Follow KVARTHA on Google news Follow Us!
ad

പെമ്പിളൈ ഒരുമൈ സമരം: ഗോമതിയും രാജേശ്വരിയും ആശുപത്രിയില്‍ നിന്ന് ചികിത്സ സ്വീകരിക്കാതെ വീണ്ടും സമര മുഖത്തേക്ക്

വിവാദ പരാമര്‍ശം നടത്തിയ മന്ത്രി എം എം മണിയുടെ രാജി ആവശ്യപ്പെട്ട് മൂന്നാറില്‍ നിരാഹാര സമരം നടത്തുന്ന പെമ്പിളൈ ഒരുമൈ നേതാക്കളെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റു Munnar, Kerala, Protest, Trending, Minister, Women, MM Mani, Controversy
മൂന്നാര്‍: (www.kvartha.com 29.04.2017) വിവാദ പരാമര്‍ശം നടത്തിയ മന്ത്രി എം എം മണിയുടെ രാജി ആവശ്യപ്പെട്ട് മൂന്നാറില്‍ നിരാഹാര സമരം നടത്തുന്ന പെമ്പിളൈ ഒരുമൈ നേതാക്കളെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കി. സമരം അഞ്ചാം ദിവസത്തിലേക്കു കടന്നതോടെ സമരക്കാരുടെ ആരോഗ്യം തീര്‍ത്തും മോശമായ സാഹചര്യത്തിലാണ് ഇവരെ അറസ്റ്റു ചെയ്ത് അടിമാലി താലൂക്ക് ആശുപത്രിയിലേക്കു നീക്കിയത്.



രാവിലെ ഡോക്ടര്‍ സംഘം പരിശോധിക്കുകയും ഗോമതിയോടും രാജേശ്വരിയോടും ആശുപത്രിയിലേക്കു മാറണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍, ഇവര്‍ ഇത് അംഗീകരിക്കാന്‍ തയാറായില്ല. തുടര്‍ന്ന് പോലീസ് എത്തി ബലപ്രയോഗത്തിലൂടെ അടിമാലി താലൂക്ക് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോള്‍ രാജേശ്വരി ഡ്രിപ്പ് സ്വീകരിക്കാന്‍ തയാറായെങ്കിലും ഗോമതി ഇതിനു സമ്മതിച്ചില്ല. തന്നെ സമര പന്തലില്‍ തിരികെ എത്തിച്ച് അവിടെ വച്ച് ചികിത്സ നല്‍കിയാല്‍ മതിയെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. ഇതിനു പോലീസ് തയാറായില്ല. എന്നാല്‍, വൈകിട്ട് ഏഴോടെ ഇവര്‍ ചികിത്സ നിഷേധിച്ച് ആശുപത്രി വിട്ടു.

അടിമാലി താലൂക്ക് ആശുപത്രിക്കുമുന്നില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട ഗോമതിയും സംഘവും സമരം തുടരുമെന്നു വ്യക്തമാക്കി മൂന്നാറിലേക്കു ബസ് കയറി. രാവിലെ മുതല്‍ വീണ്ടും നിരാഹാരം തുടങ്ങുമെന്ന് ഗോമതിയും സംഘവും വ്യക്തമാക്കി. സമരപന്തലിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ സ്വന്തം റിസ്‌കില്‍ പോകാന്‍ പോലീസ് അനുമതി നല്‍കുകയായിരുന്നു. ആശുപത്രി വിട്ട ഇവര്‍ കെ എസ് ആര്‍ ടി സി ബസിലാണ് മൂന്നാറിലേക്ക് മടങ്ങിയത്.

രാവിലെ ആരോഗ്യനില മോശമായ രാജേശ്വരിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഉച്ചയോടെ ഗോമതിയെ മാറ്റാന്‍ പോലീസ് എത്തിയെങ്കിലും ഇവര്‍ ഇതിനു വഴങ്ങിയില്ല. തുടര്‍ന്നു ബലപ്രയോഗത്തിലൂടെ വലിച്ചിഴച്ചാണ് ആംബുലന്‍സില്‍ കയറ്റിയത്. ആശുപത്രിയിലേക്കു മാറ്റാനുള്ള ശ്രമത്തിനിടെ ഗോമതി ആംബുലന്‍സില്‍ നിന്നു പുറത്തേക്കു ചാടാന്‍ ശ്രമിച്ചത് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. ഇവരുമായി ആശുപത്രിയിലേക്കു പോയ ആംബുലന്‍സ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തു മാറ്റിയ ശേഷമാണ് ആംബുലന്‍സിന് കടന്നു പോകാനായത്. ആശുപത്രിയിലേക്കു നീക്കുക വഴി സമരം പൊളിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.

സമരക്കാര്‍ക്കു പിന്തുണ പ്രഖ്യാപിച്ച് സമരപ്പന്തലിലുണ്ടായിരുന്ന കോണ്‍ഗ്രസ്, ആം ആദ്മി നേതാക്കളുടെ എതിര്‍പിനെ മറികടന്നായിരുന്നു പോലീസ് നടപടി. ഇവിടെ കനത്ത പോലീസ് കാവല്‍ തുടരുകയാണ്. അതിനിടെ, പോലീസ് അറസ്റ്റു ചെയ്തു നീക്കിയ ഗോമതിക്കും കൗസല്യയ്ക്കും പകരം മറ്റൊരു നേതാവായ വിജയ സത്യാഗ്രഹം ആരംഭിച്ചു. രാജേശ്വരിക്കു പകരം പെമ്പിളൈ ഒരുമൈ പ്രതിനിധി ശ്രീലതാ ചന്ദ്രനും നിരാഹാരം തുടങ്ങിയിട്ടുണ്ട്.

പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ കൂടാതെ ആം ആദ്മി പാര്‍ട്ടിയും സമരരംഗത്തുണ്ട്. യു ഡി എഫും ബി ജെ പിയും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ സംഘടനകളും പിന്തുണയറിയിച്ചിട്ടുണ്ട്. സമരത്തിനു പിന്തുണയേറിയതോടെ ഒത്തുതീര്‍പ്പു നീക്കങ്ങളുമായി സി പി എമ്മും സജീവമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Munnar, Kerala, Protest, Trending, Minister, Women, MM Mani, Controversy.