Follow KVARTHA on Google news Follow Us!
ad

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണന്‍ അന്തരിച്ചു

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണന്‍ (71) അന്തരിച്ചു. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെ 10 മണിക്കായിരുന്നു Palakkad, News, Kerala, Obituary, Welfare Party, Leader, Thennilapuram Radakrishnan
പാലക്കാട്: (www.kvartha.com 01.03.2018) വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണന്‍ (71) അന്തരിച്ചു. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെ 10 മണിക്കായിരുന്നു അന്ത്യം. കിഡ്നി സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.


പാലക്കാട് തെന്നിലാപുരം പി എസ് ആര്‍ എഴുത്തച്ഛന്റെയും എ പാറുക്കുട്ടിയമ്മയുടെയും മകനായി 1947 മെയ് 25 ന് ജനനം. കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയില്‍ സേവനമനുഷ്ഠിക്കെ ആര്യവൈദ്യ ഫാര്‍മസി എംപ്ലോയീസ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയരംഗത്ത് സജീവമായി. 1969 ല്‍ സി പി ഐ അംഗമായി. എ ഐ വൈ എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും എ ഐ ടി യു സി സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും സി പി ഐ സംസ്ഥാന കമ്മിറ്റി അംഗമായും രണ്ട് തവണ പാലക്കാട് ജില്ലാസെക്രട്ടറിയായും യുവകലാസാഹിതി സംസ്ഥാന ഭാരവാഹിയായും പ്രവര്‍ത്തിച്ചു. കര്‍ഷകസംഘം പാലക്കാട് ജില്ലാ സെക്രട്ടറി, എ ഐ ടി യു സി പാലക്കാട് ജില്ലാ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചു.

എ ഐ വൈ എഫ്, എ ഐ ടി യു സി കര്‍ഷകസംഘം എന്നിവയുടെ ദേശീയ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. ജനയുഗം ഡയറക്ടര്‍, കൊല്ലം ചിറ്റൂര്‍ കോ-ഓപറേറ്റീവ് ഷുഗര്‍ ഫാക്ടറി എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ്, പാലക്കാട് ഐ ആര്‍ സി കമ്മിറ്റിയംഗം, സെന്‍ട്രല്‍ ഗവണ്‍മെന്റിനു കീഴിലുള്ള തൊഴിലാളി വിദ്യാഭ്യാസ പദ്ധതി ഡയറക്ടര്‍, പാലക്കാട് ജില്ലാ വികസന സമിതിയംഗം, രാജീവ്ഗാന്ധി പഞ്ചവത്സര പദ്ധതിയുടെ ജില്ലാ മൈക്രോ കമ്മിറ്റി അംഗം, പ്രഭാത് ബുക്ക് ഹൗസ് ഡയറക്ടര്‍, ദേശീയ സമ്പാദ്യ പദ്ധതിയുടെ സംസ്ഥാന ഉപദേശക സമിതിയംഗം, കമാന്റ് ഏരിയ ഡവലപ്മെന്റ് അതോറിറ്റി (CADA) അംഗം എീ പദവികള്‍ വഹിച്ചു.

പിന്നീട് സി പി ഐ വിട്ട് അദ്ദേഹം 2012 ല്‍ വെല്‍ഫെയര്‍പാര്‍ട്ടി രൂപീകരണത്തിന് നേതൃത്വം നല്‍കി. പാര്‍ട്ടിയുടെ പ്രഥമ സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന ജനറല്‍സെക്രട്ടറി, ദേശീയ നിര്‍വാഹക സമിതിഅംഗം, എഫ് ഐ ടി യു ദേശീയ നിര്‍വാഹക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പാര്‍ട്ടി മുഖപത്രമായ ജനപക്ഷത്തിന്റെ എഡിറ്റോറിയല്‍ കമ്മിറ്റി അംഗമായിരുന്നു. മരണസമയത്ത് ഭാര്യ കെ ആര്‍ സുഗുഭ, മകള്‍ രമ്യാകൃഷ്ണന്‍, മരുമകന്‍ രഞ്ജിത്ത് രാമകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം തൃശൂര്‍ മെഡിക്കല്‍കോളേജിന് വിട്ടു കൊടുക്കും.

വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അനുശോചിച്ചു
പാലക്കാട്: വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണന്റെ മരണത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അനുശോചിച്ചു. ജനപക്ഷ രാഷ്ട്രീയത്തിന് കരുത്ത് പകര്‍ന്ന നിസ്വാര്‍ത്ഥ നേതാവായിരുന്നു അദ്ദേഹമെന്ന് പാര്‍ട്ടി സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം സജീദ് ഖാലിദ്, ജില്ലാ പ്രസിഡന്റ് സി എച്ച് മുത്തലിബ്, ജനറല്‍ സെക്രട്ടറി സി എച്ച് ബാലകൃഷ്ണന്‍ സംസ്ഥാന പ്രതിനിധി സഭാ അംഗം അമ്പുഞ്ഞി തലക്ലായി എന്നിവര്‍ അനുശോചനത്തില്‍ അറിയിച്ചു.

അനുശോചന സൂചകമായി എഫ് ഐ ടി യു ധര്‍ണ മാറ്റിവെച്ചതായി ജില്ലാ പ്രസിഡന്റ് ഹമീദ് കക്കണ്ടം അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Palakkad, News, Kerala, Obituary, Welfare Party, Leader, Thennilapuram Radakrishnan, Welfare Party state leader Thennilapuram Radakrishnan passes away.