Follow KVARTHA on Google news Follow Us!
ad

സ്­ത്രീ­ക­ള്‍­ക്ക് ഒ­ന്നി­ല­ധികം ഭര്‍­ത്താ­ക്കന്‍­മാ­രാ­യാല്‍

ഇക്കാലത്തെ ഭര്‍ത്താക്കന്മാര്‍ ഒരു ഭാര്യയെ പോലും വെച്ചു പൊറുപ്പിക്കാന്‍ പെടാപാടുപെടുകയാണ്. അപ്പോള്‍ പിന്നെ രണ്ടു Article, Kookanam Rahman
Article, Kookanam Rahman

ക്കാലത്തെ ഭര്‍ത്താക്കന്മാര്‍ ഒരു ഭാര്യയെ പോലും വെച്ചു പൊറുപ്പിക്കാന്‍ പെടാപാടുപെടുകയാണ്. അപ്പോള്‍ പിന്നെ രണ്ടു ഭാര്യമാരായാലുളള അവസ്ഥ പറയാനുണ്ടോ? എന്നാല്‍ നമുക്കു ചുറ്റും രണ്ടല്ല, മൂന്നു ഭാര്യമാരെ വരെ അഡ്ജസ്റ്റ് ചെയ്യുന്ന പുരുഷകേസരികളുണ്ട്. അതും നിയമ പരമായിത്തന്നെയാണ്. ഉദ്ദേശിച്ചത് മത നിയമപ്രകാരം എന്നാണ്.

സമ്പത്തുളള പുരുഷന്മാര്‍ മത്രമല്ല, ജീവിതത്തിന്റെ ഇരുതലയും കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ പോലും ഇക്കൂട്ടത്തിലുണ്ട്. സ്ത്രീകളെ ഈ വിഷമ സന്ധിയിലേക്ക് നയിക്കുന്നത് ദാരിദ്ര്യം തന്നെ. കൂട്ടിന് ഒരാണിനെ കിട്ടണമെന്നും, ഒരു കുഞ്ഞുണ്ടായാലെ ജിവിതം യഥാര്‍ത്ഥ്യമാകുമെന്നും കരുതുതുന്ന സ്ത്രീകളാണ് രണ്ടും കല്‍പിച്ച് ഇത്തരം വിവാഹങ്ങളില്‍ ഏര്‍പ്പെടുന്നത്.

ജോലി ആവശ്യാര്‍ത്ഥം ഞങ്ങളുടെ ഓഫീസിലേക്കു വന്ന ഒരു സഹോദരി അവരുടെ ജീവിത പ്രയാസങ്ങള്‍ പറയുകയുണ്ടായി. അവരുടെ ഭര്‍ത്താവിന് രണ്ടു ഭാര്യമാരുണ്ട്. അതില്‍ ഒരാളാണ് ഈ സ്ത്രീ. ദരിദ്ര്യ മുസ്ലീം കുടുംബത്തില്‍ പിറന്നവളാണ്. നാല് പെണ്‍ മക്കളാണ് അവളുടെ മാതാപിതാക്കുളളത്. എല്ലാം കല്യാണ പ്രായം കഴിഞ്ഞു നില്‍ക്കുന്നവര്‍. അതില്‍ മൂത്തവളാണ് ആയിഷ (യഥാര്‍ത്ഥ പേരല്ല).

ബ്രോക്കര്‍ മുഖേന പെണ്ണാലോചന വന്നു. വരന്റെ ഭാര്യ ജീവിച്ചിരിപ്പുണ്ട്.. ആ ഭാര്യയില്‍ കുഞ്ഞുങ്ങളില്ല. കുഞ്ഞുങ്ങളുണ്ടാവാനും സാധ്യതയില്ല. അവരെ ഒഴിവാക്കാനും പറ്റില്ല. ഒരു കുഞ്ഞുണ്ടായി കാണാന്‍ നന്നേ കൊതിക്കുന്ന വ്യക്തിയാണദ്ദേഹം. പൊന്നും പണവും ഒന്നും ആവശ്യമില്ല. പെണ്ണിനെ കിട്ടിയാല്‍ മതി. ബ്രോക്കര്‍ വാചാലനായി വരന്റെ മഹാത്മ്യം വിശദീകരിച്ചു. ഇതൊക്കെ കേട്ടപ്പോള്‍ ആയിഷയുടെ ബാപ്പക്കു ഇഷ്ടപ്പെട്ടു. ഒന്നെങ്കിലും പോയിക്കിട്ടിയാല്‍ പിന്നാലെ ബാക്കിയുളളതും രക്ഷപ്പെടും. കാശിവേണ്ട (സ്ത്രീധനം), പൊന്നും വേണ്ട, അറയും വേണ്ട (മണിയറ) എന്നൊക്കെ കേട്ടപ്പോള്‍ പെരുത്ത് ഇഷ്ടമായി.

അന്ന് രാത്രി ഉമ്മയും ബാപ്പയും ഇക്കാര്യം ചര്‍ച്ചചെയ്തു. 'അതങ്ങ് സമ്മതിക്കുന്നതല്ലേ നല്ലത്?' എന്ന് ഉമ്മ പറഞ്ഞു. ആയിഷയെയും അനിയത്തിമാരെയും വിളിച്ചു. അവരുമായും കാര്യങ്ങള്‍ പങ്കിട്ടു. അനിയത്തിമാരെല്ലാം ആയിഷയെ പ്രോത്സാഹിപ്പിച്ചു. എങ്കിലല്ലേ അവര്‍ക്കും ഒരു വഴികാണാന്‍ പറ്റൂ. പക്ഷെ ആയിഷ മറുപടിയൊന്നും പറഞ്ഞില്ല. അവള്‍ അന്ന് രാത്രി ഒരുപാട് ആലോചിച്ചു. രണ്ടു ഭാര്യമാരായാല്‍ ആ മനുഷ്യന്റെ പെരുമാറ്റം എങ്ങിനെയായിരിക്കും? അയാള്‍ക്ക് എന്നെ സ്‌നേഹിക്കാന്‍ പറ്റുമോ? സ്‌നേഹത്തിനു വേണ്ടി കൊതിക്കുന്ന മനസ്സാണ് ആയിഷയുടേത്. അദ്ദേഹത്തിന് ആദ്യഭാര്യയോടല്ലേ സ്‌നേഹകൂടുതലുണ്ടാവുക. ഞങ്ങളെ ഒന്നിച്ച് ഒരു വീട്ടില്‍ താമസിപ്പിക്കുമോ? ഞങ്ങള്‍ക്ക് രണ്ടു പേരും ഒരുമയോടെ പോകാന്‍ പറ്റുമോ? അവളുടെ ചിന്ത ഈ വഴിക്കെല്ലാം ഓടി നടന്നു.

മനസ്സില്ലാ മനസ്സോടെ, അനിയത്തിമാരുടെ ഭാവിയോര്‍ത്ത്, വരുന്നത് വരട്ടെ എന്ന് കരുതി വിവാഹത്തിന് സമ്മതം മൂളി. ലളിതമായി നിക്കാഹ് നടന്നു. ഒരു പുരുഷന്റെ രണ്ടാമത്തെ ഭാര്യയാവാന്‍ വിധിക്കപ്പെട്ടവളെങ്കിലും. ആയിഷ ആ മനുഷ്യനെ സ്‌നേഹിച്ചു. തിരിച്ച് അത് കിട്ടുമെന്നും അവള്‍ പ്രതീക്ഷിച്ചു. അയാളുടെ കഥ അവള്‍ മനസ്സിലാക്കി.

അയാളുടെ (അലി) യഥാര്‍ത്ഥ പേരല്ല ആദ്യ വിവാഹം കഴിഞ്ഞിട്ട് ഏഴുവര്‍ഷമായി. ഇതേവരെ കുഞ്ഞുങ്ങളുണ്ടായില്ല. ഇനി ഉണ്ടാവാന്‍ പോകുന്നുമില്ല എന്നയാള്‍ തീര്‍ത്തും വിശ്വസിച്ചു. പാവപ്പെട്ട കുടുംബത്തിലെ അംഗമായിരുന്നു അലി. ഗള്‍ഫിലേക്ക് വിസ സംഘടിപ്പിച്ചു നല്‍കാം എന്ന വ്യവസ്ഥയിലാണ് ആദ്യ വിവാഹത്തിലേര്‍പ്പെട്ടത്. പറഞ്ഞ പ്രകാരം വിസ കിട്ടി. ഗള്‍ഫിലേക്ക് കടന്നു. ഭാര്യാസഹോദരന്റെ കടയിലെ സെയില്‍സ്മാനായി ജോലികിട്ടി.

രണ്ടാമത് വിവാഹം കഴിച്ചത് ആദ്യഭാര്യയോ വീട്ടുകാരോന്നുമറിയരുത്. അറിഞ്ഞാല്‍ ജീവിക്കാനുളള വഴിമുട്ടും. അലി അക്കാര്യങ്ങളെല്ലാം ആയിഷയുമായി പങ്കിട്ടു. അലിയുടെ ആഗ്രഹം സഫലമായി. ആയിഷ അലിയുടെ കുഞ്ഞിന്റെ അമ്മയാകാന്‍ പോകുന്നു. അലിയെയും ആയിഷയെയും ഞെട്ടിച്ച വേറൊരു സംഭവവും കൂടി ഉണ്ടായി. അലിയുടെ ആദ്യഭാര്യയും ഗര്‍ഭിണിയായിരിക്കുന്നു. ഏഴു വര്‍ഷം കാത്തിരുന്നിട്ടും അമ്മയാവാനുളള മോഹം പൂവണിഞ്ഞില്ല. ഇപ്പോഴിതാ അലി ഒരേ സമയം രു കുഞ്ഞുങ്ങളുടെ ബാപ്പയാവാന്‍ പോവുന്നു.

കാലം കടന്നു പോയ്‌ക്കൊണ്ടിരുന്നു. അലിക്ക് ഇപ്പോള്‍ രണ്ടു ഭാര്യമാരിലുമായി ആറുമക്കള്‍. മൂന്നു വീതം മക്കള്‍ രണ്ടു ഭാര്യമാരിലുമായി ഉണ്ടായി. ആയിഷയ്ക്ക് ആദ്യഭാര്യയെക്കുറിച്ചും മക്കളെക്കുറിച്ചും അറിയാം. അക്കാര്യമെല്ലാം അലി ആയിഷയോടു പറയും. പക്ഷെ അലിയുടെ ഒന്നാമത്തെ ഭാര്യ ആയിഷയെന്ന അലിയുടെ രാണ്ടമത്തെ ഭാര്യയെക്കുറിച്ചോ, മക്കളെക്കുറിച്ചോ ഒന്നും അറിയില്ല. അലി ഗള്‍ഫില്‍ നിന്ന് വന്നാല്‍ പാത്തും പതുങ്ങിയുമാണ് ആയിഷയുടെ കുടിലിലെത്തുക. ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ നാട്ടിലെത്തിയാല്‍ ഒന്നാമത്തെ ഭാര്യയുടെ കൂടെയാണ് അധിക ദിവസവും കഴിഞ്ഞുകൂടുന്നത്. അവള്‍ക്ക് സംശയത്തിന് ഇടനല്‍കാത്തവിധം സുഹൃത്തുക്കളെ കാണാനുണ്ടെന്നോ മറ്റോ പറഞ്ഞ് ആയിഷയുടെയും മക്കളുടെയും കൂടെ താമസിക്കാനെത്തും.

മക്കളുടെ വിദ്യാഭ്യാസത്തിനും, ജീവിതത്തിനും ചെറിയൊരു സഹായം മാത്രമെ അലിയുടെ കയ്യില്‍ നിന്നും ആയിഷയ്ക്ക് കിട്ടുകയുളളൂ. അതില്‍ ആയിഷക്ക് പരിഭവമൊന്നുമില്ല. നാട്ടിലെ പ്രമാണിമാരുടെ വീടുകളില്‍ പണിചെയ്ത് കിട്ടുന്ന വരുമാനം കൊണ്ടാണ് മക്കളുടെ പഠനച്ചെലവുകളും മറ്റും നിര്‍വ്വഹിച്ചു വരുന്നത്.

ആയിഷയുടെ മൂത്തകുട്ടി ഹൈസ്‌കൂള്‍ ക്ലാസിലെത്തി. ഭാഗ്യം കൊ­ണ്ട് ആയിഷക്ക് പിറന്നത് മൂന്നും ആണ്‍മക്കളായിരുന്നു. മൂത്തകുട്ടി കാര്യങ്ങളൊക്കെ മനസ്സിലാക്കാന്‍ പറ്റുന്ന പ്രായത്തിലെത്തി. ഒന്നോരണ്ടോ വര്‍ഷം കൂടുമ്പോള്‍ അവധിക്ക് നാട്ടിലെത്തുന്ന ബാപ്പയെ വളരെ കുറച്ചു ദിവസം മാത്രമെ മക്കളൊന്നിച്ചു കഴിയുന്നുളളൂ എന്നതും, ഗള്‍ഫില്‍ നിന്ന് നാട്ടില്‍ വരുന്ന മറ്റു കൂട്ടുകാരുടെ ബാപ്പമാര്‍ മക്കള്‍ക്ക് കൊണ്ടു വരുന്ന സമ്മാനങ്ങള്‍ ഒന്നും തന്റെ ബാപ്പ കൊണ്ടു വരാത്തതെന്തേ എന്നും അവന് സംശയമുണ്ടായി. അക്കാര്യം ഉമ്മയോട് അവന്‍ ചോദിക്കുകയും ചെയ്തു.

അവന്റെ ചോദ്യത്തിനുത്തരം നല്‍കാന്‍ ആയിഷയ്ക്ക് കഴിഞ്ഞില്ല. സത്യം അറിഞ്ഞാല്‍ അവന്റെ മനസ്സിലുണ്ടാകുന്ന പ്രയാസങ്ങള്‍ എന്തായിരിക്കും എന്ന് ആയിഷ വേവലാതിപ്പെട്ടു. ആയിഷയുടെ കണ്ണുകള്‍ നിറയുന്നത് മകന്‍ കണ്ടു .'മോന്റെ ബാപ്പയ്ക്ക് വേറെയും ഭാര്യയും മക്കളും ഉണ്ട്' അവര്‍ സാമ്പത്തിക ശേഷി ഉളളവരാണ്. നമ്മള്‍ പാവങ്ങളായതു കൊണ്ട് ബാപ്പയ്ക്ക് ഇവിടെ കൂടുതല്‍ ദിവസം വന്നു നില്‍ക്കാന്‍ പ്രയാസമുണ്ട്. 'ഇത് കേട്ട മകന്റെ പ്രതികരണമിതായിരുന്നു. ഞാന്‍ വലുതാവട്ടെ കാണിച്ചു കൊടുക്കാം ബാപ്പയ്ക്കും, ബാപ്പയുടെ മറ്റേ ഭാര്യക്കും മക്കള്‍ക്കും' എന്നാണ്.

ലൈംഗിക സുഖാന്വേഷകരായ ചിലപുരുഷന്മാര്‍ രണ്ടും മൂന്നും ഭാര്യമാരെ വെക്കുകയും അവരിലൊക്കെ കുഞ്ഞുങ്ങളെ ജനിപ്പിക്കുകയും ചെയ്യും. പക്ഷെ തുല്യമായി സ്‌നേഹവും പരിചരണവും നല്‍കാന്‍ കഴിയാതെയിരിക്കുമ്പോള്‍ അത്തരം കുഞ്ഞുങ്ങളാണ് സാമൂഹ്യ ദ്രോഹികളായി മാറുന്നത് എന്നാണ് അനുഭവത്തില്‍ കണ്ടു വരുന്നത്.

ഈ അടുത്ത കാലത്ത് ആയിഷ ഭര്‍ത്താവിനോട് ഒരു ചോദ്യം ചോദിച്ചു. മനസ്സില്‍ അന്നേ കരുതി വെച്ച ഒരു ചോദ്യമായിരുന്നു. എങ്ങിനെ ചോദിക്കും. ചോദിച്ചാല്‍ അദ്ദേഹത്തിന്റെ പ്രതികരണമെന്തായിരിക്കും എന്നൊക്കെ ചിന്തിച്ച് ചോദിക്കാതിരുന്നതാണ്. പക്ഷെ കുഞ്ഞുങ്ങള്‍ വളരുന്നു. അവരുടെ മനസ്സില്‍ ബാപ്പയെക്കുറിച്ച് വിരോധം വളരുകയാണ്. എന്തിനാണ് ബാപ്പ രണ്ടു പെണ്ണു കെട്ടാന്‍ പോയത് എന്നുവരെ മൂത്തമകന്‍ ചോദിച്ചു കഴിഞ്ഞു.

ഇത്രയൊക്കെ ആയ സ്ഥിതിക്ക് അയാളുടെ മനസ്സ് അറിയാന്‍ തന്നെ ആയിഷ തീരുമാനിച്ചു. മക്കളൊക്കെ ഉറക്കത്തിലായി. ആയിഷ സന്തോഷത്തോടെയും സ്‌നേഹത്തോടെയും അലിയോട് ആ ചോദ്യം ചോദിച്ചു. 'ഈ ആണുങ്ങള് രണ്ടു പെണ്ണുകെട്ടിയാല്‍ ഭാര്യമാരായ ഞങ്ങള്‍ക്ക് ഒരു പ്രയാസവും തോന്നുന്നില്ല. എങ്കില് പെണ്ണുങ്ങളായ ഞങ്ങള്‍ രണ്ടു ഭര്‍ത്താക്കന്മാരെ വെച്ചു കഴിഞ്ഞാല്‍ ആണുങ്ങള്‍ക്ക് വിഷമമുണ്ടാകേണ്ട കാര്യമുണ്ടോ?'

ആയിഷയുടെ ചോദ്യം അലിയുടെ മനസ്സില്‍ ആഞ്ഞുതറച്ചു. 'എന്താനിനക്കങ്ങനെ മോഹമുണ്ടോ?' എന്നാല്‍ നീ രണ്ടോ മൂന്നോ ആണുങ്ങളെ ഭര്‍ത്താക്കന്മാരാക്കി വെച്ചോ. പിറ്റേന്ന് രാവിലെ ഇറങ്ങി പോയതാണ് അലി. പിന്നെ തിരിച്ചു വന്നില്ല. പാവം ആയിഷ അവള്‍ ദീര്‍ഘ ശ്വാസം വിട്ടു.

പുരുഷന്മാര്‍ക്ക് പല കാരണങ്ങളും പറഞ്ഞ് രണ്ടോ മൂന്നോ സ്ത്രീകളെ ഭാര്യമാരാക്കിവെക്കാം. അതേ കാരണം മൂലം സ്ത്രീകള്‍ക്ക് രണ്ടോ മൂന്നോ പുരുഷന്മാരെ ഭര്‍ത്താക്കന്മാരാക്കി വെച്ചാലെന്തേ എന്ന കളങ്ക മേശാത്ത ചോദ്യം വെറുതേ ചോദിച്ചാല്‍ പോലും പുരുഷന്റെ സ്വഭാവം കണ്ടില്ലേ?

-കൂക്കാനം റഹ്മാന്‍

Keywords: Article, Kookanam Rahman

Post a Comment