Follow KVARTHA on Google news Follow Us!
ad

തലസ്ഥാനത്തിന് ഒരു മെഡിക്കല്‍കോളേജ് കൂടി: മുഖ്യമന്ത്രി ശിലയിട്ടു

ആറു പതിറ്റാണ്ടിനുശേഷം അനന്തപുരിയ്ക്ക് സ്വന്തമാകാന്‍ പോകുന്ന രണ്ടാമത്തെ മെഡിക്കല്‍ കോളേജിന് പ്രൗഢഗംഭീരമായ Kerala, Thiruvananthapuram, Medical college, Chief Minister, Kerala News, International News
തിരുവന്തപുരം: ആറു പതിറ്റാണ്ടിനുശേഷം അനന്തപുരിയ്ക്ക് സ്വന്തമാകാന്‍ പോകുന്ന രണ്ടാമത്തെ മെഡിക്കല്‍ കോളേജിന് പ്രൗഢഗംഭീരമായ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിലയിട്ടു. ജനറല്‍ആശുപത്രിയേയും തയ്ക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയേയും സംയോജിപ്പിച്ചുകൊണ്ട് 58 കോടിയോളം രൂപ ചെലവഴിച്ചാണ് പുതിയ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാവുക. ഒരു നഗരത്തില്‍ രണ്ട് മെഡിക്കല്‍കോളേജ് ഉണ്ടാവുക എന്നത് ഇന്ത്യയില്‍തന്നെ അത്യപൂര്‍വ്വമാണെന്നും തലസ്ഥാനവും അനന്തപുരിനിവാസികളും അതര്‍ഹിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

1961 മുതലുളള 60 വര്‍ഷത്തില്‍ കേരളത്തില്‍ ആകെ അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍കോളേജുകളാണ് സ്ഥാപിതമായത്. എന്നാല്‍ യു.ഡി.എഫ്. സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണംകൊണ്ട് കഴിഞ്ഞ അഞ്ച് മാസത്തിനുളളില്‍ അഞ്ചാമത്തെ മെഡിക്കല്‍കോളേജിനാണ് ഇപ്പോള്‍ ശിലാസ്ഥാപനം നടത്തുന്നത്. എല്ലാ ജില്ലയിലും ആധുനിക സജ്ജീകരണങ്ങളോടുകൂടിയ മെഡിക്കല്‍കോളേജുകള്‍ ആരംഭിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പുതിയ എട്ട് മെഡിക്കല്‍കോളേജുകള്‍ കൂടി ആരംഭിക്കാന്‍ നടപടിയെടുത്തതെന്നും ബഡ്ജറ്റില്‍ വിഹിതം അനുവദിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. എല്ലാവര്‍ക്കും ആരോഗ്യത്തിനുളള അവകാശം എന്ന ലക്ഷ്യം നേടിയെടുക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഈ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുന്നതിന് കാലതാമസം ഉണ്ടാകുമെന്നതിനാലാണ് ഇക്കാലയളവില്‍ വിവിധ ആരോഗ്യപദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനറല്‍ആശുപത്രിയിലെ ഓപ്പറേഷന്‍ സമുച്ചയത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
Oommen Chandy

ജനറല്‍ ആശുപത്രിയങ്കണത്തില്‍ നടന്ന ശിലാസ്ഥാപന ചടങ്ങിന് ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവാണ് ഭദ്രദീപം പകര്‍ന്നത്. മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് പഠനസൗകര്യം, ഗുണമേന്മ എന്നിവ ഉറപ്പാക്കുന്നതിനും ആരോഗ്യപൂര്‍ണ്ണമായ ഒരു ജനസമൂഹത്തെ രൂപപ്പെടുത്തുന്നതിനും പുതിയ മെഡിക്കല്‍കോളേജ് നിലവില്‍ വരുന്നതോടെ സാധിക്കുമെന്ന് ചടങ്ങിന് അദ്ധ്യക്ഷതവഹിച്ച ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ അഭിപ്രായപ്പെട്ടു. ആശുപത്രികളിലെ അടിസ്ഥാനസൗകര്യം വര്‍ദ്ധിപ്പിക്കല്‍, ജീവനക്കാരുടെ കുറവ് പരിഹരിക്കല്‍, മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയുളള നിരവധി പദ്ധതികളാണ് നടപ്പാക്കിവരുന്നത്. ഒരു വ്യക്തിയുടെ ജനനം മുതല്‍ ജീവിതാവസാനം വരെ ആരോഗ്യം സംരക്ഷിക്കാനും ചികിത്സാസൗകര്യങ്ങള്‍ ഉറപ്പാക്കാനുമുതകുന്ന നൂതനപദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. കേരളത്തിലെ ആരോഗ്യരംഗത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നതിനായി പുതിയൊരു ആരോഗ്യനയം ഉടന്‍ പ്രഖ്യാപിക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി അറിയിച്ചു.

ജനറല്‍ ആശുപത്രിയിലെ സെന്‍ട്രലൈസ്ഡ് എ.സി. മെഡിക്കല്‍ ഗ്യാസ് ലൈനിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും, ഓപ്പറേഷന്‍ തിയേറ്ററുകളുടേയും കാത്ത് ലാബിന്റെയും ഉദ്ഘാടനം ധനകാര്യവകുപ്പ് മന്ത്രി കെ.എം. മാണി നിര്‍വഹിച്ചു. കെ. മുരളീധരന്‍ എം.എല്‍.എ. സ്വാഗതം ആശംസിച്ച ചടങ്ങില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ക്ലിമിസ്സ് മാര്‍ ബസേലിയോസ് കത്തോലിക്ക ബാവ, ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം, ശാന്തിഗിരി ആശ്രമത്തിലെ ഗുരുരത്‌നം ജ്ഞാനതപസ്സ്വി, പാളയം ഇമാം ജമാലുദ്ദീന്‍ മങ്കട, എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. പത്മശ്രീ ഡോ. മാര്‍ത്താണ്ഡന്‍ പിളള, ട്രിഡ ചെയര്‍മാന്‍ പി.കെ. വേണു ഗോപാല്‍, കൗണ്‍സിലര്‍ കുമാരി പത്മനാഭന്‍, ആരോഗ്യവിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. വി. ഗീത, എച്ച്.ഡി.സി. അംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍, ഉദ്യോഗസ്ഥര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kerala, Thiruvananthapuram, Medical college, Chief Minister, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment