Follow KVARTHA on Google news Follow Us!
ad

മത്സ്യത്തൊഴിലാളി മേഖലയില്‍ തൊഴില്‍ പഠന-ഗവേഷണ കേന്ദ്രം ആരംഭിക്കും: മന്ത്രി

തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും വിഭിന്ന മേഖലകളില്‍ തൊഴില്‍ നേടാന്‍ പ്രാപ്തരാക്കുവാന്‍ Minister, K. Babu, Kerala, Thiruvananthapuram, Fisher Worker, K. Babu with his achievements
തിരുവനന്തപുരം: തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും വിഭിന്ന മേഖലകളില്‍ തൊഴില്‍ നേടാന്‍ പ്രാപ്തരാക്കുവാന്‍ ഫിഷറീസ് വകുപ്പിന് കീഴില്‍ തൊഴില്‍ പഠന-ഗവേഷണ കേന്ദ്രം ആരംഭിക്കുമെന്ന് ഫിഷറീസ്-തുറമുഖ-എക്‌സൈസ് മന്ത്രി കെ. ബാബു മീറ്റ് ദി പ്രസില്‍ അറിയിച്ചു.

ഫിഷറീസ് വകുപ്പിന്റെ കീഴില്‍ സ്വയംഭരണ സ്ഥാപനമായിട്ടാണ് തൊഴില്‍ പഠന-ഗവേഷണ കേന്ദ്രം നിലവില്‍ വരിക. സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം, യു.പി.എസ്.സി.-പി.എസ്.സി.-ബാങ്ക് പരീക്ഷാ പരിശീലനങ്ങള്‍, കരിയര്‍ ഗൈഡന്‍സ് പരിപാടികള്‍, യു.ജി.സി. പരീക്ഷാ പരിശീലനം, നൈപുണ്യ വികസന പരിപാടികള്‍ എന്നിങ്ങനെ വിവിധ പദ്ധതികളിലൂടെ തീരദേശമേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും ആത്മവിശ്വാസം നല്‍കി അനുയോജ്യമായ തൊഴിലും ഉന്നതവിദ്യാഭ്യാസ അവസരങ്ങളും കണ്ടെത്താന്‍ പ്രാപ്തരാക്കുകയാണ് ഈ പഠന-ഗവേഷണ കേന്ദ്രത്തിലൂടെ ലക്ഷ്യമാക്കുന്നത്. കൂടാതെ തീരദേശ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി മാത്രമായി കരിയര്‍ ഇന്‍ഫര്‍മേഷന്‍ ഡാറ്റാ ബാങ്കും വിദ്യാഭ്യാസ റേഡിയോയും ഈ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഭാഗമായി ആരംഭിക്കും. ഫിഷറീസ് സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്തുന്നതിനു വേണ്ട പദ്ധതികളും ഈ ഇന്‍സ്റ്റിറ്റിയൂട്ട് വഴി നടപ്പിലാക്കും.

തീരദേശമേഖലയിലെ ഭവന നിര്‍മാണം ഉള്‍പെടെയുളള അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് മുന്തിയ പരിഗണന നല്‍കും. ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തെ 3667 മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യമായി വീട് നിര്‍മിച്ച് നല്‍കും. കഴിഞ്ഞ വര്‍ഷം 3924 മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യമായി വീട് നിര്‍മിച്ച് നല്‍കി. ഈ വര്‍ഷം മാതൃകാ മത്സ്യഗ്രാമം പദ്ധതിയിലൂടെ 2857 വീടുകളും ദേശീയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ധനസഹായത്തോടെ 800 വീടുകളുമാണ് മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യമായി നിര്‍മിച്ചു നല്‍കുക.

സംയോജിത മത്സ്യഗ്രാമപദ്ധതിയിലുള്‍പെടുത്തി 2013-14 സാമ്പത്തിക വര്‍ഷത്തില്‍ കുടിവെളളം, വൈദ്യുതീകരണം, സാനിട്ടേഷന്‍,  ലൈബ്രറി, ജീവനോപാധി സഹായം എന്നിവയ്ക്കായി 40 കോടി രൂപയുടെ പദ്ധതി സംസ്ഥാനത്തെ 20 മത്സ്യഗ്രാമങ്ങളില്‍ നടപ്പിലാക്കും. തീരക്കടലില്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിനും സുസ്ഥിരമായി പരിപാലിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് ഈ സാമ്പത്തിക വര്‍ഷം തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലായി 103 ലക്ഷം രൂപ അടങ്കല്‍ തുക വരുന്ന കൃത്രിമപാരുകള്‍ സ്ഥാപിക്കുന്ന പദ്ധതി നടപ്പിലാക്കും.

Minister, K. Babu, Kerala, Thiruvananthapuram, Fisher Worker, K. Babu with his achievementsമത്സ്യത്തൊഴിലാളികള്‍ പിടിച്ചു കൊണ്ടുവരുന്ന മത്സ്യങ്ങള്‍ പ്രോസസ്് ചെയ്ത് മൂല്യവര്‍ദ്ധനവ് നടത്തി വിപണനം ചെയ്യുന്നതിനായി തീരദേശ ജില്ലകളില്‍ 10 കോടി രൂപ ഉപയോഗിച്ച് 10 ഫിഷ് പ്രോസസിംഗ് സെന്ററുകള്‍ സ്ഥാപിക്കും. മത്സ്യവിപണനം ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി എന്‍.എഫ്.ഡി.ബി.-യുടെ ധനസഹായത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന 50 ആധുനിക മത്സ്യമാര്‍ക്കറ്റുകളില്‍ 29 മത്സ്യമാര്‍ക്കറ്റുകള്‍ക്ക് അംഗീകാരം ലഭിച്ചു. നിര്‍മാണം പല ഘട്ടങ്ങളിലായി നടക്കും.

ബാക്കി 21 മത്സ്യമാര്‍ക്കറ്റുകള്‍ കൂടി ഈ സാമ്പത്തിക വര്‍ഷം സ്ഥാപിക്കും. അലങ്കാര മത്സ്യങ്ങള്‍, ഉണക്ക മത്സ്യ ഉല്‍പന്നങ്ങള്‍, പലതരത്തിലുളള പച്ച മത്സ്യങ്ങള്‍, മൂല്യവര്‍ദ്ധിത മത്സ്യഉല്‍പന്നങ്ങള്‍, മത്സ്യകൃഷി അനുബന്ധ സാമഗ്രികള്‍, മത്സ്യത്തീറ്റ, മത്സ്യബന്ധനത്തിനായുളള അത്യാധുനിക ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവയുടെ വിപണനശാലകള്‍, രുചിയേറിയ മത്സ്യഉല്‍പന്നങ്ങളുടെ ഭക്ഷണശാലകള്‍ എന്നിവയടങ്ങിയ മൂന്ന് ശീതീകരിച്ച ഫിഷ് മാളുകള്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളില്‍ സ്ഥാപിക്കും.

കടലില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി യന്ത്രവത്കൃത ബോട്ടുകള്‍ക്ക് ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം, വെസല്‍ ട്രാക്കിംഗ്  സംവിധാനം, ഹോളോഗ്രാഫിക് രജിസ്‌ട്രേഷന്‍ എന്നിവ നടപ്പിലാക്കും. അടിമലത്തുറ മത്സ്യഗ്രാമത്തെ മാതൃകാ മത്സ്യഗ്രാമമായി വികസിപ്പിക്കും. പതിമൂന്നാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം സംസ്ഥാനത്ത് പത്ത് ഗവണ്‍മെന്റ് റീജിയണല്‍ ഫിഷറീസ് സ്‌കൂളുകളുടെ നവീകരണത്തിനായി 25.165 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും.

തീരദേശ കപ്പല്‍ ഗതാഗത സര്‍വ്വീസ് സംസ്ഥാനത്ത് ഉടന്‍ ആരംഭിക്കും. 154 കണ്ടയ്‌നറുകള്‍ കയറ്റാവുന്ന ഒരു കപ്പലാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാന മാരിടൈം കോര്‍പറേഷനാണ് ഇതിന്റെ നടത്തിപ്പ് ചുമതല. മാസത്തില്‍ എട്ടു മുതല്‍ പത്ത് വരെ ട്രിപ്പുകള്‍ കൊല്ലത്തിനും വല്ലാര്‍പാടത്തിനുമിടയില്‍ നടത്തും. വല്ലാര്‍പാടം കണ്ടയ്‌നര്‍ സര്‍വീസ് എന്നായിരിക്കും ഇത് അറിയപ്പെടുക. കൊല്ലത്ത് കൈകാര്യം ചെയ്യുന്ന കശുവണ്ടി, കെ.എം.എം.എല്‍, ഐ.ആര്‍.ഇ. എന്നീ സ്ഥാപനങ്ങളുടെ കയറ്റുമതി എന്നിവയാണ് ചരക്കുകളായി പ്രതീക്ഷിക്കുന്നത്. കണ്ടയ്‌നര്‍ കൈകാര്യം ചെയ്യുന്നതിനുളള  ക്രെയിന്‍ സംവിധാനവും കപ്പലില്‍ ലഭ്യമായിരിക്കും.

എക്‌സൈസ് വകുപ്പില്‍ ഇ-ഫയലിംഗ് സംവിധാനം ഈ വര്‍ഷം നടപ്പിലാക്കും. ചെക്ക്‌പോസ്റ്റുകള്‍ ആധുനികവല്‍ക്കരിക്കും. 14 ജില്ലകളിലും വയര്‍ലെസ് സംവിധാനം ഏര്‍പെടുത്തും. ഇതിനായി പോലീസിന്റെ ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനം ഉപയോഗിക്കും. കൂടുതല്‍ വാഹനങ്ങള്‍ ജീവനക്കാര്‍ക്ക് ലഭ്യമാക്കും. എക്‌സൈസ് അക്കാദമി നവീകരിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവ കേന്ദ്രമാക്കി മൂന്ന് സോണുകളിലും മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ സ്ഥാപിക്കും.

ഫിഷറീസ് സര്‍വകലാശാലയുടെ കീഴില്‍ ഇന്ത്യയിലെ പ്രഥമ സര്‍ക്കാര്‍ നിയന്ത്രിത അക്വാ ക്ലിനിക് ഈ വര്‍ഷം നിലവില്‍ വരും. സര്‍വകലാശാല ആക്ടില്‍ വിഭാവനം ചെയ്തിരിക്കുന്ന ഏഴ് സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍, വിജ്ഞാന വ്യാപനവും ഗവേഷണവും വിപുലീകരിക്കുന്നതിന്റെ ഭാഗമായുള്ള ഡയറക്ടറേറ്റുകള്‍ എന്നിവ ജൂണില്‍ ആരംഭിക്കും. സര്‍വകലാശാലയെ പഞ്ചിംഗ് ഉള്‍പെടെയുള്ള സംവിധാനങ്ങളോടു കൂടിയ കടലാസ് രഹിത സര്‍വകലാശാലയാക്കും- മന്ത്രി കെ. ബാബു പറഞ്ഞു.

Keywords: Minister, K. Babu, Kerala, Thiruvananthapuram, Fisher Worker, K. Babu with his achievements, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment