Follow KVARTHA on Google news Follow Us!
ad

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല; എങ്കിലും മുഖ്യമന്ത്രി താന്‍ തന്നെ; ഛത്തീസ്ഗഡിലെ രാഷ്ട്രീയ ചാണക്യന്‍ അജിത് ജോഗി

തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ഇല്ലയോയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ലNews, Politics, Election, Congress, BJP, Allegation, Corruption, Chief Minister, National,
റായ്പൂര്‍: (www.kvartha.com 30.10.2018) തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ഇല്ലയോയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല, എന്നാല്‍ താന്‍ തന്നെയാണ് മുഖ്യമന്ത്രി! പറയുന്നത് മറ്റാരുമല്ല, ഛത്തീസ്ഗഡിലെ രാഷ്ട്രീയ ചാണക്യന്‍ അജിത് ജോഗി. ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ? സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയേക്കാവുന്ന അജിത് ജോഗിയുടെ കാര്യത്തില്‍ ഉയരുന്ന പ്രധാന ചോദ്യമിതാണ്.

ഇല്ലെന്ന് ആദ്യം സ്വന്തം പാര്‍ട്ടിയായ ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡ് (ജെ) (ജെസിസി-ജെ) വ്യക്തമാക്കിയിരുന്നു. എന്നാല്‍ മകന്‍ അമിത് ജോഗിയുടെ മണ്ഡലമായ മര്‍വാഹിയില്‍ അദ്ദേഹം മത്സരിച്ചേക്കുമെന്ന് സൂചനകള്‍ പിന്നീട് പുറത്തുവന്നിരുന്നു.

Chhattisgarh polls: Ajit Jogi will not contest, News, Politics, Election, Congress, BJP, Allegation, Corruption, Chief Minister, National

എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായി വ്യക്തത വരുത്താന്‍ പാര്‍ട്ടിയോ മകനോ അജിത് ജോഗി തന്നെയോ തയാറായിട്ടില്ല. പക്ഷേ, ബിഎസ്പി - ജെസിസി (ജെ) സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അജിത് ജോഗിയാണ്.

സംവരണ മണ്ഡലമായ മാര്‍വാഹിയെ നിലവില്‍ ജോഗിയുടെ മകന്‍ അമിത്താണു പ്രതിനിധീകരിക്കുന്നത്. നേരത്തേ അജിത് ജോഗിയായിരുന്നു ഇവിടെ മത്സരിച്ചിരുന്നത്. എന്നാല്‍ മര്‍വാഹിയില്‍ മത്സരിക്കുന്ന കാര്യത്തില്‍ പിതാവ് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് അമിത് അറിയിച്ചിരിക്കുന്നത്. മര്‍വാഹിയിലെ ജനങ്ങള്‍ എന്ത് ആഗ്രഹിക്കുന്നോ അതു നല്‍കുമെന്നും അമിത് കൂട്ടിച്ചേര്‍ത്തു.

താനുള്‍പ്പെടെയുള്ള മര്‍വാഹിയിലെ ജനങ്ങള്‍ അജിത് ജോഗിയുടെ തിരിച്ചുവരവ് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ജോഗി കുടുംബത്തിനു ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് മര്‍വാഹി. 2003ലും 2008ലും അജിത് ജോഗി ഇവിടെനിന്നു വിജയിച്ചിട്ടുണ്ട്. 2013ല്‍ മകന്‍ അമിത് ആണ് ഇവിടെനിന്നു ജയിച്ചത്.

കുറഞ്ഞ അംഗബലം കൊണ്ട് കര്‍ണാടക ഭരിക്കുന്ന കുമാരസ്വാമിയെപ്പോലെ 'കിങ്' അല്ലെങ്കില്‍ 'കിങ്‌മേക്കര്‍' ആകാനുള്ള നീക്കങ്ങളാണ് അജിത് ജോഗി നടത്തിവരുന്നത്. കോണ്‍ഗ്രസ് വിട്ടെങ്കിലും ഛത്തീസ്ഗഡിലെ അതികായന്‍ തന്നെയാണ് ഇപ്പോഴും
 അജിത് ജോഗി.

പിന്നാക്ക വിഭാഗം കൂടുതലുള്ള ഛത്തീസ്ഗഡില്‍ ബിഎസ്പിയുമായുള്ള കൂട്ടുകെട്ടിലൂടെ കോണ്‍ഗ്രസിനും ബിജെപിക്കും ബദലായി ശക്തമായ ത്രികോണ മത്സരം കാഴ്ചവയ്ക്കാന്‍ ജോഗിക്കു കഴിയുമെന്നാണു വിലയിരുത്തല്‍. അതേസമയം, തെരഞ്ഞെടുപ്പു ഗോദയില്‍ കോണ്‍ഗ്രസ് ഒരു എതിരാളിയേ അല്ലെന്നും പോരാട്ടം ബിജെപിയും ജെസിസി (ജെ)യും നേരിട്ടാണെന്നും പറഞ്ഞുവയ്ക്കുന്നുണ്ട് അദ്ദേഹം. അതു സമ്മതിച്ചുകൊടുക്കാന്‍ കോണ്‍ഗ്രസ് തയാറെല്ലെങ്കിലും ഒരിക്കല്‍ പാര്‍ട്ടിയുടെ ഛത്തീസ്ഗഡ് മുഖമായിരുന്ന അജിത് ജോഗിയെ തള്ളിക്കളയാന്‍ അവരും ഒരുക്കമല്ല.

അതേസമയം ജോഗിക്ക് ക്രിമിനല്‍ പശ്ചാത്തലവും ഉണ്ട്. ഛത്തീസ്ഗഡിലെ ആദ്യ മുഖ്യമന്ത്രി ജോഗിക്കെതിരായ പരാതികള്‍ക്കു വര്‍ഷങ്ങള്‍ പഴക്കവുമുണ്ട്. സംസ്ഥാനത്തു മുടിചൂടാമന്നനായിരുന്ന നേതാവിനെ നേര്‍വഴിക്കു നടത്താന്‍ പാര്‍ട്ടിയില്‍ ഒരിക്കല്‍പോലും ശ്രമമുണ്ടായില്ലെന്ന ആക്ഷേപവും കോണ്‍ഗ്രസില്‍ ഉയരുന്നു. അഴിമതിയാരോപണം, ബിജെപി വിമതര്‍ക്കു പണം കൊടുത്തു ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദം, കോണ്‍ഗ്രസില്‍നിന്നുള്ള പുറത്താക്കല്‍, കൊലപാതകക്കേസ്, അപകടം തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങള്‍ രാഷ്ട്രീയ ജീവിതത്തെ ചൂഴ്ന്നുനിന്നെങ്കിലും അവയില്‍നിന്നെല്ലാം കരകയറി ഛത്തീസ്ഗഡ് രാഷ്ട്രീയം തന്റെ കയ്യില്‍നിന്നു പോയിട്ടില്ലെന്നു തെളിയിക്കാനാണ് ജോഗിയുടെ ശ്രമം.

രാജീവ് ഗാന്ധി കൈപിടിച്ചു രാഷ്ട്രീയത്തിലേക്കു കൊണ്ടുവന്ന ജോഗി ഒരിക്കല്‍ പാര്‍ട്ടിക്ക് അനഭിമതനായെങ്കിലും വീണ്ടും സോണിയാഗാന്ധിയുടെ വിശ്വസ്ത സംഘത്തില്‍ തിരിച്ചെത്തിയിരുന്നു. 2008ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലോക്‌സഭാംഗത്വം ഉപേക്ഷിച്ച് മര്‍വാഹി മണ്ഡലത്തില്‍ ജോഗി നിയമസഭയിലേക്കു പത്രിക നല്‍കി.

ഭാര്യ രേണു തൊട്ടടുത്ത് കോട്ടാ മണ്ഡലത്തിലും മത്സരിച്ചു. ആ തെരഞ്ഞെടുപ്പില്‍, ഛത്തീസ്ഗഡിലെ എറ്റവും കൂടുതല്‍ യോഗങ്ങളില്‍ പ്രസംഗിച്ച, പ്രചാരണത്തിനായി എറ്റവും കൂടുതല്‍ യാത്ര ചെയ്ത നേതാവ് ജോഗിയായിരുന്നു. അപകടം സുഷുമ്‌നനാഡിയെ തളര്‍ത്തിയെങ്കിലും സര്‍വസജ്ജമായ ആംബുലന്‍സും മെഡിക്കല്‍ ടീമും ജോഗിയെ ഛത്തിസ്ഗഡിലുടനീളം അനുഗമിച്ചു. പൂര്‍ണമായും യന്ത്രവല്‍ക്കരിച്ച വീല്‍ച്ചെയറിലായിരുന്നു സഞ്ചാരമത്രയും.

2008 നവംബര്‍ ഒന്നിനും 17 നും ഇടയ്ക്ക് 74 മണ്ഡലങ്ങളിലെ 115 റാലികളില്‍ പ്രസംഗിച്ചു. ബിജെപിയുടെ മുഖ്യമന്ത്രിയായിരുന്ന രമണ്‍സിങ് അത്രയും ദിവസം കൊണ്ടു എത്തിയത് 62 മണ്ഡലങ്ങളില്‍. പ്രസംഗിച്ചത് 91 യോഗങ്ങളില്‍ മാത്രം! ജോഗിയുടെ ആവേശം നിറഞ്ഞ പ്രചാരണം പക്ഷേ, ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ രക്ഷിച്ചില്ല. ജോഗിയും രേണുവും ജയിച്ചു കയറിയെങ്കിലും ഭരണം ബിജെപി നിലനിര്‍ത്തി. ജോഗിയെ സോണിയാ ഗാന്ധി ഡെല്‍ഹിയിലേക്കുതന്നെ തിരികെ കൊണ്ടുവന്നു. കോണ്‍ഗ്രസിന്റെ ഒട്ടേറെ സമിതികളില്‍ അംഗമായി ഡെല്‍ഹി രാഷ്ട്രീയത്തില്‍ വീണ്ടും സജീവമായി.

അതേസമയം ഭാവിയെക്കുറിച്ചു ചോദിച്ചപ്പോള്‍ അന്ന് ജോഗിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു:

'ദൈവം എല്ലാ അനുഗ്രഹങ്ങളും എനിക്കു തന്നിട്ടുണ്ട്. ഛത്തിസ്ഗഡിലെ പട്ടികവര്‍ഗ മേഖലയില്‍ പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച എനിക്കു വിദ്യാഭ്യാസം തന്ന് എഞ്ചിനീയറാക്കി. സിവില്‍ സര്‍വീസിലെത്തിച്ച് കലക്ടറാക്കി. രാജീവ് ഗാന്ധിയുടെ കണ്ണില്‍പ്പെടുത്തി; രാഷ്ട്രീയത്തില്‍കൊണ്ടു വന്നു. മുഖ്യമന്ത്രിയാക്കി. വീണു കിടന്നപ്പോള്‍ താങ്ങാവാന്‍ എല്ലാവരുമുണ്ടായിരുന്നു.

മുംബൈയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തുമ്പോള്‍ തിയറ്ററിനു പുറത്ത് എന്റെ ഭാര്യയോടൊപ്പം രണ്ടു മണിക്കൂര്‍ സോണിയാഗാന്ധി കാത്തു നിന്നു. അതൊക്കെ വലിയ അനുഗ്രഹങ്ങളല്ലേ? എന്റെ കാലുകളേ തളര്‍ന്നിട്ടുള്ളൂ; മനസ്സിലെ രാഷ്ട്രീയപ്രവര്‍ത്തകന്‍ തളരില്ല. വിധിക്കു കീഴടങ്ങാന്‍ എന്തായാലും എനിക്കു മനസ്സില്ല'.

എന്നാല്‍ പിന്നീട് ബിജെപി വിമതര്‍ക്കു പണം കൊടുത്ത് ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദം ഉണ്ടായപ്പോള്‍ കോണ്‍ഗ്രസ് കൈവിട്ടു. സോണിയയുടെ വിശ്വസ്ത സംഘത്തിലെ പ്രധാനിയായി വിലസിയിരുന്ന ജോഗിക്ക് സോണിയ ഗന്ധിയുടെ ജന്മദിനാഘോഷത്തിന് അവരുടെ വസതിയില്‍ പ്രവേശനം നിഷേധിക്കപ്പെടുകയും ചെയ്തു. ഒടുവില്‍ 2016ല്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി.

ഭോപ്പാല്‍ സര്‍വകലാശാലയില്‍നിന്ന് ഒന്നാം റാങ്കോടെ എഞ്ചിനീയറിങ് ബിരുദം നേടിയ അജിത് ജോഗി 1970ല്‍ സിവില്‍ സര്‍വീസും നേടി. 1986ല്‍ ഐഎഎസില്‍നിന്നു രാജിവച്ച് കോണ്‍ഗ്രസിന്റെ രാജ്യസഭാംഗമായിട്ടായിരുന്നു രാഷ്ട്രീയ പ്രവേശനം. 2000 മുതല്‍ 2003 വരെ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി. 2016ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി പുറത്താക്കിയതിനെ തുടര്‍ന്നു സ്വന്തം പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു.

മധ്യപ്രദേശിലെ സിദ്ദി, ഷഹദോള്‍, റയ്പൂര്‍ ജില്ലകളില്‍ കലക്ടറായിരുന്ന അജിത് ജോഗി നല്ലൊരു ഭരണാധികാരി എന്നു പേരെടുത്തശേഷമാണു രാഷ്ട്രീയത്തിലെത്തുന്നത്. റായ്പൂര്‍ കലക്ടറായിരിക്കെയാണു രാജീവ് ഗാന്ധിയുമായി സൗഹൃദമുണ്ടാകുന്നത്. 1977 - 80 കാലഘട്ടം. പൈലറ്റായ രാജീവ് വിമാനം പറത്തി റായ്പൂരിലെത്തുമ്പോള്‍ ജില്ലാ കലക്ടര്‍ കാണാനെത്തും.
അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രി പുരുഷോത്തം കൗശിക് റായ്പൂരുകാരനായിരുന്നു. രാജീവ് ഗാന്ധി വരുന്ന കാര്യം പുരുഷോത്തം ജോഗിയെ വിളിച്ചു പറയും. റായ്പൂരിലെ യുവ കലക്ടര്‍ അന്നേ രാജീവിന്റെ ശ്രദ്ധയില്‍ പെട്ടു. 84ല്‍ രാജീവ് പ്രധാനമന്ത്രിയായപ്പോള്‍ സിവില്‍ സര്‍വീസ് രാജിവച്ച് ഡെല്‍ഹിയിലേക്കു വരാന്‍ ജോഗിയോടു നിര്‍ദേശിച്ചു.

രാജീവിന്റെ ഇഷ്ടക്കാരനും മിടുക്കനുമായ ചെറുപ്പക്കാരനും പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നുള്ള നേതാവുമെന്ന നിലയില്‍ ജോഗി ഡെല്‍ഹി രാഷ്ട്രീയത്തില്‍ വളരെപ്പെട്ടെന്നു തന്നെ താരമായി. 86 മുതല്‍ 98 വരെ രാജ്യസഭാംഗമായി. കോണ്‍ഗ്രസ് വക്താവായി തിളങ്ങി. ഛത്തീസ്ഗഡ് സംസ്ഥാനം രൂപീകരിച്ചപ്പോള്‍ ആദ്യ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ജോഗിയെ നിയോഗിച്ചു.

ആ മുഖ്യമന്ത്രിക്കാലമാണു ജോഗിയുടെ രാഷ്ട്രീയ ജീവിതം മാറ്റിമറിച്ചത്. തുടക്കത്തില്‍ പ്രതീക്ഷ നല്‍കിയ മുഖ്യമന്ത്രി വളരെപ്പെട്ടെന്നു വിവാദങ്ങളുടെ ചുഴിയില്‍പെട്ടു. ഒരു സ്വകാര്യ കമ്പനിയുടെ എംഡിയെപ്പോലെയാണ് അദ്ദേഹം ഛത്തിസ്ഗഡ് ഭരിച്ചതെന്ന് ആരോപണമുണ്ടായി. ഛത്തിസ്ഗഡിലെ കേബിള്‍ ശൃംഖല മകന്‍ അമിത് ജോഗിയുടെ വരുതിയിലാക്കിക്കൊടുത്തെന്നും ആരോപണമുണ്ടായി.
അമിത് ഭരണകാര്യങ്ങളില്‍ ഇടപെട്ടു തുടങ്ങിയതോടെയാണു ജോഗിയുടെ നില പരുങ്ങലിലായത്. ഏകമകളുടെ ആത്മഹത്യയെ തുടര്‍ന്ന് ജോഗി, മകന്‍ പറയുന്ന എന്തിനും വഴങ്ങിയെന്നായിരുന്നു ആരോപണം. 2003ലെ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്ന ബിജെപിയുടെ എംഎല്‍എമാരെ പണം കൊടുത്തു ചാക്കിടാന്‍ ശ്രമിച്ചതോടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ കണ്ണിലെ കരടായി.

അനധികൃത സ്വത്തുസമ്പാദനം, കൊലപാതകം, വ്യാജരേഖ തയാറാക്കല്‍, മോഷണം അടക്കം ഒട്ടേറെ കേസുകള്‍ ജോഗിക്കെതിരെ ഉണ്ടായി. ചിലതില്‍ കുറ്റവിമുക്തനായെങ്കിലും ചിലത് ഇപ്പോഴും അന്വേഷണ ഘട്ടത്തിലാണ്. 2003ല്‍ കോണ്‍ഗ്രസില്‍നിന്നു പുറത്താക്കിയെങ്കിലും 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചെടുത്ത് വീണ്ടുമൊരവസരം നല്‍കി.

അജിത് ജോഗിയെ അടുത്തറിയാവുന്നവര്‍ക്കു കോണ്‍ഗ്രസില്‍ അദ്ദേഹത്തിന്റെ വളര്‍ച്ചയും പതനവും അദ്ഭുതമുളവാക്കുന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കന്മാര്‍ക്കോ എംഎല്‍എമാര്‍ക്കോ അദ്ദേഹം ഒരു പരിഗണനയും നല്‍കിയില്ല. സഹമന്ത്രിമാരെയും എംഎല്‍എമാരെയും പ്രതിപക്ഷത്തെയും അവഗണിക്കുകയും മുറിപ്പെടുത്തുകയും ചെയ്തതായി പരാതിയുണ്ടായപ്പോഴെല്ലാം ജോഗി പറയുമായിരുന്നു, 'അതേ, ഞാനൊരു ഏകാധിപതിയാണ്; പക്ഷേ അതു പാവപ്പെട്ട ജനങ്ങള്‍ക്കുവേണ്ടിയാണ്' എന്ന്.

തികച്ചും ഏകാധിപതിയെപ്പോലെയാണു ജോഗി ഛത്തീസ്ഗഢ് ഭരിച്ചിരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ വരാത്ത അധികാരകേന്ദ്രങ്ങളെ കുതന്ത്രങ്ങളിലൂടെ അദ്ദേഹം സ്വന്തം മകന്റെ വരുതിയിലാക്കിക്കൊടുക്കാനും ശ്രദ്ധിച്ചു. ഛത്തീസ്ഗഢിലെ മുഴുവന്‍ കേബിള്‍ ശൃംഖലയും അമിത് ജോഗിയുടെ നിയന്ത്രണത്തിലായിരുന്നു.

ഉപഗ്രഹചനലുകളെ നിയന്ത്രിക്കാനായി ആകാശ് ചാനലും അമിത് ജോഗി തുടങ്ങി. ജോഗി സര്‍ക്കാരിനെതിരെ വാര്‍ത്ത കൊടുക്കുന്ന ചാനലുകളെ രായ്ക്കുരാമാനം പ്രവര്‍ത്തനരഹിതമാക്കാനും ജോഗിക്കു കഴിഞ്ഞു. ഒളിംപിക്‌സ് അസോസിയേഷന്‍, പ്രധാന വ്യവസായങ്ങള്‍, പ്രമുഖ ഹോട്ടലുകള്‍ തുടങ്ങി സംസ്ഥാനത്തെ സ്വാധീനകേന്ദ്രങ്ങളെല്ലാം ജോഗി സ്വന്തം വരുതിയിലാക്കി.

സദ്ഭരണത്തിനോ ജന നന്മയ്‌ക്കോ സ്ഥാനം നല്‍കാതെ എതിരാളികളെ നശിപ്പിക്കുന്നതിനാണ് അജിത് ജോഗിയെന്ന രാഷ്ട്രീയ നേതാവ് പ്രാമുഖ്യം നല്‍കിയിരുന്നത്. തന്നെ എതിര്‍ക്കുന്നവരെയെല്ലാം കാല്‍ക്കീഴിലാക്കന്‍ എന്തു തന്ത്രവും പ്രയോഗിക്കാന്‍ അദ്ദേഹത്തിനു മടിയുമില്ലായിരുന്നു. ഉദ്യോഗസ്ഥ ഗര്‍വിന്റെ ഒന്നാന്തരം ഉദാഹരണമാണ് ജോഗി. ഒരു കാര്യത്തിലും എതിര്‍പ്പോ വിമര്‍ശനമോ അദ്ദേഹം അനുവദിച്ചിരുന്നില്ല. ഐഎഎസ് ഉദ്യോഗസ്ഥരെ ഇഷ്ടംപോലെ സ്ഥലംമാറ്റി ജോഗി അധികാരം കാട്ടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chhattisgarh polls: Ajit Jogi will not contest, News, Politics, Election, Congress, BJP, Allegation, Corruption, Chief Minister, National.