Follow KVARTHA on Google news Follow Us!
ad

ചെങ്കൊടിയിലെ അരിവാള്‍ കാവിയാകുന്നു

രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിമാനപ്പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ അവസാനം ഉമ്മന്‍ചാണ്ടിക്ക് ആശ്വസിക്കാം. സോളാറും സരിതയും Aruvikkara By Election, Kerala, BJP, CPM, Congress, Vote, Party, V.S. Achuthanandan.
ലീദ എ.എല്‍

(www.kvartha.com 01/07/2015) രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിമാനപ്പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ അവസാനം ഉമ്മന്‍ചാണ്ടിക്ക് ആശ്വസിക്കാം. സോളാറും സരിതയും ബാര്‍കോഴയും തലക്കുമീതെ വാളായി തൂങ്ങിക്കിടക്കുമ്പോഴും യാതൊരു ആകുലതയുമില്ലാതെ തെരഞ്ഞെടുപ്പ് വിധി ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറഞ്ഞ ആ ചങ്കൂറ്റത്തിന് അരുവിക്കരയിലെ ജനങ്ങള്‍ ബാലറ്റിലൂടെ നല്ല നമസ്‌കാരം പറഞ്ഞിരിക്കുന്നു. നെക് ടു നെക് വിജയം പറഞ്ഞ സര്‍വേ ഫലങ്ങളെ കാറ്റില്‍ പറത്തി, സി.പി.എമ്മിന്റെ ഉള്ളുലച്ച് ശബരിനാഥന്‍ അരുവിക്കരയുടെ വിജയനാഥനാകുമ്പോള്‍, ഉമ്മന്‍ചാണ്ടി.. കിരീടവും ചെങ്കോലും താഴെവെക്കാന്‍ സമയമായിട്ടില്ല. നിങ്ങള്‍ വീണ്ടും കരുത്തനായിരിക്കുന്നു. ഒപ്പം സി.പി.എം വീണ്ടും ദുര്‍ബലവും

സര്‍ക്കാരിനെതിരെ പ്രയോഗിക്കാന്‍ സകല ആയുധവും അണികളും കൈയിലുണ്ടായിരുന്നിട്ടും അരുവിക്കരയുടെ സ്വന്തം നാട്ടുകാരനായ വിജയകുമാറിന് പുതുമുഖമായ ശബരിനാഥനോട് 10,128 വോട്ടിന്റെ ദയനീയ തോല്‍വി വഴങ്ങേണ്ടിവന്നതിന് ന്യായീകരണം പറയാന്‍ ഏറെ വിയര്‍ക്കേണ്ടിവരും നേതൃത്വത്തിന്. പൊതുവേദികളില്‍ വി.എസും അടിത്തട്ടില്‍ പിണറായിയും വ്യാപരിച്ചിട്ടും സ്വന്തം കാല്‍കീഴിലെ മണ്ണൊലിച്ചുപോകുന്നത് അറിയാന്‍ സി.പി.എമ്മിനോ കോടിയേരിക്കോ കഴിഞ്ഞില്ലെന്നതാണ് ശബരിനാഥന്റെ ഭൂരിപക്ഷം തെളിയിക്കുന്നത്. അരുവിക്കര മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ അരുവിക്കരയില്‍ മാത്രമാണ് വിജയകുമാറിന് ശബരിനാഥനെക്കാളും മുന്നിലെത്താനായത്. അതും 134 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തില്‍ മാത്രം. ബാക്കിയുള്ള ഏഴ് പഞ്ചായത്തുകളിലും ശബരിനാഥന്‍ വ്യക്തമായ മേല്‍കൈ നേടിയപ്പോള്‍ ഭരണവിരുദ്ധ തരംഗമല്ല മറിച്ച് കേരളത്തില്‍ പ്രതിപക്ഷ വിരുദ്ധ തരംഗമാണ് നിലനില്‍ക്കുന്നതെന്ന ജനവിധിയാണോ അരുവിക്കര രാഷ്ട്രീയ കേരളത്തോട് പങ്കുവെച്ചത്?

എല്‍.ഡി.എഫിന്റെ വോട്ടുബാങ്കായ ഉഴമലക്കല്‍, വിതുര, ആര്യനാട് , കുറ്റിച്ചല്‍ പഞ്ചായത്തുകളെല്ലാം 'നാട്ടുകാരാനായ' വിജയകുമാറിനെ പൂര്‍ണമായും കൈയൊഴിയുകയായിരുന്നു. വിജയകുമാറിന്റെ തറവാട്ട് വീട് സ്ഥിതിചെയ്യുന്ന തൊളിക്കോട്ട് പഞ്ചായത്തില്‍ 1504ഉം വിതുര 1052ഉം ആര്യനാട് 1449വോട്ടുകളായിരുന്നു ശബരിനാഥന്റെ ലീഡ്. ഉഴമലക്കലില്‍ 368 വോട്ടിനും വെള്ളനാട്ട് 2666 വോട്ടുകള്‍ക്കും യു.ഡി.എഫ് മുന്നിലെത്തി. പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിറുത്തി രാവും പകലും നേതൃത്വം ഒന്നടങ്കം വിയര്‍പ്പൊഴിക്കിയിട്ടും ഇത്രയും കനത്ത തിരിച്ചടി നേതൃത്വത്തെ ഒന്നടങ്കം ഏറെക്കാലം വേട്ടയാടും. അതും ഇത്രയും ഭരണവിരുദ്ധവികാരം ആളികത്തിച്ച് പ്രചാരണം നടത്തിയിട്ടും

വി.എസിന്റെ പ്രസംഗം കേള്‍ക്കാനും കൈയടിക്കാനും സി.പി.എം പ്രചാരണപരിപാടിയിലേക്കൊഴുക്കിയ ജനകൂട്ടത്തിന്റെ ശരീരം മാത്രമേ സി.പി.എമ്മിനൊപ്പമുണ്ടായിരുന്നുള്ളൂവെന്ന എം.എല്‍.എ തോമസ് ഐസക്കിന്റെ കുമ്പസാരവും ബി.ജെ.പി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ 20,000ത്തിനപ്പുറം പിടിച്ച വോട്ടുകള്‍ എല്‍.ഡി.എഫിന്റെതായിരുന്നുവെന്ന വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എയുടെയും ഏറ്റുപറച്ചിലും നേതൃത്വത്തിന്റെ ജനകീയ അടിത്തറ ഇളകി കഴിഞ്ഞുവെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ശബരിനാഥന്‍ ഇപ്പോള്‍ കൊയ്ത വിജയം സഹതാപ തരംഗത്തില്‍ ഊന്നിയുള്ളതാണെന്നും ചരിത്രം പരിശോധിച്ചാല്‍ അവകാശികള്‍ ജയിച്ച പാരമ്പര്യമേ ഉള്ളൂയെന്നും അരുവിക്കരക്കാര്‍ പത്രം

വായിക്കാറില്ലെന്നുമുള്ള അഴകൊഴമ്പന്‍ ന്യായങ്ങള്‍ പറഞ്ഞ് ചാനല്‍ ചര്‍ച്ചകളില്‍ നിന്നും നേതാക്കള്‍ക്ക് ഇത്തവണ രക്ഷപ്പെടാമെങ്കിലും വരാന്‍ പോകുന്ന തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പുകളില്‍ കാത്തിരിക്കുന്ന തിരിച്ചടികളുടെ യാഥാര്‍ഥ്യമാണ് അരുവിക്കരയിലെ എട്ടു പഞ്ചായത്തുകള്‍ നേതൃത്വത്തിന് ബോധ്യപ്പെടുത്തികൊടുത്തത്. അരുവിക്കര സ്ഥിരമായി യു.ഡി.എഫിനെ തുണക്കുന്ന മണ്ഡലമാണെന്ന് പറയുമ്പോഴും അങ്ങനെയെങ്കില്‍ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ എം. സമ്പത്തിന് എങ്ങനെ 740 വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലത്തില്‍ നിന്നും ലഭിച്ചെന്നും നേതാക്കള്‍ വിശദമാക്കേണ്ടതുണ്ട്.

കോണ്‍ഗ്രസ് വോട്ടുകള്‍ക്കൊപ്പം നല്ലൊരു ശതമാനം സി.പി.എം പരമ്പരാഗത വോട്ടുകളും രാജഗോപാലിന് കുത്തിയെന്നതില്‍ സംശയമില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അഞ്ച് ഇരട്ടി വോട്ടാണ് ഇത്തവണ ബി.ജെ.പിയുടെ പെട്ടിയിലേക്ക് വീണത്. ഇത്രയും ഇല്ലെങ്കില്‍ പോലും കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ഗിരിജാകുമാരിക്കും കിട്ടി 14,000ത്തോളം വോട്ട്. ഫലത്തില്‍ അരുവിക്കര വീണ്ടും സി.പി.എമ്മിന് പാഠമാണ്. അണികള്‍ പാര്‍ട്ടിയെ കൈവിടുന്നതിന്റെ പാഠം.

അരുവിക്കരയില്‍ മാത്രമല്ല, സംസ്ഥാനത്തിന്റെ മിക്കയിടങ്ങളിലും ഉള്‍ഗ്രാമങ്ങളിലും നല്ലൊരു ശതമാനവും ഇന്ന് പാര്‍ട്ടിയുടെ കേഡര്‍ സ്വഭാവത്തില്‍ അസന്തുഷ്ടരാണ്. ജനകീയ പ്രശ്‌നങ്ങളിലിടപ്പെടാതെയും ജനങ്ങളുമായി സഹകരിക്കാതെയും മുന്നോട്ടുപോകുന്ന നേതാക്കളുടെ നിലപാടുകളാണ് ഓരോ ദിവസവും സാധാരണക്കാരെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിക്കൊണ്ടിരിക്കുന്നതില്‍ പ്രധാനം.

ഗ്രൂപ്പിസത്തിലും അക്രമ രാഷ്ട്രീയത്തിലും മനം മടുത്താണ് നല്ലൊരു ശതമാനം യുവജനങ്ങളും മധ്യവയസ്‌കരമടക്കം ഇന്ന് പാര്‍ട്ടി പരിപാടികളോടും നേതൃത്വത്തോടും അകല്‍ച്ച പാലിക്കുന്നത്. എന്നാല്‍ ഇവരില്‍ നല്ലൊരു ശതമാനവും വി.എസ് ഉയര്‍ത്തുന്ന 'പാര്‍ട്ടി വിരുദ്ധ നിലപാടുകളോട് 'ഐക്യപ്പെടുന്നുണ്ടെന്നത് മറ്റൊരു കാര്യം. ഈ ഐക്യപ്പെടലാണ് വി.എസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലുണ്ടായ ജനസാഗരം. ഈ ജനസഞ്ചയം കണ്ട് ഭരണവിരുദ്ധ വികാരം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടെന്ന് കരുതിയ പിണറായിയും കോടിയേരിയും വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ ജൂണ്‍ 30 വരെ കാത്തിരിക്കേണ്ടിവന്നെന്നു മാത്രം.

ബി.ജെ.പിക്ക് വളക്കൂറുള്ള മണ്ണൊരുക്കുന്നതില്‍ സി.പി.എമ്മിന്റെ പങ്ക് ചെറുതൊന്നുമല്ല കേരളത്തില്‍. അതിന് ബി.ജെ.പി ആദ്യം നന്ദി പറയേണ്ടത് സഖാവ് പിണറായിയോടാണ്. സി.പി.എമ്മില്‍ നിന്നുള്ള അണികളുടെ കൊഴിഞ്ഞുപോക്കാണ് ബി.ജെ.പിയുടെ കരുത്ത്. ജാതി പറഞ്ഞുള്ള വോട്ടുപിടിത്തം അരുവിക്കരയില്‍ ശക്തമായിരുന്നെന്ന് പറയുമ്പോഴും അതിനെ ഫലപ്രദമായി ചെറുക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞില്ലെന്ന് വരുമ്പോഴാണ് ഇടതുപക്ഷത്തിന്റെ നാളുകള്‍ എണ്ണി തുടങ്ങേണ്ടത്. സി.പി.എമ്മുകാരെ എണ്ണം പറഞ്ഞ് കൊന്നുതള്ളിയ ആര്‍.എസ്.എസുകാരെ കണ്ണൂരിലടക്കം ചെങ്കൊടി പുതപ്പിച്ച് അരിവാളും കൈയില്‍ കൊടുത്ത് പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിക്കുമ്പോള്‍ രക്തസാക്ഷികളുടെ പേരില്‍ ഊറ്റം കൊള്ളുന്ന സഖാക്കന്മാര്‍ അറിയാതെ പോകുന്നൊരു കാര്യമുണ്ട്. ചെങ്കൊടിയിലെ അരിവാള്‍ കാവിയായി തുടങ്ങി.
Aruvikkara By Election, Kerala, BJP, CPM, Congress, Vote, Party, V.S. Achuthanandan.

Keywords: Aruvikkara By Election, Kerala, BJP, CPM, Congress, Vote, Party, V.S. Achuthanandan.