Follow KVARTHA on Google news Follow Us!
ad

രാജുവിന്റെ തേനീച്ച കുത്തിയാലും വേദനിക്കും; പക്ഷെ രോഗം മാറും

തേനീച്ച കുത്തിയാല്‍ വേദനിക്കും. പക്ഷെ കട്ടപ്പന തൊപ്പിപ്പാളയിലെ രാജുവിന്റെ തേനീച്ചകള്‍ കുത്തിയാല്‍ വേദനിക്കുക മാത്രമല്ല രോഗം മാറുകയും Bee, Treatment, Raju, Disease, Article, Bee sting treatment of Raju.
എച്ച്.എം ലബ്ബ 

(www.kvartha.com 15.12.2014) തേനീച്ച കുത്തിയാല്‍ വേദനിക്കും. പക്ഷെ കട്ടപ്പന തൊപ്പിപ്പാളയിലെ രാജുവിന്റെ തേനീച്ചകള്‍ കുത്തിയാല്‍ വേദനിക്കുക മാത്രമല്ല രോഗം മാറുകയും ചെയ്യും. ആമവാതം, കൈകാല്‍ കഴപ്പ്, വേദന, മരവിപ്പ്, നടുവേദന തുടങ്ങിയ പല രോഗങ്ങളും രാജുവിന്റെ തേനീച്ച കുത്ത് ചികില്‍സയിലൂടെ മാറിക്കിട്ടിയവര്‍ നിരവധി.

ഇതാണ് എപ്പിതെറാപ്പി ചികില്‍സ. ലോകത്തില്‍ പലയിടത്തും ഈ ചികില്‍സാ രീതി ഉണ്ടെങ്കിലും കേരളത്തില്‍ അപൂര്‍വം. 15 വര്‍ഷം മുമ്പ് തേനീച്ച കൃഷി ആരംഭിച്ച രാജു നാലു വര്‍ഷത്തോളമായി ഈ ചികിത്സയുമായി രംഗത്തുണ്ട്. ആഴ്ചയില്‍ രണ്ടു ദിവസമാണ് ചികിത്സ. തന്നെകാണാന്‍ എത്തുന്നവര്‍ക്ക് തേനീച്ച കൃഷി, നാട്ടുവൈദ്യം, ജീവിതശൈലീ രോഗങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ എന്നിവ സംബന്ധിച്ച് രണ്ടു മണിക്കൂര്‍ ക്ലാസെടുക്കും. തുടര്‍ന്നാകും ചികിത്സ.

വാതരോഗങ്ങള്‍ ബാധിച്ച് വര്‍ഷങ്ങളായി കിടക്കയില്‍ തന്നെ ജീവിതം കഴിച്ചു കൂട്ടുന്ന നിരവധി ആളുകള്‍ പ്രായവ്യത്യാസമില്ലാതെ രാജുവിന്റെ ചികിത്സ തേടിയെത്തുന്നുണ്ട്. വേദനയുള്ള ഭാഗങ്ങളില്‍ തേനീച്ചയെകൊണ്ട് കുത്തിച്ചാണ് ചികിത്സ. വിവിധ ഘട്ടങ്ങളിലായി നടത്തുന്ന ചികിത്സയിലൂടെ നിരവധി രോഗികള്‍ സുഖം പ്രാപിച്ചുകഴിഞ്ഞു. രോഗബാധമൂലം യാത്രചെയ്യാന്‍ കഴിയാത്ത ആളുകളെ അവരുടെ വീട്ടില്‍ നേരിട്ടെത്തി ചികിത്സിക്കാനും രോഗം ഭേദമാക്കാനും രാജു ശ്രദ്ധിക്കാറുണ്ട്. സന്ധിവാതത്താല്‍ കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ കഴിയാത്തവര്‍ക്കു പോലും ചികില്‍സ ഫലം ചെയ്തിട്ടുണ്ട്.

യാതൊരു പ്രതിഫലവും പറ്റാതെയാണ് രാജുവും കുടുംബവും എപ്പിതെറാപ്പിയിലൂടെ വേദനയനുഭവിക്കുന്നവരുടെ കണ്ണീരൊപ്പുന്നത്. മാതാവിന് മുട്ടുവേദന വന്നതോടെയാണ് രാജു തേനീച്ചയെ കുത്തിച്ചുകൊണ്ടു ചികിത്സ ആരംഭിക്കുന്നത്. ഇത് വിജയം കണ്ടു. എപ്പിതെറാപ്പിയിലൂടെ ഭാര്യയുടെ തോള്‍വേദന മാറിയതോടെ ഈ രംഗത്ത് കൂടുതല്‍ സജീവമായി. തുടര്‍ന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ആളുകളുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ നടത്തി. ഇതിലൂടെ തേനീച്ചവിഷത്തിന്റെ ഫലശുദ്ധി സംബന്ധിച്ച് ലഭിച്ച അറിവാണ് ചികിത്സാ രംഗത്തിറങ്ങാന്‍ കാരണമായത്. രോഗംമാറില്ലെന്നും ജീവിതകാലം മുഴുവന്‍ മരുന്ന് കഴിക്കണമെന്നും രാജ്യത്തെ പ്രമുഖ ആശുപത്രികളില്‍ നിന്നും നിര്‍ദേശിക്കപ്പെട്ട നിരവധി രോഗികള്‍ക്ക് ഇപ്പോള്‍ വേദനയില്ലാതെ നടക്കാന്‍ സാധിക്കുന്നുണ്ടെന്നും അനുഭവസ്ഥര്‍ പറയുന്നു.

രണ്ടാഴ്ച പ്രായമുളള തേനീച്ചകളെയാണ് ചികില്‍സക്ക് ഉപയോഗിക്കുന്നത്. തേനീച്ചകളെ ചിറകില്‍ പിടിച്ച് വേദനയുളള ഭാഗത്ത് കുത്തിക്കുകയാണ് ചെയ്യുന്നത്. കുത്തേറ്റ ഭാഗത്തുനിന്നും തേനീച്ച വിഷമായ ബി വെനം ശരീരത്തില്‍ വ്യാപിച്ച് രോഗപ്രതിരോധ ശേഷിയുണ്ടാകുന്നുവെന്നതാണ് ഇതിന്റെ ശാസ്ത്രീയത.
രോഗത്തിന്റെ കാഠിന്യം അനുസരിച്ച് നാല് മുതല്‍ എട്ടാഴ്ചകള്‍ വരെ ആഴ്ചയില്‍ ഒന്നു വീതം തേനീച്ചയുടെ കുത്ത് ഏല്‍ക്കണം. കുത്തുകൊളളുന്ന ഭാഗം ചെറുതായി നീരു വന്നു വീര്‍ക്കും. ഞൊടിയന്‍ വിഭാഗത്തില്‍പ്പെടുന്ന തേനീച്ചകളെയാണ് ചികില്‍സക്കായി ഉപയോഗിക്കുന്നത്. ചികില്‍സകനായ തേനീച്ച രോഗിയെ കുത്തിയ ഉടന്‍ ചത്തുപോകുമെന്നതാണ് രസകരം. കുത്തുമ്പോള്‍ തേനീച്ചയുടെ കൊമ്പ് പോലെയുളള ഭാഗം വേര്‍പ്പെട്ട് കുത്തേല്‍ക്കുന്ന ശരീരത്തില്‍ തറക്കും. ഇതോടെ തേനീച്ച ചാകുകയും ചെയ്യും.

ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ തേനീച്ച വളര്‍ത്തലിനെക്കുറിച്ച് കണ്ട ഒരു പത്രപരസ്യമാണ് രാജുവിനെ തേനീച്ചയുടെ വൈവിധ്യവും കൗതുകകരവുമായ ജീവിതത്തോട് അടുപ്പിച്ചത്. പുരയിടത്തിലെ തേനീച്ചകളെ പിടിച്ചു വളര്‍ത്തിക്കൊണ്ടായിരുന്നു തുടക്കം. സംഗതി അത്ര എളുപ്പമല്ലെന്ന്, തേനീച്ചകളെല്ലാം ശാസ്ത്രീയ പരിചരണമില്ലാത്തതിനാല്‍ ചത്തൊടുങ്ങിയതോടെ രാജുവിന് ബോധ്യപ്പെട്ടു. എന്നാല്‍ പിന്‍മാറാന്‍ തയ്യാറായില്ല. മൈലാടുമ്പാറ ഏലം ഗവേഷണ കേന്ദ്രം, ഹോര്‍ട്ടി കോര്‍പ്പ് എന്നിവിടങ്ങളില്‍ നിന്ന് തേനീച്ച വളര്‍ത്തലില്‍ വിദഗ്ധ പരിശീലനം നേടി.

പിന്നീട് രാജുവിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇന്ന് 850 കൂടുകളില്‍ നിന്നായി പ്രതിമാസം 500 കിലോ തേന്‍ രാജു വിപണിയിലെത്തിക്കുന്നു. തേനീച്ച കൂടുകളില്‍ നിന്നും വെറുതെ ശേഖരിച്ചാല്‍ ശുദ്ധ തേനാകില്ല. 80 ഡിഗ്രി ചൂടുളള വെളളത്തിലേക്ക് ശേഖരിച്ച തേന്‍ ഇറക്കി വെക്കണം. തേന്‍ ഇളക്കിക്കൊണ്ടിരിക്കുമ്പോള്‍ അതിലെ മാലിന്യങ്ങള്‍ പൊങ്ങി വരും. ഇതിന് ശേഷം ശുദ്ധ തേന്‍ അരിച്ചെടുക്കും. തേന്‍ മാത്രമല്ല, റോയല്‍ ജെല്ലി, വാക്‌സം തുടങ്ങിയ വിവിധ ഉല്‍പ്പന്നങ്ങളും തേനീച്ചകളില്‍ നിന്നും ലഭിക്കുന്നു. വന്ധ്യതാ ചികില്‍സ, ലൈംഗിക ശേഷിക്കുറവ് തുടങ്ങിയവക്ക് റോയല്‍ ജെല്ലി അത്യുത്തമമാണ്.

മധു നുകരൂ, പണം നേടൂ ഇതായിരുന്നു 14ാം വയസില്‍ രാജു കണ്ട പത്രപരസ്യം. നിരന്തര ശ്രമങ്ങള്‍ക്കൊടുവില്‍ അത് യാഥാര്‍ത്ഥ്യമായി. രാജുവിന്റെ വിജയങ്ങള്‍ക്ക് കരുത്തേകി ഭാര്യയും രണ്ടു മക്കളും ഒപ്പമുണ്ട്.
Bee, Treatment, Raju, Disease, Article, Bee sting treatment of Raju.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Bee, Treatment, Raju, Disease, Article, Bee sting treatment of Raju.

3 comments

  1. രാജുവിന്റെ സ്ഥലം ഒന്ന് പറഞ്ഞു തരുമോ
  2. Contact ചെയ്യാൻ ഉള്ള എന്തെങ്കിലും ....?
  3. Plz gv me contact number