Follow KVARTHA on Google news Follow Us!
ad

വെള്ളാപള്ളിയില്‍നിന്ന് ഗുരുദേവനീലേക്കുള്ള ദൂരം, പിന്നെ വി എസും

1885ല്‍ മരുത്വാമലയടിവാരത്തിലുള്ള പുലിപ്പാറയില്‍ ധ്യാനമിരിക്കുകയായിരുന്നു ശ്രീ നാരായണ ഗുരുദേവന്‍. 1888ലെ ഒരു മഹാ ശിവരാത്രിക്കാലം. പെട്ടെന്ന് ഏതോ ഉള്‍വിളി പോലെ ചുറ്റും Article, Sree Narayana Guru, Vallappaly, Manath Padmanaban
എസ് എ എം ബഷീര്‍

(www.kvartha.com 01/12/2015)
1885ല്‍ മരുത്വാമലയടിവാരത്തിലുള്ള പുലിപ്പാറയില്‍ ധ്യാനമിരിക്കുകയായിരുന്നു ശ്രീ നാരായണ ഗുരുദേവന്‍. 1888ലെ ഒരു മഹാ ശിവരാത്രിക്കാലം. പെട്ടെന്ന് ഏതോ ഉള്‍വിളി പോലെ ചുറ്റും കൂടിയ ഭക്തന്മാര്‍ക്കിടയിലൂടെ നടന്നു ചെന്ന് നെയ്യാറിലെ ശങ്കരന്‍കുഴി മുങ്ങിക്കയറുമ്പോള്‍ കയ്യില്‍ അരുവിയില്‍ നിന്നും എടുത്ത ഒരു ശിലയുണ്ടായിരുന്നു.

ആ ശിലയെ ശിവ വിഗ്രഹം എന്ന് പേരിട്ടു അദ്ദേഹം പ്രതിഷ്ഠിച്ചു. അവിടെ അദ്ദേഹം എഴുതി വെച്ചു, ' ജാതിഭേദ ദ്വേഷ മേതുമില്ലാതെ ഏവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്.' രോഷാകുലരായി ചോദ്യം ചെയ്യാന്‍ വന്ന ബ്രാഹ്മണരോട് താന്‍ പ്രതിഷ്ഠിച്ചത് ബ്രാഹ്മണ ശിവനെയല്ല ഈഴവ ശിവനെയാണെന്ന് തുറന്നടിച്ചു ഗുരുദേവന്‍.
അത് കേട്ട് ബ്രാഹ്മണാധിപത്യത്തിന്റെ മേലാളന്മാര്‍ ഉത്തരം മുട്ടി മിണ്ടാതെയാണ് മടങ്ങിപ്പോയത്.

ആയിരക്കണക്കിന് വര്‍ഷത്തെ ഭാരതീയപാരമ്പര്യത്തിന്റെ ചരിത്രത്തിലെ ആ സുവര്‍ണ്ണ മുഹൂര്‍ത്തത്തില്‍ അവര്‍ണ്ണന് സവര്‍ണ്ണ ദൈവത്തെ പൂജിക്കാന്‍ ഒരവസരം കിട്ടുകയായിരുന്നു.
ശ്രീ രാമനെയും ശ്രീകൃഷ്ണനെയും മഹാ വിഷ്ണുവിനെയും, ശിവനെയും മറ്റനേകം ദേവീ ദേവന്മാരെയും മേലാളന്മാര്‍ സ്വന്തം ദൈവങ്ങളാക്കി മാറ്റി സാധാരണക്കാരില്‍ നിന്ന് അകറ്റി നിര്‍ത്തിയ ആ ഒരു കാലത്ത് ഗുരുദേവന്‍ നടത്തിയത് ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ ഒരു മുന്നേറ്റമായിരുന്നു. സമത്വത്തിനു വേണ്ടിയുള്ള മുന്നേറ്റം.

പിന്നീട് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗുരുദേവന്‍ ഇത്തരത്തില്‍ അറുപതോളം പ്രതിഷ്ഠകള്‍ നടത്തി സമത്വ മുന്നേറ്റ യാത്ര നടത്തി. അതൊരു ഉജ്ജ്വലമായ സാമൂഹ്യ വിപ്ലവത്തിന്റെ നാന്ദി കുറിക്കലായിരുന്നു. അത് വരെ ( ഇപ്പോഴും ) കീഴാളന്റെയും അവര്‍ണ്ണന്റെയും ദൈവങ്ങള്‍ , മുത്തപ്പന്‍ , ചാത്തന്‍, മാത്തന്‍, ചാമുണ്ഡി, ഗുളികന്‍, മാടന്‍ , ചുടലമാടന്‍,പൂതത്താന്‍, കരിങ്കാളി, എന്നിവയായിരുന്നുവല്ലോ.
ഈ സംവിധാനം ഉണ്ടാക്കിയ സവര്‍ണ്ണ ജാതീയത കൊടി കുത്തി വാഴുന്ന കാലത്താണ് ഗുരുദേവന്‍ ഈഴവ ശിവനെ പ്രതിഷ്ടിച്ചത്.

1924 നവംബര്‍ ഒന്നിന് മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തില്‍ എല്ലാ ക്ഷേത്രങ്ങളിലും എല്ലാവര്‍ക്കും കയറി ആരാധിക്കാന്‍ സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ടു സവര്‍ണ്ണജാഥ നടത്തിയതൊക്കെ നമ്മുടെ സമീപ കാലത്തെ ചരിത്രം. 

മന്നത്ത് പത്മനാഭന്റെ ഇഷ്ട ദേവിയായ മാരണത്തു കാവില്‍ ഭഗവതി എന്ന അംബികാ ദേവിയുടെ ക്ഷേത്രത്തില്‍ ആദ്യത്തെ നായര്‍ പൂജാരിയെ നിയമിച്ചതും ആ അമ്പലത്തില്‍ പ്രതിഷ്ഠ നടത്താന്‍ ഭക്താനന്ദ സ്വാമി എന്ന നായര്‍ സ്വാമിയെ കൊണ്ട് വന്നതും അതിനെതിരെ ബ്രഹ്മണര്‍ പ്രതിഷേധിച്ചതും നമ്മുടെ കേരളത്തില്‍ തന്നെ. 

പെരുന്നയിലെ സുബ്രഹ്മണ്യക്ഷേത്രത്തില്‍ മന്നത്തിന്റെ നേതൃത്വത്തില്‍ ഒരു സംഘം നായന്മാര്‍ കടന്നു ചെന്ന് നില നിന്നിരുന്ന 'പുല' സമ്പ്രദായത്തെ വെല്ലുവിളിച്ചാണ് ആരാധന നടത്തിയത്.
ഈ വക കാര്യങ്ങള്‍ പഠിച്ചത് കൊണ്ടായിരിക്കുമല്ലോ സഖാവ് വി എസ് പറഞ്ഞത് വെള്ളപ്പള്ളിയുടേത് സമത്വ മുന്നേറ്റ യാത്രയല്ല. ചാതുര്‍വര്‍ണ്യ സംരക്ഷണ ജാഥയാണെന്ന്.
ഈഴവന്മാര്‍ പന്ത്രണ്ടടി അകലത്തിലും നായന്മാര്‍ മൂന്നടി അകലത്തിലും നില്‍ക്കണമെന്ന പഴയ ബ്രാഹ്മണ്യ മേധാവിത്വത്തിലധിഷ്ടിതമായ ചാതുര്‍വര്‍ണ്യ ജാതീയ ആചാരം മുറുകെപ്പിടിക്കുന്നവരെ കേരളത്തിലേക്ക് ആനയിച്ചു കൊണ്ടു വരുന്നതിനെ എതിര്‍ക്കാന്‍ സഖാവ് വി എസ അച്യുതാനന്ദനു അവകാശമില്ലെന്ന മട്ടില്‍ സംഘിമത നേതാവ് കെ സുരേന്ദ്രന്‍ ഉറഞ്ഞു തുള്ളിയിരിക്കുന്നു. 

സഖാവ് വി എസ് അച്യുതാനന്ദന്‍ പേജാവര്‍ മഠധിപതിയെക്കുറിച്ചു എന്തോ വേണ്ടാത്തത് പറഞ്ഞു അത് കൊണ്ട് കയ്യും കെട്ടി നോക്കി നില്‍ക്കില്ല എന്നും അദ്ദേഹത്തെ ശരിപ്പെടുത്തിക്കളയും എന്ന മട്ടിലാണ് സുരേന്ദ്രന്റെ നില്‍പ്പ്.

ചാതുര്‍വര്‍ണ്യത്തെയും ബ്രാഹ്മണ മേധാവിത്വത്തെയും കലവറയില്ലാതെ പിന്തുണക്കുകയും അതിനു വേണ്ടി ശബ്ദിക്കുകയും ചെയ്യുന്ന ആദരണീയനായ ഒരു ബ്രാഹ്മണ ശ്രേഷ്ടനെക്കൊണ്ട് വെള്ളാപ്പള്ളിയുടെ യാത്ര ഉദ്ഘാടനം ചെയ്യിച്ചതിന്റെ അസാംഗത്യം ചൂണ്ടിക്കാണിക്കുക മാത്രമല്ലേ വി എസ് ചെയ്തിട്ടുള്ളൂ. എന്താ സുരേന്ദ്രജിക്ക് ഇത് കേട്ടപ്പോള്‍ ദേഷ്യം വരുന്നുണ്ടോ. ? ഇപ്പോള്‍ വി എസ്സിനെതിരെ പുലഭ്യം പറയുന്ന സുരേന്ദ്രന്‍ജീ. 

എന്ന് മുതലാണ് താങ്കള്‍ക്കു വി എസ്സിനോട് ഇത്രയും വലിയ വിരോധം ഉണ്ടായത് ?
ലീഗിനെ, കുഞ്ഞാലിക്കുട്ടിയെ , വേട്ടയാടുമ്പോള്‍ , രാഷ്ട്രീയ പ്രതിയോഗികളെ തിരഞ്ഞു പിടിച്ചു ദ്രോഹിക്കുമ്പോള്‍ , പിണറായിക്കെതിരെ പാര്‍ട്ടിക്കകത്ത് നിഴല്‍ യുദ്ധം നടത്തുമ്പോള്‍ , വേട്ടയാടുമ്പോള്‍ താങ്കള്‍ക്കു ഏറ്റവും ഇഷ്ടമുള്ള കമ്മ്യൂണിസ്റ്റ് നേതാവായിരുന്നല്ലോ വി എസ് ?
ചാതുര്‍വര്‍ണ്യത്തിന്റെ ദക്ഷിണേന്ത്യന്‍ വക്താവായ ആദരണീയനായ സ്വാമി വിശ്വേശതീര്‍ഥ മഹരാജിനെ വെള്ളാപ്പള്ളി നടേശന്‍ തന്റെ സമത്വ മുന്നേറ്റ യാത്ര കാസര്‍േകാട് ഉത്ഘാടനം ചെയ്യാന്‍ കൊണ്ട് വന്നതിനെയും സ്വാമിജി, പതാക വെള്ളാപ്പള്ളിക്ക് കൈമാറാത്തതിനെയും ആണല്ലോ അച്യതാനന്ദന്‍ വിമര്‍ശിച്ചത്. വി എസ്സിന്റെ പല നയങ്ങളോടും , നിലപാടുകളോടും അതിശക്തമായ വിയോജിപ്പുള്ള ഒരാളാണ് ഞാന്‍. 

പക്ഷെ വെള്ളാപ്പള്ളി വിഷയത്തില്‍ വി എസ് പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളോ ട് യോജിക്കാനും അതിനെ പിന്തുണക്കാനുമാണ് എനിക്കിഷ്ടം. 

നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഭൂരിപക്ഷ സമുദായക്കാരെ ഒന്നിപ്പിക്കാനുള്ള വെള്ളാപ്പള്ളിയുടെ വായ്ത്താരി കണ്ടിട്ടുണ്ടായ അസഹിഷ്ണുത കൊണ്ടല്ല ആ പിന്തുണ.
ശ്രീമാന്‍ വെള്ളാപ്പള്ളി നടേശന്‍ സ്വാര്‍ത്ഥ താല്പര്യത്തിനുവേണ്ടി ഒരു സമുദായത്തെ മുഴുവനും വഞ്ചിക്കാന്‍ ശ്രമിക്കുമ്പോള്‍ , അത് ശരിയല്ലെന്ന് പറയാന്‍ അതേ സമുദായക്കാരന്‍ ആയ വി എസ്സിന് അര്‍ഹതയും അവകാശവും ഇല്ലേ സുരേന്ദ്രന്‍ജീ ?

മാത്രമല്ല പേജാവര്‍ മറാധിപതിക്കെതിരെ വി. എസ്. മോശം പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ല. അധിക്ഷേപിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല എന്നാണു മനസ്സിലാകുന്നത്..
കേരളത്തിലെ ഭൂരിപക്ഷ സമുദായക്കാര്‍ അവര്‍ക്ക് നഷ്ടപ്പെട്ട അവകാശങ്ങള്‍, , (അങ്ങനെ വല്ലതും നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍) നേടിയെടുക്കാന്‍ ഒന്നിച്ചു നിന്ന് ശബ്ദം ഉയര്‍ത്തുകയും അതൊക്കെയും നേടി യെടുക്കണമെന്നും തന്നെയാണ് എന്റെയും അഭിപ്രായം.
ഇക്കാര്യത്തില്‍ പരേതനായ സി എച്ച് മുഹമ്മദ് കോയ പറഞ്ഞത് തന്നെയാണ് ശരി. ഏറ്റവും വലിയ ശരി.
'അന്യ സമുദായക്കാരുടെ അരകഴഞ്ചു അവകാശങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ട. പക്ഷെ ഞങ്ങളുടെ സമുദായത്തിന്റെ അവകാശങ്ങളില്‍ ഒരു തലനാരിഴ പോലും വിട്ടുകൊടുക്കാനും തയ്യാറല്ല.'
അത് കൊണ്ട് ശ്രീമാന്‍ വെള്ളാപ്പള്ളി ഒരു കാര്യം ചെയ്യണം. എന്തൊക്കെ എവിടെയൊക്കെ ഏതൊക്കെ അവസരങ്ങള്‍ ആണ് ഭൂരിപക്ഷ സമുദായത്തിന് നിഷേധിക്കപ്പെട്ടിട്ടുള്ളത് , നഷ്ടപ്പെട്ടിട്ടുള്ളത് എന്ന് കൃത്യമായ വ്യക്തമായ ഒരു കണക്കു വെക്കണം കേരള ജനതയുടെ മുന്‍പില്‍. 

അത് പോലെ സംഘടിത ന്യൂനപക്ഷങ്ങള്‍ അവരുടെ ശക്തി കാണിച്ചു സമ്മര്‍ദ്ദം ചെലുത്തി ഭൂരിപക്ഷ സമുദായത്തിന് കിട്ടേണ്ട എന്തൊക്കെ ആനുകൂല്യങ്ങളാണ് തട്ടിപ്പറിച്ചത് , അന്യായമായി എന്തൊക്കയാണ് കൈവശപ്പെടുത്തിയത് എന്ന് കൃത്യമായ തെളിവുകളോടെ കേരള ജനതയുടെ മുന്‍പില്‍ വ്യക്തമായി പറയാനും ശ്രീമാന്‍ വെള്ളാപ്പള്ളിക്ക് ബാധ്യത ഉണ്ട്.
അല്ലാതെ തന്റെയും മകന്റെയും കുടുംബത്തിന്റെയും സ്വാര്‍ഥ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി കാടടച്ചു വെടി വെച്ചും , കുളം കലക്കിയും കേരളത്തിലെ സാമുദായിക അന്തരീക്ഷത്തില്‍ പരസ്പര സംശയത്തിന്റെയും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മാരക വിഷം കലര്‍ത്തിയും വെറുതെ ആളാകാന്‍ നില്‍ക്കരുത്.

Article, Sree Narayana Guru, Vallappaly, Manath Padmanaban


Keywords: Article, Sree Narayana Guru, Vallappaly, Manath Padmanaban