Follow KVARTHA on Google news Follow Us!
ad

സമുദ്രവിഭവ സംരക്ഷണത്തിന്റെ കേരളമാതൃക തെന്നിന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മേഴ്‌സിക്കുട്ടിയമ്മ

ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേന്ദ്ര സമുദ്രജല മത്സ്യ ഗവേഷണ സ്ഥാപനവും Kochi, News, Fishermen, Farmers, Minister, Technology, Business, Kerala, Inauguration,
കൊച്ചി: (www.kvartha.com 30.10.2018) ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേന്ദ്ര സമുദ്രജല മത്സ്യ ഗവേഷണ സ്ഥാപനവും (സിഎംഎഫ്ആര്‍ഐ) സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഐഎഫ്ടി) യും ചേര്‍ന്ന് സംഘടിപ്പിക്കുന്ന തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലെ ഫിഷറീസ് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും കോണ്‍ഫറന്‍സ് നവംബര്‍ 10, 11 തീയതികളില്‍ കൊച്ചി സിഎംഎഫ്ആര്‍ഐയില്‍ നടക്കും.

മത്സ്യവിഭവ സംരക്ഷണത്തിനായി കേരളം നടത്തിയ മാതൃകാപരമായ ഇടപെടലുകള്‍ തെന്നിന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അവരുടെ പങ്കാളിത്തം തേടുകയുമാണ് കോണ്‍ഫറന്‍സിന്റെ ലക്ഷ്യമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

South India fisheries mins to meet Nov 10, Kochi, News, Fishermen, Farmers, Minister, Technology, Business, Kerala, Inauguration

കോണ്‍ഫറന്‍സ് നടത്തിപ്പുമായി ബന്ധപ്പെട്ട് സിഎംഎഫ്ആര്‍ഐയില്‍ നടന്ന ആലോചന യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി. മത്സ്യ സമ്പത്ത് സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ സജീവമായ ഇടപെടലാണ് നടത്തി വരുന്നത്. കെ.എം.എഫ്.ആര്‍ നിയമം 2017 ഭേദഗതി ചെയ്തു. മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നത് നിരോധിച്ചു, വലകളുടെ കണ്ണി വലുപ്പം, വലകളുടെ വലുപ്പം തുടങ്ങിയവ നിശ്ചയിച്ച് നടപടികള്‍ സ്വീകരിച്ചു.

എന്നാല്‍ കേരളം മാത്രം ഇത്തരം നടപടികള്‍ സ്വീകരിച്ചതുകൊണ്ട് പ്രയോജനമില്ല. തൊട്ടടുത്ത സംസ്ഥാനങ്ങളും ഇത്തരം മത്സ്യവിഭവ സംരക്ഷണ നടപടികള്‍ സ്വീകരിക്കണം.
കേന്ദ്ര സര്‍ക്കാരിന്റെ നയരൂപീകരണത്തിലും മത്സ്യവിഭവ സംരക്ഷണ നടപടികള്‍ക്ക് മുന്‍ഗണന നല്‍കുകയും മറ്റു സംസ്ഥാനങ്ങളും ഇതു പിന്തുടരുകയും ചെയ്താല്‍ മാത്രമേ മത്സ്യ സമ്പത്ത് സംരക്ഷണം ഫലവത്താകുകയുള്ളൂ.

മത്സ്യ സമ്പത്ത് സംരക്ഷിക്കുന്നതിനായി ഏകീകൃത നയത്തിന് രൂപം നല്‍കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ തെന്നിന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കും. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി അവര്‍ക്ക് ഏതെല്ലാം രീതിയില്‍ ഇടപെടാനാകുമെന്നതു സംബന്ധിച്ച് കോണ്‍ഫറന്‍സില്‍ ചര്‍ച്ച നടക്കും.

രണ്ടു ദിവസങ്ങളിലായി നടക്കുന്ന കോണ്‍ഫറന്‍സില്‍ ഉദ്ഘാടന സമ്മേളനവും ടെക്‌നിക്കല്‍ സെഷനും നടക്കും. മത്സ്യ സമ്പത്ത് സംരക്ഷണവുമായി ബന്ധപ്പെട്ട കേരളത്തിലെ സാഹചര്യത്തെക്കുറിച്ച് ഫിഷറീസ് വകുപ്പ് ഡയറക്ടറുടെ പേപ്പര്‍ അവതരണത്തോടെയാകും ടെക്‌നിക്കല്‍ സെഷന്‍ ആരംഭിക്കുക. സ്‌റ്റേക്ക് ഹോള്‍ഡര്‍മാരുടെ യോഗവും പ്രമേയ അവതരണവും നടക്കും. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍, ബോട്ട് ഉടമകള്‍ എന്നിവരും പങ്കെടുക്കും.

ദേശീയ സമുദ്രമത്സ്യ നയം, വിനാശകരമായ മീന്‍പിടിത്ത രീതികളുടെ നിരോധനം, മിനിമം ലീഗല്‍ സൈസ്, ജുവനൈല്‍ ഫിഷിംഗ് നിരോധനം, മത്സ്യബന്ധന യാനങ്ങളുടെ നിര്‍മാണത്തിനുളള നിയന്ത്രണം, രാജ്യാതിര്‍ത്തി കടന്നുള്ള മത്സ്യബന്ധനത്തിന് നിരോധനം, ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം, ഗോസ്റ്റ് ഫിഷിംഗും പ്ലാസ്റ്റിക് മലിനീകരണവും കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളില്‍ പേപ്പര്‍ അവതരണം നടക്കും.

കോണ്‍ഫറന്‍സ് നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടക സമിതി രൂപീകരിച്ചു. ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ എസ്. വെങ്കടേശപതി, സിഐഎഫ്ടി ഡയറക്ടര്‍ ഡോ. സി.എന്‍. രവിശങ്കര്‍, സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. ടി.വി. സത്യാനന്ദ, സിഎംഎഫ്ആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സുനില്‍ മുഹമ്മദ്, മത്സ്യഫെഡ്, സാഫ്, എംപിഇഡിഎ തുടങ്ങിയ വകുപ്പ് ജീവനക്കാരും യോഗത്തില്‍ പങ്കെടുത്തു.

Keywords: South India fisheries mins to meet Nov 10, Kochi, News, Fishermen, Farmers, Minister, Technology, Business, Kerala, Inauguration.