Follow KVARTHA on Google news Follow Us!
ad

ചൈല്‍ഡ് ഫ്രണ്ട്‌ലിയായ ഐ.പി.എസ്സുകാരി

എനിക്ക് ഇങ്ങനെയേ ആവാന്‍ കഴിയൂ എന്ന കവിത വായിച്ചപ്പോള്‍ തോന്നിയതാണ് ആ കവിതയെഴുതിയ Kookanam-Rahman, IPS Officer, Article, ADGP, B. Sandya, Book, Police, Brain, IPS
കൂക്കാനം റഹ്മാന്‍

(www.kvartha.com 26.08.2014) എനിക്ക് ഇങ്ങനെയേ ആവാന്‍ കഴിയൂ എന്ന കവിത വായിച്ചപ്പോള്‍ തോന്നിയതാണ് ആ കവിതയെഴുതിയ വനിതാ ഐ. പി. എസ്സുകാരിയെ കാണാന്‍. ആ അവസരം ഉണ്ടായാത് ഇക്കഴിഞ്ഞ ജൂലായ് 18ന് തിരുവന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ വെച്ചാണ്. പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സ് ആക്ട് (POCSO) നെ കുറിച്ചുളള സെമിനാര്‍ നടക്കുകയാണ്. അവിടെ പോലിസും പോക്‌സോയും എങ്ങിനെ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കണമെന്ന വിഷയത്തെ അധികരിച്ച് സംസാരിക്കാനാണ് ബി. സന്ധ്യ വന്നത്.
ഒരുപാട് ഇവരെക്കുറിച്ച് കേട്ടിട്ടുണ്ട്. കവിതയെഴുത്തില്‍ പ്രഗത്ഭവതിയാണെന്ന് അറിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ എ. ഡി.ജി.പി.യായി പ്രവര്‍ത്തിച്ചു വരികയാണ്. ഊര്‍ജസ്വലയായ ഒരു വനിതാ പോലീസ് മേധാവിയാണ്. പോലീസ് വകുപ്പിന്റെ പ്രശ്‌നങ്ങള്‍ പഠിക്കുകയും, പരിഹാരം നിര്‍ദേശിക്കുകയും ചെയ്യാന്‍ പ്രാപ്തയുമാണ് അവര്‍.

സത്യസന്ധമായി കാര്യങ്ങള്‍ പറയുകയും, കാര്യമാത്ര പ്രസക്തമായ രീതിയില്‍ വിമര്‍ശനമുന്നയിക്കുകയും ചെയ്യുന്നതില്‍ പ്രാവീണ്യം നേടിയ വ്യക്തിയാണെന്ന് അവരുടെ കവിത വായിച്ചപ്പോള്‍ തോന്നിയതാണ്. ആരാണെന്ന് നോക്കാതെ, മുഖം നോക്കാതെ ഉളളിലുളള ചിന്തകള്‍, അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറയാന്‍ അവര്‍ക്കാവും. സ്ത്രീ സമൂഹത്തിനു ഒരു വഴികാട്ടിയും മാതൃകയുമാണവര്‍.

പോലീസ് മേധാവിയുടെ സ്ഥാനത്തിന്റെ  ഗര്‍വ്വോ, രീതിയോ ഒന്നും അവരില്‍ കണ്ടില്ല. ഗൗരവഭാവമില്ലാതെ സ്‌റ്റേജിലിരുന്ന് മൈക്ക് കയ്യിലെടുത്ത് അവര്‍ ചര്‍ച്ച ആരംഭിച്ചു. തന്റെ കുടുംബാംഗങ്ങളാണ് മുമ്പിലിരിക്കുന്നത് എന്ന രീതിയിലാണ്, ശാന്തമായി കാര്യങ്ങള്‍ അവതരിപ്പിച്ചത്. പറയുന്നതെല്ലാം ചിന്തയ്ക്ക് വിധേയമാക്കേണ്ടവയായിരുന്നു. വസ്തുതക്കള്‍ പുതുമയുളളതായിരുന്നു.

പോലീസും സമൂഹവും അനുഭവിക്കുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളും പരിഹാരങ്ങളും ഒരോന്നായി അവര്‍ തനിമയോടെ അവതരിപ്പിച്ചു. സദസില്‍ നിന്നും സംശയങ്ങള്‍ ഉയര്‍ന്നപ്പോള്‍ ശാന്തമായി, തെളിമയോടെ മറുപടിയും പറഞ്ഞുകൊണ്ടിരിക്കുന്നു. ചോദ്യകര്‍ത്താക്കള്‍ മറുപടി കേട്ടപ്പോള്‍ തൃപ്തിയോടെ സ്വസ്ഥാനത്തിരിക്കുന്നതും ഞാന്‍ ശ്രദ്ധിച്ചു.
Kookanam-Rahman, IPS Officer, Article, ADGP, B. Sandya, Book, Police, Brain, IPS

കേരളത്തില്‍ അടുത്തിടെ രൂപീകൃതമായ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മീഷണറേറ്റിന്റെ ആഭിമുഖ്യത്തിലായിരുന്നു സെമിനാര്‍ സംഘടിപ്പിക്കുന്നത്. പ്രസ്തുത സംഘടനയുടെ ദേശീയ അധ്യക്ഷ  നീനാ നായക് പരിപാടിയില്‍ ആദ്യവസാനം പങ്കെടുത്തിരുന്നു.

കേരളത്തിലെ പോലീസ് സ്‌റ്റേഷനുകള്‍ ശിശുസൗഹൃദയവും സ്ത്രീ സൗഹൃദവും ആയിത്തീരാന്‍ ഇനിയും കാര്യങ്ങള്‍ ഏറെ ശ്രദ്ധിക്കാനുണ്ടെന്നാണ് ബി.സന്ധ്യ ഉന്നയിച്ച പ്രശ്‌നം.
കേരളത്തില്‍ 482 പോലീസ് സ്‌റ്റേഷനുകളുണ്ട്. ഇവിടേക്ക് പീഡനങ്ങള്‍ക്കിരയായി പരാതിയുമായെത്തുന്ന കുഞ്ഞുങ്ങള്‍ക്ക് തങ്ങളുടെ പരാതി ഭയമില്ലാതെ സൗഹൃദമായി തുറന്നു പറയാന്‍ പറ്റുന്ന ഒരു മുറി സജ്ജീകരിക്കാന്‍ ഏറെയൊന്നും ക്ലേശിക്കേണ്ടിവരില്ല. ഒരു ചൈല്‍ഡ് ഫ്രണ്ട്‌ലി റൂം ഓരോ പോലീസ് സ്‌റ്റേഷനുകളിലും ക്രമീകരിക്കണം. മനസില്‍ ഭയം തോന്നാതെ തുറന്നുപറയാന്‍ പറ്റുന്ന അന്തരീക്ഷം പ്രസ്തുതമുറിയില്‍ ഉണ്ടായിരിക്കണം.

ഇങ്ങിനെ വരുന്ന കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കേണ്ടതുണ്ട്. നല്ല കൗണ്‍സിലര്‍മാരെ അതിനായി നിയോഗിക്കപ്പെടണം. പോലീസുവകുപ്പിന് അത് സാധ്യമല്ലാതാവുന്ന പക്ഷം മറ്റ് ഡിപ്പാര്‍ട്ടുമെന്റുകളില്‍ സേവനം ചെയ്യുന്ന കൗണ്‍സിലര്‍മാരെ ഇവിടേക്ക് ലഭ്യമാക്കിക്കൊടുക്കണം.

ഓരോ പോലീസ് സ്‌റ്റേഷനിലും ഒരു വനിതാ സബ് ഇന്‍സ്‌പെക്ടര്‍ ഉണ്ടായിരിക്കണം. നിലവില്‍ ഏകദേശം 25 ശതമാനം പോലീസ് സ്‌റ്റേഷനുകളിലേ വനിതാ സബ്  ഇന്‍സ്‌പെക്ടര്‍മാരുളളൂ. കേന്ദ്രസര്‍ക്കാര്‍ ഈ അടുത്തകാലത്തു പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വനിതാപോലീസ് നിയമനത്തില്‍ 30 ശതമാനം റിസര്‍വേഷന്‍ അനുവദിക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. അതും വളരെ വേഗം നടപ്പില്‍ വരുത്തേണ്ടകാര്യമാണ്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിര്‍ഭയമായി അവരുടെ മനസ് തുറന്നുപറയാന്‍ കഴിയുന്നത് വനിതാപോലീസുകാരോടായിരിക്കും. അതിനാല്‍ അത്തരമൊരു സംവിധാനം  പോലീസ് സേനയില്‍ ഉണ്ടാക്കിയെടുക്കണം.

പോലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിക്കാതെയാവണം കുഞ്ഞുങ്ങളുടെ പരാതികള്‍ കേള്‍ക്കാനും എഫ്.ഐ.ആര്‍ തയ്യാറാക്കാനും ചെല്ലേണ്ടത്.

പലപ്പോഴും ഇത്തരം ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കാന്‍ കഴിയാതെ പോകുന്നത് സ്റ്റാഫിന്റെ എണ്ണക്കുറവും പോലീസ് സ്‌റ്റേഷനുകളുടെ ഭൗതിക സാഹചര്യക്കുറവും മൂലമാണെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണുതാനും.

ഇത്തരം കാര്യങ്ങള്‍ അവിടെ പരാമര്‍ശിക്കപ്പെട്ടതുശ്രദ്ധിച്ചപ്പോള്‍ ഇങ്ങ് കാസര്‍കോട് ജില്ലയില്‍ പീഡിപ്പിക്കപ്പെട്ട നിരവധി പെണ്‍കുഞ്ഞുങ്ങളുടെ അവസ്ഥ ഓര്‍ത്തുപോയി. ദളിത് വിഭാഗങ്ങളിലെ ദാരിദ്ര്യത്തില്‍ കഴിയുന്ന കൊച്ചുപെണ്‍കുഞ്ഞുങ്ങളാണ് ലൈംഗികപീഡനങ്ങള്‍ക്ക് ഇരകളാവുന്നവരില്‍ ഭൂരിപക്ഷവും.

ഇങ്ങനെയുളള പാവപ്പെട്ട കുഞ്ഞുങ്ങള്‍ അവരുടെ വേദന തുറന്നു പറയാന്‍ മടിക്കുന്നു. വീട്ടുകാരുടെ അറിവില്ലായ്മ, വേട്ടക്കാരന്റെ ശക്തിയും ആള്‍ബലവും പോലീസുകാരോട് അനുഭവങ്ങള്‍ പങ്കിട്ടാല്‍ അത് മാധ്യമങ്ങളിലൂടെ പുറത്തുവരുമോ എന്ന ഭയം, വേട്ടക്കാര്‍ക്ക് ലഭിച്ചേക്കാവുന്ന നിസാരശിക്ഷ,  അവര്‍ പരോളില്‍ ഇറങ്ങി വന്നാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ ഇതെല്ലാം തങ്ങളുടെ ശബ്ദം മറ്റുളളവരെ കേള്‍പ്പിക്കുന്നതില്‍ നിന്ന് ഇരകളെ പിന്‍വലിപ്പിക്കുന്നു.

ഭയരഹിതമായി വേദനപങ്കിടാനും, പരാതിപ്പെടാനും പറ്റുന്ന അവസ്ഥയും വേട്ടക്കാരന്‍ ശിക്ഷിക്കപ്പെടുമെന്ന ഉറപ്പും വ്യവസ്ഥചെയ്താലേ പീഡനങ്ങള്‍ക്കറുതിവരൂ.

പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍ വീണ്ടും പീഡിപ്പിക്കപ്പെടാതിരിക്കാന്‍ (വേട്ടക്കാരില്‍ നിന്ന് രക്ഷിക്കാന്‍) അവരെ ചില്‍ഡ്രന്‍സ് ഹോമുകളിലേക്കയക്കും. അവിടെയും, പ്രസ്തുത സ്ഥാപനങ്ങളിലെ സ്റ്റാഫിന്റെ പീഡനവും സഹിക്കാന്‍ വിധിക്കപ്പെട്ടവരായി മാറുന്നു പെണ്‍കുട്ടികള്‍.

ഇത്തരം അനാസ്ഥകള്‍ പരിഹരിക്കപ്പെടണമെങ്കില്‍ ഇരകളായ പെണ്‍കുഞ്ഞുങ്ങളുടെ വേദന ഉള്‍ക്കൊള്ളാന്‍ പാകത്തിലുളള പോലീസ് ഓഫീസര്‍മാരും, ന്യായാധിപരും ഉണ്ടാവണം. ഇവിടേയാണ് ബി. സന്ധ്യയെന്ന എ.ഡി.ജി.പി യെ പോലുളളവരുടെ സ്‌നേഹത്തോടെയുളളതും, ഇരകള്‍ക്ക് സാന്ത്വനമേകുന്നതും, ബുദ്ധിപൂര്‍വ്വമായ ഇടപെടലുകള്‍ ഉണ്ടാവേണ്ടത്.

ജനമൈത്രീ പോലീസ് സംവിധാനം ആരംഭിക്കുന്നതിന് നേതൃത്വപരമായ പങ്കുവഹിക്കുകയും, നിരവധി അവാര്‍ഡുകള്‍ നേടിയെടുക്കുകയും ചെയ്ത ബി.സന്ധ്യ ഐ.പി.എസിന് ഇക്കാര്യങ്ങളില്‍ മഹത്തായ സംഭാവന ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിക്കുകയാണ്.
Kookanam-Rahman, IPS Officer, Article, ADGP, B. Sandya, Book, Police, Brain, IPS
Kookkanam Rahman
(Writer)

റാന്തല്‍ വിളക്ക്, ബാലവാടി തുടങ്ങിയ നിരവധി കവിതാപുസ്തകങ്ങള്‍ ഇതിനകം അവരുടേതായി പുറത്തുവന്നിട്ടുണ്ട്. കുട്ടികളോട് അവര്‍ സംവദിക്കുന്ന നിരവധി അവസരങ്ങള്‍ ശ്രദ്ധിച്ചിട്ടുളളവര്‍ക്കറിയാം കുഞ്ഞുങ്ങളുടെ നന്മയ്ക്കായി അവര്‍ക്കിനിയും  എന്തൊക്കെയോ ചെയ്യാന്‍ ബാക്കിയുണ്ടെന്ന്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kookanam-Rahman, IPS Officer, Article, ADGP, B. Sandya, Book, Police, Brain, IPS. 

Post a Comment