Follow KVARTHA on Google news Follow Us!
ad

ഐഎസ് ഇസ്ലാമിക വിരുദ്ധം; മുസ്ലിം സംഘടനകളുടെ പ്രചാരണ തീരുമാനം കടലാസില്‍, കോഴിക്കോട് യോഗത്തിനു തുടര്‍ നടപടികളില്ല

ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന ആഗോള ഭീകര സംഘടന ഇസ്ലാമിക വിരുദ്ധമാണ് എന്ന് പ്രചാരണംThiruvananthapuram, Terrorism, Youth, Muslim, Mosque, Malayalees, Meeting, Kozhikode, SDPI, Kerala,
തിരുവനന്തപുരം: (www.kvartha.com 01.08.2016) ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന ആഗോള ഭീകര സംഘടന ഇസ്ലാമിക വിരുദ്ധമാണ് എന്ന് പ്രചാരണം നടത്താന്‍ മുസ്ലിം സംഘടനകള്‍ എടുത്ത തീരുമാനം കടലാസില്‍. മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ കേരളത്തിലെ പ്രധാന മുസ്ലിം സംഘടനകളും നേതാക്കളും കോഴിക്കോട്ട് യോഗം ചേര്‍ന്ന് എടുത്ത തീരുമാനത്തില്‍ നിന്ന് ഒരിഞ്ചു പോലും മുന്നോട്ടു പോയിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഐഎസ് വിരുദ്ധ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയോ അതിനു തയ്യാറെടുപ്പു നടത്തുകയോ ചെയ്തിട്ടില്ല. തുടക്കത്തിലെ ആവേശം ഇല്ലാതായതാണ് കാരണം. കേരളത്തില്‍ നിന്ന് കുറേ മുസ്ലിം യുവാക്കള്‍ ഐഎസില്‍ ചേരാന്‍ പോയതായി വാര്‍ത്തകള്‍ വന്ന പിന്നാലെയായിരുന്നു വിപുലമായ നേതൃയോഗവും തീരുമാനവും.

മുസ്ലിം ലീഗ്, സമസ്തയിലെ ഇ കെ, എ പി വിഭാഗങ്ങള്‍, കെ എന്‍ എമ്മും മുജാഹിദുകള്‍ക്കിടയിലെ മറ്റു വിഭാഗങ്ങളും, ജമാഅത്തെ ഇസ്ലാമി തുടങ്ങി പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും ഒഴികെ എല്ലാ സംഘടനകളും പങ്കെടുത്തിരുന്നു. ഐഎസ് ഇസ്ലാമിക വിരുദ്ധമാണെന്നും അതിന്റെ നയവും നടപടികളും ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്നും നേതാക്കള്‍ ശക്തമായി പറഞ്ഞിരുന്നു. ലോകത്തെമ്പാടും ഇസ്ലാമിനെയും മുസ്ലിംകളെയും അപകീര്‍ത്തിപ്പെടുത്താന്‍ മാത്രമാണ് ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ ഉപകരിക്കുക.

അതുകൊണ്ട് മുസ്ലിം യുവാക്കള്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. ഭീകരത ഏതായാലും ഭീകരത തന്നെയാണെന്നും അതിനെ നിയമപരമായി നേരിടാന്‍ സര്‍ക്കാരുകള്‍ ശ്രദ്ധിക്കണമെന്നുമായിരുന്നു ആവശ്യം. അതേസമയം, ഐഎസിന്റെ പേരില്‍ മുസ്ലിംകളെയാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതിനെയും യോഗം വിമര്‍ശിച്ചിരുന്നു. 

ഐഎസ് ഇസ്ലാമല്ല എന്നു കാര്യകാരണ സഹിതം ബോധ്യപ്പെടുത്താനും സമുദായത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളെ ചെറുക്കാനുള്ള പദ്ധതി തയ്യാറാക്കി വീണ്ടും യോഗം ചേരുക, പൊതു ധാരണയോടെ പള്ളികളിലും സമുദായത്തിന്റെ മറ്റു വേദികളിലും സമുദായ നേതാക്കള്‍ക്കും പണ്ഡിതന്മാര്‍ക്കും ലഭിക്കുന്ന അവസരങ്ങള്‍ വിനിയോഗിക്കുക എന്നീ തീരുമാനങ്ങളെടുത്താണ് കോഴിക്കോട് യോഗം പിരിഞ്ഞത്.
എന്നാല്‍ അടുത്ത യോഗം ഉണ്ടായില്ലെന്നു മാത്രമല്ല, പ്രചാരണത്തിനുള്ള സാമഗ്രികള്‍ തയ്യാറായുമില്ല. ലഘുലേഖകളും മറ്റും തയ്യാറാക്കി അടുത്ത യോഗത്തിന്റെ അംഗീകാരത്തിനു സമര്‍പ്പിക്കാന്‍ എല്ലാ സംഘടകളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതി രൂപീകരിച്ചെങ്കിലും ആ സമിതി ഒരിക്കലെങ്കിലും യോഗം ചേര്‍ന്നതായും വിവരമില്ല.
ഐഎസില്‍ ചേരാന്‍ പോയ മലയാളികളേക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് ശക്തി കുറഞ്ഞതോടെ ഐഎസ് വിരുദ്ധ പ്രചാരണത്തിനുള്ള ആവേശവും തണുത്തു എന്നാണ് സൂചന.


Keywords: Thiruvananthapuram, Terrorism, Youth, Muslim, Mosque, Malayalees, Meeting, Kozhikode, SDPI, Kerala.