Follow KVARTHA on Google news Follow Us!
ad

96കാരി കോളജില്‍ പോകും; റാങ്ക് നേട്ടം ആവര്‍ത്തിക്കുമോ എന്നേ ഇനി നോക്കേണ്ടതുള്ളൂ

96കാരിയായ കെ കാര്‍ത്ത്യായനിയാണ് ഇപ്പോള്‍ എങ്ങും സംസാരവിഷയംThiruvananthapuram, News, Local-News, Student, Education, Chief Minister, Pinarayi vijayan, Kerala,
തിരുവനന്തപുരം: (www.kvartha.com 01.11.2018) 96കാരിയായ കെ കാര്‍ത്ത്യായനിയാണ് ഇപ്പോള്‍ എങ്ങും സംസാരവിഷയം. മറ്റൊന്നുമല്ല കാര്യം. ഈ വയസാം കാലത്തും അവര്‍ക്ക് കോളജില്‍ പോകണം, പഠിക്കണം എന്ന ചിന്ത മാത്രമേ ഉള്ളൂ. വീട്ടുകാരുടെ സമ്മതം മാത്രമാണ് അവര്‍ക്ക് മുന്നിലെ ഏക തടസം.

നിരക്ഷരരെ സാക്ഷരരാക്കാനുള്ള സാക്ഷരതാ മിഷന്റെ പദ്ധതിയുടെ ഭാഗമായാണ് കാര്‍ത്ത്യായനി അമ്മ പഠിച്ച് പരീക്ഷ എഴുതി ഒന്നാം റാങ്കുകാരിയായത്. ഇനി കംപ്യൂട്ടറും ഇംഗ്ലീഷും പഠിക്കണം എന്നാണ് ഫലം പുറത്തു വന്നതിനു പിന്നാലെ ഇവരുടെ പ്രതികരണം. പക്ഷെ തിരുവനന്തപുരത്തെത്തിയപ്പോള്‍ അവിടെയും നിന്നില്ല ആഗ്രഹം ഇനി കോളജില്‍ പോണം എന്ന ആഗ്രഹമായി. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ചേപ്പാട് ചിറ്റൂര്‍ പടീറ്ററതില്‍ താമസിക്കുന്ന ഈ വിദ്യാര്‍ഥിനിയുടെ മോഹം ഇത്രമാത്രം.

Kerala: At 96, Karthyayani Amma To Get Enrolled In Class 4, Aces Her Reading Test, Thiruvananthapuram, News, Local-News, Student, Education, Chief Minister, Pinarayi vijayan, Kerala.

മലയാളദിനാചരണത്തിന്റ ഭാഗമായി മലയാളമിഷന്‍ സംഘടിപ്പിക്കുന്ന 'ഭൂമിമലയാളം' പ്രചാരണത്തിന് തുടക്കം കുറിച്ച് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് കാര്‍ത്ത്യായനി അമ്മയ്ക്ക് ഒന്നാം റാങ്കുകാരിക്കുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. കവയത്രി സുഗതകുമാരി കവിത ചൊല്ലാന്‍ പറഞ്ഞപ്പോള്‍ ചങ്ങമ്പുഴയുടെ പ്രശസ്തമായ രമണനിലെ 'മലരണിക്കാടുകള്‍ തിങ്ങിവിങ്ങി മരതകകാന്തിയില്‍ മുങ്ങിമുങ്ങി... എന്ന് സ്ഫുടമായി, ഈണത്തോടെ ചൊല്ലി.

കവി സച്ചിദാനന്ദന്‍, പ്രഭാവര്‍മ, ചലച്ചിത്ര സംവിധായകന്‍ കമല്‍ തുടങ്ങിയ പ്രൗഢഗംഭീരമായ സദസിനെ കണ്ടപ്പോള്‍ ഈ അമ്മ വിശേഷങ്ങളുടെ ഭാണ്ഡക്കെട്ടഴിച്ചു. ഈ 97-ാം വയസിനിടയിലും ഒരു അസുഖവും വന്നിട്ടില്ല. പത്തു പതിനഞ്ചു ദിവസമൊക്കെ കഞ്ഞികുടിക്കാതെ കഴിയാം. പക്ഷെ ഇടക്കിടെ ചായവേണം. അതും നല്ല മധുരമിട്ട്..'കാര്‍ത്ത്യായനി അമ്മ തന്റെ ആരോഗ്യ രഹസ്യം പുറത്തുവിട്ടു.

സര്‍ട്ടിഫിക്കറ്റ് തരട്ടെ എന്ന് മുഖ്യമന്ത്രി ചോദിച്ചപ്പോള്‍ തനി ഓണാട്ടുകര ഭാഷയില്‍ 'ഓ....തന്നാട്ടേ'യെന്ന് കാര്‍ത്ത്യായനി അമ്മ. സര്‍ട്ടിഫിക്കറ്റ് കൈമാറിയ മുഖ്യമന്ത്രി പൊന്നാട അണിയിക്കുകയും ചെയ്തു.

നിരക്ഷരെ കണ്ടെത്താനുള്ള സര്‍വേയ്ക്ക് ചെന്നപ്പോള്‍ സാക്ഷരതാ പ്രേരക് കെ സതിയോടാണ് അക്ഷരം പഠിക്കാനുള്ള ആഗ്രഹം കാര്‍ത്ത്യായനി അമ്മ പ്രകടിപ്പിച്ചത്. തന്റെ മകളുടെ പ്രായമുള്ള ഗുരുവിന്റെ പ്രിയശിഷ്യയായ ഇവര്‍ എല്ലാം പെട്ടെന്ന് തന്നെ പഠിച്ചെടുത്തു.

ചെന്നൈ മഹാലക്ഷ്മി വിദ്യാമന്ദിറിലെ അധ്യാപികയായ കൊച്ചുമകള്‍ സജിതയ്‌ക്കൊപ്പമാണ് കാര്‍ത്ത്യായനിയമ്മ സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയത്. പ്രേരക് സതി, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഹരിഹരനുണ്ണിത്താന്‍ ഓഫീസ് ഉദ്യോഗസ്ഥന്‍ ജോസഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു. കൂലിപ്പണിക്കാരനായ ഭര്‍ത്താവ് കൃഷ്ണപിള്ള 57 വര്‍ഷം മുമ്പ് മരിച്ചു. തൂപ്പു ജോലിയും മറ്റും ചെയ്താണ് ആറുമക്കളെ പോറ്റിയത്. ഇവരില്‍ ജീവിച്ചിരിക്കുന്നവര്‍ അമ്മിണിയമ്മയും പൊന്നമ്മയും മാത്രം. 62കാരിയായ അമ്മിണിയമ്മയ്‌ക്കൊപ്പമാണ് ഇപ്പോള്‍ താമസം.

മുഖ്യമന്ത്രിയുടെ കയ്യില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങി എന്ന് പറഞ്ഞ് ഗമയടിച്ച് ഇരിക്കാനൊന്നും കാര്‍ത്ത്യായനി അമ്മയ്ക്ക് സമയമില്ല. ഇനി നാലാംതരം തുല്യതാ പരീക്ഷയ്ക്ക് തയ്യാറെടുക്കണം...പിന്നെ ഇംഗ്ലീഷ്, കംപ്യൂട്ടര്‍..ഒത്താല്‍ കോളജും.....

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala: At 96, Karthyayani Amma To Get Enrolled In Class 4, Aces Her Reading Test, Thiruvananthapuram, News, Local-News, Student, Education, Chief Minister, Pinarayi vijayan, Kerala.