Follow KVARTHA on Google news Follow Us!
ad

കോട്ടയത്തുകാര്‍ക്ക് വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ കച്ചേരിക്കടവ് ബോട്ട് ജെട്ടി ഒരുങ്ങുന്നു

വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ ഇടം തേടി അലയുന്ന നഗരത്തിനു 1500 മീറ്ററില്‍ പടര്‍ന്നു Boat jetty, Tourism, Project, Kerala, Kottayam, News, Kacheri Boat jetty project is ready.
കോട്ടയം: (www.kvartha.com 01.10.2017) വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ ഇടം തേടി അലയുന്ന നഗരത്തിനു 1500 മീറ്ററില്‍ പടര്‍ന്നു കിടക്കുന്ന വന്‍ വിനോദസഞ്ചാര കേന്ദ്രമൊരുങ്ങുന്നു. നിര്‍മ്മാണം പൂര്‍ത്തിയാക്കി രണ്ടു മാസത്തിനകം വിനോദ സഞ്ചാരികള്‍ക്കു തുറന്നു കൊടുക്കുന്ന കച്ചേരിക്കടവ് പഴയ ബോട്ട് ജെട്ടിയാണ് നഗരത്തിലെ ആഭ്യന്തര സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാകാന്‍ ഒരുങ്ങുന്നത്. ചരിത്രം കഥപറയുന്ന കച്ചേരിക്കടവില്‍ പഴമയും പുതുമയും ഒന്നിച്ചു കൈ കോര്‍ക്കുന്നതോടെ നഗരത്തിലെ പുതിയൊരു വിനോദ സഞ്ചാര സംസ്‌കാരത്തിനാണ് മിഴി തുറക്കുന്നത്.

Boat jetty, Tourism, Project, Kerala, Kottayam, News, Kacheri Boat jetty project is ready.

പഴമയുടെ പ്രൗഢിയുടെ കഥ ഏറെ പറയാനുണ്ട് കച്ചേരിക്കടവിന്. ജലഗതാഗതത്തെ മാത്രം യാത്രയ്ക്കായി ആശ്രയിച്ചിരുന്ന പണ്ടു കാലത്ത് തിരക്കേറിയ കേന്ദ്രമായിരുന്നു കച്ചേരിക്കടവ്. ചന്തക്കടവില്‍ ചരക്കു വള്ളങ്ങളും, കച്ചേരിക്കടവില്‍ യാത്രാ വള്ളങ്ങളും എത്തിയിരുന്ന ഒരു കാലമായിരുന്നു അന്ന്. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മൂലംതിരുനാള്‍ രാമവര്‍മ്മയുടെ കാലത്താണ് കച്ചേരിക്കടവ് ബോട്ടുജെട്ടി തുടങ്ങിയത്. ദിവാന്‍ ടി. രാമറാവുവിന്റെ പേരും വര്‍ഷവും ആലേഖനം ചെയ്ത രാജമുദ്ര ഇവിടെ ഇപ്പോഴുമുണ്ട്. ആദ്യ കാലത്ത് കോട്ടയത്തുനിന്ന് ആലപ്പുഴയ്ക്ക് സ്വകാര്യബോട്ടുകളാണ് സര്‍വ്വീസ് നടത്തിയിരുന്നത്. സ്വരാജ്, പുഞ്ചിരി എന്നിവ. 1967 ല്‍ ജലഗതാഗത കോര്‍പ്പറേഷനും. 1968 ല്‍ ഇമ്പിച്ചി ബാവ മന്ത്രിയായിരുന്നപ്പോള്‍ ജലഗതാഗതവകുപ്പ് കച്ചേരിപ്പടി ബോട്ടുജെട്ടി ഏറ്റെടുത്തു. പിന്നീട് വര്‍ഷങ്ങളോളം ആലപ്പുഴയെയും, എറണാകുളത്തെയും കോട്ടയവുമായി ബന്ധിപ്പിച്ചിരുന്ന പ്രധാന കണ്ണി ഈ ബോട്ട് ജെട്ടിയായിരുന്നു. എന്നാല്‍, എം.സി റോഡും ദേശീയ പാതയും വാഹനങ്ങള്‍ക്കായി വഴി തുറന്നിട്ടതോടെ ബോട്ടുജെട്ടിയുടെ പ്രൗഢി ഇടിഞ്ഞു തുടങ്ങി. പിന്നെ കാലത്തിന്റെ കുത്തൊഴുക്കില്‍ പുറം തള്ളപ്പെട്ട ബോട്ട് ജെട്ടിയും തോടും കാടും പോളയും നിറഞ്ഞ് ഉപയോഗ്യ ശൂന്യമാകുകയും ചെയ്തു.

ജലഗതാഗതം പൂര്‍ണമായും നിലച്ചതോടെ കൊടൂരാറ്റില്‍ നിന്നു കച്ചേരിക്കടവിലേയ്ക്കുള്ള തോട് പൂര്‍ണമായും, ചെളിയും പായലും പോളയും നിറഞ്ഞതായി. ബോട്ടുകള്‍ എത്തിയിരുന്നില്ലെങ്കിലും പഴയ ബോട്ട് ജെട്ടിയുടെ ഓഫീസ് ഇവിടെ തന്നെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ബോട്ട് ജെട്ടി പ്രവര്‍ത്തനം നിലച്ചതോടെ ഈ റോഡിലേയ്ക്കുള്ള പൊതുമരാമത്ത് വകുപ്പിന്റെ ശ്രദ്ധയും ഇല്ലാതെയായി. റോഡ് പൂര്‍ണമായും തകര്‍ന്ന് തരിപ്പണമാകുകയും ചെയ്തു. ഇതോടെ തോട്ടില്‍ മാലിന്യം തള്ളാന്‍ എത്തുന്ന വാഹനങ്ങള്‍ മാത്രമായി ഇതുവഴി എത്തിയിരുന്നത്. പോളയും, മാലിന്യങ്ങളും അടക്കമുള്ളവ തോട്ടില്‍ തള്ളിയതോടെ പ്രദേശവാസികള്‍ ദുരിതത്തിലുമായി. മാലിന്യത്തില്‍ നിന്നുള്ള ഈച്ചയും, കൊതുകും ദുര്‍ഗന്ധവും ഇവരുടെ ജീവിതം ദുരിതപൂര്‍ണമാക്കി.

മാലിന്യം നിറഞ്ഞു നിന്ന തോട്ടില്‍ നിന്നുള്ള ദുര്‍ഗന്ധം സഹിച്ചു ജീവിച്ചിരുന്ന നാട്ടുകാര്‍ക്കു പ്രതീക്ഷയുടെ പുതുതുരുത്ത് നല്‍കിയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍എ വാട്ടര്‍ ഹബ് എന്ന പ്രഖ്യാപനം നടത്തിയത്. എട്ടു കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ കോടിമതയില്‍ നിന്നു കച്ചേരിക്കടവ് വരെ നടപ്പാത നിര്‍മ്മിക്കുന്നതിനും ആലോചനയുണ്ട്.

417 മീറ്റര്‍ നടപ്പാത, ഇരുനിലയിലായി വാച്ച് ടവര്‍, ജലശുദ്ധീകരണ സംവിധാനം, കുട്ടികളുടെ കളിസ്ഥലം, കടകള്‍, ഭക്ഷണശാല, ബാത്ത്റൂമുകള്‍ തുടങ്ങിയവയാണ് ഇവിടെ നിര്‍മ്മിക്കുന്നത്. രണ്ടു മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന രീതിയില്‍ അതിവേഗത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. നടപ്പാതയുടെ ഇരുവശത്തും കൈവരികള്‍ പാകി കോണ്‍ക്രീറ്റ് ചെയ്യുന്ന ജോലികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഇനി ഇവിടെ തറയോട് പാകി വൃത്തിയാക്കുന്ന ജോലികളാണ് പൂര്‍ത്തിയാകാനുള്ളത്. വാച്ച് ടവറിന്റെ രണ്ടാംനിലയുടെ നിര്‍മാണം തുടരുകയാണ്. ജലഗതാഗതവകുപ്പിന്റെ 36 സെന്റും സര്‍ക്കാരിന്റെ 14 സെന്റും ഏറ്റെടുത്താണ് ഇവിടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നത്. ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളെ ഉള്‍പ്പെടുത്തി ടൂറിസം പാക്കേജ് നടപ്പാക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ആലപ്പുഴയില്‍ നിന്ന് ജലമാര്‍ഗമെത്തുന്ന തദ്ദേശ, വിദേശ സഞ്ചാരികള്‍ക്കു ജില്ലയിലെ ഫാം ടൂറിസവുമായും, ഇടുക്കി പത്തനംതിട്ട ജില്ലകളിലെ മലയോര ടൂറിസവുമായി ബന്ധപ്പെടുത്തുന്ന പദ്ധതിയും നിലവിലുണ്ട്.

കോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന പാര്‍ക്കില്‍ ഓഫീസ് കെട്ടിടം, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, കുട്ടികള്‍ക്കായി പാര്‍ക്ക്, മിനി മ്യൂസിയം, ബോട്ട് ക്ലൂബ്ബ്, വാച്ച് ടവര്‍, വാട്ടര്‍ ഫൗണ്ടന്‍, ബയോ ടോയ്‌ലറ്റ്, നടപ്പാത, ഒഴുകുന്ന പാലം, റെസ്റ്റോറന്റ്,ഹൗസ് ബോട്ട്, മോട്ടോര്‍ ബോട്ട് ടെര്‍മിനല്‍, പാര്‍ക്കിംഗ് സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. പഴയ ബോട്ടുജെട്ടിയുടെയും ബോട്ടുകളുടെയും ചരിത്രവും മാറ്റങ്ങളും സൂചിപ്പിക്കുന്ന വിവരങ്ങളും ചിത്രങ്ങളും മ്യൂസിയത്തില്‍ സൂക്ഷിക്കും. പഴയബോട്ടുജെട്ടിയെയും പുതിയതിനെയും യോജിപ്പിച്ച് മൂന്നര കിലോമീറ്റര്‍ ദൂരത്തിലാണ് നടപ്പാത നിര്‍മ്മിക്കുക.

ജില്ലയില്‍ നടപ്പാക്കിയ പല വികസന പദ്ധതികളും എങ്ങും എത്താതെ മുട്ടിടിച്ചു നില്‍ക്കുമ്പോഴാണ് കച്ചേരിക്കടവിലെ പഴയ ബോട്ട്ജെട്ടി അതി വേഗം നിര്‍മ്മാണം പുരോഗമിക്കുന്നത്. നേരത്തെ ആരംഭിച്ച പല പദ്ധതികളും കൃത്യമായ മേല്‍നോട്ടമില്ലാതെ നശിച്ച ചരിത്രമാണ് നഗരത്തിനു പറയാനുള്ളത്. നഗരത്തില്‍ ആരംഭിച്ച ഇ- ടോയ്ലറ്റും, മോഡി പിടിപ്പിച്ച തിരുനക്കര മൈതാനവും എല്ലാം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ തകര്‍ന്ന് തരിപ്പണമായിരുന്നു. എന്തിന് കോടിമതയില്‍ ഹാട്ടര്‍ ഹബിനായി നിര്‍മ്മിച്ച വാക്വേയുടെ ഗതിയും മറ്റൊന്നായിരുന്നില്ല. നിര്‍മ്മാണം പൂര്‍ത്തിയാക്കി മാസങ്ങള്‍ കഴിഞ്ഞപ്പോഴേയ്ക്കും വാക്വേയുടെ പല ഭാഗങ്ങളും ഇടിഞ്ഞു തുടങ്ങി. ഇത്തരത്തില്‍ നശിക്കാതിരിക്കാന്‍ കച്ചേരിക്കടവ് ബോട്ട് ജെട്ടി പരിപാലിക്കാന്‍ കൃത്യമായ സംവിധാനങ്ങള്‍ ഒരുക്കണമെന്ന നിര്‍ദേശമാണ് ഇപ്പോള്‍ വിനോദ സഞ്ചാരത്തെ സ്നേഹിക്കുന്ന നാട്ടുകാര്‍ മുന്നോട്ടു വയ്ക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Boat jetty, Tourism, Project, Kerala, Kottayam, News, Kacheri Boat jetty project is ready.