Follow KVARTHA on Google news Follow Us!
ad

ദുബൈയില്‍ തൊഴില്‍വിസ ലഭിക്കാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു; നിബന്ധന ആഗസ്ത് 1 മുതല്‍

ദുബൈയില്‍ തൊഴില്‍വിസ ലഭിക്കാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു. Dubai, Insurance, Press meet, Family, Gulf,
ദുബൈ: (www.kvartha.com 01/07/2015) ദുബൈയില്‍ തൊഴില്‍വിസ ലഭിക്കാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു. ആഗസ്ത് ഒന്നുമുതല്‍ നിബന്ധന പ്രാബല്യത്തില്‍ വരുമെന്ന് ദുബൈ ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച്.എ.) പത്രക്കുറിപ്പില്‍ അറിയിച്ചു.

പുതിയ നിയമ പ്രകാരം  നൂറോ അതിന് മുകളിലോ ജീവനക്കാരുള്ള കമ്പനികള്‍ക്ക് കീഴില്‍ വിസ ലഭിക്കുന്നതിനും നിലവിലുള്ളവ പുതുക്കുന്നതിനും ഇന്‍ഷുറന്‍സ് നിര്‍ബന്ധമാകും. എമിറേറ്റില്‍ താമസിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 2014 ഫിബ്രവരിയിലാണ് സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിക്ക് ദുബൈ ഗവണ്‍മെന്റ് തുടക്കമിട്ടത്.

മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതില്‍ രണ്ടാംഘട്ടത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിന് അവസരം നല്‍കിയിരുന്നത് നൂറിനും 999നുമിടയില്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കാണ് . ജൂലായ് 31നകം ഈ കമ്പനികളില്‍നിന്നുള്ള ആറുലക്ഷം ജീവനക്കാര്‍ പദ്ധതിയില്‍ പങ്കാളികളാകുമെന്ന പ്രതീക്ഷ ഡി.എച്ച്.എ. ഡയറക്ടര്‍ ഹുമൈദ് മുഹമ്മദ് ഉബൈദ് അല്‍ ഖതമി പങ്കുവെച്ചു. ആദ്യഘട്ടത്തില്‍, ആയിരവും അതിനുമീതെയും ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കാണ് സമയം അനുവദിച്ചിരുന്നത്. ഇരുഘട്ടങ്ങളിലുമായി ഇതുവരെ 12 ലക്ഷം ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്.

രണ്ടാംഘട്ട ഇന്‍ഷുറന്‍സ് പദ്ധതിയുടെ അവസാന ദിവസമായ ജൂലായ് 31 ന് തൊട്ടടുത്ത ദിവസം മുതല്‍ തന്നെ പുതിയ നിബന്ധന പ്രാബല്യത്തില്‍ വരും. ഒന്നും രണ്ടും ഘട്ടങ്ങളില്‍ ഉള്‍പ്പെടുത്തി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കപ്പെട്ട സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കായിരിക്കും നിബന്ധന ബാധകമാകുന്നത്. അതേസമയം മൂന്നാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പുതിയ നിബന്ധന ഇപ്പോള്‍ ബാധകമാകില്ല.

 ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിന് 2016
ജൂണ്‍ വരെ സമയം അനുവദിച്ചിട്ടുണ്ട്. ജീവനക്കാരുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള ഭാര്യ, മക്കള്‍, മറ്റ് ആശ്രിതര്‍ തുടങ്ങിയവര്‍ക്ക് ഇന്‍ഷുറന്‍സ് ഉറപ്പാക്കുന്നതിനുള്ള സമയപരിധിയും 2016 ജൂണിലാണ് അവസാനിക്കുന്നത്. അതുകൊണ്ടുതന്നെ കുടുംബാംഗങ്ങള്‍ക്കും വിസ ലഭിക്കുന്നതിന് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാകില്ല.

വിവിധഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയുമായി സഹകരിക്കുന്നതിന് അംഗീകാരമുള്ള 45 ഇന്‍ഷുറന്‍സ് കമ്പനികള്‍ എമിറേറ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്‍ഷുറന്‍സ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്  www.ishad.ae എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
Dubai, Insurance, Press meet,  Family, Gulf.


Keywords: Dubai, Insurance, Press meet,  Family, Gulf.