Follow KVARTHA on Google news Follow Us!
ad

കേരളത്തില്‍ മാത്രം പണിമുടക്ക് ഹര്‍ത്താലാക്കാന്‍ നീക്കം; ഡയസ്‌നോണില്‍ പിടിക്കുന്ന ശമ്പളം പിന്നീടു കൊടുക്കും

ബുധനാഴ്ചത്തെ ദേശീയ പണിമുടക്ക് കേരളത്തില്‍ മാത്രം വാഹനഗതാഗതത്തെ ബാധിക്കും.Thiruvananthapuram, Press meet, Vehicles, Conference, Kerala,
തിരുവനന്തപുരം: (www.kvartha.com 01.09.2015) ബുധനാഴ്ചത്തെ ദേശീയ പണിമുടക്ക് കേരളത്തില്‍ മാത്രം വാഹനഗതാഗതത്തെ ബാധിക്കും. മറ്റൊരു സംസ്ഥാനത്തും പണുമുടക്കിന്റെ ഭാഗമായി വാഹനങ്ങള്‍ ഓടിക്കരുതെന്ന ആഹ്വാനം തൊഴിലാളി സംഘടനകളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അതേസമയം, പണിമുടക്ക് എന്നാല്‍ ഹര്‍ത്താല്‍ ആണ് എന്ന പ്രതീതി പരന്നതോടെ ആഹ്വാനമില്ലെങ്കിലും സംസ്ഥാനത്തു കടകള്‍ അടച്ചിടുമെന്ന സൂചനയുമുണ്ട്.

ഇക്കാര്യത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ഔദ്യോഗികമായി തീരുമാനമൊന്നും പറഞ്ഞിട്ടില്ല. എന്നാല്‍ സിപിഎം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതി പണിമുടക്കിനു നിശ്ശബ്ദ പിന്തുണ നല്‍കുകയാണ്. എത്ര വലിയ പ്രശ്‌നത്തിന്മേലുള്ള ഹര്‍ത്താലിനും ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നതു  തടയാറില്ല. എന്നാല്‍ തിങ്കളാഴ്ച കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയ തൊഴിലാളി സംഘടനാ നേതാക്കളുടെ പ്രതികരണം ഇത്തവണ അതും തടയും എന്ന തരത്തിലായിരുന്നു.

ടൂ വീലറുകള്‍ ഓടാന്‍ അനുവദിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഒരു വീലറും ഇറങ്ങാതെ സഹകരിക്കണം എന്നായിരുന്നു സിപിഎം മുന്‍ എംപിയും സിഐടിയു നേതാവുമായ കെ ചന്ദ്രന്‍പിള്ളയുടെ മറുപടി. സഹകരിക്കണം എന്നാണ് അഭ്യര്‍ത്ഥനയെങ്കിലും ഫലത്തില്‍ അത് നിര്‍ബന്ധിച്ചു തടയും എന്ന സൂചന തന്നെയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ബിഎംഎസ് ഒഴികെ എല്ലാ പ്രധാന ട്രേഡ് യൂണിയനുകളും പങ്കെടുക്കുന്ന പണിമുടക്കിനേക്കുറിച്ചു
വിശദീകരിക്കാന്‍ വിവിധ സംസ്ഥാനങ്ങളിലെ സംയുക്ത ട്രേഡ് യൂണിയന്‍ സമര സമിതി നേതാക്കള്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഒരിടത്തും കേരളത്തിലെപ്പോലെ വാഹനങ്ങള്‍ തടയുമെന്ന സൂചന ഉണ്ടായില്ല.

നേരത്തേ ബിഎംഎസും പണിമുടക്കില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയേത്തുടര്‍ന്ന് അവര്‍ പിന്മാറി. ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി തുടങ്ങിയ സംഘടനകളെല്ലാം പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. അധ്യാപക സംഘടനകളും പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ലെന്നുറപ്പായി.

പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ക്ക് ഹാജറും ശമ്പളവും ഉണ്ടാകില്ലെന്നു സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. നിയമപരമായിത്തന്നെ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നാല്‍ പണിമുടക്കുകള്‍ക്കു പ്രഖ്യാപിക്കുന്ന ഡയസ്‌നോണ്‍ പിന്നീട് ഇതേ സംഘടനകളുടെ അഭ്യര്‍ത്ഥന മാനിച്ച് ഒഴിവാക്കുകയും ശമ്പളം അനുവദിക്കുകയും ചെയ്യുന്നതാണു രീതി. അതുകൊണ്ട് ശമ്പള നഷ്ടത്തേക്കുറിച്ചും ജീവനക്കാര്‍ക്കു ഭയമില്ല.

National Strike will be affect Kerala as a whole; Not other states, Thiruvananthapuram, Press meet, Vehicles, Conference, Kerala.


Also Read:
അനധികൃത അറവുശാലയില്‍ പോലീസ് റെയ്ഡ്; ഒരാള്‍ പിടിയില്‍, മൂന്ന് പേര്‍ രക്ഷപ്പെട്ടു
Keywords: National Strike will be affect Kerala as a whole; Not other states, Thiruvananthapuram, Press meet, Vehicles, Conference, Kerala.