Follow KVARTHA on Google news Follow Us!
ad

ശുഐബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയില്‍ ഭരണ- പ്രതിപക്ഷ ബഹളം; രണ്ടാം ദിവസവും സഭ മുടങ്ങി

ശുഐബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ചൊവ്വാഴ്ചയും നിയമസഭയില്‍Thiruvananthapuram, News, Politics, Trending, Protesters, Murder case, CBI, Probe, Kerala,
തിരുവനന്തപുരം: (www.kvartha.com 27.02.2018) ശുഐബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ചൊവ്വാഴ്ചയും നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതേത്തുടര്‍ന്നു നിയമസഭ പിരിഞ്ഞു. കഴിഞ്ഞദിവസവും സഭ ഇതേ വിഷയത്തെ ചൊല്ലി നേരത്തേ പിരിഞ്ഞിരുന്നു. രാവിലെ ചോദ്യോത്തര വേളയുടെ സമയത്തു പ്രതിപക്ഷ പ്രതിഷേധം ഉണ്ടായി. അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

രാവിലെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഡയസിലെത്തിയ ഉടനെ പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷ എംഎല്‍എമാര്‍ നടുത്തളത്തില്‍ ഇറങ്ങുകയായിരുന്നു. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്നു ചോദ്യോത്തരവേള നിര്‍ത്തിവച്ചു. പിന്നീടു റദ്ദാക്കി. സ്പീക്കറുടെ ചേംബറിനു മുന്നില്‍ പ്രതിപക്ഷം ബാനര്‍ നിവര്‍ത്തി. സഭയുടെ അന്തസ് മാനിക്കണമെന്നും ചെയറിന്റെ മുഖം മറച്ചുള്ള പ്രതിഷേധം അനുവദിക്കില്ലെന്നും സ്പീക്കര്‍ പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല.

Opposition rocks Kerala Assembly with Shuhaib murder, Thiruvananthapuram, News, Politics, Trending, Protesters, Murder case, CBI, Probe, Kerala

ജനാധിപത്യത്തെ മാനിക്കുന്നുണ്ടെങ്കില്‍ സഭാ നടപടികള്‍ തടസപ്പെടുത്തരുതെന്ന് പ്രതിപക്ഷ നേതാവിനോട് പലതവണ സ്പീക്കര്‍ ആവശ്യപ്പെട്ടു. ബഹളം നടക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് മിണ്ടാതിരിക്കുന്നത് ശരിയല്ലെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ചോദ്യോത്തരവേള താത്കാലികമായി നിറുത്തി വച്ചു. പ്രതിപക്ഷം മര്യാദ കാട്ടണമെന്നു സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

മണ്ണാര്‍ക്കാട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീര്‍ കുത്തേറ്റുമരിച്ച സംഭവത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് പ്രതിപക്ഷം നല്‍കിയെങ്കിലും അവതരണാനുമതി നിഷേധിച്ചു. മണ്ണാര്‍ക്കാട് എംഎല്‍എ അഡ്വ. എം.ഷംസുദ്ദീന്‍ നല്‍കിയ അടിയന്തര പ്രമേയം പരിഗണിക്കാതിരുന്നതും പ്രതിപക്ഷത്തെ ചൊടിപ്പിച്ചു.

അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകവും മണ്ണാര്‍ക്കാട് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകവും ചൂണ്ടിക്കാട്ടി സഭ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. ശുഐബ് വധത്തില്‍ അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്നും പിടികൂടിയത് ഡമ്മി പ്രതികളാണെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

പ്രതിഷേധം രൂക്ഷമായതോടെ ധനവിനിയോഗ ബില്‍ ചര്‍ച്ച കൂടാതെ പാസാക്കി സഭ പിരിയുകയായിരുന്നു. തിങ്കളാഴ്ചയും സഭ ആരംഭിച്ച് 10 മിനിറ്റിനകം ബഹളം കാരണം നിര്‍ത്തിവച്ചിരുന്നു. വീണ്ടും സഭ ചേര്‍ന്നെങ്കിലും നടപടികള്‍ വേഗത്തിലാക്കി പിരിഞ്ഞു. പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയും ചെയ്തു. ശുഐബ് വധക്കേസില്‍ സിബിഐ അന്വേഷണം ഇല്ലെന്നും പ്രതികളെ ഒരാഴ്ചയ്ക്കകം പിടികൂടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച സഭയില്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Opposition rocks Kerala Assembly with Shuhaib murder, Thiruvananthapuram, News, Politics, Trending, Protesters, Murder case, CBI, Probe, Kerala.