Follow KVARTHA on Google news Follow Us!
ad

ആരോപണവിധേയര്‍ മത്സരിക്കേണ്ടെങ്കില്‍ താനും മാറിനില്‍ക്കാം; സുധീരനെതിരെ മുഖ്യമന്ത്രി

ആരോപണവിധേയര്‍ മത്സരിക്കേണ്ടെങ്കില്‍ താനും മാറിനില്‍ക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിNew Delhi, Allegation, Adoor Prakash, Kerala,
ന്യൂഡെല്‍ഹി: (www.kvartha.com 30.03.2016) ആരോപണവിധേയര്‍ മത്സരിക്കേണ്ടെങ്കില്‍ താനും മാറിനില്‍ക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി രൂക്ഷമായ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ പരാമര്‍ശമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

ആരോപണ വിധേയരായവരെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് മാറ്റണമെന്ന സുധീരന്റെ അഭിപ്രായത്തിനെതിരെ അങ്ങനെയാണെങ്കില്‍ താനും മത്സരിക്കാനുണ്ടാവില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രി തന്റെ നിലപാടറിയിച്ചത്. അതേസമയം ഉമ്മന്‍ചാണ്ടിയെ ആക്ഷേപിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. എട്ട് മണിക്കൂര്‍ നീണ്ടുനിന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് നടന്നത്. ഒരുഘട്ടത്തില്‍ മുഖ്യമന്ത്രി ഇറങ്ങിപ്പോവുന്ന അവസ്ഥയുമുണ്ടായി.

സ്ഥിരമായി മത്സരിക്കുന്ന കെ സി ജോസഫ്, ഡൊമിനിക് പ്രസന്റേഷന്‍ എന്നിവരും ആരോപണവിധേയരായ അടൂര്‍ പ്രകാശ്, കെ.ബാബു എന്നിവരും മാറി നില്‍ക്കണമെന്ന സുധീരന്റെ ആവശ്യത്തോട് രൂക്ഷമായാണ് ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്. എന്നാല്‍ താനും സ്ഥിരമായി മത്സരിക്കുന്നയാളാണെന്നും തനിക്കെതിരെയും ആരോപണങ്ങളുണ്ടെന്നും അങ്ങനെയാണെങ്കില്‍ താനും മത്സര രംഗത്ത് നിന്ന് പിന്മാറാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന് താന്‍ സന്നദ്ധനാണെന്നും അദ്ദേഹം അറിയിച്ചു.

സുധീരന്റെ പരാമര്‍ശം മുഖ്യമന്ത്രിയെ ഉദ്ദേശിച്ചാണെന്നാണ് എ ഗ്രൂപ്പിന്റെ വിലയിരുത്തല്‍. എന്നാല്‍
അഴിമതി ആരോപണങ്ങള്‍ നേരിടുന്നവരെ മാറ്റണമെന്ന തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സുധീരന്‍. ഒപ്പം സ്ഥിരമായി മത്സരിക്കുന്ന ചിലരെയെങ്കിലും ഒഴിവാക്കി പാര്‍ട്ടി ഒരു സന്ദേശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഹൈക്കമാന്‍ഡ് നിലപാടനുസരിച്ചാണ് താന്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നും സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ സുധീരന്‍ വ്യക്തമാക്കി. ഒന്നാം തീയതി ചേരാനിരിക്കുന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിലും ഈ നിലപാട് തന്നെ സ്വീകരിക്കാനാണ് സുധീരന്റെ തീരുമാനം.

അതേസമയം ഇപ്പോള്‍ ഡെല്‍ഹിയിലുള്ള മുഖ്യമന്ത്രി നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും എയര്‍പോര്‍ട്ടില്‍ പോയ അദ്ദേഹം വിമാനം വൈകിയതിനാല്‍ തിരിച്ചുവന്ന് കേരളഹൗസില്‍ തന്നെ തങ്ങുകയാണ്.

New Delhi, Allegation, Adoor Prakash, Kerala.


Also Read:
പയ്യന്നൂരില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി സാജിദ് മൗവ്വലിനെ സ്‌ക്രീനിംഗ് കമ്മിറ്റി അംഗീകരിച്ചു

Keywords: New Delhi, Allegation, Adoor Prakash, Kerala.