Follow KVARTHA on Google news Follow Us!
ad

ഇച്ഛാശക്തിക്കുമുമ്പില്‍ വൈകല്യങ്ങള്‍ തോറ്റു; ശ്രുതി ജയിച്ചു

1986- 88 കാലത്ത് ജില്ലയിലെ എസ്.സി/ എസ്. ടി. കോളണികളില്‍ വീടുവിടാന്തരം കയറിയിറങ്ങി അക്ഷരം പഠിക്കേണ്ട ആവശ്യകത ബോധ്യപ്പെടുത്തുന്നതിന് സര്‍ക്കാര്‍ മുഖേന കാന്‍ഫെഡ് ഒരു ദൗത്യം ഏറ്റെടുത്തിരുന്നു. Article, Students, Endosulfan, Kasaragod, Education, Women, Shruthi
കൂക്കാനം റഹ് മാന്‍

(www.kvartha.com 01.09.2015) 1986- 88 കാലത്ത് ജില്ലയിലെ എസ്.സി/ എസ്. ടി. കോളണികളില്‍ വീടുവിടാന്തരം കയറിയിറങ്ങി അക്ഷരം പഠിക്കേണ്ട ആവശ്യകത ബോധ്യപ്പെടുത്തുന്നതിന് സര്‍ക്കാര്‍ മുഖേന കാന്‍ഫെഡ് ഒരു ദൗത്യം ഏറ്റെടുത്തിരുന്നു. 'ഗിരിജന്‍ കോളണി ഗൃഹസന്ദര്‍ശന ബോധവല്‍ക്കരണം' എന്നായിരുന്നു പദ്ധതിയുടെ പേര്. ബദിയടുക്ക, വാണിനഗര്‍, സ്വര്‍ഗ തുടങ്ങിയ ദളിത് കോളണികള്‍ കേന്ദ്രീകരിച്ചായിരുന്നു പദ്ധതി ആവിഷ്‌ക്കരിച്ചിരുന്നത്. സെല്ലിക്രാസ്റ്റ, സബിതകണ്ണോത്ത്, കരിവെള്ളൂര്‍ വിജയന്‍, ചന്ദ്രശേഖര, രാംനായ്ക് ഈ കുറിപ്പുകാരനും അടങ്ങുന്ന ടീമാണ് അതിനായി നിയോഗിക്കപ്പെട്ടത്.

ആറുമാസക്കാലത്തേക്കാണ് പദ്ധതി അംഗീകരിച്ചു നല്‍കിയത്. അവിടങ്ങളിലെ കുടിലുകള്‍ തോറും കയറിയിറങ്ങിയപ്പോള്‍ തീരാത്ത ദാരിദ്ര്യത്തിന്റെയും, രോഗത്തിന്റെയും അയിത്തത്തിന്റെയും, അന്ധവിശ്വാസത്തിന്റെയും അനുഭവങ്ങളാണ് ഞങ്ങളുടെ മുമ്പില്‍ ദളിത് വിഭാഗങ്ങള്‍ അവതരിപ്പിച്ചത്. സ്വര്‍ഗയിലെയും, വാണിനഗറിലെയും കുടിലുകളില്‍ നിന്ന് ഇഴഞ്ഞുനീങ്ങുന്ന കുഞ്ഞുങ്ങളെ അവരുടെ രക്ഷിതാക്കള്‍ ഞങ്ങളുടെ മുന്നിലേക്ക് നിര്‍ത്തിയത് ഓര്‍മയിലെത്തുന്നു. 'എന്‍ഡോസള്‍ഫാന്‍' വിഷത്തെക്കുറിച്ചറിയാന്‍ ഇടയായശേഷമാണ് അന്ന് കണ്ട വിരൂപരായ കുഞ്ഞുങ്ങള്‍ ഓര്‍മയിലേക്ക് വന്നത്. അക്കാലത്ത് ഇങ്ങിനെയൊരു വിഷബാധയാണ് കുഞ്ഞുങ്ങളുടെ വൈരൂപ്യത്തിന് കാരണമെന്ന് അറിഞ്ഞിരുന്നില്ല.

ഇന്നിപ്പോള്‍ ഡോക്ടറാകാന്‍ അവസരം ലഭിച്ച ശ്രുതിയെയും കണ്ടിരുന്നു. പക്ഷേ കൃത്യമായി അന്ന് കണ്ട അവളുടെ രൂപം മനസ്സില്‍ തട്ടിയിരുന്നില്ല. എന്റെ ഓര്‍മ ശരിയാണെങ്കില്‍ അന്ന് വാണിനഗര്‍, സ്വര്‍ഗ തുടങ്ങിയ കുടിലുകളില്‍ മിക്കതിലും അംഗവൈകല്യം വന്ന, ഇഴയാന്‍ മാത്രം കഴിയുന്ന കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നു. അത്തരം കുട്ടികളെ കണ്ടപ്പോള്‍ ജനിതക വൈകല്യമായിരിക്കുമെന്നേ അന്നുകരുതിയുള്ളൂ.


ദൈവവിശ്വാസം കൂടുതലുള്ളവരായിരുന്നു കോളണിവാസികള്‍. കൃഷ്ണനായ്ക് എന്നു പേരായ ഒരു കര്‍ഷകന്‍ പറഞ്ഞ ഒരനുഭവം ഇങ്ങിനെയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ അതിരാവിലെ വെളിക്കിരിക്കാന്‍ പാറപ്പുറത്ത് ചെന്നു. ഒരു വലിയ മൂര്‍ഖന്‍ പാമ്പിനെക്കണ്ടു. ഭയന്നുവിറച്ച് വീട്ടിലേക്കോടിയെത്തി. പാമ്പിനെ കണ്ടതിനെക്കുറിച്ച് 'പ്രശ്‌നം' വെച്ചുനോക്കി. പ്രശ്‌നക്കാരന്‍ പരിഹാരം നിര്‍ദേശിച്ചു. നാഗരക്ഷയ്ക്കായി തൊട്ടടുത്ത അമ്പലത്തിലേക്ക് ഒരു തെങ്ങ് നേര്‍ച്ചക്കിടണം. അത് കൃഷ്ണനായ്ക്ക് പാലിച്ചു. വീടിനടുത്ത് നല്ല പോലെ കുലച്ചുനില്‍ക്കുന്ന തെങ്ങാണ് അമ്പലത്തിലേക്ക് നേര്‍ന്നത്...

ആ നിഷ്‌കളങ്കനായ ദളിത് വ്യക്തിയോട് അദ്ദേഹത്തിന്റെ തീരുമാനത്തിന്റെ അശാസ്ത്രീയതയൊന്നും പറയാന്‍ നിന്നില്ല. അടുത്ത ആഴ്ച വരാം എന്നും സൂചിപ്പിച്ച് അടുത്ത കുടിലിലേക്ക് ചെന്നു. ആ വീട്ടുകാരോട് ആരോഗ്യകാര്യങ്ങളെക്കുറിച്ചായിരുന്നു സംസാരിച്ചത്. അവര്‍ക്ക് കക്കൂസില്ലാത്ത കാര്യം ആ വീട്ടുകാര്‍ സൂചിപ്പിച്ചു. അത് കൂടിയേതീരുയെന്നും, സര്‍ക്കാര്‍ സൗജന്യമായി കോളണിനിവാസികള്‍ക്ക് കക്കൂസ് നിര്‍മിച്ചുകൊടുക്കുന്നുണ്ട്. അതിന് അപേക്ഷിക്കണം എന്നൊക്കെ പറഞ്ഞു.

'അതിന്റെ ആവശ്യമൊന്നുമില്ല. ഇവിടങ്ങളിലൊക്കെ വിശാലമായ പറമ്പുകളുണ്ട്. കാര്യം സാധിക്കാന്‍ അതുമതി. അതുമല്ല ആഴമുള്ള കിണറില്‍ നിന്ന് വെള്ളം കോരിയെടുക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഞങ്ങളുടെ വീട്ടില്‍ എട്ടുപേരുണ്ട്. ഒരാള്‍ കക്കൂസില്‍ പോയാല്‍ രണ്ട് ബക്കറ്റ് വെള്ളമെങ്കിലും വേണം. എട്ട് പേരാവുമ്പോള്‍ പതിനാറ് ബക്കറ്റ് വെള്ളമെങ്കിലും വേണം. ആ വെള്ളം തെങ്ങിന് ഒഴിച്ചാല്‍ അത്രയെങ്കിലും തേങ്ങ അധികം കിട്ടില്ലേ? എന്തിന് വെറുതെ വെള്ളം പാഴാക്കണം?

ആ വീട്ടുകാരന്റെ കണക്ക് കേട്ട് ഞങ്ങള്‍ മൂക്കത്ത് വിരല്‍ വെച്ചുപോയി. അദ്ദേഹത്തെയും കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ പ്രയാസപ്പെട്ടു. അവസാനം മനസ്സില്ലാമനസ്സോടെ കക്കൂസ് ലഭിക്കാനുള്ള അപേക്ഷ കൊടുക്കാമെന്നേറ്റൂ...

ബദിയടുക്ക കൊറഗ കോളണിയില്‍ ചെന്നപ്പോഴുണ്ടായ അനുഭവം മറിച്ചൊന്നായിരുന്നു. ഒരു കുടിലില്‍ ചപ്രത്തലമുടിയുമായി മുറ്റം മുഴുവന്‍ മുറുക്കിത്തുപ്പി വൃത്തികേടാക്കിക്കൊണ്ടിരിക്കുന്ന സഹോദരിയുമായി സംസാരിച്ചു. മദ്യലഹരിയിലായിരുന്നു അവര്‍. മദ്യത്തിന്റെ ദോഷവശങ്ങളെ കുറിച്ചൊക്കെ പറഞ്ഞു കഴിഞ്ഞപ്പോള്‍ അവരുടെ പ്രതികരണം ഇങ്ങിനെയായിരുന്നു. 'സാറന്മാര്‍ കുടിക്കാറില്ലേ?' ഞങ്ങള്‍ ഒറ്റക്കെട്ടായിപറഞ്ഞു 'ഇല്ലേഇല്ല'

നിങ്ങളെ പോലുള്ള സാറന്മാര്‍ ഞങ്ങളോട് കുടിക്കരുതെന്ന് പറയും, പക്ഷേ നിങ്ങള് കുടിക്കുകയും ചെയ്യും. ഇന്നലെ രണ്ട് വലിയ സാറന്മാര്‍ ഇവിടെ വന്നിരുന്നു അവര്‍ക്ക് കള്ളുഷാപ്പില്‍ ചെന്ന് രണ്ട് കുപ്പി കള്ള് ഞാനാണ് വാങ്ങിക്കൊടുത്തത്. അവര്‍ സുഖമായി കുടിച്ചിട്ടാണ് പോയത്.

ഇത്രയും കാര്യങ്ങള്‍ തുളുവും മലയാളവും കലര്‍ന്ന ഭാഷയിലാണ് അവര്‍ സംസാരിച്ചത്. മദ്യം ഉപയോഗിച്ചാല്‍ ശരീരത്തിനുണ്ടായേക്കാവുന്ന ദോഷങ്ങളൊക്കെ കേട്ട് അവര്‍ പ്രതികരിച്ച തുളുവാക്യം ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നതായി തോന്നുന്നു. 'എഗളു ഗംഗസ്രായ് പര്‍പ്പുജി'...

വര്‍ഷങ്ങള്‍ക്കപ്പുറം നടന്ന ഇത്തരം സംഭവങ്ങള്‍ ഓര്‍മിച്ചെടുത്തത് വാണിനഗറിലെ ശ്രുതിയുടെ കഠിന ശ്രമത്തിലൂടെ നേടിയെടുത്ത വിജയം അറിഞ്ഞപ്പോഴാണ്. പലപ്പോഴും ഇതൊക്കെ ഈശ്വരനിശ്ചയം എന്ന് പറഞ്ഞ് നിരാശപ്പെട്ടുകഴിയാനാണ് പലരും തയ്യാറാവുക. അതില്‍ നിന്നൊക്കെ വിഭിന്നമായി പ്രയാസങ്ങളെ അതിജീവിക്കാനാണ് ശ്രുതി തിരുമാനിച്ചത്. ഒരുകാല് പിണഞ്ഞ് വളഞ്ഞ് നടക്കാന്‍ പറ്റാത്ത അവസ്ഥ. രണ്ട് കൈപ്പത്തികളും അംഗവൈകല്യം സംഭവിച്ചത്. ഇങ്ങിനെ ഇഴഞ്ഞു നീങ്ങിയ ദൈന്യതയുടെ കുട്ടിക്കാലം.

വാണിനഗര്‍ ജിഎച്ച്എസില്‍ പത്താം വയസ്സിലാണ് ശ്രുതി ഒന്നാം ക്ലാസില്‍ ചേര്‍ന്നത്. കൃത്രിമ കാല്‍ ലഭിച്ചതുകൊണ്ട് സ്‌കൂളിലേക്ക് നടന്നുപോകാമെന്ന നിലവന്നു. അങ്ങിനെ കഠിന ശ്രമത്തിലൂടെ ഇഴഞ്ഞിഴഞ്ഞ് നീങ്ങി അവള്‍ എപ്ലസ് നേടി എസ്എസ്എല്‍സി പരീക്ഷ ജയിച്ചു.

തുടര്‍ന്ന് മുള്ളേരിയ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടുവിന് ചേര്‍ന്നു. കഠിനയത്‌നത്തിലൂടെ അവിടെനിന്നും നല്ല മാര്‍ക്ക് നേടി പ്ലസ്ടു പരീക്ഷയിലും കര കയറി. എന്‍ഡോസള്‍ഫാന്‍ വിഷമഴ മൂലം ദുരിത ജീവിതം നയിക്കുന്ന നൂറുകണക്കിന് ആളുകള്‍ക്ക് ഒരാശ്വാസമാകും ശ്രുതിയുടെ പരിശ്രമ വിജയം. കര്‍ണാടകയിലെ സര്‍ക്കാര്‍ ഹോമിയോ മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടിയ ശ്രുതിയുടെ ശ്രമം അഭിമാനാര്‍ഹമാണ്.

നിസ്സഹായതയുടെ പ്രതീകമായിരുന്നു ശ്രുതി. അവളെ പോലുള്ള നിരവധി എന്‍ഡോസള്‍ഫാന്‍ ഇരകളുടെ വേദനയും, ദുരിതങ്ങളും മാത്രമാണ് പ്രസ്തുത മേഖലയില്‍ നിന്ന് കേള്‍ക്കേണ്ടിവന്നത്. എന്നാല്‍ ശ്രുതിയുടെ നേട്ടവും ശ്രുതിയുടെ സ്വപ്നമായിരുന്ന ആഗ്രഹ സാഫല്യവും ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ആരവമായിത്തോന്നി.

അന്ന് ശ്രുതിയുടെ ദൈന്യതയാര്‍ന്ന രൂപം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ആ രൂപമൊക്കെ പൂര്‍ണമായി മാറിയില്ലെങ്കിലും പുഞ്ചിരി വിരിഞ്ഞ മുഖവുമായാണ് ഇപ്പോള്‍ അവള്‍ ആളുകളോട് സംസാരിക്കുന്നത്. അന്നേ അവള്‍ അവളെ കാണാന്‍ വരുന്നവരോടൊക്കെ ഒരു ഡോക്ടറാവണം എന്ന ആഗ്രഹം പങ്കുവെക്കുമായിരുന്നു. കുഞ്ഞുനാളില്‍ നടക്കാന്‍ വയ്യാത്ത, കൈകളില്‍ വിരലുകള്‍ പലതും നഷ്ടപ്പെട്ട പെണ്‍കുഞ്ഞ് പറഞ്ഞ ആഗ്രഹം സഫലമാകാന്‍ സാധ്യതയില്ലായെന്നാണ് പലരും കരുതിയത്.

ശ്രുതിയുടെ ഇച്ഛാശക്തിക്കുമുമ്പില്‍ വൈകല്യങ്ങള്‍ തോറ്റു. ശ്രുതി ജയിച്ചു. ശ്രുതിയെപ്പോലെ നൊമ്പരപ്പെട്ടുകഴിയുന്ന നിരവധി കുഞ്ഞനുജത്തിമാരും, കുഞ്ഞനുജന്മാരും ഈ ഗ്രാമങ്ങളിലൊക്കെ ജീവിക്കാന്‍ പെടാപാടുപെടുന്നുണ്ട്. അവര്‍ക്കൊക്കെ ഒരത്താണിയാവാന്‍ കഴിയണേയെന്ന ആഗ്രഹ സഫലീകരണത്തിനായിരിക്കാം ഡോക്ടര്‍ മോഹം ശ്രുതിയില്‍ കുഞ്ഞുനാളിലേ ഉണ്ടായത്.

ശ്രുതിയുടെ നേട്ടം കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ പീഡിതര്‍ക്കും, അവരെ നെഞ്ചേറ്റി സഹായിക്കാന്‍ പാടുപെടുന്ന സുമനസ്സുകള്‍ക്കും ആവേശമുണ്ടാക്കിയിരിക്കുന്നു. വാര്‍ത്ത കേട്ടവരൊക്കെ സഹായഹസ്തവുമായി ശ്രുതിയെ ചെന്നുകാണുകയാണ്. സഹായങ്ങള്‍ വാഗ്ധാനം ചെയ്യുകയാണ്.

ശ്രുതി മീട്ടട്ടെ അവളുടെ ആഗ്രഹങ്ങള്‍. ആനന്ദത്തോടെ സ്വജീവിതം മുന്നോട്ടുനയിക്കാന്‍ സാധിക്കട്ടെ. കണ്ണുനീര്‍ വാര്‍ത്തുകഴിയുന്ന സഹജീവികള്‍ക്ക് ആശ്വാസമേകാനുള്ള കരുത്തുമായി അവള്‍ ഡോക്ടറായി തിരിച്ചുവരട്ടെ...

Article, Students, Endosulfan, Kasaragod, Education, Women, Shruthi.


Keywords: Article, Students, Endosulfan, Kasaragod, Education, Women, Shruthi.