Follow KVARTHA on Google news Follow Us!
ad

ഹാദിയ വീട്ടില്‍ത്തന്നെ തുടരും; നവംബര്‍ 27 വരെയുള്ള സുരക്ഷ എങ്ങനെ വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തീരുമാനിക്കും

സുപ്രീം കോടതി ഹാദിയയെ കേള്‍ക്കാന്‍ നിശ്ചയിച്ചിരിക്കുന്ന നവംബര്‍ 27 വരെ അവര്‍ അഛന്റെയും അമ്മയുടെയും കൂടെത്തന്നെ താമസിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരോ വനിതാ Kerala, News, Case, Supreme Court of India, Government, Hadiya will continue her home till November 27
തിരുവനന്തപുരം: (www.kvartha.com 31.10.2017) സുപ്രീം കോടതി ഹാദിയയെ കേള്‍ക്കാന്‍ നിശ്ചയിച്ചിരിക്കുന്ന നവംബര്‍ 27 വരെ അവര്‍ അഛന്റെയും അമ്മയുടെയും കൂടെത്തന്നെ താമസിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരോ വനിതാ കമ്മീഷനോ ഇടപെടില്ല. എന്നാല്‍ ഹാദിയയുടെ സുരക്ഷാകാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കും. ഹാദിയയുടെ സുരക്ഷ ഉറപ്പു വരുത്തണമെന്ന് സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി തിങ്കളാഴ്ച നല്‍കിയ നിര്‍ദേശം ഏതുവിധം പാലിക്കണമെന്ന കാര്യത്തില്‍ ഉന്നതതല കൂടിയാലോചനകള്‍ ആരംഭിച്ചതായാണ് വിവരം.

സുരക്ഷാ ചുമതല സര്‍ക്കാരിനായിരിക്കും എന്ന് പറഞ്ഞെങ്കിലും ഹാദിയയുടെ സംരക്ഷണം അഛനില്‍ നിന്ന് കോടതി എടുത്തുമാറ്റിയിട്ടില്ല. അതുകൊണ്ട് അഛനും അമ്മയ്ക്കുമൊപ്പം അവര്‍ ഇപ്പോള്‍ താമസിക്കുന്ന വൈക്കത്തെ വീട്ടില്‍ത്തന്നെ തുടരും. ഹാദിയയുടെ സുരക്ഷയ്ക്ക് രണ്ടു വനിതാ പൊലീസുകാരെ വീടിനുള്ളിലും ബാക്കി പൊലീസ് സംഘത്തെ പുറത്തും ഇപ്പോള്‍ത്തന്നെ നിയോഗിച്ചിട്ടുണ്ട്. ഇത് ഫലപ്രദമാണെന്നുതന്നെയാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. എങ്കിലും സുപ്രീംകോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ നിലവിലെ സുരക്ഷ ഉന്നതതലത്തില്‍ അവലോകനം ചെയ്യും. നവംബര്‍ 27ന് സുപ്രീംകോടതിയില്‍ ഹാജരാക്കുന്നതിനു മുമ്പുള്ള കാലയളവില്‍ ഹാദിദയ്ക്കുമേല്‍ ഉണ്ടാകാവുന്ന മാനസിക സമ്മര്‍ദങ്ങള്‍ ഒഴിവാക്കുന്ന തരത്തിലും അതേസമയം ഹാദിയയുടെയോ അവരുടെ രക്ഷിതാക്കളുടെയോ സ്വകാര്യതയെ ദോഷകരമായി ബാധിക്കാത്ത വിധത്തിലുമായിരിക്കും അധിക സുരക്ഷ ഏര്‍പ്പെടുത്തുക.

ഹാദിയയെ മരുന്നുകള്‍ കൊടുത്ത് മയക്കിക്കിടത്തിയിരിക്കുന്നു എന്ന തരത്തിലും മറ്റുമുള്ള പ്രചാരണങ്ങള്‍ അതിശയോക്തിപരമാണ് എന്നാണ് സംസ്ഥാന വനിതാ കമ്മീഷന്റെയും നിലപാട്. അന്വേഷണത്തില്‍ കമ്മീഷന് ബോധ്യപ്പെട്ട കാര്യമാണ് ഇത്. ഹാദിയയെ പരിശോധിച്ചത് സര്‍ക്കാര്‍ ഡോക്ടറാണ്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ഹാദിയ വെളിപ്പെടുത്തുന്നതായി സാമൂഹിക പ്രവര്‍ത്തകന്‍ രാഹുല്‍ ഈശ്വര്‍ പുറത്തുവിട്ട വീഡിയോ ആകട്ടെ ആഗസ്്റ്റ് മാസത്തിലേതുമാണ്. രാഹുലിന്റെ സന്ദര്‍ശനവേളയില്‍ ഹാദിയയും രാഹുലിന്റെ മാതാപിതാക്കളും പറഞ്ഞ ചില കാര്യങ്ങള്‍ നേരത്തേതന്നെ രാഹുല്‍ പുറത്തുവിട്ടിരുന്നു. അന്നത്തെ വീഡിയോയുടെ അനുബന്ധം മാത്രമാണ് ഇപ്പോഴത്തേതും.

അതുകൊണ്ടുതന്നെ വ്യക്തികളോ സംഘടനകളോ ഇടപെട്ട് പ്രശ്നം വഷളാക്കാതിരിക്കാനുള്ള അധിക ജാഗ്രത പൊലീസ് പാലിക്കും. രാഹുല്‍ ഈശ്വര്‍ ആഗസ്റ്റില്‍ ഹാദിയയുടെ വീട്ടിലെത്തി സംസാരിച്ചത് കുടുംബത്തിന്റെ അനുമതിയോടെയായിരുന്നു. എന്നാല്‍ ഹാദിയ പറഞ്ഞ കാര്യങ്ങള്‍ തിരിച്ചടിയായതോടെ അഛന്‍ അശോകന്‍ രാഹുലിനെതിരേ പൊലീസില്‍ പരാതി കൊടുക്കുകയാണുണ്ടായത്. ഹാദിയ സുപ്രീംകോടതിയോട് സ്വതന്ത്രമായി സംസാരിക്കാനുള്ള മാനസികാവസ്ഥ ഉറപ്പു വരുത്തുന്ന സംരക്ഷണമായിരിക്കും നവംബര്‍ 27 വരെ സംസ്ഥാന സര്‍ക്കാരിനു മുന്നിലുള്ള വെല്ലുവിളി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Case, Supreme Court of India, Government, Hadiya will continue her home till November 27