Follow KVARTHA on Google news Follow Us!
ad

കോഴിക്കോട് 'ഉച്ചകോടി'യില്‍ നിന്ന് കാന്തപുരം വിഭാഗം വിട്ടുനിന്നതിനു കാരണങ്ങള്‍ പലത്; മജീദ് മുതല്‍ പി കെ ബഷീര്‍ വരെ മെക്കിട്ടുകേറുന്ന നേതാവാണല്ലോ എ പി

ഏകസിവില്‍ കോഡ്, മുത്തലാഖ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോഴിക്കോട്ട് ചേര്‍ന്ന മുസ്്‌ലിം സംഘടനാ നേതൃയോഗത്തില്‍ നിന്ന് കാന്തപുരം Kerala, Thiruvananthapuram, Kanthapuram, Muslim-League, Meeting, Uniform Civil Code
തിരുവനന്തപുരം: (www.kvartha.com 30.10.2016) ഏകസിവില്‍ കോഡ്, മുത്തലാഖ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോഴിക്കോട്ട് ചേര്‍ന്ന മുസ്്‌ലിം സംഘടനാ നേതൃയോഗത്തില്‍ നിന്ന് കാന്തപുരം വിഭാഗം വിട്ടുനിന്നത് മുസ്‌ലിം ലീഗിന്റെ നിഷേധാത്മക നിലപാടു മൂലമെന്നു സൂചന. അതാകട്ടെ, കോഴിക്കോട് യോഗത്തിന്റെ പേരില്‍ മാത്രം കാന്തപുരം വിഭാഗത്തിന് ഉണ്ടായ അതൃപ്തിയല്ലതാനും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീറും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ അബ്ദുല്‍ മജീദും നടത്തിയ പ്രതികരണങ്ങള്‍ മുതല്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ ലീഗ് എം എല്‍ എ പി കെ ബഷീര്‍ കാന്തപുരത്തേക്കുറിച്ചു നടത്തിയ പരാമര്‍ശം വരെ ഈ ബഹിഷ്‌കരണത്തിനു പിന്നിലുണ്ടെന്നാണു വിവരം.

മുജാഹിദ് സംഘടനകളുമായി വിവിധ വിഷയങ്ങളില്‍ അതിരൂക്ഷമായ വിയോജിപ്പുള്ള കാന്തപുരം വിഭാഗത്തിന് അവരുടെയൊപ്പം യോഗത്തില്‍ പങ്കെടുക്കാനുള്ള അസൗകര്യവും മറ്റൊരു കാരണമായി. എന്നാല്‍ അത് തുറന്നുപറയാതെ തന്നെ വിട്ടുനില്‍ക്കാന്‍ സാധിച്ചത് ലീഗുമായി നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ മൂലമാണ്. അത് മാറ്റിവച്ച് കോഴിക്കോട് യോഗത്തില്‍ പങ്കെടുക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി തന്നെ കാന്തപുരത്തോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ലത്രേ.

അതേസമയം, ലീഗ് സംസ്ഥാന പ്രസിഡന്റും ഇ കെ വിഭാഗം സമസ്തയുടെ ഉന്നത നേതാവും കൂടിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ക്ഷണക്കത്ത് ഉണ്ടെങ്കില്‍ മാത്രം പങ്കെടുക്കാം എന്ന് കാന്തപുരം വിഭാഗം ലീഗിനെ അറിയിച്ചതായി അഭ്യൂഹമുണ്ട്. ഇതിനു സ്ഥിരീകരണമില്ല. എങ്കിലും യോഗത്തില്‍ പങ്കെടുത്ത മറ്റു സംഘടനകള്‍ക്കൊന്നും അങ്ങനെയൊരു കത്ത് ലഭിച്ചതായി വിവരമവുമില്ല.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കാന്തപുരം വിഭാഗം ഇടത് മുന്നണിക്ക് അനുകൂലമായി നിലപാടെടുക്കുകയും മണ്ണാര്‍ക്കാട് ലീഗ് സ്ഥാനാര്‍ത്ഥി ഷംസുദ്ദീനെതിരേ പരസ്യമായി ആഹ്വാനം നടത്തുകയും ചെയ്തത് ലീഗിനെ പ്രകോപിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ലീഗിന് വലിയ ക്ഷീണമുണ്ടാകാതിരിക്കുകയും ഷംസുദ്ദീന്‍ ജയിക്കുകയും ചെയ്തതോടെ ചന്ദ്രിക ദിനപത്രത്തില്‍ കെ പി എ മജീദ് എഴുതിയ ലേഖനം കാന്തപുരം വിഭാഗത്തെ മുച്ചൂടും കടന്നാക്രമിക്കുന്നതായിരുന്നു. തെരഞ്ഞെടുപ്പ് അവലോകന യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനം നടത്തിയ ഇ ടി മുഹമ്മദ് ബഷീറാകട്ടെ, കാന്തപുരം വിഭാഗത്തിന്റെ നിലപാട് സംഘ്പരിവാറിനെ സഹായിക്കുന്ന തരത്തിലായിരുന്നു എന്നുകൂടി ആരോപിച്ചു. ഇത് ഇരുവിഭാഗവും തമ്മിലുള്ള അകല്‍ച്ച വര്‍ധിപ്പിക്കാനിടയാക്കി.

അതിനു പിന്നാലെയാണ്, മുസ്‌ലിം പോലീസുകാര്‍ക്ക് താടിവയ്ക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യം നിയമസഭയില്‍ ഉന്നയിച്ച ലീഗിനെതിരേ തിരിഞ്ഞ മന്ത്രി കെ ടി ജലീലിനെ പരിഹസിക്കുന്നതിനിടെ പി കെ ബഷീര്‍ കാന്തപുരത്തെ കയറിപ്പിടിച്ചത്. ആ പരിഹാസം മറ്റ് ലീഗ് എം എല്‍ എമാര്‍ ആസ്വദിച്ചപ്പോള്‍ സി പി എം എം എല്‍ എമാരില്‍ ചിലരാണ് എതിര്‍ത്തത്. ഇതെല്ലാം ചേര്‍ന്നപ്പോള്‍ കോഴിക്കോട് യോഗത്തില്‍ കാന്തപുരം വിഭാഗത്തിന് പങ്കെടുക്കാനേ വയ്യെന്നായി. അന്നു തന്നെ ഏകസിവില്‍ കോഡും ബഹുസ്വര ഇന്ത്യയും എന്ന വിഷയത്തില്‍ മലപ്പുറത്ത് കാന്തപുരം വിഭാഗത്തിന്റെ നേതൃത്വത്തില്‍ ചര്‍ച്ചാസമ്മേളനവും നടന്നിരുന്നു.

നവംബര്‍ മൂന്നിന് കാന്തപുരം വിഭാഗം ഈയിടെ രൂപീകരിച്ച കേരള മുസ്്‌ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന ശരീഅത്ത് സമ്മേളനവും എറണാകുളത്ത് നടക്കുന്നുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും പണ്ട് ശബാനു കേസ് വിവാദത്തിന്റെ സമയത്തും ലീഗ് വിളിച്ച മുസ്്‌ലിം സംഘടനാ നേതൃ യോഗത്തില്‍ കാന്തപുരം വിഭാഗം പങ്കെടുത്തിരുന്നില്ല എന്ന് പറഞ്ഞ് ആശ്വസിക്കുകയാണ് ലീഗ്.


Keywords: Kerala, Thiruvananthapuram, Kanthapuram, Muslim-League, Meeting, Uniform Civil Code, Reasons behind the boycott by Kanthapuram faction from Muslim meeting at Kozhikode.