Follow KVARTHA on Google news Follow Us!
ad

വൊ ജബ് യാദ് ആയെ.. ബഹുത്ത് യാദ് ആയെ...

ഇന്ത്യയുടെ മഹാ ഗായകന്‍ മുഹമ്മദ് റഫി സാഹെബ് വിട പറഞ്ഞിട്ട് ഈ ജൂലൈ 31ന്, 33 സംവത്സരങ്ങള്‍ പിന്നിടുന്നു. ലോകമൊട്ടുക്കും ആസ്വാദകാരാധകരുള്ള Muhammed Rafi, A.S. Mohammed Kunhi, Article, Singer, Memory, Pakistan, India, Song
33 വര്‍ഷങ്ങള്‍ക്കിപ്പുറത്ത് നിന്ന് റഫി സാഹെബിന്റെ ഓര്‍മകളില്‍ 
(വിഖ്യാത ഗായകന്‍ മുഹമ്മദ് റഫിയുടെ 33-ാം ചരമ വാര്‍ഷികം ജൂലൈ 31ന്)

എ.എസ്. മുഹമ്മദ്കുഞ്ഞി
 
ന്ത്യയുടെ മഹാ ഗായകന്‍ മുഹമ്മദ് റഫി സാഹെബ് വിട പറഞ്ഞിട്ട് ഈ ജൂലൈ 31 ന്, 33 സംവത്സരങ്ങള്‍ പിന്നിടുന്നു. ലോകമൊട്ടുക്കും ആസ്വാദകാരാധകരുള്ള ഈ ഗായകന്‍ സംഗീതലോകത്ത് ഇന്ത്യയുടെ അഹങ്കാരങ്ങളില്‍ ഒന്നായി ഇന്നും നിലനില്‍ക്കുന്നു. പഞ്ചാബ് പ്രവിശ്യയുടെ അമൃതസറിനടുത്ത് കോടഌ സുല്‍ത്താന്‍സിങ് ഗ്രാമത്തില്‍ ഭൂജാതനായ റഫി സാഹെബിന് 1947ല്‍ ഇന്ത്യാ-പാക് വേര്‍പിരിയലോടെ പാകിസ്ഥാനിലേയ്ക്ക് ക്ഷണമുണ്ടായിരുന്നു. വിഭജനത്തോടെ യഥാര്‍ത്ഥത്തില്‍ ഈ ഉപഭൂഖണ്ഡത്തിന്റെ കലാകാരന്മാരും രണ്ട് ചേരിയിലായി.

പാകിസ്ഥാനിലായിരുന്ന ഒരുപാട് പേര്‍ ഇന്ത്യയിലേയ്‌ക്കെത്തി ഇവിടേയും, ഇവിടുന്ന് ഒരുപാട് പേര്‍ അങ്ങോട്ടും പോയി പൗരത്വം സ്വീകരിച്ച് സ്ഥിരതാമസക്കാരായി. പക്ഷെ റഫി സാഹെബ് ഇന്ത്യയെ അങ്ങേയറ്റം സ്‌നേഹിച്ചിരുന്നു. അതോടൊപ്പം വിഭജനത്തിന് സാക്ഷിയായി നോവനുഭവിച്ചവരിലൊരാളും. ഒരു ഹിന്ദുസ്ഥാനി എന്ന് പറയാന്‍ ഏറെ അഭിമാനിച്ച വ്യക്തിത്വം. അദ്ദേഹം പാകിസ്ഥാനിലേക്കുള്ള ക്ഷണം സ്വീകരിച്ചിരുന്നെങ്കില്‍ ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നു എന്നാണ് പറഞ്ഞു വരുന്നത്.

സുനോ സുനോ യെ ദുനിയാവാലോം ബാപു കി യെ അമര്‍ കഹാനി.. പോലുള്ള ദേശഭക്തി അതിന്റെ മുഴു ഗാംഭീര്യത്തോടെ നമുക്ക് കിട്ടുമായിരുന്നില്ല. രാജേന്ദ്ര കിഷന്റെ രചന, അനുപമ സംഗീതജ്ഞരായ ഹുസന്‍ലാല്‍ ഭഗത്‌റാം ചിട്ടപ്പെടുത്തുമായിരുന്നുവെങ്കിലും ആ വരികള്‍ക്ക് ശബ്ദം നല്‍കുന്നത് റഫിയായിരിക്കുമായിരുന്നില്ല. യെ ദുനിയാ കെ രഖ്‌വാലെ സുന് ദര്‍ദ് ഭരീ മെരെ നാലേ..പിറക്കുമായിരുന്നെങ്കിലും അതും ഒരു റഫിയന്‍ ഗാനമാവുമായിരുന്നില്ല. അങ്ങനെ മുംബൈയില്‍ സ്ഥിരതാമസമാക്കിക്കൊണ്ട് റഫി, ഇന്ത്യയുടെ സംസ്‌കാരത്തിന്റെ പതാകവാഹകരിലൊരാളായി.

Muhammed Rafi, A.S. Mohammed Kunhi, Article, Singer, Memory, Pakistan, India
പ്രശസ്ത ആംഗലേയ കവി കീറ്റ്‌സിന്റെ എന്‍ ഓഡ് ടു എ നൈറ്റിംഗേല്‍ എന്ന കാവ്യത്തില്‍, കവി രാപ്പാടിയോട് ഇങ്ങനെ കേഴുന്നു: ഓ മരണമില്ലാത്ത പക്ഷീ.. നീ മരിക്കാന്‍ വേണ്ടി ജനിച്ചതല്ലെന്നറിയാം. നിന്റെ മധുരമായ നാദം എല്ലാ കാലത്തുമുണ്ട്. പുരാതന കാലത്തെ ചക്രവര്‍ത്തിമാര്‍ കേട്ടിരുന്നു. അവരുടെ കൊട്ടാര വിദൂഷകരും. ഇപ്പോഴിതാ ഞാനും ഇവിടെയിരുന്നത് കേള്‍ക്കുന്നു. നിന്റെ ശബ്ദം അന്തരീക്ഷത്തിലെങ്ങുമുണ്ട്. ഈ വനസ്ഥലിയിലെ പലതരം പൂക്കളുടെ ഗന്ധം പരക്കുന്ന പോലെ നിന്റെ ഗാനവും. അന്തരീക്ഷത്തിലെങ്ങും നിറയുന്നു. നീ മറഞ്ഞെവിടെയോ ഇരിക്കുകയാണ്. ഇളം തെന്നലില്‍ ചില്ലകള്‍ ഉലയുമ്പോള്‍ മാത്രം ചന്ദ്രിക എത്തി നോക്കുന്ന കാടിന്റെ ഇരുളിലെങ്ങോ.. അദൃശ്യതയിലിരുന്ന് പാടുന്ന കിളിയെ.. നിന്റെ സാമീപ്യം കൊതിച്ച് ആ ഗാനതല്ലോലിനിയുടെ ചിറകിലേറി ഞാനിതാ പറന്നു വരികയാണ്.  മുഹമ്മദ് റഫി സാഹെബിന്റെ ശബ്ദമാധുരിയ്ക്കും ഈ വരികള്‍ അന്വര്‍ത്ഥമാകുന്നു.

ആ സ്വരമാധുരി എങ്ങുമുണ്ട്. പ്രപഞ്ചവ്യാപിയായി, രാത്രിയെന്നില്ലാതെ, പകലെന്നില്ലാതെ പെയ്തു കൊണ്ട്. പൂക്കളുടെ സുഗന്ധം പോലെ, കുളിര്‍തെന്നലിന്റെ തഴുകല്‍ പോലെ അത് നമ്മെ ആഹ്ലാദിപ്പിച്ചു കൊണ്ടേയുണ്ട്. കഴിഞ്ഞ തലമുറ അതാസ്വദിച്ചു. ഈ തലമുറയും. ഇനി വരും തലമുറയും.  മരണം റഫിയുടെ ശബ്ദമാധുരിയെ സംബന്ധിച്ചിടത്തോളം ഒരവസാന വാക്കായതേയില്ല. അദ്ദേഹം  പാടി ഇവിടെ നമ്മെ ഏല്‍പിച്ചു പോയ ഗാനങ്ങള്‍, കാറ്റിനൊപ്പമെന്ന പോലെ എങ്ങു നിന്നോ ഒഴുകി വന്നു നമ്മുടെ കാതോരത്ത് ഉച്ഛസ്ഥായിയിലായി പിന്നെ വീണ്ടും അകന്നു പോകുന്നു.. വീണ്ടുമൊരു വരവിനായി...അത്രേയുള്ളൂ.

കേവലം 56 സംവത്സരങ്ങള്‍ മാത്രം ഈ ഭൂമുഖത്ത് ജീവിച്ച് പാടിയ അയ്യായിരത്തില്‍പരം അനശ്വര ഗാനങ്ങള്‍ കാലത്തിലേയ്ക്ക് സംഭാവന ചെയ്ത്  ഭൗതീക ശരീരം ഊരിയിട്ടു പോയ ആ ആത്മാവ് ഇന്നും നമ്മുടെ പരിസരത്തെവിടെയോ ഇരുന്ന് പാടുന്നു. സംഗീതാസ്വാദകരുടെ ഹൃദയങ്ങളില്‍ സദാ ആ ആലാപനമാധുര്യമുണ്ട്. പാട്ടുകള്‍ കേള്‍ക്കാന്‍ അത്ര കണ്ടിഷ്ടപ്പെടാത്തവരേയും സംഗീതാസ്വാദകരാക്കിയെന്നതാണ് ആ സ്വരമാധുരിയുടെ സവിശേഷത. ആ ഉച്ഛാരണത്തിലെ സ്ഫുടതയും ശബ്ദത്തിന്റെ മാധുര്യവും ആരേയും പെട്ടെന്നതിലേയ്ക്കാവാഹിക്കുന്നതായിരുന്നു. അതാസ്വദിക്കാനും അതിന്റെ ഭാവമുള്‍ക്കൊള്ളാനും അധികം മെനക്കെടേണ്ടി വന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അത് നേരെ ആസ്വാദകരുടെ ഹൃദയത്തിന്റെ പ്രതലങ്ങളിലാണ് ചെന്നു തട്ടിയത്.

സംഗീതം മനസിനുള്ള ഒരു ഹീലിങ് ഔഷധമാണെന്ന് ഫ്രെഡറിക് നീഷെയെപ്പോലുള്ള മനശാസ്ത്രജ്ഞരും തെളിയിച്ചിട്ടുണ്ട്. മ്യൂസിക് തെറാപ്പിയെന്നാണാ ശാഖയറിയപ്പെടുന്നത്. മനസിന് ടെന്‍ഷന്‍ കൂട്ടുന്ന സംഗീതവും ടെന്‍ഷന്‍ കുറക്കുന്ന സംഗീതവുമുണ്ടത്രെ. സമാധാനം കാംക്ഷിക്കാത്ത മനസുകളില്ല. അങ്ങനെയാണെങ്കില്‍ റഫി സാഹെബിന്റേത് മനസില്‍ കുളിരും ശാന്തിയും കോരിയിടുന്ന സ്വരമാണെന്നതിന് എതിരഭിപ്രായമുണ്ടാവില്ല. അത് കൊണ്ടാവാം റഫിയുടെ ശബ്ദമാധുരിയൊഴുകി വരുമ്പോള്‍ ആരും ഹിന്ദി ഭാഷ സംസാരിക്കാത്തവര്‍ പോലും കാത് കൂര്‍പിച്ചവയാസ്വദിച്ചത്.  

കോടഌ സുല്‍ത്താന്‍ സിങ് എന്ന ഗ്രാമത്തില്‍ സാധാരണയായി എത്താറുള്ള ഒരു നാടോടി ഫക്കീര്‍ പാടുന്നത് ശരിക്കും അനുകരിച്ചു കൊണ്ട് പിഞ്ചു കുഞ്ഞായിരിക്കുമ്പോള്‍ തന്നെ റഫി പാടുമായിരുന്നുവത്രെ. പിന്നീട് ഉസ്താദ് ബഡേ ഗുലാം അലി ഖാനില്‍ നിന്ന് ശാസ്ത്രീയ സംഗീതത്തിന്റെ ബാലപാഠങ്ങള്‍ സ്വായത്തമാക്കിത്തുടങ്ങിയ റഫി പണ്ഡിറ്റ് ജീവന്‍ലാല്‍, സംഗീതജ്ഞന്‍ ഫിറോസ് നിസാമി തുടങ്ങിയവരുടേയും കീഴില്‍ സംഗീതം അഭ്യസിച്ചു.

കെ.എല്‍ സൈഗളിന്റെ ഒരു ഹിറ്റ് ഗാനം വേദിയില്‍ പാടിക്കൊണ്ടാണ് തന്റെ സംഗീത ജൈത്രയാത്രയ്ക്ക് റഫി തുടക്കം കുറിക്കുന്നത്. അന്ന് റഫിക്ക് വയസ് പതിമൂന്ന്. 1941ല്‍ ശ്യാം സുന്ദറിന്റെ സംഗീതത്തില്‍ ഗുല്‍ ബലോച്ച് എന്ന സിനിമയ്ക്ക് സീനത്ത് ബീഗത്തിനൊത്ത് ഒരു ഡുഎറ്റാണ് റഫിയുടെ ആദ്യത്തെ സിനിമാപിന്നണി ഗാനമെന്ന് പറയപ്പെടുന്നു. പക്ഷെ പടം പുറത്ത് വരുന്നത് 1944ല്‍ മാത്രം. ആ ഇടവേളയില്‍ റഫിക്ക് ലാഹോര്‍ ഓള്‍ ഇന്ത്യാ റേഡിയോയില്‍ പാടാനവസരം ലഭിക്കുന്നു. ഒരു റഫി ഗാനവുമായി ആദ്യമിറങ്ങുന്ന പടം, ഗാഉ കി ഗോരി ആണെന്നും അഭിപ്രായമുണ്ട്. ആദ്യം അദ്ദേഹം പിന്നണിഗാനമാലപിക്കുന്നത് ഗുല്‍ ബലോച്ചിനാണെങ്കിലും ആദ്യം പുറത്തിറങ്ങുന്നത് ഗാഉ കി ഗോരിഎന്നാവാമത്.

1944ല്‍ തന്നെ മുംബൈയിലെത്തിയ റഫിയെ, അവിചാരിതമായി പാടുന്നത് കേള്‍ക്കാനിടയായ തന്‍വീര്‍ നഖ്‌വിയെന്ന കവി, എ. ആര്‍ കര്‍ദാര്‍, മെഹബൂബ് ഖാന്‍ തുടങ്ങിയവര്‍ക്ക്  പരിചയപ്പെടുത്തുന്നു. അത് വഴി നൗഷാദ് സാബുമായി പരിചയപ്പെടാനിടയാകുന്നു. അതെ വര്‍ഷം തന്നെ റഫി പഹലെ ആപ്എന്ന പടത്തില്‍ പാടി. 1945ല്‍ ലൈലാ മജ്‌നുവില്‍ പാടിയഭനയിക്കാനൊരവസരവും. ലഭിച്ചു. 1946ല്‍ ആ മഹാസംഭവമുണ്ടായി. എ.ആര്‍ കര്‍ദാര്‍ സാബിന്റെ ഷാജഹാനില്‍ റഫി  പാടുന്നത് അന്നത്തെ ഗായകചക്രവര്‍ത്തി കെ എല്‍ സൈഗളിനോടൊപ്പമാണ്. ആ ജൈത്രയാത്ര തുടരുകയായിരുന്നു. 1949ല്‍ സൈഗള്‍ അന്തരിച്ചു.

അതാ വരുന്നൂ തേരാ ഖിലോനാ ടൂടാ ബാലക് തേരാ ഖിലോനാ... എന്ന മെലഡിയുമായി മെഹബൂബ് ഖാന്റെ അന്മോല്‍ ഘടി. സുനോ സുനോ യെ ദുനിയാവാലോം... നേരില്‍ കേട്ട പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു റഫിയെ ദില്ലിയിലെ വസതിയിലേയ്ക്ക് ക്ഷണിച്ച് സ്വര്‍ണ്ണപ്പതക്കം സമ്മാനമായി നല്‍കി.1947ല്‍ ഷൗക്കത്തലി റിസ്‌വിയുടെ ജുഗ്‌നുവില്‍, ഫിറോസ് നിസാമി ചിട്ടപ്പെടുത്തി നൂര്‍ജഹാനുമൊത്താലപിച്ച യഹാം ബദ്‌ലാ വഫാകാ.. ശരിക്കും റഫിയെ ഒരു താരഗായകനാക്കി. നൗഷാദിന്റെ സംഗീതത്തില്‍ പുറത്ത് വന്ന ദുലാരിയിലെ സുഹാനീ രാത് ഡല്‍ ചുക്കി.., ബെയ്ജു ബാവ്‌റയിലെ സെമി ക്ലാസിക്  രാഗമായ ബിലാവലില്‍ മന് തട്പത്ത് ഹരി ദര്‍ശന് കൊ ആജ്... കോഹിനൂറിലെ മധുപന് മെ രാധികാ നാച്ചെ രെ..തുടങ്ങിയവ അക്കാലത്തെ വന്‍ ഹിറ്റുകളായി. ബെയ്ജു ബാവ്‌റ റഫിയെ  പിന്നണി ഗായകരുടെ സിംഹാസനത്തിലെത്തിക്കുകയായിരുന്നു.

പടത്തിലെ സോലോ, ഓ ദുനിയാ കെ രഖ്‌വാലെ..., 2) തു ഗംഗാ കി മൗജ് മെ ജമുനാ കി ധാരാ... ഉഠന്‍ കഠോലയിലെ ഓ ദൂര്‍ കെ മുസാഫിര്‍.., ആന്‍ ലെ ദില് മെ ചുപ്പാക്കെ പ്യാര്‍ കാ തൂഫാന് ലേ ചലേ..., ശബാബ്‌ലെ, യഹി അര്‍മാന് ലേകര്‍... ദില്‍ ദിയാ ദര്‍ദ് ലിയായിലെ ദില്‍റുബാ മൈനെ.. സംഘര്‍ഷിലെ മേരെ പൈറോം മെ ഗുംഗ്‌റൂ പഹ്‌നാലെ.. തുടങ്ങിയവ നൗഷാദ് ഈണം പകര്‍ന്ന ഗോള്‍ഡന്‍ ഹിറ്റുകളിലെ ചില രത്‌നങ്ങളാണ്.

എസ്.എന്‍ ത്രിപാഠി ചിട്ടപ്പെടുത്തിയ, സറാ സാംനെ തോ ആവോ ചലിയെ.. (ജനം ജനം കെ ഫേരെ), സി. അര്‍ജുന്‍ ഒരുക്കിയ, പാസ് ബൈഠോ തബിയത്ത് ബഹല്‍ ജായേഗാ.. (പുനര്‍മിലന്‍63), സര്‍ദാര്‍ മല്ലിക്കിന്റെ, മുഝെ തുംസെ.., ആജ് കി രാത്.. രണ്ടും സുമന്‍ കല്യാണ്‍പൂരിനൊപ്പം ഡുഎറ്റ്(ബച്പന്‍), സജ്ജാദ് ഹുസൈന്‍ ചിട്ടപ്പെടുത്തിയ, തുഝെ ക്യാ സുനാഉ മേരെ ദില്‍റുബാ.. (ആഖ് രീ ദാഉ), ഹുസന്‍ലാല്‍ ഭഗത്‌റാം ഈണമിട്ട, എക് ദില്‍ കെ തുക്‌ഡെ ഹസാര്‍ ഹുവെ.. (പ്യാര്‍ കീ ജീത്), എസ്.ഡി. ബര്‍മന്‍ സാബ് ഈണം നല്‍കിയ, യെ ദുനിയാ അഗര്‍ മില്‍ഭി ജായെ തോ ക്യാ ഹെ.. (പ്യാസ), ദേഖീ സമാനെ കി യാരീ.. (കാഗസ് കീ ഫൂല്‍), രാംലാല്‍ ചൗധരി ചിട്ടപ്പെടുത്തിയ, തഖ് ദീര്‍ കാ ഫസാനാ.. (സെഹ് റാ), എന്‍. ദത്തയുടെ മൈനെ ചാന്ദ് ഓര്‍ സിത്താരോം കി.. (ചന്ദ്രകാന്ത), ചിത്രഗുപ്തയുടെ, തൂ ഹിന്ദു ബനേഗാ ന മുസല്‍മാന് ബനേഗാ..(ധൂല്‍ കാഫൂല്‍),ചല് ഉഠ് ജാരെ പഞ്ചീ കെ...(ഭാഭി),  യെ പറ്ബത്തോംകൊ ദായരെ.. (ലതയോടൊപ്പംവാസ്‌ന), ജയദേവ് ഒരുക്കിയ, മെ സിന്ദഗി കാ സാത്ത് നിഭാനാ ചലാ ഗയാ..(ഹം ദോനോ), പ്രേംധവന്‍ ചിട്ടപ്പെടുത്തിയ അഗര്‍ ബേവഫാ തുഝ്‌കോ പെഹ്ചാന്.. (രാത് കെ അന്ധേരെ മെ69), രവിയുടെ, ചന്ദാ മാമാ ദൂര്‍സെ..., ചൗധവീ കാ ചാന്ദ് ഹോ.., ഓ നന്നെ സെ ഫരിസ്‌തെ.., സൗ ബാര്‍ ജനം ലേംഗെ.., ബാബുല് കീ ദുആയേം ലേത്തെ ജാ.., ന തൂ സമീന്‍ കെ ലിയെ.., മദന്‍ മോഹന്‍ന്റെ, റംഗ് ഔര്‍ നീറ് കീ ബാറാത്ത് കിസെ പേഷ് കറൂം.. (ഗസല്‍), തേരി ആഖോം കെ സിവാ.. (ചിറാഗ്), ഖയ്യാം ഈണം പകര്‍ന്ന, ജാനെ ക്യാ ഡൂണ്‍ഡ്ത്തി രഹ്ത്തി ഹെ യെ ആഖേം..., ജീത്തെ ഹി ലേംഗെ ബാസി ഹം തും..(ഷോലാ ഔര്‍ ശബ്‌നം), രോഷന്‍ സാബിന്റെ, സിന്ദഗീ ഭര്‍ നഹി ഭൂലേംഗെ വൊ ബര്‍സാത്ത് കി രാത്ത്...(ആരതി), പാവും ചൂലേനെദൊ.. താജ്മഹല്‍), സലീല്‍ ചൗധരി സംഗീതം നിര്‍വ്വഹിച്ച, തസ് വീര്‍ തെരീ ദില്‍ മെ, (മായ), അജബ് തൊരി ദുനിയാ..(ദോ ബിഗാ സമീന്‍), ടൂട്ടെ ഹുവെ ഖാബോംനെ..(മധുമതി), ശങ്കര്‍ ജയ്കിഷന്മാര്‍ ഒരുക്കിയ, യെ ദുനിയാ ഗം കെ മേലാ ഹെ..(സീമ), തെരി പ്യാരീ പ്യാരി സൂറത്ത് കോ..(സസുരാല്‍), ബഹോറോം ഫൂല് ബര്‍സാവൊ..(സൂറജ്), ഗം ഉഠാ നേകെലിയെ മെ ത്തൊ.., റുഖ് സെ സറാ നഖാബ് ഉഠാദോ.., എഹ് സാന് തെരാ ഹോ ഗാ മുഝ്പര്‍..,(ജംഗിലി), യാദ് ന ജായെ.., കല്യാണ്‍ജി ആനന്ദ്ജിമാരുടെ, ചാഹെ പാസ് ഹോ ചാഹെ..(സാമ്രാട് ചന്ദ്രഗുപ്ത), പറ്‌ദേശിയോം സെ ന അഖിയാ..(ജബ് ജബ് ഫൂല്‍ ഖിലെ), ഗംഗാ മൈയാ മേ ജബ് തക്..(സുഹാഗ് രാത്), മേരെ മിത്‌വാ..(ഗീത്ത്), സുഖ് സെ സബ് സാഥി..(ഗോപി), ലക്ഷ്മീകാന്ത് പ്യാരീലാല്‍ ജോഡിയുടെ, ചാഊംഗാ മെ തുഝെ.. (ദോസ്തി), രോഷന്‍ തുമീ സെ ദുനിയാ...(പാരസ്മണി), വൊ ജബ് യാദ് ആയേ., ആര്‍. ഡി. ബര്‍മന്‍ ഒരുക്കിയ, ചാന്ദ് മേരാ ദില്‍..(ഹം കിസി സെ കം നഹി.) തുടങ്ങിയവ ആ ആലാപനത്തിലൂടെ അനശ്വരങ്ങളായിത്തീര്‍ന്ന ഗാനങ്ങളില്‍ ചിലതാണ്. ഇവയിലേതാണ് മികച്ചതെന്ന് കണ്ടെത്താന്‍ ഏതൊരാസ്വാദകനും വിഷമിക്കും.
A.S. Mohammed Kunhi
(Writer)


അവ ആസ്വദിക്കുന്നവരുടെയിടയില്‍ രാജ്യങ്ങളുടെ അതിരുകള്‍ ഇല്ലാതാകുന്നു. വര്‍ഗ്ഗവര്‍ണ്ണ വിവേചനങ്ങള്‍ക്കതീതമായ ആ ആരാധകരുടെ ബാഹുല്യം നമ്മെ അതിശയിപ്പിക്കും. തലമുറകള്‍ ഇവിടെ വരും പോകും. ജീവിതവിശുദ്ധിയും മനുഷ്യത്വവും കാത്ത് സൂക്ഷിച്ച റഫി സാബ് കാലത്തിന് സമ്മാനിച്ചു പോയ ആ അമരഗീതങ്ങള്‍ പക്ഷെ, തലമുറയ്ക്ക് സാന്ത്വനം നല്‍കിക്കൊണ്ട് ഇവിടെയുണ്ടാകും,.എന്നും.

Keywords: Muhammed Rafi, A.S. Mohammed Kunhi, Article, Singer, Memory, Pakistan, India, Song, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment