Follow KVARTHA on Google news Follow Us!
ad

വാഹനാപകടങ്ങള്‍ക്ക് കാരണം ഗുണനിലവാരമില്ലാത്ത സ്പീഡ് ഗവേര്‍ണറുകളെന്ന് റിപോര്‍ട്ട്

ഗുണനിലവാരമില്ലാത്ത സ്പീഡ് ഗവെര്‍ണറുകളുടെ ഉപയോഗം കേരളത്തില്‍ വര്‍ധിക്കുന്നതായും ഇത് അപകട മരണത്തിന് കാരണമാകുന്നതായും ദേശീയ റോഡ് സേഫ്റ്റി കൗണ്‍സില്‍ അംഗവും രാജ്യാന്തര റോഡ് സുരക്ഷാ വിദഗ്ധനുമായ ഡോ. കമല്‍ സോയി. യാതൊരുവിധ അംഗീകാ Kochi, Kerala, News, Vehicles, Accident, Governor, National, Road, Low quality speed
കൊച്ചി: (www.kvartha.com 29.04.2017) ഗുണനിലവാരമില്ലാത്ത സ്പീഡ് ഗവേര്‍ണറുകളുടെ ഉപയോഗം കേരളത്തില്‍ വര്‍ധിക്കുന്നതായും ഇത് അപകട മരണത്തിന് കാരണമാകുന്നതായും ദേശീയ റോഡ് സേഫ്റ്റി കൗണ്‍സില്‍ അംഗവും രാജ്യാന്തര റോഡ് സുരക്ഷാ വിദഗ്ധനുമായ ഡോ. കമല്‍ സോയി. യാതൊരുവിധ അംഗീകാരവും ഗുണമേന്മ സര്‍ട്ടിഫിക്കറ്റുമില്ലാത്ത സ്പീഡ് ഗവേര്‍ണറുകളുടെ ഉപയോഗം സംസ്ഥാനത്തെ വാഹനങ്ങളില്‍ വര്‍ധിച്ചു വരുന്നു. സീരിയല്‍ നമ്പറോ മോഡല്‍ നമ്പറോ ഒന്നുമില്ലാതെയാണ് വാഹനങ്ങളില്‍ ഇത്തരം വ്യാജ സ്പീഡ് ഗവേര്‍ണറുകള്‍ ഘടിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാര്‍ഗനിര്‍ദേശങ്ങളെ കുറിച്ചുള്ള അജ്ഞത മൂലം വ്യാജ സ്പീഡ് ഗവേര്‍ണര്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് പോലും യദേഷ്ടം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നു.

ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് കേരളത്തിലെ അപകട മരണങ്ങളുടെ എണ്ണം ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. 2014 ല്‍ 4,000 അപകടമരണങ്ങളാണ് കേരളത്തില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടതെങ്കില്‍ 2015 ല്‍ ഇത് 4196 ആയി. അമിതവേഗമാണ് ഈ അപകടങ്ങള്‍ക്കെല്ലാം കാരണമായതെന്നും 40 മുതല്‍ 50 ശതമാനം വരെ അപകടങ്ങള്‍ക്ക് കാരണം അമിതവേഗമാണെന്നും കണക്കുകള്‍ തെളിയിക്കുന്നു. ബസ്, ട്രക്ക് തുടങ്ങിയ വാഹനങ്ങളുടെ അമിതവേഗമാണ് ഒട്ടുമിക്ക അപകടങ്ങള്‍ക്കും കാരണമെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്പീഡ് ഗേവര്‍ണര്‍ ശക്തമായി നടപ്പാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ ശക്തമായ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും നിലനില്‍ക്കുന്നുണ്ട്.


സംസ്ഥാനങ്ങളില്‍ സ്പീഡ് ഗവേര്‍ണര്‍ കാര്യക്ഷമമായി നടപ്പാക്കുന്നത് സംബന്ധിച്ച് ത്രൈമാസ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഡോ. കമല്‍ ചൂണ്ടിക്കാട്ടി. വാഹനത്തിന്റെ വിശദാംശങ്ങള്‍ക്കൊപ്പം സ്പീഡ് ഗവേര്‍ണര്‍ വിവരങ്ങള്‍ കൂടി ഉള്‍പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. കേന്ദ്ര ഗതാഗത വകുപ്പിന്റെ ഉത്തരവ് അനുസരിച്ച് സ്പീഡ് നിയന്ത്രണ ഉപകരണം കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നതും ഇതിന്റെ സീരിയല്‍ നമ്പര്‍ അടക്കം വാഹന വിശദാംശങ്ങളോടൊപ്പം ചേര്‍ക്കണമെന്ന് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ വേണ്ടത്ര ഗുണനിലവാരമില്ലാത്ത കമ്പനികള്‍ പുറത്തിറക്കുന്ന വേഗ നിയന്ത്രണ ഉപകരണങ്ങള്‍ ഇതൊന്നും കൃത്യമായി പാലിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

റോഡ് സുരക്ഷയ്ക്ക് നിര്‍ണായകമായ സ്പീഡ് ഗവേര്‍ണര്‍ നയം നടപ്പാക്കുന്നതില്‍ കേരളം തുടര്‍ച്ചയായി വീഴ്ച വരുത്തുകയാണെന്ന് ഡോ. കമല്‍ കുറ്റപ്പെടുത്തി. യാതൊരു അംഗീകാരവും ഗുണനിലവാരവും ഇല്ലാത്ത വേഗ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് വ്യാപകമായി ഉപയോഗിക്കുന്നു. സ്പീഡ് ഗവേര്‍ണറുകളില്‍ തട്ടിപ്പ് നടത്തുന്നതിനായി എം ഐ എസ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നത് മൂലം ക്രമക്കേട് പരിശോധിക്കാന്‍ ഗതാഗത വകുപ്പ് അധികൃതര്‍ക്ക് കഴിയുന്നില്ല. സീരിയല്‍ നമ്പറും മോഡല്‍ നമ്പറും ഒന്നും സൂക്ഷിക്കാറുമില്ല. അംഗീകാരമില്ലാത്ത വേഗ നിയന്ത്രണ സംവിധാനത്തിന് ഔദ്യോഗിക മുദ്ര ചാര്‍ത്തുകയാണ് സംസ്ഥാന ഗതാഗത വകുപ്പ് ചെയ്യുന്നത്.

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഒട്ടും യോഗ്യതയില്ലാത്ത വാഹനങ്ങള്‍ക്ക് പോലും വ്യാപകമായി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായി തന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ആര്‍ ടി ഓഫീസുകളില്‍ എത്തിക്കാന്‍ പോലും കഴിയാത്ത വാഹനങ്ങള്‍ക്ക് പോലും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. ഇത്തരം തട്ടിപ്പുകളും അഴിമതികളും ചൂണ്ടിക്കാട്ടി കഴിഞ്ഞ മാര്‍ച്ച്, സെപ്തംബര്‍ മാസങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നെങ്കിലും ഗതാഗത വകുപ്പ് ഒരു നടപടിയും സ്വീകരിച്ചില്ല. ഇതേ തുടര്‍ന്ന് നിയമലംഘകരായ ചില കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 14 ന് ഔദ്യോഗികമായി പരാതി തന്നെ നല്‍കി. എന്നാല്‍ ഇത് വരെ എന്തെങ്കിലും നടപടി സ്വീകരിച്ചതായി അറിയില്ല. ഗുണമേന്‍മ ഇല്ലാത്ത ഉപകരണങ്ങള്‍ പുറത്തിറക്കി തട്ടിപ്പ് നടത്തുന്ന ഇത്തരം കമ്പനികള്‍ പ്രവര്‍ത്തനം ശക്തമായി താനെ മുന്നോട്ട് കൊണ്ട് പോവുകയും ചെയ്യുന്നു. ഇത്തരം കമ്പനികള്‍ ഖജനാവില്‍ നിന്ന് പണം ചോര്‍ത്തുന്നത് അവസാനിപ്പിക്കണമെന്നും റോഡ് സുരക്ഷയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആല്‍മഭാവം വെടിയണമെന്നും ഡോ. കമല്‍ സോയി ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, News, Vehicles, Accident, Governor, National, Road, Low quality speed governor.