Follow KVARTHA on Google news Follow Us!
ad

എല്ലാവര്‍ക്കും സാമൂഹിക സുരക്ഷിതത്വം

ആന്ധ്രാ പ്രദേശിലെ കൃഷ്ണജില്ലയിലെ ഉള്ളിപാലെം ഗ്രാമത്തിലാണ് പി ശ്രീനിവാസ റാവുവെന്ന കാര്‍ഷിക തൊഴിലാളി ജീവിച്ചിരുന്നത്. പാവപ്പെട്ട, ദിവസക്കൂലിക്ക് ജോലിയെടുത്തിരുന്ന അദ്ദേഹത്തിന് Article, Prime Minister, Insurance, Government, Farmers, Narendra Modi, Poornima Sharma
-പൂര്‍ണിമാ ശര്‍മ

(www.kvartha.com 01.08.2016) ആന്ധ്രാ പ്രദേശിലെ കൃഷ്ണജില്ലയിലെ ഉള്ളിപാലെം ഗ്രാമത്തിലാണ് പി ശ്രീനിവാസ റാവുവെന്ന കാര്‍ഷിക തൊഴിലാളി ജീവിച്ചിരുന്നത്. പാവപ്പെട്ട, ദിവസക്കൂലിക്ക് ജോലിയെടുത്തിരുന്ന അദ്ദേഹത്തിന് ആസ്തികളൊന്നുമില്ലായിരുന്നു. തന്റെ കുടുംബത്തിന് രണ്ടുനേരം ഒരുവിധത്തില്‍ വയറുനിറക്കാനുള്ള വകയേ അദ്ദേഹത്തിന് ഉണ്ടാക്കാന്‍ സാധിച്ചിരുന്നുള്ളൂ. ഒരു ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിനെക്കുറിച്ച് അതിന്റെ പ്രയോജനങ്ങള്‍ സപ്തഗിരി ബാങ്ക് കാര്യങ്ങള്‍ ധരിപ്പിക്കുന്നതുവരെ അദ്ദേഹം ആലോചിച്ചിരുന്നില്ല. അവസാനം 2015 മാര്‍ച്ചില്‍ അദ്ദേഹം ബാങ്ക് അക്കൗണ്ട് തുറന്നു.

ബാങ്കിന്റെ ഭാഗത്തുനിന്നുള്ള പ്രേരണകൂടിയായപ്പോള്‍ അദ്ദേഹം കേന്ദ്ര ഗവണ്‍മെന്റിന്റെ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി യോജനയില്‍ (പി എം ജെ ജെ ബി വൈ) ചേര്‍ന്നു. പ്രീമിയമായി ജൂലൈയില്‍ 330 രൂപ അടച്ചു. 2015 ആഗസ്റ്റില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് അദ്ദേഹം മരണമടഞ്ഞു. അദ്ദേഹത്തിന് ഭാര്യയും രണ്ട് ചെറിയ കുട്ടികളും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് അദ്ദേഹം പി എം ജെ ജെ ബി വൈയില്‍ ചേര്‍ന്നകാര്യം അറിയാമായിരുന്നു.

സാമ്പത്തിക സഹായത്തിനുള്ള വിവരങ്ങളന്വേഷിച്ച് അവര്‍ ബാങ്കിനെ സമീപിച്ചു. ബാങ്ക് ഉദ്യോഗസ്ഥര്‍ സഹായ മനസ്‌കരായിരുന്നു. ഇന്‍ഷുറന്‍സ് കമ്പനിയ്ക്ക് ഡെത്ത് ക്ലെയിം സമര്‍പിക്കാന്‍ ബാങ്ക് അധികൃതര്‍ അവരെ സഹായിച്ചു. ക്ലെയിം സ്വീകരിച്ച ഇന്‍ഷുറന്‍സ് കമ്പനി പരേതന്റെ നോമിനിയായ ഭാര്യയുടെ അക്കൗണ്ടിലേക്ക് 2015 നവംബറില്‍ രണ്ടു ലക്ഷം രൂപ കൈമാറി.

ബാങ്കിന്റെയും പി എം ജെ ജെ ബി വൈ പദ്ധതിയുടെയും സഹായത്തോടെ പരേതന്റെ കുടുംബത്തിന് ഏറ്റവും ആവശ്യമായിരുന്ന സാമ്പത്തിക സഹായം ലഭ്യമായി. അദ്ദേഹത്തിന്റെ കുട്ടികളുടെ വിദ്യാഭ്യാസം തുടരാനുമായി. പരേതന്‍ പി എം ജെ ജെ ബി വൈ യില്‍ ചേര്‍ന്നിരുന്നില്ലെങ്കില്‍ ഈ കുടുംബത്തിന്റെ അവസ്ഥ എന്താകുമായിരുന്നു ?. ആസ്തിയും നിശ്ചിത വരുമാനവുമില്ലാത്ത ഒരു പാവപ്പെട്ട കുടുംബത്തിന് ഈ പദ്ധതി എങ്ങനെ പ്രയോജനപ്പെട്ടു എന്നതിന്റെ ഉദാഹരണമാണിത്. സാധാരണക്കാരന് ഏറ്റവും ആവശ്യമുള്ള, മുന്‍കൂട്ടികാണാന്‍ കഴിയാതെ സംഭവിക്കുന്ന ദുരന്തങ്ങളില്‍ പ്രയാസപ്പെടുന്ന സമയത്ത് സാമ്പത്തിക സുരക്ഷ പ്രദാനംചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

സാമ്പത്തിക മേഖലയില്‍ വളരെ വലിയ പുരോഗതിയാണ് ഇന്ത്യ കൈവരിച്ചിട്ടുള്ളത്. പക്ഷേ ഇപ്പോഴും ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത ഒരു സമൂഹമാണത്. സമൂഹത്തിലെ വലിയൊരു വിഭാഗം യാതൊരു സാമൂഹ്യ സുരക്ഷയും ഇന്‍ഷുറന്‍സ് പരിരക്ഷയുമില്ലാത്തവരാണ്. അപകടങ്ങളോ, മരണമോ നടക്കുമ്പോള്‍ എല്ലാ പാവപ്പെട്ട കുടുംബങ്ങള്‍ക്കും ഏറ്റവും ആവശ്യം സാമ്പത്തിക സഹായവും സാമൂഹ്യ സുരക്ഷിതത്വവുമാണ്. നിലവിലെ ഗവണ്‍മെന്റ് സാമൂഹ്യ സുരക്ഷ എന്നത് പ്രഥമിക ലക്ഷ്യമായി കാണുന്നു. സാധാരണക്കാരന്റെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഗവണ്‍മെന്റ് നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്.

സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കാനുദ്ദേശിച്ചാണ് ഗവണ്‍മെന്റ് ഈ സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് തുടക്കമിട്ടത്. താഴ്ന്ന വരുമാനമുള്ള ആളുകളെ മനസില്‍ കണ്ട് കുറഞ്ഞ പ്രീമിയമാണ് ഈ ഇന്‍ഷുറന്‍സുകള്‍ക്ക് ഏര്‍പെടുത്തിയിട്ടുള്ളത്. ബാങ്ക് അക്കൗണ്ടുകള്‍ വഴി മാത്രമേ ഈ പദ്ധതിയില്‍ ചേരാനാവൂ. പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന വഴി ബാങ്കിംഗ് സേവനം സാര്‍വത്രികമാക്കാനുള്ള തീവ്ര ശ്രമം ഗവണ്‍മെന്റ് നടത്തിക്കൊണ്ടിരിക്കുകയാണ്.

2016 ജൂലൈ ഒന്നു വരെയുള്ള കണക്കനുസരിച്ച് പ്രധാന്‍ മന്ത്രി സുരക്ഷ ബീമ യോജന പദ്ധതിയ്ക്കുകീഴില്‍ 9.61 കോടി പോളിസികളും പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ബീമാ യോജനയ്ക്കുകീഴില്‍ (പി എം ജെ ജെ ബി വൈ) 3.03 കോടി പോളിസികളും അനുവദിച്ചിട്ടുണ്ട്. പി എം ജെ ജെ ബി വൈ ക്കുകീഴില്‍ 36,000 ക്ലെയിമുകളാണ് സമര്‍പിക്കപ്പെട്ടത്. ഇതില്‍ 31,200 കൂടുതല്‍ ക്ലെയിമുകള്‍ തീര്‍പ്പാക്കി. ഇതുപോലെ പി എം എസ് ബി വൈ പദ്ധതിക്കുകീഴില്‍ രജിസ്റ്റര്‍ചെയ്യപ്പെട്ട 7025 ക്ലെയിമുകളില്‍ ഈ വര്‍ഷം ജൂലൈ 21 വരെ 4551 ക്ലെയിമുകള്‍ തീര്‍പാക്കി.

ഓരോ വര്‍ഷം കൂടുമ്പോഴും പുതുക്കാവുന്ന ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയാണ് പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന. എന്തെങ്കിലും കാരണവശാല്‍ മരണം സംഭവിച്ചാല്‍ രണ്ട് ലക്ഷം രൂപ ഇന്‍ഷുറന്‍സ് പരിരക്ഷയായി ലഭിക്കും. 18 മുതല്‍ 50 വയസുവരെ പ്രായപരിധിയിലുള്ളവര്‍ക്ക് 330 രൂപ വാര്‍ഷിക പ്രീമിയത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാവും.

ഒരു വര്‍ഷത്തെ വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പദ്ധതിയാണ് പ്രധാന്‍മന്ത്രി സുരക്ഷാ ബീമാ യോജന. 12 രൂപ വാര്‍ഷിക പ്രീമിയം അടച്ച് ഇത് പുതുക്കാവുന്നതാണ്. അപകടം/സ്ഥിരമായ പൂര്‍ണ അംഗവൈകല്യം എന്നിവ സംഭവിക്കുന്ന പക്ഷം രണ്ട് ലക്ഷം രൂപയും സ്ഥിരമായ ഭാഗിക അംഗവൈകല്യത്തിന് ഒരു ലക്ഷം രൂപ വരെയും ഇന്‍ഷുറന്‍സ് പരിരക്ഷയായി ലഭിക്കും. 18 മുതല്‍ 70 വയസുവരെ പ്രായപരിധിയിലുള്ളവര്‍ക്ക് ഈ പദ്ധതിയില്‍ അംഗമാകാം. ഈ വര്‍ഷം ജൂലൈ 21 വരെയുള്ള കണക്കനുസരിച്ച് 4500ല്‍ കൂടുതല്‍ ക്ലെയിമുകള്‍ തീര്‍പാക്കി. ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ സാധിച്ചിട്ടുണ്ട്.

പ്രായമായവര്‍ക്ക് സാമ്പത്തിക സുരക്ഷ നല്‍കുന്ന പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന. ഈ പദ്ധതിയില്‍ അംഗങ്ങളാവുന്നവര്‍ക്ക് 60 വര്‍ഷം മുതല്‍ പ്രതിമാസം 1000 രൂപ മുതല്‍ 5000 രൂപ വരെ കുറഞ്ഞ മാസ പെന്‍ഷന്‍ ലഭ്യമാകും. വരിക്കാരന്റെ മരണശേഷം പെന്‍ഷന്‍ തുക ഭാര്യ/ഭര്‍ത്താവിന് ലഭ്യമാവും. അവരുടെ കാലശേഷം 60 വയസായിരിക്കുമ്പോഴുള്ള പെന്‍ഷന്‍ തുക എത്രയായിരുന്നോ അത് കണക്കാക്കി മൊത്തത്തിലുള്ള തുക നോമിനിയ്ക്കു ലഭ്യമാക്കും. അസംഘടിത മേഖലയിലുള്ളവരെ പ്രധാനമായും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. ഇതുവരെ 28.71 ലക്ഷം പേര്‍ പദ്ധതിയില്‍ ചേര്‍ന്നിട്ടുണ്ട്.

ഈ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ സമൂഹത്തില്‍ ഗുണപരമായ പ്രതിഫലനമുണ്ടാക്കുന്നുണ്ട്. സംസ്ഥാന ഗവണ്‍മെന്റുകളെയും ജില്ലാ ഭരണകൂടങ്ങളെയും ഈ പദ്ധതി നടപ്പിലാക്കുന്നതില്‍ പങ്കാളികളാക്കിയിട്ടുണ്ട്. ഈ പദ്ധതിയ്ക്ക് ഗ്രാമങ്ങളിലും നഗരങ്ങളിലും നിരവധി വിജയഗാഥകള്‍ സ്വന്തമായുണ്ട്. ജനങ്ങള്‍ സാമ്പത്തികമായി ശക്തരാവുക മാത്രമല്ല, അവരുടെ ജീവിതം നല്ലതിനായി മാറുകയുമാണ് ചെയ്യുന്നത്. അവരുടെ ആഗ്രഹങ്ങള്‍ വളരുകയാണ്. വാക്കിലും പ്രവര്‍ത്തിയിലുമുള്ള ശരിയായ സാമ്പത്തിക ഉള്‍ച്ചേര്‍ക്കലാണിത്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് പണം ലഭ്യമാവുന്നതിനാല്‍ അഴിമതി കുറയുന്നു. ഇത് ഈ പദ്ധതിയുടെ പരമമായ ലക്ഷ്യങ്ങളിലൊന്നാണ്. സാമൂഹിക സുരക്ഷയുടെ പുതിയൊരു ചക്രവാളം നിലവില്‍ വന്നിരിക്കുന്നു. അതിലേയ്ക്ക് കൂടുതല്‍ ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്നു.

(രചയിതാവ് സ്വതന്ത്ര്യ മാധ്യമപ്രവര്‍ത്തകയും ടി വി അവതാരകയുമാണ്)
ഈ ലേഖനത്തില്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ തികച്ചും വ്യക്തിപരമാണ്.


Keywords: Article, Prime Minister, Insurance, Government, Farmers, Narendra Modi, Poornima Sharma.