Follow KVARTHA on Google news Follow Us!
ad

ആ സ്വപ്നം ഇന്ന് പറന്നിറങ്ങുന്നു

ഉത്തര മലബാറിന്റെ സ്വപ്നമായ കണ്ണൂര്‍ അന്താരാഷ്ട്ര ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളത്തില്‍ തിങ്കളാഴ്ചChief Minister, Oommen Chandy, Article,
കെ. ബാബു 
(ഫിഷറീസ് - തുറമുഖ - എക്‌സൈസ് മന്ത്രി)

(www.kvartha.com 29.02.2016) ഉത്തര മലബാറിന്റെ സ്വപ്നമായ കണ്ണൂര്‍ അന്താരാഷ്ട്ര ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളത്തില്‍ തിങ്കളാഴ്ച വിമാനം പറന്നിറങ്ങുന്നു. ഇത് ഒരു ചരിത്ര മുഹൂര്‍ത്തമാണ്. ഏറെ അഭിമാനത്തോടെയും സംതൃപ്തിയോടെയുമാണ് ഞാന്‍ ഈ കുറിപ്പെഴുതുന്നത്. ഈ സര്‍ക്കാര്‍ ചുമതലയേല്‍ക്കുമ്പോള്‍ കണ്ണൂര്‍ അന്താരഷ്ട്രവിമാനത്താവളം കടലാസില്‍ മാത്രമായിരുന്നു. കണ്ണുര്‍ അന്താരഷ്ട്രവിമാനത്താവള പദ്ധതിയെ കടലാസില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേയ്ക്ക് കൊണ്ടുവന്ന്, മലയാളിയുടെ സ്വപ്നത്തിന് ചിറകുകള്‍ നല്‍കുന്നതില്‍ ചെറുതല്ലാത്ത പങ്ക് വഹിക്കാന്‍ സാധിച്ചതില്‍ എനിക്ക് ചാരിതാര്‍ത്ഥ്യമുണ്ട്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തി 15 ദിവസത്തിനുള്ളില്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഭാവി പദ്ധതികള്‍ മുന്‍ഗണനാക്രമത്തില്‍ ആസൂത്രണം ചെയ്തു. പിന്നീട് എല്ലാ പ്രവര്‍ത്തനങ്ങളും ടൈംടേബിള്‍ പ്രകാരമായിരുന്നു. അങ്ങനെ കാലത്തെയും സമയത്തെയും ജീവനക്കാരെയുമെല്ലാം കൃത്യമായി ഏകോപിപ്പിച്ച് മുന്നോട്ട് പോയതിനാലാണ് ഇപ്പോള്‍ ഈ അനര്‍ഘ നിമിഷങ്ങള്‍ക്ക് സാക്ഷ്യം  വഹിക്കുവാന്‍ നമുക്ക് സാധിക്കുന്നത്. കോഡ്-ബി എയര്‍ക്രാഫ്റ്റ് ഉപയോഗിച്ചാണ് പരീക്ഷണ പറക്കല്‍ നടത്തുന്നത്.

ഒരു വിമാനത്താവള നിര്‍മ്മാണത്തിന് 3 മുതല്‍ 5 വര്‍ഷം വരെ വേണ്ടി വരും.  എന്നാല്‍ എല്ലാ മുന്‍കാല റെക്കോഡുകളും ഭേദിച്ചാണ് കണ്ണൂര്‍ എയര്‍പോര്‍ട്ട്  നിര്‍മ്മാണം പുരോഗമിച്ചത്.  1892 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. രണ്ടു ഘട്ടങ്ങളിലായാണ് കണ്ണൂര്‍ വിമാനത്താവള വികസനം നടപ്പിലാക്കുന്നത്. ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ 2016 - 17 മുതല്‍ 2025 - 26 വരെയും രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ 2026 - 27 മുതല്‍ 2045 - 46 വരെയുമാണ് ഉദ്ദേശിക്കുന്നത്. ഒന്നാംഘട്ടത്തില്‍ പ്രധാന റൂട്ടുകളായ യു.എ.ഇ., കുവൈറ്റ്, സൗദി അറേബ്യ, ഹോംകോംങ്, സിംഗപ്പൂര്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലെ പ്രധാന എയര്‍ ക്രാഫ്റ്റുകള്‍ എത്തിച്ചേരുന്നതിനുളള സൗകര്യം ഒരുക്കുന്നതായിരിക്കും.

വിവിധ കോണുകളില്‍  നിന്നും ഉയര്‍ന്നുവരുന്ന നിര്‍ദ്ദേശം പരിഗണിച്ച് ഒന്നാം ഘട്ടത്തില്‍ തന്നെ റണ്‍വേയുടെ നീളം 3400 മീറ്ററായി വര്‍ദ്ധിപ്പിക്കുവാന്‍ തിരുമാനിച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ പാസഞ്ചര്‍ ടെര്‍മിനലിന്റെ ശേഷി, ഏപ്രണ്‍, ഇതര സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും, റണ്‍വേയുടെ ദൈര്‍ഘ്യം 4000 മീറ്ററാക്കി ഉയര്‍ത്തും എന്നിവയാണ് വിഭാവനം ചെയ്തിരിക്കുന്നത്.

  ഈ പദ്ധതിക്കുവേണ്ടി  ഏറ്റെടുക്കാനുദ്ദേശിച്ച  2200 ഏക്കര്‍ ഭൂമിയില്‍  1278.89 ഏക്കര്‍ ഭൂമി ഒന്നും രണ്ടും ഘട്ടങ്ങളിലായി ഏറ്റെടുക്കുകയുണ്ടായി. മൂന്നാം ഘട്ട സ്ഥലമെടുപ്പിന്റെ ഭാഗമായി ഏറ്റെടുക്കാനുണ്ടായിരുന്ന 785 ഏക്കര്‍ ഭൂമിയില്‍ 612.12 ഏക്കര്‍ ഏറ്റെടുത്തു കഴിഞ്ഞു. അവശേഷിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍  ധൃതഗതിയിലാണ്.

റണ്‍വേ നിര്‍മ്മാണത്തിന്  വേണ്ടി  അടിയന്തരമായി  10.25 ഏക്കര്‍ ഭൂമി കിയാല്‍  നേരിട്ട് എറ്റെടുത്തു.  എമര്‍ജന്‍സി റോഡിനുവേണ്ടി 40 സെന്റ്  ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ നടന്നുവരുന്നു. റണ്‍വേയുടെ ദൈര്‍ഘ്യം 3050 മീറ്ററില്‍ നിന്നും 3400-ഉം തുടര്‍ന്ന് 4000 മീറ്ററും ആയി വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍  സ്വീകരിച്ചു വരുന്നു.

മുന്‍ കേന്ദ്ര പ്രതിരോധ വകുപ്പു മന്ത്രി ശ്രീ. എ.കെ. ആന്റണി  പദ്ധതിയുടെ  നിര്‍മ്മാണ ഉദ്ഘാടനം 2014 ഫെബ്രുവരി രണ്ടിന് മട്ടന്നൂര്‍ നിവാസികളെ സാക്ഷിയാക്കി നിര്‍വഹിച്ചു. ടെര്‍മിനല്‍ ബില്‍ഡിംഗിന്റെ നിര്‍മ്മാണ ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി 2014 ജൂലൈ അഞ്ചിന് നിര്‍വഹിച്ചു. കിയാല്‍ പ്രോജക്ട് ഓഫീസ് 2012 ഡിസംബര്‍ ആറിന് മട്ടന്നൂരില്‍ പ്രവര്‍ത്തനം തുടങ്ങി. വിമാനത്താവളത്തിലെ ഗ്രീന്‍ ബെല്‍റ്റ് പ്രോഗ്രാം 2013 ഓഗസ്റ്റ് 20 നും ഉദ്ഘാടനം ചെയ്തു.

റണ്‍വേ, ടാക്‌സിവേ,  ഏപ്രണ്‍ എന്നിവ ഉള്‍പ്പെടുന്ന  ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 694 കോടി രൂപയുടെ പദ്ധതിയായി വിഭാവനം ചെയ്തിരിക്കുന്നു. എയര്‍പോര്‍ട്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ റണ്‍വേ, എയര്‍സൈഡ്  പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കുളള കരാര്‍ സുതാര്യമായ ടെണ്ടര്‍  നടപടികളിലൂടെ 2013 നവംബര്‍ 25 നും,  ഇന്റഗ്രേറ്റഡ് ടെര്‍മിനല്‍  ബില്‍ഡിംഗ്, എ.ടി.സി. ടവര്‍, ടെക്‌നിക്കല്‍ ബില്‍ഡിംഗ്, ഇ.ആന്റ്.എം. ഉപകരണങ്ങള്‍ തുടങ്ങിയ നിര്‍മ്മാണ പ്രവൃത്തികളുടെ 498.70 കോടി രൂപയ്ക്കുള്ള കരാര്‍  2014 ഓഗസ്റ്റ് 25 ന്  ലാര്‍സണ്‍ & ടൂബ്രോ  കമ്പനിക്കും  നല്‍കി. ലിഫ്റ്റ്, എസ്‌കലേറ്റര്‍, ഫയര്‍ ടെണ്ടര്‍ തുടങ്ങിയവയുടെ നിര്‍മ്മാണ പ്രവര്‍ത്തികളും  അവാര്‍ഡ് ചെയ്തു കഴിഞ്ഞു.

കണ്ണൂര്‍ വിമാനത്താവള കമ്പനിയുടെ ഓഹരി ഘടന ചുവടെ ചേര്‍ക്കുന്നു;

സംസ്ഥാന സര്‍ക്കാര്‍ - 35%
പൊതുമേഖലാ സ്ഥാപനങ്ങള്‍ - 25%
എയര്‍പോര്‍ട്ട് പി.എസ്.യു - 10%
സ്വകാര്യ പങ്കാളിത്തം - 30%
ആകെ -       100
    ========
             
കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ ഓഹരിമൂലധനമായി 1000 കോടി രൂപയുടെ സമാഹരണത്തിനായി 2012 ഏപ്രില്‍ നാലിനാണ് കണ്ണൂര്‍  ഇന്റര്‍നാഷണല്‍  എയര്‍പോര്‍ട്ട്  പ്രമോഷന്‍ സൊസൈറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചത്. കാനറാ ബാങ്ക് നയിക്കുന്നതും  ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവ പങ്കാളികളുമായ   ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്നും വായ്പ ഇനത്തിലുള്ള 892 കോടി രൂപ സമാഹരിക്കുന്നതിന് ധാരണാപത്രം  2015 മെയ് 21 ന് ഒപ്പുവച്ചു. ബി.പി.സി.എമ്മുമായി  170 കോടി രൂപയുടെ ഇക്വിറ്റി പാര്‍ട്ടിസിപ്പേഷനുള്ള  ധാരണാപത്രം 2012 ജൂലൈ 24-നും  എയര്‍പോര്‍ട്ട്  അതോറിറ്റി ഓഫ് ഇന്ത്യയുമായി 100 കോടി രൂപയ്ക്കുള്ള  ധാരണാ പത്രം 2015 ജൂണ്‍ 24 നും മെറ്റീരിയോളജിക്കല്‍ സര്‍വ്വീസിനുവേണ്ടി മെറ്റീരിയോളജിക്കല്‍  വകുപ്പുമായി ധാരണാപത്രം 2014 സെപ്തംബര്‍ 17-നും ഒപ്പുവച്ചു. എ.ടി.എഫ്. എയര്‍ക്രാഫ്റ്റ് ഫ്യുവല്‍-ഫാം  നടത്തുന്നതിനായി  ബി.പി.സി.എല്‍.-കിയാല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഒരു ജോയിന്റ്   കമ്പനി  രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നു.

2014-15-16 സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളില്‍  നിന്നുമായി  യാത്ര ചെയ്തവരുടെ എണ്ണം 1.30 കോടിയാണ്.  പാസഞ്ചര്‍  ട്രാഫിക്കില്‍ 8.6% വളര്‍ച്ചയാണ്  ഡി.ജി.സി.എ. കണക്കാക്കിയിരിക്കുന്നത.് ഈ വസ്തുതകള്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഭാവിയെക്കുറിച്ച് നമുക്ക് ശുഭപ്രതീക്ഷ നല്‍കുന്നു. നിരവധി എയര്‍ലൈന്‍ കമ്പനികള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും സര്‍വ്വീസ് നടത്തുവാന്‍ താല്പര്യപ്പെട്ട് അധികൃതരെ ബന്ധപ്പെട്ടിട്ടുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്, എമിറേറ്റ്‌സ്, എയര്‍ അറേബ്യ, ഇത്തിഹാദ് എയര്‍വേയ്‌സ്, വിസ്താര, ജെറ്റ് എയര്‍വേയ്‌സ്, ഒമാന്‍ എയര്‍, മാല്‍ഡീവിയന്‍ എയര്‍ലൈന്‍സ്, എയര്‍ ഏഷ്യ എന്നീ കമ്പനികള്‍ താത്പര്യ പത്രം നല്‍കി കഴിഞ്ഞു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം 2016 സെപ്തംബറില്‍ ആരംഭിക്കും.

  യു.ഡി.എഫ്. സര്‍ക്കാര്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജനങ്ങള്‍ നല്‍കിയ ഒരു വാഗ്ദാനം കൂടി ഇതോടെ യാഥാര്‍ത്ഥ്യമാവുകയാണ്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ആഭ്യന്തര - പ്രതിരോധ മന്ത്രാലയങ്ങളുടെ അനുമതി ലഭ്യമാക്കുന്നതില്‍  ശ്രീ എ.കെ. ആന്റണി വഹിച്ച പങ്ക് നിസ്തൂലമാണ്. ബഹു. മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടിയുടെ നിരന്തരമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും  മേല്‍നോട്ടവുമാണ് ഈ സ്വപ്നപദ്ധതി  യാഥാര്‍ത്ഥ്യമാകുന്നതിന്റെ പ്രധാന കാരണമെന്നത് ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്നു.

മലബാറിന്റെ സ്വപ്നം പ്രവൃത്തിപഥത്തിലെത്തിക്കുവാന്‍ എനിക്കു മുമ്പേ പ്രയത്‌നിച്ച ഭരണാധിപന്മാരുടെ സേവനത്തെ ഈയവസരത്തില്‍ ഞാന്‍ കൃതജ്ഞതാപൂര്‍വ്വം സ്മരിക്കുന്നു. ഈ ബൃഹത് സംരംഭത്തിന്റെ   വിവിധ ഘട്ടങ്ങളില്‍ പദ്ധതിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയും നിര്‍ലോപമായ സഹായസഹകരണങ്ങള്‍ നല്‍കുകയും ചെയ്ത  മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, ബഹു. കേന്ദ്രമന്ത്രിമാര്‍, എം.പി.മാര്‍, നിയമസഭാ സാമാജികര്‍, ബഹുജനസംഘടനാ ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍, ഓഹരി ഉടമകള്‍, സര്‍വ്വോപരി  പദ്ധതിക്കായി കിടപ്പാടം  ഒഴിയേണ്ടിവരുന്നവും  അല്ലാത്തവരുമായ കണ്ണൂര്‍/മട്ടന്നൂര്‍ നിവാസികള്‍ എന്നിവരോടുള്ള നന്ദി അറിയിക്കുവാന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കുന്നു.

Also Read:
രണ്ടുമാസത്തിനിടെ കാസര്‍കോട്ട് റിപോര്‍ട്ട് ചെയ്തത് 155 തീപിടുത്തസംഭവങ്ങള്‍

Kannur Airport- Article by minister K. Babu, Chief Minister, Oommen Chandy, Article.

Keywords: Kannur Airport- Article by minister K. Babu, Chief Minister, Oommen Chandy, Article.