ്ത്രീയെ ആക്രമിച്ചു. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് ചോറൂണിനു എത്തിയ സ്ത്രീയും ആക്രമിക്കപ്പെട്ടു. പൊലീസിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടായതുകൊണ്ടാണ് അവര്‍ക്ക് ദര്‍ശനം നടത്താന്‍ കഴിഞ്ഞത്. വലിയ പ്രകോപനം സംഘപരിവാറുകാര്‍ സംഘടിപ്പിച്ചു.

സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഭക്തരെന്ന വ്യാജേന സന്നിധാനത്തു തങ്ങാതിരിക്കാനാണു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി തങ്ങളുടെ പ്രവര്‍ത്തകരെ എത്തിക്കുന്നത്. ഓരോ മണ്ഡലത്തില്‍ നിന്നും പരമാവധി പ്രവര്‍ത്തകരെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ഒപ്പിട്ട ഒരു സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം എല്ലാവരും കണ്ടതാണല്ലോ.

പ്രശ്‌നമുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. ഇക്കൂട്ടര്‍ ഭക്തരല്ലെന്ന് നാട്ടുകാര്‍ക്ക് മനസിലാകും. ശബരിമലയെ പിടിച്ചടക്കാനുള്ള കര്‍സേവകരായിട്ടാണ് ഇവരെത്തുന്നത്. സര്‍ക്കുലര്‍ പുറത്തായതോടെ സംഘപരിവാറിന്റെ ഗൂഢപദ്ധതി പുറത്തായെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല പ്രശ്‌നം സുവര്‍ണാവസരമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞത് നേരത്തെ എല്ലാവരും കണ്ടതാണ്. ഇക്കാര്യം പരസ്യമായി നടപ്പിലാക്കുന്നതാണ് സര്‍ക്കുലറിലൂടെ വ്യക്തമാകുന്നത്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെയല്ല മറിച്ച് കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെയാണ് തങ്ങളുടെ സമരമെന്ന് കഴിഞ്ഞ ദിവസം ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. ബി.ജെ.പിയുടെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി പാവം അയ്യപ്പഭക്തന്മാരെ ബലിയാടാക്കരുതെന്നും സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ വേറെ വേദികളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭക്തരെന്ന പേരില്‍ അക്രമം കാട്ടിയവര്‍ സംഘപരിവാര്‍ സംഘടനകളുടെ നേതാക്കളാണ്. അക്രമം നടത്തിയതിന് അറസ്റ്റിലായ ആര്‍. രാജേഷ് എന്നയാള്‍ ആര്‍എസ്എസ് മൂവാറ്റുപുഴ മുന്‍ ജില്ലാകാര്യവാഹകാണ്. പി.വി.സജീവ് മൂവാറ്റുപുഴ ജില്ലാ കാര്യവാഹകാണ്. കണ്ണന്‍ പ്രചാര്‍ പ്രമുഖാണ്. വിഷ്ണു എബിവിപി പ്രവര്‍ത്തകനാണ്. അമ്പാടി യുവമോര്‍ച്ച പ്രവര്‍ത്തകന്‍. ബിജു ഹിന്ദു ഐക്യവേദിയുടെ നേതാവാണ്. ഇവരുടെ പേരില്‍ വിവിധ സ്‌റ്റേഷനുകളില്‍ കേസുകളുണ്ട്. ഇവര്‍ ആചാരങ്ങള്‍ പാലിച്ചിരുന്നോ എന്ന് ഇവരെ നാട്ടിലറിയാവുന്നവര്‍ പരിശോധിക്കണം. ഇവര്‍ വനത്തിലൂടെയാണു സന്നിധാനത്തിലെത്തിയത്.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അയച്ച സര്‍ക്കുലറില്‍ ശബരിമലയില്‍ പ്രക്ഷോഭം നടത്തുന്നതിനു ഓരോ മേഖലയ്ക്കും പ്രത്യേകം ആളെ നിശ്ചയിച്ചിരിക്കുകയാണ്. 86 ബിജെപി നേതാക്കള്‍ക്കാണു ചുമതല. ഇവര്‍ 41 ദിവസം വ്രതം അനുഷ്ഠിച്ചു വരുന്നവരല്ലെന്നു ജനങ്ങള്‍ക്ക് അറിയാം. വലിയ ഗൂഢപദ്ധതിയാണ് ബിജെപിയുടേത്.

സര്‍ക്കുലര്‍ വന്നതോടെ ഇതു എല്ലാവര്‍ക്കും മനസിലായി. രാഷ്ട്രീയ താല്‍പര്യത്തിനായി ബിജെപി ഭക്തരെ ബലിയാടാക്കരുതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഒരു നേതാവ് ശബരിമലയില്‍ കാട്ടിയ കാര്യങ്ങള്‍ സിസിടിവി ദൃശ്യങ്ങളിലൂടെ ജനങ്ങള്‍ കണ്ടു. അദ്ദേഹം വലിച്ചെറിഞ്ഞ ഇരുമുടി കെട്ട് എസ്പി എടുത്തു കൊടുക്കുന്നതു ദൃശ്യങ്ങളില്‍ കാണാം.

അതു ബഹുമാനത്തോടെ സൂക്ഷിക്കേണ്ടേ? അതു വീണ്ടും വലിച്ചെറിയുന്നതു ദൃശ്യങ്ങളില്‍ കാണാം. എസ്പി വീണ്ടും അതു നേതാവിനെ എല്‍പിക്കുന്നു, വീണ്ടും നേതാവ് വലിച്ചെറിയുന്നു. അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ അദ്ദേഹം തന്നെ കീറുന്നു. ഇതെല്ലാം ആചാരസംരക്ഷണത്തിന്റെ ഭാഗമാണോയെന്നു ജനങ്ങള്‍ ചിന്തിക്കണം. ബിജെപി നേതാക്കള്‍ ക്ഷേത്രദര്‍ശനത്തിനു വന്നാല്‍ സൗകര്യം ഒരുക്കും. മറ്റൊരു ചിന്തയാണെങ്കില്‍ പോലീസ് നേരിടും.

ശബരിമലയില്‍ കാണിക്കയിടരുതെന്ന് ആഹ്വാനം ചെയ്യുന്നവര്‍ തന്നെയാണ് ശബരിമലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നത്. ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും കേന്ദ്രനേതാക്കള്‍ സുപ്രീം കോടതി വിധിക്ക് അനുകൂലമാണ്. എന്നാല്‍ കേരളത്തില്‍ മാത്രമാണ് ചിലര്‍ക്ക് പ്രശ്‌നം. ചിത്തിര ആട്ടവിശേഷ സമയത്ത് അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്തില്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്.

സുപ്രീംകോടതി വിധിയെ സംബന്ധിച്ചു കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനു മിണ്ടാട്ടമില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയെ സംഘര്‍ഷഭൂമിയാക്കുന്നതിന് ഒറ്റ ഉത്തരമേയുള്ളൂ, വിശ്വാസത്തെ മുതലെടുത്തു രാഷ്ട്രീയ നേട്ടം ഉണ്ടാക്കുക. അതിനു ശബരിമലയെ സംഘപരിവാര്‍ കലാപ ഭൂമിയാക്കുന്നു. നാട് ഇതു തിരിച്ചറിയണം. അക്രമികളെ നേരിടല്ലെന്നു പറഞ്ഞ് പ്രതിപക്ഷനേതാവ് സര്‍ക്കാരിനെ ആക്ഷേപിച്ചു.

ഇപ്പോള്‍ ജൂഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് അദ്ദേഹം പറയുന്നത്. ഇങ്ങനെ തോന്നുമ്പോള്‍ തോന്നുന്നത് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തിയ രണ്ട് ഹര്‍ത്താലുകളെയും മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ഹര്‍ത്താലിനിടെ നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിനുള്ള ശ്രമമുണ്ടായി. ചില പ്രത്യേക വിഭാഗങ്ങളുടെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെ മാത്രം ആക്രമണം നടന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ശബരിമലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ വര്‍ഷം 202 കോടിരൂപ അനുവദിച്ചു. ശൗചാലയങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പുനഃസ്ഥാപിച്ചു. കുടിവെള്ളം പുനഃസ്ഥാപിച്ചു. 247 റോഡിന് പണം അനുവദിച്ചു. മനുഷ്യ സാധ്യമായ എല്ലാ സൗകര്യങ്ങളും ശബരിമലയില്‍ ഒരുക്കിയിട്ടുണ്ട്. എല്ലാം തകര്‍ന്ന സ്ഥലത്ത് ചില അസൗകര്യം ഉണ്ടാകും. അതു പരിഹരിക്കാന്‍ തുടര്‍ന്നും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടുത്തിടെയുണ്ടായ പ്രളയത്തില്‍ പമ്പയിലും മറ്റും കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്. ദുരന്തത്തിന് ശേഷം കേരള പുനര്‍ നിര്‍മാണത്തിന് ആദ്യ പരിഗണന കൊടുത്തത് ശബരിമല തീര്‍ത്ഥാടനത്തിനാണ്. പ്രളയ ശേഷം 25 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞു. രാജ്യത്തെ പ്രമുഖ കമ്പനിയെത്തന്നെ ഇവിടെ കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞു.

ഇപ്പോള്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പാക്കി 9000 തീര്‍ത്ഥാടകര്‍ക്ക് വിരിവയ്ക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ വര്‍ഷം ശബരിമലയുടെ വികസനത്തിന് 202 കോടിയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. മനുഷ്യ സാധ്യമായ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും നടത്തും.

കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം നേരത്തെ തന്നെ സംഘപരിവാറുകാര്‍ തുടങ്ങിയിരുന്നു. എന്നാല്‍ കേരളം ഒറ്റക്കെട്ടായി നിന്നാണ് അതിനെ നേരിട്ടത്. ലോകമാകെയുള്ള മലയാളികള്‍ സംഘപരിവാറിന് മറുപടി നല്‍കാന്‍ ഒരുമിച്ച് നിന്നു. പ്രളയകാലത്ത് നമ്മള്‍ കാണിച്ചതും രാജ്യത്തിന് മാതൃകയാണ്.

ചില ആരാധനാലയങ്ങളില്‍ എല്ലാ മതവിഭാഗങ്ങളെയും താമസിപ്പിച്ച രീതിയിലുള്ള പ്രവര്‍ത്തനമായിരുന്നു പ്രളയകാലത്ത് നടന്നത്. എന്നാല്‍ ഈ ഐക്യം സംഘപരിവാറിന് ഇഷ്ടമല്ല. അതുകൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ശബരിമലയില്‍ പോകാന്‍ തയ്യാറായി ഏതെങ്കിലും യുവതികള്‍ വന്നാല്‍ നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയേ സുരക്ഷ നല്‍കാന്‍ കഴിയൂ. എന്നാല്‍ സര്‍ക്കാര്‍ ആരെയും നിര്‍ബന്ധിച്ച് ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala Chief Minister Pinarayi slams RSS, BJP for disrupting peace in state over Sabarimala, Thiruvananthapuram, News, Politics, Religion, Sabarimala Temple, Women, Trending, Controversy, Press meet, Kerala.