Follow KVARTHA on Google news Follow Us!
ad

2.5 ലക്ഷം രൂപയുമായി പിടിയിലായി സസ്‌പെന്‍ഷനിലായ ജിയോളജിസ്റ്റിന് ഭരണ കക്ഷി എംഎല്‍എയുമായി ബന്ധം; അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

അഴിമതിപ്പണമായ 2.14 ലക്ഷം രൂപയുമായി വിജിലന്‍സ് പിടികൂടിയ ജില്ലാ ജിയോളജിസ്റ്റിന്Pathanamthitta, News, Corruption, Allegation, Politics, Controversy, Suspension, Probe, Appeal, Kerala
പത്തനംതിട്ട: (www.kvartha.com 01.08.2018) അഴിമതിപ്പണമായ 2.14 ലക്ഷം രൂപയുമായി വിജിലന്‍സ് പിടികൂടിയ ജില്ലാ ജിയോളജിസ്റ്റിന് ജില്ലയിലെ പ്രമുഖനായ ഭരണകക്ഷി എം.എല്‍.എ യുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ് ആവിശ്യപ്പെട്ടു. പാറമണ്ണ് ലോബികളുടെ പക്കല്‍ നിന്നും പണം കൈപ്പറ്റിയതിന് ജിയോളജിസ്റ്റിനെക്കുറിച്ച് വ്യാപകമായ പരാതിയാണ് ഉയര്‍ന്നുവന്ന് കൊണ്ടിരുന്നത്.

2009 ല്‍ കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് കേസെടുക്കുകയും വിജിലന്‍സ് കോടതി രണ്ടുവര്‍ഷം കഠിന തടവിനു ശിക്ഷിക്കുകയും ചെയ്ത ഈ ഉദ്യോഗസ്ഥന്‍ അപ്പീല്‍ നല്‍കി ഭരണതലത്തിലെ ഉന്നതസ്വാധീനത്തിന്റെ ബലത്തില്‍ വീണ്ടും നിയമനം നേടിയാണ് ജില്ലയിലെത്തിയത്.

Controversy over Pathanamthitta geologist, Pathanamthitta, News, Corruption, Allegation, Politics, Controversy, Suspension, Probe, Appeal, Kerala

ജില്ലയിലെ ഒരു ഭരണ കക്ഷി എം.എല്‍.എ യുടെ ശക്തമായ ശുപാര്‍ശയിലാണ് പത്തനംതിട്ടയില്‍ ജിയോളജിസ്റ്റായി നിയമനം ലഭിച്ചത്. അനധികൃത മണ്ണെടുപ്പിനും, പാറകടത്തിനും ഭരണകക്ഷി എം.എല്‍.എ യുടെ പിന്തുണ കൂടി ലഭിച്ചപ്പോള്‍ ഇയാള്‍ ചുമതലയേറ്റശേഷം ജില്ലയില്‍ മണ്ണെടുപ്പും, പാറകടത്തും സജീവമായി.

മുന്‍ ജിയോളജിസ്റ്റ് സ്‌റ്റോപ്പ് മെമ്മോ കൊടുത്ത പല ക്വാറികളും ഇയാള്‍ ജിയോളജിസ്റ്റായപ്പോള്‍ അനുമതി നല്‍കുകയും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ഈ ജിയോളജിസ്റ്റ് 27 ഓളം അനധികൃത പാറമടകള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ട്. ഉടമകളില്‍ നിന്ന് 10 ലക്ഷം രൂപാ വീതം കൈപ്പറ്റിയാണ് സ്‌റ്റോപ്പ് മെമ്മോയുള്ള ക്വാറികള്‍ക്ക് അനുമതി നല്‍കിയതെന്ന് വിജിലന്‍സ് കണ്ടെത്തയതായാണ് മാധ്യമങ്ങളിലെ വാര്‍ത്ത. നിരവധി സ്ഥലങ്ങളില്‍ അനധികൃത മണ്ണെടുപ്പ് തകൃതിയായി നടക്കുകയും ചെയ്യുന്നു.

300 ഘന അടിക്കു മുകളില്‍ മണ്ണെടുക്കണമെങ്കില്‍ കലക്ടറുടെ അനുമതി വേണമെന്ന നിയമമുണ്ടായിരിക്കെ മണ്ണ് മാഫിയകളെ സംരക്ഷിക്കാന്‍ ഒരു സ്ഥലത്തിനുതന്നെ രണ്ടും മൂന്നും തവണകളായി അനുമതി നല്‍കിയാണ് ഇതിനെ മറി കടന്നത്.

ജനവാസ കേന്ദ്രങ്ങളില്‍ അനധികൃതമായി പാറമട നടത്താനും മണ്ണെടുക്കാനും അനുമതി നല്‍കി. ആഡംബര ഹോട്ടലില്‍ താമസിച്ച് പത്തനംതിട്ട ജില്ലയിലെ കുന്നിടിച്ചും മണ്ണെടുത്തും, പാറകടത്തിയുമുള്ള നിയമ ലംഘനത്തിന് അനുമതി നല്‍കി ജില്ലയുടെ പരിസ്ഥിതിയെ അമ്മാനമാടിയ ഈ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡു ചെയ്യുകയല്ല വേണ്ടതെന്നും സര്‍വീസില്‍ നിന്ന് പുറത്താക്കുകയാണ് വേണ്ടതെന്നുമുള്ള അഭിപ്രായം ഉയരുന്നുണ്ട്.

പരിസ്ഥിതി പ്രശ്‌നങ്ങളുയര്‍ത്തി ആറന്മുള വിമാനത്താവളത്തെ പോലും അട്ടിമറിച്ച സി.പി.എമ്മിന്റെ പിന്‍ ബലത്തോടെയാണ് ഈ ഉദ്യോഗസ്ഥന്‍ കുന്നുകള്‍ ഇടിച്ചും ജലാശയങ്ങള്‍ നികത്തിയും അനധികൃത പാറമടകള്‍ക്ക് അനുമതി നല്‍കി പണം സമ്പാദിച്ചത്. മോശം സര്‍വീസ് ചരിത്രമുള്ളയാളും, കൈക്കൂലിക്കാരനുമായ ഇയാളെ പത്തനംതിട്ടയില്‍ എത്തിച്ച് സ്‌റ്റോപ്പ് മെമ്മോ നല്‍കിയ പാറമടകള്‍ക്ക് ലൈസന്‍സു നല്‍കിയ നടപടി എല്‍.ഡി.എഫ് ഘടക കക്ഷികളും ചോദ്യം ചെയ്യുമ്പോള്‍ ഇതു സി.പി.എം എം.എല്‍.എ യുടെ പ്രത്യേക താല്‍പര്യമാണെന്നും വ്യക്തമാകുന്നു.

ആരോപണ വിധേയനായ ജിയോളജിസ്റ്റിന്റെ നടപടികളും ഇയാള്‍ക്ക് ജില്ലയിലെ ഒരു ഭരണ കക്ഷി എം.എല്‍.എ യുമായുള്ള ബന്ധവും അന്വേഷിക്കണമെന്ന് എല്‍.ഡി.എഫിലെ ഘടക കക്ഷികള്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നതിനാല്‍ എം.എല്‍.എ ആരാണെന്നു പറയുവാനുള്ള ബാധ്യത എല്‍.ഡി.എഫ് ഘടക കക്ഷികള്‍ക്കുണ്ടെന്നും അത് അറിയാനുള്ള ആഗ്രഹം ജനങ്ങള്‍ക്കുണ്ടെന്നും ബാബു ജോര്‍ജ് പറഞ്ഞു.

മുന്‍ ജിയോളജിസ്റ്റ് സ്‌റ്റോപ്പ് മെമ്മോ നല്‍കി അനുമതി റദ്ദു ചെയ്യുകയും പിന്നീട് ഈ ഉദ്യോഗസ്ഥന്‍ അനുമതി നല്‍കുകയും ചെയ്ത എല്ലാ പെര്‍മിറ്റുകളും റദ്ദു ചെയ്യുകയും പുനരന്വേഷണം നടത്തുകയും ചെയ്യണം. അഴിമതിപ്പണം കൈപ്പറ്റി ജില്ലയുടെ പരിസ്ഥിതി നില അപകടകരമാക്കി അനുമതി നല്‍കിയ ക്വാറികളുടെയും, ക്രഷറികളുടെയും അനുമതി റദ്ദാക്കിയില്ലങ്കില്‍ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം ആരംഭിക്കും.

ഏനാദി മംഗലം പഞ്ചായത്തിലെ അനധികൃത പാറഖനനം നടക്കുന്ന നിരപ്പുപാറയില്‍ ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തി. അനധികൃത പാറകളും മണ്ണും ഖനനം നടക്കുന്ന സ്ഥലങ്ങള്‍ ഡി.സ.സി സംഘം തുടര്‍ന്നും സന്ദര്‍ശിക്കുമെന്നും ബാബു ജോര്‍ജ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Controversy over Pathanamthitta geologist, Pathanamthitta, News, Corruption, Allegation, Politics, Controversy, Suspension, Probe, Appeal, Kerala.