Follow KVARTHA on Google news Follow Us!
ad

ചിത്തിര ആട്ടത്തിന് ശബരിമല നട തുറക്കുമ്പോള്‍ സംസ്ഥാനത്ത് കനത്ത ജാഗ്രത

ചിത്തിര ആട്ടത്തിനായി നവംബര്‍ അഞ്ചിന് ഒറ്റ ദിവസത്തേക്കു ശബരിമല Thiruvananthapuram, News, Religion, Trending, Sabarimala Temple, Police, Protection, Kerala
തിരുവനന്തപുരം: (www.kvartha.com 30.10.2018) ചിത്തിര ആട്ടത്തിനായി നവംബര്‍ അഞ്ചിന് ഒറ്റ ദിവസത്തേക്കു ശബരിമല നട തുറക്കുമ്പോള്‍ സംസ്ഥാന വ്യാപക ജാഗ്രതയ്ക്കു ഡിജിപി നിര്‍ദേശം നല്‍കി. മൂന്നാം തീയതി മുതല്‍ ശബരിമലയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ വനിത പോലീസ് അടക്കം 1,500ലേറെ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. പമ്പയുടെ ചുമതലയില്‍ ഐജി എസ്. ശ്രീജിത്തിന് പകരം എം.ആര്‍. അജിത് കുമാറിനെ നിയോഗിച്ചു. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി.

തുലാമാസ പൂജ സമയത്തുണ്ടായ സംഘര്‍ഷങ്ങള്‍ ആവര്‍ത്തിച്ചേക്കാമെന്ന വിലയിരുത്തലിലാണു ഡിജിപിയുടെ ജാഗ്രതാ നിര്‍ദേശം. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് യുവതികള്‍ ശബരിമലയില്‍ എത്തിയെങ്കിലും അവരെ പതിനെട്ടാംപടി കയറാന്‍ പ്രതിഷേധക്കാര്‍ അനുവദിച്ചിരുന്നില്ല. പോലീസിന്റെ സുരക്ഷയില്‍ നടപ്പന്തല്‍ വരെ എത്തിയ യുവതികള്‍ ഒടുവില്‍ പ്രതിഷേധം കാരണം തിരിച്ചിറങ്ങുകയായിരുന്നു. മല കയറാനെത്തിയതിന്റെ പേരില്‍ യുവതികളുടെ വീടുകളും മറ്റും നശിപ്പിക്കുകയും ചെയ്തിരുന്നു.

State Wide Attention on November five in Sabarimala, Thiruvananthapuram, News, Religion, Trending, Sabarimala Temple, Police, Protection, Kerala

മാത്രമല്ല പ്രതിഷേധക്കാരും പോലീസും തമ്മില്‍ കല്ലേറും സംഘര്‍ഷവും നടന്നിരുന്നു. പമ്പയിലെത്തുന്ന വാഹനങ്ങള്‍ തടഞ്ഞ് അതില്‍ സ്ത്രീകള്‍ ഉണ്ടോ എന്ന് പരിശോധിച്ച് മാത്രമേ പ്രതിഷേധക്കാര്‍ വണ്ടി കയറ്റിവിട്ടിരുന്നുള്ളൂ. സ്ത്രീകള്‍ ഉണ്ടെങ്കില്‍ അവരെ വാഹനങ്ങളില്‍ നിന്നും ഇറക്കി മര്‍ദിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

സര്‍ക്കുലറില്‍ പറഞ്ഞിട്ടുള്ള നിര്‍ദേശങ്ങള്‍ ഇവയാണ്;

തീര്‍ഥാടകരെയോ വാഹനങ്ങളോ വഴിതടഞ്ഞുള്ള പരിശോധന അനുവദിക്കരുത്. എല്ലാ ജില്ലയിലും പരമാവധി പോലീസ് സേനയെ വിന്യസിക്കണമെന്നും ജില്ലാ പോലീസ് മേധാവിമാര്‍ക്കുള്ള സന്ദേശത്തില്‍ നിര്‍ദേശിച്ചു. തുലാമാസ പൂജ സമയത്ത് ഐജി എസ്. ശ്രീജിത്തിനായിരുന്നു പമ്പയുടെ ചുമതല.

എം.ആര്‍. അജിത് കുമാറിന്റെ സഹായത്തിന് എറണാകുളം റൂറല്‍ എസ്പി രാഹുല്‍ ആര്‍. നായരെയും നിയോഗിച്ചിട്ടുണ്ട്. ഇതോടൊപ്പം മൂന്നാം തീയതി രാവിലെ മുതല്‍ ശബരിമലയുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാനായി ആറു മേഖലകളായി തിരിച്ചു വന്‍ പോലീസ് വിന്യാസവും നടത്തും. സന്നിധാനത്തിന്റെ ചുമതല ഐജി പി. വിജയനാണ്. കൊല്ലം കമ്മീഷണര്‍ പി.കെ. മധുവും സന്നിധാനത്തുണ്ടാവും.

200 പോലീസുകാരെ സന്നിധാനത്തു മാത്രം വിന്യസിക്കും. മരക്കൂട്ടത്ത് എസ്പി വി. അജിത്തിന്റെ നേതൃത്വത്തില്‍ 100 പോലീസ് ഉദ്യോഗസ്ഥരും ഉണ്ടാകും. പമ്പയിലും നിലയ്ക്കലിലും 200 വീതം പോലീസും 50 വീതം വനിതാ പോലീസും തമ്പടിക്കും.

എരുമേലിയിലും വടശേരിക്കരയിലും ഓരോ എസ്പിമാരുടെ നേതൃത്വത്തില്‍ 100 പോലീസ് ഉദ്യോഗസ്ഥര്‍ വീതം അണിനിരക്കും. വനിതാ ബറ്റാലിയനിലെ അംഗങ്ങളെ കൂടാതെ വിവിധ ജില്ലകളില്‍നിന്നായി 45 വനിതാ പോലീസുകാരോടും തയാറാകാന്‍ നിര്‍ദേശം നല്‍കി. ഐജി മനോജ് എബ്രാഹാമിനാണു പൂര്‍ണ മേല്‍നോട്ട ചുമതല.

അതിനിടെ ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇനി പിടിയിലാകാനുള്ളവര്‍ ഒളിവിലാണെന്നു പോലീസ് പറഞ്ഞു. ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്ത 350 പേരാണ് ഒളിവിലുള്ളത്. 531 കേസുകളിലായി ഇതുവരെ അറസ്റ്റിലായിട്ടുള്ളത് 3,557 പേരാണെന്നും പോലീസ് അറിയിച്ചു.

Keywords: State Wide Attention on November five in Sabarimala, Thiruvananthapuram, News, Religion, Trending, Sabarimala Temple, Police, Protection, Kerala.