Follow KVARTHA on Google news Follow Us!
ad

ഒടുവില്‍ നാവ് ചതിച്ചു; കട്ജുവിനെതിരെ രാജ്യദ്രോഹക്കേസ്

സുപ്രിംകോടതി മുന്‍ ജഡ്ജിയും പ്രസ് കൗണ്‍സില്‍ ഇന്ത്യയുടെ ചെയര്‍മാനുമായിരുന്ന Justice Markandey Katju, Supreme Court of India, Judge, Justice, Controversial Statements, Police Station, Facebook, post, Criticism, National
പാട്‌ന:(www.kvartha.com 29.09.2016)  സുപ്രിംകോടതി മുന്‍ ജഡ്ജിയും പ്രസ് കൗണ്‍സില്‍ ഇന്ത്യയുടെ ചെയര്‍മാനുമായിരുന്ന ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഠ്ജുവിനെതിരെ രാജ്യദ്രോഹക്കേസ്. കാശ്മീര്‍ പാക്കിസ്ഥാനു നല്‍കാം പക്ഷേ കൂടെ ബീഹാറിനെക്കൂടി സ്വീകരിക്കണമെന്ന പ്രസ്താവനയ്‌ക്കെതിരെ നല്‍കിയ പരാതിയിലാണ് കേസ്. ജെ ഡി (യു) എം എല്‍ സിയുടെ പരാതിയെത്തുടര്‍ന്നാണ് നടപടിയെന്ന് ശാസ്ത്രിനഗര്‍ പൊലീസ് സ്റ്റേഷന്‍ എച്ച് എസ് ഒ ബിരേന്ദ്ര പ്രതാപ് അറിയിച്ചു.

കഴിഞ്ഞ ദിവസം ബീഹാറുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ കഠ്ജുവിട്ട പോസ്റ്റാണ് പരാതിക്ക് ആധാരം. 'ബീഹാറും സ്വീകരിക്കാന്‍ തയ്യാറാണെങ്കില്‍ കശ്മീര്‍ പാകിസ്ഥാന് ലഭിക്കും' എന്നാണ് കഠ്ജുവിട്ട പോസ്റ്റ്.

കഠ്ജുവിന്റെ പോസ്റ്റ് വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചിരുന്നു. ഈ പോസ്റ്റിന്റെ പേരില്‍ കഠ്ജുവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അരവിന്ദ് കുമാര്‍ എന്ന അഭിഭാഷകനും പരാതി നല്‍കിയിട്ടുണ്ട്. പാട്‌ന ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുമ്പാകെയാണ് അരവിന്ദ് കുമാര്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

കഠ്ജുവിന്റെ പോസ്റ്റിനു വന്നതിനു പിന്നാലെ അദ്ദേഹത്തെ പരിഹസിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും രംഗത്തുവന്നിരുന്നു. ബീഹാറിന്റെ രക്ഷകനാകാന്‍ ശ്രമിക്കുകയാണ് കഠ്ജുവെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. എന്നാല്‍ താന്‍ ബീഹാറികളുടെ രക്ഷകനല്ലെന്നും ശകുനി മാമനാണെന്നും കുറിച്ചുകൊണ്ട് കഠ്ജു തിരിച്ചടിക്കുകയും ചെയ്തിരുന്നു.

ബീഹാറുമായി ബന്ധപ്പെട്ട പരാമര്‍ശം വിവാദമായതിനു പിന്നാലെ 'താന്‍ തമാശ പറഞ്ഞതായിരുന്നു' എന്ന വിശദീകരണവുമായി കഠ്ജു രംഗത്തെത്തിയിരുന്നു. തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിലും ഖേദിക്കുന്നുവെന്നും ബീഹാറികളോട് തനിക്ക് വലിയ ബഹുമാനമാണെന്നും കഠ്ജു വിശദീകരിച്ചിരുന്നു.