Follow KVARTHA on Google news Follow Us!
ad

കമല്‍ ചിത്രത്തില്‍ കമലാ സുരയ്യ ആകാന്‍ വിസമ്മതിച്ച് വിദ്യാ ബാലന്‍ പിന്‍മാറിയോ? ആമി ചിത്രീകരണം തുടങ്ങിയില്ല, അഭ്യൂഹം സജീവം

കമലാ സുരയ്യയായി മാറിയ മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരി, അന്തരിച്ച മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാThiruvananthapuram, Kerala, Vidya Balan, Cinema, Kamal, Vidya Balan withdrawn from Kamal film about Kamala Surayya?.
തിരുവനന്തപുരം: www.kvartha.com 01.01.2017) കമലാ സുരയ്യയായി മാറിയ മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരി, അന്തരിച്ച മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാധവിക്കുട്ടിയുടെ വേഷം അഭിനയിക്കുന്നതില്‍ നിന്ന് വിദ്യാ ബാലന്‍ പിന്മാറിയോ. ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ സിനിമാ രംഗത്ത് സജീവമാണ്. എന്നാല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ സംവിധായകന്‍ കമലോ സിനിമയുടെ അണിയറ പ്രവര്‍ത്തകരോ ഇത് സ്ഥിരീകരിക്കുന്നില്ല.

അതേസമയം ശക്തമായി നിഷേധിക്കുന്നുമില്ലെന്നാണ് വിവരം. മാധവിക്കുട്ടിയുടെ ചെല്ലപ്പേരായിരുന്ന 'ആമി' എന്ന പേരിലാണ് സിനിമ നിര്‍മിക്കുന്നത്. വിദ്യാ ബാലന്‍ മാധവിക്കുട്ടിയായി അഭിനിയിക്കുമെന്ന് സ്ഥിരീകരിച്ചുകൊണ്ട് വാര്‍ത്തകളും വന്നിരുന്നു. ഡിസംബര്‍ അവസാനം ചിത്രീകരണം തുടങ്ങാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതുവരെ ചിത്രീകരണം തുടങ്ങിയില്ല. ഇതോടെയാണ് മുഖ്യകഥാപാത്രമാകേണ്ട താരം പിന്‍മാറിയതിനേക്കുറിച്ചു സൂചനകള്‍ പുറത്തുവന്നത്.

അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ തിയേറ്ററുകളില്‍ സിനിമ തുടങ്ങുന്നതിനു മുമ്പ് ദേശീയ ഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ ചില സംഘടനകള്‍ കമലിനെതിരേ രംഗത്തുവന്നിരുന്നു. അതുമായി വിദ്യാ ബാലന്റെ 'പിന്‍മാറ്റ'ത്തിനു ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. പ്രശസ്ത ബോളിവുഡ് താരവും മലയാളിയുമായ വിദ്യാ ബാലന് മാധവിക്കുട്ടിയായി അഭിനയിക്കാനുള്ള താല്‍പര്യംകൊണ്ട് അവര്‍ തീയതികള്‍ നല്‍കിയതോടെ ആമിയെക്കുറിച്ച് വന്‍തോതിലുള്ള ചര്‍ച്ചകളാണ് നടന്നത്. മുരളി ഗോപിയാണ് മാധവിക്കുട്ടിയുടെ ഭര്‍ത്താവായി അഭിനയിക്കുന്നത്. പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മാധവിക്കുട്ടി എന്ന പേരില്‍ മലയാളത്തിലും കമലാദാസ് എന്ന പേരില്‍ ഇംഗ്ലീഷിലും രചനകള്‍ നടത്തിയിരുന്ന മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരി മതം മാറി മുസ്‌ലിമായത് വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. അവര്‍ക്ക് കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിനോടുള്ള പ്രണയം മൂലം അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം മതം മാറിതയാണെന്നും പിന്നീട് പ്രചരിച്ചു. അവരുടെ സുഹൃത്തായിരുന്ന പ്രശസ്ത മാധ്യമ പ്രവര്‍ത്തക ലീലാ മേനോന്‍ എഴുതിയ ലേഖനത്തിലാണ് ഈ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നത്. അന്ത്യം വരെയും മുസ്‌ലിമായി ജീവിച്ച മാധവിക്കുട്ടിയെ തിരുവനന്തപുരം പാളയം പള്ളി ഖബര്‍സ്ഥാനിലാണ് അടക്കം ചെയ്തത്. അവരുടെ ജീവിതത്തെയും സാഹിത്യത്തെയും കുറിച്ച് എക്കാലവും താല്‍പര്യത്തോടെ ചര്‍ച്ച ചെയ്ത കേരളസമൂഹം കമലിന്റെ സിനിമയെ ആകാംക്ഷയോടെ കാത്തിരിക്കുന്നതിനിടയിലാണ് വിദ്യാ ബാലന്റെ പിന്‍മാറ്റത്തേക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്.
Thiruvananthapuram, Kerala, Vidya Balan, Cinema, Kamal, Vidya Balan withdrawn from Kamal film about Kamala Surayya?.

Keywords: Thiruvananthapuram, Kerala, Vidya Balan, Cinema, Kamal, Vidya Balan withdrawn from Kamal film about Kamala Surayya?.