Follow KVARTHA on Google news Follow Us!
ad

കാര്യമറിയാതെ എസ്‌ഐയെ പിന്തുണക്കുന്ന സോഷ്യല്‍ മീഡിയക്കിതെന്തു പറ്റി?

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേരളത്തില്‍ അടുത്തകാലത്ത് നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങള്‍ ചിന്താശേഷിയുള്ള സാധാരണക്കാരെയാകെ Article, Media, Journalist, Assault, Lawyers, Amala Thambayi, Media workers, Kozhikod, Dist. Court, SI Vimod, Kerala.
അമല തമ്പായി

(www.kvartha.com 01.08.2016) മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേരളത്തില്‍ അടുത്തകാലത്ത് നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങള്‍ ചിന്താശേഷിയുള്ള സാധാരണക്കാരെയാകെ അമ്പരപ്പിക്കുന്നതാണ്. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് തെരുവിലും കോടതി വളപ്പിലുമൊക്കെ അരങ്ങേറുന്നത്. അതില്‍ത്തന്നെ ഏറെ ആശങ്കയും കൗതുകവുമുളവാക്കുന്നതുമാണ് മാധ്യമപ്രവര്‍ത്തകരെ തെറിവിളിച്ചു കൊണ്ടു സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റുകളും കമന്റുകളുമൊക്കെ.

മാധ്യമപ്രവര്‍ത്തകരാകെ തല്ലുകൊള്ളേണ്ടവരും അക്രമിക്കപ്പെടേണ്ടവരുമാണെന്ന തരത്തിലുള്ള പ്രചരണം ഒരേസമയം അമ്പരപ്പും ആശങ്കയുമുളവാക്കുന്നു. മാധ്യമപ്രവര്‍ത്തകരെല്ലാം പുണ്യവാളന്മാരാണെന്ന് അഭിപ്രായമില്ലെന്ന് ഈ വിഷയം സംബന്ധിച്ച് മുമ്പെഴുതിയ മറ്റൊരു ലേഖനത്തില്‍ എഴുത്തുകാരി നിലപാട് വ്യക്തമാക്കിയിരുന്നു. സമകാലിക സമൂഹത്തിന്റെ ജീര്‍ണതകളെല്ലാം രാഷ്ട്രീയ, മത, പുരോഹിത, സാംസ്‌കാരിക മേഖലകളെയെല്ലാം കാര്‍ന്നു തിന്നുന്നതുപോലെ മാധ്യമപ്രവര്‍ത്തകരില്‍ ചിലരെയെങ്കിലും ബാധിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ മാത്രമാണ് സകലതിനും ഉത്തരവാദികളെന്നും അവരെ അടിച്ചൊതുക്കണമെന്നും മറ്റുമുള്ള പ്രചരണം സമൂഹത്തിന്റെ ഫാസിസ്റ്റ് മനസ്സിന്റെ തുറന്നുകാട്ടലാണ്.

കോഴിക്കോട് ജില്ലാ കോടതി പരിസരത്ത് കഴിഞ്ഞ ദിവസം ടൗണ്‍ എസ് ഐ വിമോദിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ താണ്ഡവത്തെക്കാളും ഞെട്ടിപ്പിക്കുന്നത് അതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ നടന്ന എസ് ഐയെ പിന്തുണയ്ക്കുന്ന തരത്തിലുള്ള ഹാഷ് ടാഗ് പ്രചരണങ്ങളാണ്. ജില്ലാ കോടതിയില്‍ ഐസ്‌ക്രീം കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന മാധ്യമപ്രവര്‍ത്തകരെ അകാരണമായി തടയാനും കസ്റ്റഡിയിലെടുത്ത് പോലീസ് സെല്ലില്‍ പൂട്ടിയിടാനും മാത്രം ക്രമസമാധാന ലംഘനമൊന്നും മാധ്യമപ്രവര്‍ത്തകര്‍ നടത്തിയിട്ടില്ലെന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധിയുള്ളവര്‍ക്കു കഴിയും.

പോലീസിന് തെറ്റുപറ്റിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും വ്യക്തമാക്കി. അസി. കമീഷണര്‍ രാജുവും കസബ സിഐ പ്രമോദും ഖേദം പ്രകടിപ്പിച്ചു. പക്ഷേ തൊട്ടുപിന്നാലെ നിയമവിരുദ്ധമായ പോലീസ് അതിക്രമത്തെ ന്യായീകരിച്ച് കോഴിക്കോട് ബാര്‍ അസോസിയേഷന്‍ ഒരു പ്രമേയം പാസാക്കി. ഇത് ഒരേ സമയം ഞെട്ടിപ്പിക്കുന്നതും ചിരിപ്പിക്കുന്നതുമാണ്. നിയമവും ഭരണഘടനയും പഠിച്ച ഈ അഭിഭാഷകര്‍ക്ക് ഇതെന്താണ് പറ്റിയത്?! അഭിഭാഷക യൂണിയനുകളുടെയോ ന്യായാധിപരുടെയോ ദാക്ഷിണ്യത്തിന് വിധേയമായി മാത്രം ഉത്തരവുകളും വിധിപ്പകര്‍പ്പുകളും പകര്‍ത്തിയെഴുതുന്നതാണ് ജനാധിപത്യപരമായി വികാസം പ്രാപിച്ച ഒരു സമൂഹത്തിന് ഉചിതമെന്ന് ധരിക്കുന്ന നിങ്ങളെങ്ങനെ രാജ്യത്ത് നീതി നടപ്പിലാക്കും. നിങ്ങള്‍ നടപ്പിലാക്കുന്ന നീതി സാധാരണക്കാരന് പ്രാപ്യമാണെന്ന് ഇനിയെങ്ങനെ വിശ്വസിക്കും?!

നിയമപരമായ ഉത്തരവിന്റെ ഒരു കടലാസുകഷ്ണം പോലും കൈയ്യിലില്ലാതെ മാധ്യമപ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയും അസഭ്യം പുലമ്പുകയും ചെയ്ത എസ്‌ഐയെ വീരപുരുഷനോട് ഉപമിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തുന്നവരോട് സഹതാപമാണ് തോന്നുന്നത്. മാധ്യമപ്രവര്‍ത്തകനെന്താ കൊമ്പുണ്ടോ എന്ന് ചോദിക്കുന്ന ഇത്തരക്കാരോട് പറയാനുള്ളത് കൊമ്പില്ല എന്നു തന്നെയാണ്. പക്ഷേ അവര്‍ മനസ്സിലാക്കേണ്ട മറ്റു ചില കാര്യങ്ങളുണ്ട്. നിലവിലുള്ള നിയമങ്ങളും ഭരണഘടനയും ലംഘിച്ച് മാധ്യമപ്രവര്‍ത്തകനെയെന്നല്ല ഒരാളെയും കസ്റ്റഡിയിലെടുക്കാന്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും അധികാരമില്ല. പിന്നെ നിങ്ങള്‍ അല്‍പ്പമെങ്കിലും അറിയാന്‍ ശ്രമിക്കേണ്ടത് മാധ്യമപ്രവര്‍ത്തകന്റെ തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ചും തൊഴില്‍ സ്വാതന്ത്ര്യത്തെക്കുറിച്ചുമാണ്. ഫാസിസ്റ്റ് ചിന്താഗതികളുമായി നടക്കുന്നവര്‍ക്ക് അത് മനസ്സിലാവില്ല. അഥവാ അറിഞ്ഞ ഭാവം നടിക്കില്ല. കാരണം അത് നിങ്ങളുടെ രാഷ്ട്രീയമാണ്.

ഇത്തരം കെണികളില്‍ വീണ് എസ് ഐയെ ന്യായീകരിക്കാനും മാധ്യമപ്രവര്‍ത്തകരെ തല്ലിക്കൊല്ലാനും ആഗ്രഹിച്ചു നടക്കുന്ന അല്‍പബുദ്ധികളോട് ഒന്നേ പറയാനുള്ളു. ടൗണ്‍ എസ് ഐ കേവലം അധികാരത്തിന്റെ പ്രതീകമാണ്. തൊഴില്‍പരമായി അത്യാവശ്യം പ്രിവിലേജുള്ള ഒരു മാധ്യമപ്രവര്‍ത്തകന് സംഭവിക്കുന്നത് ഇങ്ങനെയാണെങ്കില്‍ ഒരു സാധാരണക്കാരന്റെ അവസ്ഥ നാളെ എന്തായിരിക്കുമെന്ന് ചിന്തിക്കുന്നത് നല്ലതാണ്.

Article, Media, Journalist, Assault, Lawyers, Amala Thambayi, Media workers, Kozhikod, Dist. Court, SI Vimod, Kerala.

Related Article: അഭിഭാഷക ആക്രമണങ്ങളുടെ മന:ശാസ്ത്രം- അമല തമ്പായി


Keywords: Article, Media, Journalist, Assault, Lawyers, Amala Thambayi, Media workers, Kozhikod, Dist. Court, SI Vimod, Kerala.