Follow KVARTHA on Google news Follow Us!
ad

Ernakulam | യുഡിഎഫ് കോട്ടയിൽ വിള്ളലുണ്ടാക്കാൻ എൽഡിഎഫിനോ എൻഡിഎയ്‌ക്കോ കഴിയുമോ? എറണാകുളം അടുത്തറിയാം

വികസനം തന്നെ പ്രധാന വിഷയം Politics, Election, Ernakulam, Lok Sabha election
/ സോണി കല്ലറയ്ക്കൽ

(KVARTHA) യുഡിഎഫിൻ്റെ കുത്തകമണ്ഡലം എന്നാണ് എറണാകുളം ലോക് സഭാ മണ്ഡലം അറിയപ്പെടുന്നത്. കോണ്‍ഗ്രസിനും യു.ഡി.എഫിനും അത്രയേറെ ഉറപ്പുനല്‍കുന്ന മണ്ഡലമാണിത്. സിറ്റിങ് എം.പി. ഹൈബി ഈഡനാണ് യു.ഡി.എഫിന് വേണ്ടി കളത്തിലിറങ്ങുന്നത്. കെ.ജെ. ഷൈനാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി. ഹൈബി ഈഡൻ വീണ്ടും മത്സരിക്കുമ്പോൾ യു.ഡി.എഫ് ഭൂരിപക്ഷത്തെക്കുറിച്ച് അല്ലാതെ മറ്റൊന്നും ചിന്തിക്കുന്നില്ല. ഇത്തവണ മണ്ഡലം തിരികെപ്പിടിക്കാനുള്ള ഊർജിതമായ ശ്രമങ്ങളിലാണ് സിപിഎം. കെഎസ്‌ടിഎ സംസ്ഥാന കമ്മിറ്റി അംഗമാണ് കെ ജെ ഷൈൻ ടീച്ചർ. ജില്ലയിലെ പാർട്ടി പ്രവർത്തകർക്ക് സുപരിചിതയെല്ലെങ്കിലും, വനിത നേതാവ് എന്ന നിലയിൽ പാർട്ടി നേതൃത്വത്തിന് യോഗ്യയായ സ്ഥാനാർഥിയാണ് കെ ജെ ഷൈൻ.
  
Lok Sabha polls: Hibi, Shine and Radhakrishnan seek support of Ernakulam

സ്ഥിരമായി വടക്കൻ പറവൂർ നഗരസഭയിലേക്ക് ജയിച്ച് കയറുന്ന ഷൈൻ എറണാകുളം ലോകസഭ മണ്ഡലത്തിലും തുറുപ്പ് ചീട്ടായി മാറുമെന്നാണ് സിപിഎമ്മിന്‍റെ കണക്കുകൂട്ടൽ. ലത്തീൻ സമുദായത്തിന് ഗണ്യമായ സ്വാധീനമുള്ള മണ്ഡലത്തിൽ സാമുദായിക സമവാക്യം കൂടി പാലിക്കാൻ കെ ജെ ഷൈനിലൂടെ കഴിയുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. ഹൈബി ഈഡനും ഷൈൻ ടീച്ചറും ലത്തീൻ സമുദായത്തിൽ പെടുന്നവർ ആണ്. തൃപ്പൂണിത്തുറയിലും പറവൂരിലും വ്യക്തമായ സ്വാധീനമുള്ള ബിജെപി ഇത്തവണ വോട്ട് വിഹിതം ഒന്നര ലക്ഷത്തിനപ്പുറം കടത്തണമെന്ന ലക്ഷ്യത്തോടെ പിഎസ്‌സി മുന്‍ ചെയര്‍മാന്‍ കൂടിയായ ഡോ. കെ എസ് രാധാകൃഷ്ണനെയാണ് രംഗത്തിറക്കുന്നത്. മണ്ഡലം പിടിച്ച് ഞെട്ടിക്കാമെന്ന പ്രതീക്ഷയൊന്നുമില്ലെങ്കിലും ബിഡിജെഎസിന്റെ കൂടി സ്വാധീനത്തോടെ വോട്ട് വിഹിതം രണ്ടു ലക്ഷത്തിന് അടുത്ത് എത്തിക്കാന്‍ കഴിഞ്ഞാല്‍ ബിജെപിക്ക് അത് വലിയ നേട്ടം തന്നെയാകും.

മെട്രോ നഗരം, കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം - എറണാകുളത്തിന് വിശേഷണങ്ങള്‍ പലതുണ്ട്. ഈ ലോക് സഭാ മണ്ഡലം കോൺഗ്രസിൻ്റെ ഉറച്ച കോട്ടയെന്നാണ് അറിയപ്പെടുന്നത്. ഗ്രൂപ്പ് പിണക്കങ്ങളോ പാർട്ടിയിൽ മറ്റ് ആഭ്യന്തരപ്രശ്നങ്ങളോ ഉണ്ടാകുമ്പോൾ മാത്രം എൽ.ഡി.എഫിനെ വിജയിപ്പിക്കുന്ന മണ്ഡലം കൂടിയാണ് എറണാകുളം. മണ്ഡലം രൂപീകൃതമായി 17 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ 13 തവണയും എറണാകുളം യു.ഡി.എഫിനൊപ്പം നിന്നു എന്ന് വേണം പറയാൻ. എറണാകുളം, പറവൂര്‍, തൃക്കാക്കര, തൃപ്പൂണിത്തുറ, കൊച്ചി, വൈപ്പിന്‍, കളമശ്ശേരി എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് എറണാകുളം ലോക് സഭാ മണ്ഡലം. 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം, പറവൂര്‍, തൃക്കാക്കര, തൃപ്പൂണിത്തുറ മണ്ഡലങ്ങളില്‍ യു.ഡി.എഫ്. ജയിച്ചപ്പോള്‍ കൊച്ചി, വൈപ്പിന്‍, കളമശ്ശേരി മണ്ഡലങ്ങൾ എല്‍.ഡി.എഫ്. സ്വന്തമാക്കുകയുണ്ടായി.

ലോക് സഭാ തെരഞ്ഞെടുപ്പിലേയ്ക്ക് നോക്കുകയാണെങ്കിൽ കടുത്ത യുഡിഎഫ് / കോണ്‍ഗ്രസ് വിരുദ്ധ വികാരം ആഞ്ഞടിച്ച സമയത്തും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചകളും ഗ്രൂപ്പ് കളികളുമാണ് മണ്ഡലം കൈവിട്ടുപോയ ചുരുക്കം ചില അവസരങ്ങളില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായിട്ടുള്ളത്. അല്ലാത്ത പക്ഷം കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നിന്നപ്പോഴെല്ലാം വന്‍ ഭൂരിപക്ഷം നല്‍കിയാണ് എറണാകുളത്തുകാർ അവരെ ജയിപ്പിച്ചുവിട്ടത്. ഇനി എറണാകുളം ലോക് സഭാ മണ്ഡലത്തിൻ്റെ രാഷ്ട്രീയ ചരിത്രം പരിശോധിക്കാം. 1967ൽ വി വി മേനോനിലൂടെയാണ് സിപിഎം മണ്ഡലം പിടിച്ചെടുത്തത്. തുടർന്ന് 1971ൽ ഹെൻറി ഓസ്റ്റിനിലൂടെ മണ്ഡലം കോൺഗ്രസ് തിരിച്ച് പിടിക്കുകയും ചെയ്‌തു. 1996 ൽ കോൺഗ്രസുകാരനായ സേവ്യർ അറയ്ക്കൽ ഇടതുമുന്നണി പിന്തുണയോടെയാണ് വിജയിച്ചത്. അന്ന് അദ്ദേഹം തോൽപ്പിച്ചതാകട്ടെ കെ വി തോമസിനെ ആയിരുന്നു. സേവ്യർ അറയ്ക്കൽ വൃക്ക രോഗബാധിതനായി മരണപ്പെട്ടതോടെ 1997ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്രൻ സെബാസ്റ്റ്യൻ പോളിലൂടെ ഇടത് മുന്നണി മണ്ഡലം നിലനിർത്തുകയും ചെയ്‌തു.

1998ലെ തെരെഞ്ഞെടുപ്പിൽ കോൺഗ്രസിലെ ജോർജ് ഈഡനായിരുന്നു വിജയം. ജോർജ് ഈഡൻ മരിച്ചതിനുശേഷം 2003 -ലെ ഉപതെരെഞ്ഞെടുപ്പിൽ സെബാസ്റ്റ്യൻ പോൾ വീണ്ടും ഇടത് രക്ഷകനായി. 2004ലും അദ്ദേഹം വിജയം ആവർത്തിച്ചു. പിന്നീട് സെബാസ്റ്റ്യൻ പോളിനെ കെ.വി. തോമസ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഇറങ്ങി പരാജയപ്പെടുത്തുകയായിരുന്നു. എറണാകുളം ലോക്സഭ മണ്ഡലത്തിൽ നിന്നും 1984, 1989, 1991,2009, 2014 വർഷങ്ങളിൽ വിജയിച്ച കെ വി തോമസാണ് ലോക്‌സഭയിൽ മണ്ഡലത്തെ ഏറ്റവും കൂടുതൽ കാലം പ്രതിനിധീകരിച്ചത്. കഴിഞ്ഞ ലോക്‌സഭ തെരെഞ്ഞെടുപ്പിൽ സിറ്റിങ് എംപിമാരിൽ കെ വി തോമസിനെ മാത്രമായിരുന്നു കോൺഗ്രസ് സീറ്റ് നിഷേധിച്ച് മാറ്റിനിർത്തിയത്. തന്നെ അറിയിക്കുക പോലും ചെയ്യാതെ സീറ്റ് നൽകാതെ മാറ്റി നിർത്തിയതോടെയായിരുന്നു കെ വി തോമസ് കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്. പിന്നീട് അദ്ദേഹം കോൺഗ്രസ് വിടുകയും ചെയ്‌തു. തുടർന്ന് ഹൈബി ഈഡൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച് പാർലമെൻ്റിൽ എത്തുകയായിരുന്നു.

കഴിഞ്ഞ തവണ ഇപ്പോഴത്തെ സംസ്ഥാന മന്ത്രി പി രാജീവിനെ ഇറക്കി സിപിഎം ഒരു പരീക്ഷണം നടത്തിയെങ്കിലും ഫലം വലിയ തിരിച്ചടിയായിരുന്നു. ഹൈബി ഈഡൻ 4,91,263 വോട്ട് നേടിയപ്പോൾ പി രാജീവ് 3,22,110 വോട്ടാണ് നേടിയത്. 1991 ന് ശേഷം 2019 ലാണ് സിപിഎം ഇത്തരമൊരു പരീക്ഷണത്തിന് തയ്യാറായത്. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങള്‍ക്ക് കൃത്യമായ സ്വാധീനമുള്ള മണ്ഡലമാണ് എറണാകുളമെങ്കിലും നിര്‍ണായക ശക്തി ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന ക്രൈസ്തവരാണ്. അതില്‍ 45 ശതമാനം വരുന്ന ലത്തീന്‍ സമുദായ വോട്ടര്‍മാരാണ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കുക. അതുകൊണ്ടു തന്നെയാണ് ഇരുമുന്നണികളും ഈ സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ ശ്രമിക്കുന്നത്. ജനസംഖ്യയുടെ 36.21 ശതമാനമാണ് ഹൈന്ദവ വോട്ടര്‍മാര്‍. ഇതില്‍ കൂടുതലും നായര്‍ സമുദായംഗങ്ങളാണ്. കോണ്‍ഗ്രസുമായി ചേര്‍ന്നു നില്‍ക്കുന്ന രീതിയാണ് കാലങ്ങളായ ലത്തീന്‍ സഭയും എന്‍എസ്എസും മണ്ഡലത്തില്‍ സ്വീകരിച്ചു പോകുന്നത്.

കോണ്‍ഗ്രസിനെ സംബന്ധിച്ച് 'ലത്തീന്‍ സമുദായത്തിന് സംവരണം ചെയ്ത സീറ്റാണ് എറണാകുളം' എന്ന പ്രയോഗം പോലും രാഷ്ട്രീയ കേരളത്തിലുണ്ട്. ഇവര്‍ക്കു പുറമേ സിറിയന്‍ ക്രിസ്ത്യന്‍ വിഭാഗവും 15.67 ശതമാനം വരുന്ന മുസ്ലീം മതവിശ്വാസികളുടെ വോട്ടും എറണാകുളം മണ്ഡലത്തില്‍ ഗതിവഗതികള്‍ നിര്‍ണയിച്ചേക്കും. ഇതിനു പുറമേ 0.02 ശതമാനം വരുന്ന ബുദ്ധമത വിശ്വാസികളും 0.03 ശതമാനം വരുന്ന സിഖ് മതവിശ്വാസികളും മണ്ഡലത്തിലുണ്ട്. സംസ്ഥാനത്തെ വികസന മാറ്റങ്ങള്‍ അതിവേഗം പ്രതിഫലിക്കുന്ന, മെട്രോ വേഗതയില്‍ കുതിക്കുന്ന, സ്മാര്‍ട്ട് സിറ്റിയായ എറണാകുളത്ത് വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്നത്. എം.പി ചെയ്ത വികസന പ്രവർത്തനങ്ങളും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ചെയ്ത വികസപ്രവർത്തനങ്ങളും ഇപ്പോൾ എറണാകുളത്ത് പ്രധാന ചർച്ചയായി കഴിഞ്ഞു. ഇടത്തോട്ടും വലത്തോട്ടും ചാഞ്ഞിട്ടുള്ള എറണാകുളം മണ്ഡലം ഇക്കുറി കൈപിടിക്കുമോ ? അരിവാളെടുക്കുമോ? അതോ താമര വിരിയിക്കുമോ? ഫലം അറിയാൻ ജൂൺ 4 വരെ കാത്തിരിക്കേണ്ടി വരും.

Keywords: News, Malayalam News, Politics, Election, Ernakulam, Lok Sabha election, Hibi, UDF, Lok Sabha Election, Vote, Congress, Ernakulam, Sikhs, Cristian, Lok Sabha polls: Hibi, Shine and Radhakrishnan seek support of Ernakulam.

Post a Comment