Follow KVARTHA on Google news Follow Us!
ad

സൊഹാറിലെ പച്ചക്കറിത്തോട്ടം

ഒമാനില്‍ ജീവിച്ചുവരുന്ന മലയാളികള്‍ ആശയവിനിമയത്തിന് ചില 'കോഡു' ഭാഷകള്‍ ഉപയോഗിക്കാറുണ്ട്. Kookanam-Rahman, Article, Oman, Travel & Tourism, Oman Tour, Family, Agriculture
ഒമാന്‍ കാഴ്ചകള്‍
PART 8

കൂക്കാനം റഹ്മാന്‍

(www.kvartha.com 01/02/2015) ഒമാനില്‍ ജീവിച്ചുവരുന്ന മലയാളികള്‍ ആശയവിനിമയത്തിന് ചില 'കോഡു' ഭാഷകള്‍ ഉപയോഗിക്കാറുണ്ട്. അത് മലയാളികള്‍ക്ക് മാത്രം അറിയാവുന്ന സ്വകാര്യഭാഷയാണ്. ഭരണാധികാരിയായ രാജാവിനെക്കുറിച്ചു മലയാളികള്‍ സംസാരിക്കുന്നത് പോലും ശ്രദ്ധിക്കാന്‍ സീക്രട്ട് പോലീസുണ്ട്. അതിനാല്‍ രാജാവ് എന്നൊന്നും പറയില്ല. പകരം 'വൈദ്യര്‍' എന്ന് കോഡുഭാഷ ഉപയോഗിക്കും.
'ലുങ്കിന്യൂസ്' സര്‍വീസുണ്ട്. മലയാളികള്‍ മാത്രം അറിയുന്ന ഒമാനിലെ സംഭവ വികാസങ്ങള്‍ ചിലപ്പോള്‍ ഊഹപോഹമായിരിക്കാം. അത്തരം വിവരങ്ങളെ എല്‍.എന്‍.എസ് എന്നാണറിയപ്പെടുക. 'പച്ച' പാക്കിസ്ഥാനികളെയും, പാക്കിസ്ഥാനെയും പ്രതിനിധീകരിച്ചു പറയുന്ന കോഡാണ്.

ഒമാനില്‍ അതിമനോഹരമായ പച്ചയണിഞ്ഞ കൃഷിയിടം കണ്ടപ്പോഴാണ് പച്ച പ്രയോഗത്തെക്കുറിച്ചോര്‍മവന്നത്. മസ്‌ക്കറ്റില്‍ നിന്ന് 350 കി.മി. അകലെയുള്ള 'സൊഹാര്‍' എന്ന സ്ഥലം സന്ദര്‍ശിച്ചപ്പോഴാണ് പച്ചപ്പട്ടണിഞ്ഞ കൃഷിയിടം കണ്ടത്. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ആഗസ്റ്റ് എട്ട് രാവിലെ മസ്‌ക്കറ്റില്‍ നിന്ന് പുറപ്പെട്ടു.

ജുമുഅ നമസ്‌കാരത്തിന്റെ സമയമാകുമ്പോഴേക്കും സൊഹാറയിലെത്താമെന്ന് മകന്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ സമയം 12 മണിയോടടുത്തപ്പോള്‍ ബാങ്ക് വിളി ശ്രദ്ധിക്കാന്‍ തുടങ്ങി. റോഡില്‍ പലയിടത്തും പള്ളികള്‍ കണ്ടു. സൗകര്യമുളള ഒരു പള്ളികണ്ടു. ജുമുഅ തുടങ്ങുന്ന കൃത്യസമയമായിരുന്നു. അവിടെ ചെന്നു പ്രാര്‍ത്ഥിച്ചു പുറത്തിറങ്ങി.

ദുബൈയില്‍ നിന്ന് സൊഹാറയിലേക്ക് ബന്ധുക്കളായ ജൗഷുവും, ജസ്ലിയും എത്തുമെന്നറിയിച്ചിരുന്നു. അവരോടൊപ്പം മരുമകളുടെ സുഹൃത്ത് താമസിക്കുന്നിടത്തെത്തി. മുന്‍കൂട്ടി പറഞ്ഞതിനാല്‍ പ്രിയങ്കയും ഭര്‍ത്താവും ഉച്ചഭക്ഷണമൊരുക്കി കാത്തുനില്‍ക്കുകയായിരുന്നു. ഇലവെച്ച് കേരളീയ മാതൃകയില്‍ തന്നെ പായസമടക്കമുള്ള സദ്യ ലഭിച്ചു.

സൊഹാര്‍ പ്രദേശത്തിന്റെ ഉള്‍ഗ്രാമം കാണാന്‍ ഞങ്ങള്‍ രണ്ടുകാറുകളിലായി പുറപ്പെട്ടു. ടാര്‍ റോഡുവിട്ടു കട്ടു റോഡിലൂടെയായി യാത്ര. കായ്ച്ചുനില്‍ക്കുന്ന ഈന്തപ്പനത്തോട്ടത്തിന്റെ അരികിലൂടെയായി യാത്ര. തനികേരളീയ നാടന്‍ രീതിയില്‍ മുള്‍ച്ചെടി കൊണ്ടുള്ള വേലി കെട്ടിയിട്ടുണ്ട്. ഉയരം കുറഞ്ഞ ഈന്തപ്പനകളാണ്. മറ്റിടങ്ങളില്‍ കണ്ടതിനേക്കാള്‍ നല്ല ആരോഗ്യമുള്ള ഈന്തപ്പനകള്‍. ഒരാളുടെ ഉയരത്തില്‍ മാത്രമെ അവ വളര്‍ന്നിട്ടുള്ളൂ. കുലച്ചു നില്‍ക്കുന്ന ഈന്തപ്പഴക്കുലകള്‍ കണ്ടപ്പോള്‍ ഉള്ളില്‍ കൊതി തോന്നി.

വേലിപ്പുറത്തേക്ക് ചാഞ്ഞുവളര്‍ന്നുനില്‍ക്കുന്ന ഈന്തപ്പനയില്‍ നിന്ന് ഞങ്ങള്‍ ഒരോരുത്തരും മത്സരിച്ച് ഈത്തപ്പഴം പറിച്ചെടുത്തുതിന്നാന്‍ തുടങ്ങി. ഒരു മനുഷ്യ ജീവിയേയും അവിടെങ്ങും കണ്ടില്ല. കട്ട് റോഡിലൂടെ കുറച്ചുകൂടി മുന്നോട്ടുപോയി. ഈത്തപ്പഴം ഉണങ്ങാനിട്ടത് കണ്ടു. കടപ്പുറത്ത് മത്സ്യം ഉണക്കാനിട്ടപോലെ തോന്നി ആ കാഴ്ച കണ്ടപ്പോള്‍. അത് ഒരു ഒഴിയന്‍ പറമ്പായിരുന്നു. ഈത്തപ്പഴം ഉണക്കാനിട്ടിരിക്കുന്ന സ്ഥലത്തിനരികെ അടുപ്പ് കൂട്ടിയപോലെയും, വെണ്ണീരും, പാതികത്തിയ ഈന്തപ്പനയോലകളും കണ്ടു.

ഈത്തപ്പഴം വാറ്റുന്ന ഏര്‍പാടാണിതെന്ന് ഞങ്ങള്‍ക്ക് ബോധ്യം വന്നു. സ്വകാര്യമായി അനധികൃത വാറ്റു കേന്ദ്രമായിരിക്കാമെന്നു ഊഹിച്ചു. അവിടെ അധികനേരം ചെലവഴിക്കാന്‍ ഭയപ്പെട്ടു. തിരിച്ചുമെയിന്‍ റോഡിലെത്തി. മരുമകള്‍ ജുബി വേറൊരു പച്ചക്കറിത്തോട്ടത്തെ കുറിച്ചുപറഞ്ഞു. അവര്‍ മുമ്പൊരിക്കല്‍ അവിടെ പോയിട്ടുണ്ടെന്നും സൂചിപ്പിച്ചു.

മെയിന്‍ റോഡിന്റെ പടിഞ്ഞാറ് വശത്തേക്ക് കാറോടിച്ചു പോയി. ഒരു അഞ്ച് കി.മി. സഞ്ചരിച്ചുകാണും. കണ്ണുകള്‍ക്ക് വിശ്വസിക്കാനായില്ല ആ കാഴ്ച. ഏക്കര്‍ കണക്കിന് പച്ചക്കറികള്‍ കൃഷിചെയ്യുന്നൊരിടം. ചുട്ടുപഴുത്ത മണലാരണ്യത്തില്‍ ഇങ്ങനെയും ഒരു ഭൂവിഭാഗമുണ്ടെന്നറിയുന്നവര്‍ അത്ഭുതപ്പെട്ടു പോകും. വലിയൊരു കൃത്രിമക്കുളം അതിലേക്ക് ബോര്‍വെല്‍ വഴി വെള്ളം പമ്പു ചെയ്യുന്നു. കുളത്തില്‍ നിന്ന് ചാലുകള്‍ കീറി കൃഷിയിടങ്ങളിലേക്ക് വിടുന്നു.

പച്ചക്കറികൃഷി ചെയ്ത വയലിന് ചുറ്റും മാവ്, വാഴ, ഈന്തപ്പന തുടങ്ങിയ ഫലവൃക്ഷങ്ങള്‍. ഏക്കര്‍ കണക്കിന് വഴുതന കൃഷി, അതിന് തൊട്ടടുത്ത് പാവയ്ക്കാ കൃഷി, അതിനടുത്ത് താലോലിക്കായ് (നരമ്പന്‍), ചെറുനാരങ്ങാകൃഷി ഇങ്ങിനെ പാടം നിറയെ പച്ചക്കറി കൃഷി. കൃഷിയിടം മുഴുവന്‍ നടന്നു കണ്ടു.

ഞങ്ങളെ കണ്ടതുകൊണ്ടോ എന്നറിയില്ല. തോട്ടമുടമ ഞങ്ങളുടെ അടുത്തേക്ക് വന്നു. പരസ്പരം സലാം ചൊല്ലി. പരിചയപ്പെട്ടു. അഹ്മദ് എന്നാണദ്ദേഹത്തിന്റെ പേര്. റോയല്‍ ഒമാന്‍ നേവിയില്‍ ജോലി ചെയ്യുന്നു. പാരമ്പര്യമായി കിട്ടിയ സ്വത്താണിത്. എന്നും കൃഷി ഇറക്കും. ബംഗ്ലാദേശുകാരാണ് തൊഴിലാളികള്‍.

ലേഖകനും കുടുംബാംഗങ്ങളും പച്ചക്കറി തോട്ടത്തില്‍
മസ്‌ക്കറ്റ് തുടങ്ങിയ ടൗണുകളിലേക്ക് പച്ചക്കറി കയറ്റി അയക്കും. എല്ലാം നടന്നുകാണാന്‍ പറഞ്ഞു. ഇഷ്ടമുള്ള പച്ചക്കറികള്‍ പറിച്ചുതരാന്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന നൂര്‍ എന്നുപേരായ ബംഗ്ലാദേശി തൊഴിലാളിയോട് അദ്ദേഹം നിര്‍ദേശം കൊടുത്തു തിരിച്ചു പോയി. നൂറിനോട് പറഞ്ഞ പ്രകാരം ഈത്തപ്പഴക്കുല, വാഴക്കുല, പഴുത്തമാങ്ങ, വെണ്ടയ്ക്ക, വഴുതനങ്ങ, ചെറുനാരങ്ങ ഇവയൊക്കെ ശേഖരിച്ചു പെട്ടിയിലാക്കി വെച്ചു.

നൂര്‍ ഞങ്ങളുടെ സമീപത്തു വന്നു. അദ്ദേഹത്തിന്റെ കൂടെ 15 പേര്‍ ഇവിടെ സ്ഥിരം ജോലി ചെയ്യുന്നു. വര്‍ഷത്തിലൊരിക്കല്‍ നാട്ടിലേക്ക് പോവും. ഭക്ഷണവും വിശ്രമവുമെല്ലാം തോട്ടത്തിനരികിലെ ചെറുകെട്ടിടങ്ങളിലാണ്. ദിവസം മൂന്ന് ഒമാന്‍ റിയാലാണ് കൂലി (ഇന്ത്യന്‍ രൂപ 450) അവര്‍ അതില്‍ തൃപ്തരാണ്. രാവിലെ ഏഴ് മണി മുതല്‍ രാത്രി എട്ട് വരെ ജോലി ചെയ്യണം. ഉച്ചസമയത്ത് രണ്ട് മണിക്കൂര്‍ ഒഴിവ് കിട്ടും. തോട്ടം കാവല്‍ക്കാരന്‍ മൂസയെ പരിചയപ്പെട്ടു. അദ്ദേഹത്തിന് അധ്വാനമുള്ള പണിയൊന്നുമില്ല. ദിവസ വേതനം ഒരു ഒമാന്‍ റിയാല്‍ മാത്രം.

ഒന്നിച്ചു നിന്ന് ഫോട്ടോ എടുക്കാന്‍ തൊഴിലാളികള്‍ക്ക് താല്‍പര്യമുണ്ട്. ബംഗ്ലാദേശില്‍ കിട്ടുന്നതിനേക്കാള്‍ നല്ല കൂലിയാണ് ഒമാനിലെന്ന് അവര്‍ പറയുന്നു. കൃഷിയിടത്തിന്റെ ഉടമ അഹ്മദ് അവിടെ എത്തുന്ന ആള്‍ക്കാരെ സ്‌നേഹത്തോടെ സ്വീകരിക്കും. ഇന്ത്യക്കാരോട് വളരെ ആദരവും സ്‌നേഹവുമാണദ്ദേഹത്തിന്. അതുകൊണ്ടാണ് തോട്ടത്തിലെ ഉല്‍പന്നങ്ങള്‍ സൗജന്യമായി നല്‍കാന്‍ മനസുകാണിക്കുന്നത്.

ലേഖകന്‍ തൊഴിലാളികളുടെ കൂടെ
റിട്ടയര്‍ ചെയ്തുവന്നതിനുശേഷം കൃഷി കുറച്ചുകൂടി അഭിവൃദ്ധിപ്പെടുത്താന്‍ പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വ്യാപാരാടിസ്ഥാനത്തില്‍ ജലം ബോട്ടില്‍ ചെയ്യാനുള്ള പദ്ധതിയും മനസിലുണ്ടെന്ന് സൂചിപ്പിച്ചു. ഒമാനില്‍ മറ്റെല്ലായിടത്തും കടല്‍ വെള്ളം ശുദ്ധീകരിച്ചാണ് കാര്‍ഷികാവശ്യത്തിനും വീട്ടാവശ്യത്തിനും പ്രയോജനപ്പെടുത്തുന്നത്. പക്ഷേ ഇവിടെ ഭൂമിക്കടിയില്‍ നിന്ന് ശുദ്ധ ജലം ഇഷ്ടം പോലെ ലഭിക്കുന്നുണ്ട്.

നൂര്‍ പച്ചക്കറി പാക്കറ്റുകള്‍ കാറില്‍ കൊണ്ടുവെച്ചു. ബഹുമാനപൂര്‍വം തിരിച്ചു നടന്നു...ഞങ്ങളുടെ കണ്ണും, മനസും നിറഞ്ഞ നിമിഷമായിരുന്നു അത്. സന്തോഷത്തോടെ ആ പച്ച നിറഞ്ഞ പ്രദേശത്തോട് യാത്രപറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Part 6: ഒമാനിലെ ഈദുല്‍ ഫിത്തര്‍ ആഘോഷക്കാഴ്ചകള്‍

Part 7: ദി ചേടി പഞ്ചനക്ഷത്ര ഹോട്ടല്‍

Keywords: Kookanam-Rahman, Article, Oman, Travel & Tourism, Oman Tour, Family, Agriculture.

Post a Comment