Follow KVARTHA on Google news Follow Us!
ad

കാലില്‍ കെട്ടി കഞ്ചാവ് കടത്ത്; തമിഴ്‌നാട് സ്വദേശി പിടിയില്‍

കാലില്‍ കെട്ടിവച്ച് കഞ്ചാവ് കടത്തിയ തമിഴ്‌നാട് സ്വദേശിയെ പോലീസ് പിടികൂടി. കേരളത്തിലെ Kottayam, Kerala, News, Seized, Arrest, Police, Ganja.
കോട്ടയം: (www.kvartha.com 01.10.2017) കാലില്‍ കെട്ടിവച്ച് കഞ്ചാവ് കടത്തിയ തമിഴ്‌നാട് സ്വദേശിയെ പോലീസ് പിടികൂടി. കേരളത്തിലെ കച്ചവടക്കാര്‍ക്ക് കഞ്ചാവ് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന അരകിലോ കഞ്ചാവും പിടിച്ചെടുത്തു. കമ്പം സ്വദേശി സുന്ദര്‍ദാസിനെയാണ് (സുന്ദര്‍29) അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ നിരവധി വാഹന മോഷണക്കേസുകളില്‍ പ്രതിയാണ് സുന്ദറെന്നു പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു സമീപമായിരുന്നു സംഭവം. ഒരു മാസം മുമ്പ് ഒരു കിലോ കഞ്ചാവുമായി നഗരത്തില്‍ നിന്നു കഞ്ചാവ് കച്ചവടക്കാരനെ ഷാഡോ പോലീസ് സംഘം പിടികൂടിയിരുന്നു. ഇതിനു പിന്നാലെ പോലീസ് നടത്തിയ അന്വേഷണമാണ് കമ്പത്തെ വന്‍ കഞ്ചാവ് മാഫിയയിലേയ്ക്ക് എത്തിയത്. കേരളത്തില്‍ നിന്നു നേരിട്ട് കഞ്ചാവ് എടുക്കുന്ന സ്ഥിരം വില്‍പ്പനക്കാര്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ കഞ്ചാവ് കടത്തിനല്‍കാറുണ്ടെന്ന വിവരം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ചിരുന്നു.

Kottayam, Kerala, News, Seized, Arrest, Police, Ganja.


ദിവസങ്ങളായി ഡിവൈ.എസ്.പി സഖറിയ മാത്യു, സി.ഐ നിര്‍മ്മല്‍ ബോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചു നിരീക്ഷണം നടത്തിവരികയായിരുന്നു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ കമ്പത്തു നിന്നെത്തിയ ബസിലാണ് പ്രതി സ്റ്റാന്‍ഡില്‍ വന്നിറങ്ങിയത്. ആദ്യം ഇയാളെ പോലീസ് സംഘം കണ്ടെങ്കിലും കൈവശം പൊതിയൊന്നുമില്ലാതിരുന്നതിനാല്‍ സംശയം തോന്നിയില്ല. എന്നാല്‍, കാലുകള്‍ അസ്വാഭാവികമായി വീര്‍ത്തിരിക്കുന്നതു കണ്ട് സംശയം തോന്നിയ പോലീസ് സംഘം പിന്നാലെ ചെന്നു. ഇതിനിടെ പ്രതി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു സമീപത്തെ തീയറ്റര്‍ റോഡിലൂടെ ചന്തക്കടവിലേയ്ക്കിറങ്ങി. പിന്നാലെ എത്തിയ സംഘം പ്രതിയെ തടഞ്ഞു നിര്‍ത്തി പരിശോധിച്ചു. ഇതോടെയാണ് ഇയാളുടെ മുട്ടിനു താഴെ പാന്‍സിനുള്ളില്‍ കെട്ടി വച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്.

പ്ലാസ്റ്റിക് കവറിനുള്ളില്‍ നിറച്ച കഞ്ചാവ് ചുരുട്ടി കാലില്‍ കെട്ടിവയ്ക്കുകയായിരുന്നു. രണ്ടു കാലിലും കാല്‍കിലോ വീതം കഞ്ചാവാണ് ഉണ്ടായിരുന്നത്. ഇയാളില്‍ നിന്നു കഞ്ചാവ് വാങ്ങാനിരുന്നയാളെ തിരിച്ചറിഞ്ഞതായി പോലീസ് സംഘം അറിയിച്ചു. അറസ്റ്റിലായ പ്രതിയുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി കമ്പം പോലീസിനെ ബന്ധപ്പെട്ടിരുന്നു. കമ്പത്ത് വാഹനമോഷണം അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് സുന്ദറെന്നു കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kottayam, Kerala, News, Seized, Arrest, Police, Ganja, Tamil Nadu native arrest with ganja.