Follow KVARTHA on Google news Follow Us!
ad

ശബരിമലയില്‍ ഭക്തജന പ്രവാഹം; പുതുവര്‍ഷത്തില്‍ അയ്യപ്പനെ വണങ്ങാനെത്തിയ ഭക്തര്‍ക്ക് സന്നിധാനത്ത് സമൃദ്ധ സദ്യ

പുതുവര്‍ഷ പുലരിയില്‍ ശബരിമലയില്‍ തീര്‍ഥാടകരുടെ വന്‍തിരക്ക്. ശനിയാഴ്ച ഉച്ചയോടെ ആരംഭിച്ച തീര്‍ഥാടക പ്രവാഹം പത്ത് Kerala, Shabarimala, Shabarimala Pilgrims, Pathanamthitta, Crowd, Food, New year, 2017, Other states, Medias, Celebration, Huge crowd in Shabarimala on New year day
പത്തനംതിട്ട: (www.kvartha.com 01.01.2017) പുതുവര്‍ഷ പുലരിയില്‍ ശബരിമലയില്‍ തീര്‍ഥാടകരുടെ വന്‍തിരക്ക്. ശനിയാഴ്ച ഉച്ചയോടെ ആരംഭിച്ച തീര്‍ഥാടക പ്രവാഹം പത്ത് മണിക്കൂറോളം നീണ്ടു. പോയവര്‍ഷത്തെ അപേക്ഷിച്ചു കൂടുതല്‍ ഭക്തര്‍ എത്തിയതോടെ സന്നിധാനം ജനസാഗരമായി.

രാവിലെ ആരംഭിച്ച നെയ്യഭിഷേകം ഉച്ചവരെ തുടര്‍ന്നു. നിര്‍മാല്യത്തിനായി നട തുറന്നപ്പോള്‍ ദര്‍ശനത്തിന് കാത്ത് നിന്നവരുടെ നിര ശരംകുത്തി വരെയാണ് എത്തിയത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരായിരുന്നു കൂടുതലും. ഒട്ടേറെ വിദേശ മലയാളികളും ആന്ധ്രയില്‍ നിന്നും കാല്‍നടയായി എത്തിയ സംഘങ്ങളും പുതുവര്‍ഷപുലരിയില്‍ മലചവിട്ടി.


ആയിരത്തോളം വരുന്ന പോലീസ് സേനയുടെ കനത്ത കാവലും നിരീക്ഷണവുമാണ് പമ്പമുതല്‍ മരക്കൂട്ടം വരെ ഏര്‍പ്പെടുത്തിയിട്ടുള്ളത്. വാദ്യഘോഷങ്ങളും ശരണംവിളികളും മധുരവിതരണവുമൊക്കെയായി എത്തുന്ന തീര്‍ഥാടകര്‍ക്ക് കുടിവെള്ളം, അന്നദാനം, വിശ്രമം തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോള നിരോധനത്തെത്തുടര്‍ന്ന് സന്നിധാനത്ത് ബോട്ടില്‍ ശീതള പാനീയങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ പുതുവര്‍ഷപുലരി മുതല്‍ അധികൃതര്‍ കൂടുതല്‍ കുടിവെള്ള കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

കലിയുഗവരദനായ ശബരീശനെ കാണാന്‍ ഇരുമുടിക്കെട്ടുമായി ഭക്തന്‍ മലകയറുന്ന ഏറ്റവും തിരക്കേറിയ പുണ്യകാലം കൂടിയാണ് മകരവിളക്ക്. അതുകൊണ്ടുതന്നെ ഭക്തിനിര്‍ഭരമായ പുതുവര്‍ഷം കൂടി ലക്ഷ്യമിട്ടാണ് തീര്‍ഥാടകര്‍ മലചവിട്ടുന്നത്.


ശരണം വിളിച്ചും കര്‍പ്പൂര ദീപങ്ങള്‍ തെളിച്ചും തീര്‍ത്ഥാടകര്‍ക്ക് മധുരം വിതരണം ചെയ്തുമായിരുന്നു സന്നിധാനത്തെ പുതുവത്സര ദിനാഘോഷം. ശരണ മന്ത്രങ്ങള്‍ മുഴങ്ങുന്ന തിരുമുറ്റത്ത് പതിനെട്ടാം പടി ചവിട്ടാന്‍ കാത്ത് നിന്ന തീര്‍ത്ഥാടകരെ സാക്ഷിയാക്കിയാണ് ഇക്കുറി മാധ്യമപ്രവര്‍ത്തകരും, കേന്ദ്ര സംസ്ഥാന പോലീസ് സേനാംഗങ്ങളും, 2017 നെ വരവേറ്റത്. ആല്‍ത്തറയുടെ സമീപം ലോകത്തിനു നവവത്സരാശംസകള്‍ നേര്‍ന്ന് അയ്യപ്പന്മാര്‍ അടക്കമുള്ളവര്‍ കര്‍പ്പൂരദീപം തെളിയിച്ചു. നേരത്തെ ശബരിമല മേല്‍ശാന്തി എല്ലാ അയ്യപ്പഭക്തന്മാര്‍ക്കും പുതുവത്സര ആശംസകള്‍ നേര്‍ന്നിരുന്നു.

സന്നിധാനത്ത് ഡ്യൂട്ടിക്ക് എത്തിയവരും പുതുവര്‍ഷപ്പിറവി ആഘോഷങ്ങളില്‍ പങ്കാളികളായി. ഭജന പാടിയും ശരണം വിളിച്ചും സെല്‍ഫിയെടുത്തും പുതുവത്സര ആശംസകള്‍ കൈമാറിയശേഷം പുതുവര്‍ഷം പുലര്‍ന്ന നിമിഷം ആയിരങ്ങള്‍ പതിനെട്ടാം പടി ചവിട്ടി. സുരക്ഷ ഉദ്യോഗസ്ഥരും ദേവസ്വം ബോര്‍ഡ് ജീവനക്കാരും മാധ്യമ പ്രവര്‍ത്തകരും ചേര്‍ന്നാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്.

2016 നു വിടചൊല്ലി പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ നേരത്തെ സന്നിധാനത്ത് ആരംഭിച്ചിരുന്നു. ആര്‍പ്പുവിളികളും ശരണം വിളികളും കൊട്ടും പാട്ടുമൊക്കെയായി മരക്കൂട്ടം വരെ ഭക്തര്‍ പുതുവര്‍ഷരാവിനെ വരവേറ്റു. പോലീസിന്റെ ജാഗ്രതാ നിര്‍ദേശം പാലിച്ചും മണിക്കൂറുകള്‍ ക്യൂ നിന്നുമാണ് തീര്‍ഥാടകര്‍ പുതുവര്‍ഷത്തെ ഭക്തിപൂര്‍വം വരവേല്‍ക്കാന്‍ എത്തിയത്.

അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകര്‍ക്ക് പുതുവര്‍ഷ സമ്മാനമായി കേരളീയ സദ്യയും ഒരുക്കിയിരുന്നു. കാതങ്ങള്‍ താണ്ടി പുതുവര്‍ഷത്തില്‍ അയ്യപ്പനെ വണങ്ങാനെത്തിയ ഭക്തര്‍ക്ക് സന്നിധാനത്ത് പായസവും പപ്പടവും ഉള്‍പ്പടെ സമൃദ്ധമായ കേരളീയ സദ്യ തന്നെ വിളമ്പി. ദേവസ്വം അന്നദാന മണ്ഡപത്തിലാണ് തീര്‍ഥാടകര്‍ക്ക് നവവത്സര സമ്മാനമായി കേരളീയ സദ്യ വിളമ്പിയത്. മേല്‍ശാന്തി ടി എം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അയ്യപ്പന് സമര്‍പ്പിച്ച് ആരംഭിച്ച സദ്യയില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട്, എക്‌സിക്യൂട്ടീവ് ഓഫിസര്‍ തുടങ്ങിയവരും പങ്കെടുത്തു. ഇതര സംസ്ഥാന തീര്‍ഥാടകര്‍ ഉള്‍പ്പടെ പതിനായിരങ്ങളാണ് പുതുവര്‍ഷ സദ്യയുണ്ടത്.

Keywords: Kerala, Shabarimala, Shabarimala Pilgrims, Pathanamthitta, Crowd, Food, New year, 2017, Other states, Medias, Celebration, Huge crowd in Shabarimala on New year day