Follow KVARTHA on Google news Follow Us!
ad

Chalakudy | ഇവിടെ നടക്കുന്നത് ചതുഷ്കോണ മത്സരം, ട്വന്‌റി 20 യുടെ വരവ് ആർക്ക് വെല്ലുവിളിയാകും? ചാലക്കുടി അടുത്തറിയാം

ചർച്ചയാകുന്നത് ജനകീയ പ്രശ്‌നങ്ങൾ Politics, Election, Chalakudy, Lok Sabha election
/ മിന്റാ മരിയ തോമസ്

(KVARTHA) ചതുഷ്ക്കോണ മത്സരം നടക്കുന്ന സംസ്ഥാനത്തെ ഏക ലോക് സഭാ മണ്ഡലമാണ് ചാലക്കുടി. യു.ഡി.എഫും എൽ.ഡി.എഫും എൻ.ഡി.എയും ട്വൻ്റി ട്വൻ്റിയുമാണ് ഇവിടെ മത്സരരംഗത്തുള്ളത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി നിലവിലെ ചാലക്കുടി എം.പി ബെന്നി ബഹനാനാണ് മത്സരിക്കുന്നത്. പ്രൊഫ. സി രവീന്ദ്രനാഥിനെപ്പോലെ ജനപ്രീതിയുള്ള ഒരാളെ ഇറക്കി മണ്ഡലം തിരികെ പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒന്നേകാല്‍ ലക്ഷത്തിലധികം വോട്ട് നേടിയത് എന്‍ഡിഎയ്ക്ക് ഉണര്‍വ് നല്‍കിയിട്ടുണ്ട്. എൻ ഡി എ മുന്നണിയുടെ സ്ഥാനാർത്ഥിയായി ബി.ഡി ജെ എസ്സിലെ കെ.എ ഉണ്ണികൃഷ്‌ണനാണ് മത്സര രംഗത്തുള്ളത്.

News, Malayalam News, Politics, Election, Chalakudy, Lok Sabha election, UDF.LDF,

 എറണാകുളത്തെ കിഴക്കമ്പലം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രദേശിക രാഷ്ട്രീയ പാർട്ടിയായ ട്വൻ്റി ട്വൻ്റിക്ക് വേണ്ടി അഡ്വ. ചാർളി പോളാണ് മത്സര രംഗത്തുള്ളത്. മദ്യ വിരുദ്ധ സമിതിയുടെ പ്രവർത്തകനായിരുന്ന ചാർളി പോൾ, എറണാകുളം അങ്കമാലി അതിരൂപതയുടെ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി കൂടിയായിരുന്നു. സിറോ മലബാർ സഭയ്ക്ക് വലിയ സ്വാധീനമുള്ള മണ്ഡലത്തിൽ സഭയുമായി അടുത്ത ബന്ധമുള്ള സ്ഥാനാർത്ഥിയെ നിർത്തി പരമാവധി വോട്ടുകൾ സമാഹരിക്കുകയാണ് ട്വൻ്റി ട്വൻ്റിയുടെ ലക്ഷ്യം. തൃശൂർ, എറണാകുളം ജില്ലകളിലായി പരന്നുകിടക്കുന്ന ലോക്സഭാ മണ്ഡലമാണ് ചാലക്കുടി. എന്നും കോൺഗ്രസിനോട് ആഭിമുഖ്യം കാണിക്കുന്ന ചാലക്കുടി മണ്ഡലത്തെ ബെന്നി ബെഹന്നാൻ ആണ് നിലവിൽ പ്രതിനിധീകരിക്കുന്നത്.

കയ്പമംഗലം മുതൽ കുന്നത്തുനാട് വരെയുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് ചാലക്കുടി ലോക്സഭാ മണ്ഡലം. തൃശൂർ ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ നാല് നിയമസഭാ മണ്ഡലങ്ങളും ഉൾപ്പെടുന്നതാണ് ചാലക്കുടി. തൃശൂർ ജില്ലയിലെ കയ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂർ എന്നീ മൂന്ന് മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ പെരുമ്പാവൂർ, അങ്കമാലി, ആലുവ, കുന്നത്തുനാട് എന്നീ നിയമസഭാ മണ്ഡലങ്ങളും ചേർന്നാണ് ചാലക്കുടി ലോക്സഭാ മണ്ഡലം രൂപീകരിക്കപ്പെട്ടിരിക്കുന്നത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ആകെയുള്ള ഏഴ് നിയമസഭാ സീറ്റുകളിൽ നാലെണ്ണം യുഡിഎഫിനൊപ്പവും മൂന്നെണ്ണം എൽഡിഎഫിനൊപ്പവുമായിരുന്നു.

തിരുക്കൊച്ചിയിലെ ക്രാങ്കന്നൂർ എന്ന ആദ്യ പാർലമെന്റ് മണ്ഡലം പിന്നിട്, കേരള സംസ്ഥാന രൂപീകരണത്തിന് പിന്നാലെ മുകുന്ദപുരം ലോക്സഭാ മണ്ഡലമായി മാറുകയായിരുന്നു. പരമ്പരാഗതമായി യൂഡിഎഫിന് അനുകൂലമായ മണ്ഡലമായിരുന്നു ഇത്. 2009 ലെ മണ്ഡലപുനർ നിർണയത്തെ തുടർന്ന് മുകുന്ദപുരം മണ്ഡലം ഇല്ലാതായി ചാലക്കുടി ലോക്സഭാ മണ്ഡലം രൂപീകൃതമാകുകയായിരുന്നു. ചാലക്കുടിയുടെ തെരഞ്ഞെടുപ്പ് ചരിത്രം ഇങ്ങനെ: രാഷ്ട്രീയത്തിലെ അതികായനായ പനമ്പള്ളി ഗോവിന്ദ മേനോന്‍, കെ കരുണാകരന്‍, ഇ ബാലാനന്ദന്‍, സാവിത്രി ലക്ഷ്മണ്‍ എന്നിങ്ങനെ നിരവധി പേരെ ലോക്‌സഭയിലേക്ക് അയച്ച മണ്ഡലമാണ് മുകുന്ദപുരം. ഐക്യകേരളം രൂപീകരണത്തിന് മുമ്പ് നടന്ന തിരഞ്ഞെടുപ്പിലും അതിനുശേഷം നടന്ന 16 തിരഞ്ഞെടുപ്പിലുമായി 11 തവണ യുഡിഎഫ് വിജയിച്ച മണ്ഡലം. രണ്ട് തവണ ഇടത് സ്വതന്ത്രരും രണ്ട് തവണ എല്‍ഡിഎഫും ഒരു തവണ കേരള കോണ്‍ഗ്രസും വിജയിച്ചു.

ഇടതിന്റെ നാരായണന്‍കുട്ടി മേനോനായിരുന്നു ആദ്യ എം പി. എന്നാല്‍ 1962 മുതല്‍ 77 വരെ മണ്ഡലം യുഡിഎഫ് കൈയില്‍ വച്ചു. ഇതില്‍ 62 മുതല്‍ 67 വരെ പനമ്പിള്ളി ഗോവിന്ദമേനോന്‍ ആയിരുന്നു എംപി. കേരളത്തില്‍ നിന്നുള്ള ആദ്യ കേന്ദ്രമന്ത്രിയും അദ്ദേഹമായിരുന്നു. പിന്നീട് രണ്ട് തവണ എ സി ജോര്‍ജിലൂടെ മണ്ഡലം യുഡിഎഫ് നിലനിര്‍ത്തി. 57ലെ വിജയത്തിനുശേഷം 19 വര്‍ഷം കഴിഞ്ഞുള്ള തിരഞ്ഞെടുപ്പിലാണ് പിന്നീട് എല്‍ഡിഎഫിന്റെ ഒരു സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ വിജയിക്കുന്നത്. ഇ ബാലാനന്ദനാണ് അന്ന് ആ വിജയം ഇടതിന് സമ്മാനിച്ചത്. പിന്നീടുള്ള തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസുകാരനായ കെ മോഹന്‍ദാസ് വിജയിച്ചു. 1989 മുതല്‍ 98-വരെ വീണ്ടും കോണ്‍ഗ്രസിന്റെ കയ്യിലേക്ക് മണ്ഡലം തിരികെപ്പോയി. സാവിത്രി ലക്ഷ്മണും പിസി ചാക്കോയും എ സി ജോര്‍ജും കെ കരുണാകരനും അക്കാലയളവില്‍ എം പിമാരായി. പക്ഷേ 2004ല്‍ മുകുന്ദപുരം മണ്ഡലത്തിലെ അവസാന തിരഞ്ഞെടുപ്പില്‍ പത്മജ വേണുഗോപാല്‍ മത്സരിച്ചപ്പോള്‍ മണ്ഡലം എല്‍ഡിഎഫിനെ വിജയിപ്പിച്ചു. ലോനപ്പന്‍ നമ്പാടനോട് 1,17,097 വോട്ടിനാണ് പത്മജ പരാജയപ്പെട്ടത്.

2008 ല്‍ പുതിയ മണ്ഡലം ചാലക്കുടി രൂപീകൃതമായി. മുകുന്ദപുരം മണ്ഡലം ഇല്ലാതായി. തൃശൂര്‍ ജില്ലയിലെ കൈപ്പമംഗലവും ചാലക്കുടിയും കൊടുങ്ങല്ലൂരും കൂടിച്ചേര്‍ന്നുള്ള ചാലക്കുടി മണ്ഡലത്തിലെ ആദ്യ തിരഞ്ഞെടുപ്പില്‍, 2009-ല്‍, ധനപാലന് അനായാസ വിജയമായിരുന്നു. എല്‍ഡിഎഫിന്റെ യു പി ജോസഫിനെ 71,679 വോട്ടുകള്‍ക്കാണ് ധനപാലന്‍ പരാജയപ്പെടുത്തിയത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ വി സാബു 45,367 വോട്ട് നേടി. 2014-ല്‍ കാര്യങ്ങള്‍ മാറി. കോണ്‍ഗ്രസിലുണ്ടായ ആഭ്യന്തര പ്രശ്നങ്ങള്‍ക്കൊടുവില്‍ തനിക്ക് ചാലക്കുടി സീറ്റ് വേണമെന്ന് പി സി ചാക്കോ ആവശ്യപ്പെട്ടു. അവസാന നിമിഷം തൃശൂര്‍, ചാലക്കുടി മണ്ഡലങ്ങള്‍ പരസ്പരം വച്ചുമാറി. പി സി ചാക്കോയ്ക്ക് ചാലക്കുടിയും ധനപാലന് തൃശൂരും നല്‍കി പാര്‍ട്ടി. എന്നാല്‍ ചാക്കോയുടെ അടവ് പിഴച്ചു. ചലച്ചിത്ര താരമായ ഇന്നസെന്റ് മണ്ഡലത്തില്‍ വിജയിച്ചു. 3,58,440 വോട്ടാണ് അന്ന് ഇന്നസെന്റ് കരസ്ഥമാക്കിയത്. ചാക്കോയ്ക്ക് 3,44,556 വോട്ടുകളാണ് ലഭിച്ചത്. ബി ഗോപാലകൃഷ്ണനിലൂടെ എന്‍ഡിഎ വോട്ടുകള്‍ ഇരട്ടിയായി വര്‍ധിച്ചു.

2019-ല്‍ യുഡിഎഫ് തരംഗത്തിനൊപ്പം ചാലക്കുടി മണ്ഡലവും പോയി. ഇടുക്കി ലോക് സഭാ മണ്ഡലത്തില്‍ പരാജയപ്പെട്ടിരുന്ന ബെന്നി ചാലക്കുടിയില്‍ ജയിക്കുമോയെന്ന സംശയങ്ങള്‍ക്കെല്ലാം തിരഞ്ഞെടുപ്പ് മറുപടി കൊടുത്തു. 2014ല്‍ ഇന്നസെന്റ് നേടിയ ഭൂരിപക്ഷത്തിന്റെ പത്തിരട്ടി ഭൂരിപക്ഷത്തിനാണ് ബെന്നി വിജയിച്ചത്. ബിജെപിയുടെ എ എന്‍ രാധാകൃഷ്ണനും പിന്നോട്ട് പോയില്ല. 1,28,996 വോട്ടുകളാണ് അദ്ദേഹം നേടിയത്. ബെന്നി ബെഹനാൻ 4,73,444.വോട്ടുകൾ നേടിയാണ് ചാലക്കുടിയിൽ വിജയിച്ചത്. മുകുന്ദപുരത്തുനിന്ന് ചാലക്കുടിയായപ്പോള്‍ യുഡിഎഫിന്റെ കോട്ട തകര്‍ന്നുവെന്ന വിലയിരുത്തലുകളാണുള്ളത്. അത് യാഥാര്‍ഥ്യമാണോ? ഈ തിരഞ്ഞെടുപ്പ് ആ ചോദ്യത്തിനുള്ള ഉത്തരംകൂടിയാവും.

സാമുദായിക സമവാക്യങ്ങള്‍ പരിശോധിച്ചാല്‍ ക്രിസ്തീയ സമൂഹത്തിനു മേല്‍ക്കൈ ഉള്ള പ്രദേശങ്ങളാണ് ചാലക്കുടി മണ്ഡലത്തില്‍ ഏറെയും. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് ഈഴവ, മുസ്ലിം വോട്ടുകളും. ക്രിസ്ത്യന്‍ സമുദായത്തില്‍ തന്നെ യാക്കോബായ വിഭാഗത്തിനു മേല്‍ക്കൈ ഉള്ള സ്ഥലങ്ങളും കൂടിയാണ് ചാലക്കുടിയിലേത്. ചര്‍ച്ച് ബില്‍ അടക്കം ചര്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ യാക്കോബായ സമുദായം എന്ത് നിലപാടെടുക്കുമെന്നത് പ്രധാനമാണ്. പൊതുവെ യുഡിഎഫിനോട് ആഭിമുഖ്യം കാണിക്കുന്നവരുമാണ് യാക്കോബായ സഭയിലെ സാധാരണക്കാര്‍. ട്വന്‌റി 20 ഈ തിരഞ്ഞെടുപ്പില്‍ ചാലക്കുടി ലോക് സഭാ മണ്ഡലത്തിൽ നിര്‍ണായകമാവുമെന്നാണ് വിലയിരുത്തല്‍. ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും ഓരോ പഞ്ചായത്തിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്ന പാര്‍ട്ടിക്ക് ചാലക്കുടി മണ്ഡലത്തില്‍ ശക്തമായ സ്വാധീനമുണ്ട്. യുഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ തന്നെയാണ് കൂടുതലും ട്വന്‌റി 20 വളര്‍ന്നതെന്നും ശ്രദ്ധേയമാണ്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്നിലാക്കി മൂന്നാം സ്ഥാനത്തേക്ക് വന്ന ചരിത്രവും പാര്‍ട്ടിക്കുണ്ട്. 2015-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 19 സീറ്റുകളില്‍ 17 സീറ്റുകളും വിജയിച്ച് കിഴക്കമ്പലത്തിന്റെ ഭരണം ഏറ്റെടുത്തതോടെയാണ് ട്വന്റി 20 എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും എതിരാളിയായി മാറിയത്. 2020-ല്‍ നാല് പഞ്ചായത്തുകളിലേക്ക് കൂടി ശക്തി വ്യാപിപ്പിച്ചു. മഴുവന്നൂര്‍, ഐക്കരനാട്, കുന്നത്തുനാട് അടക്കം അഞ്ച് പഞ്ചായത്തുകള്‍ ഭരിക്കുന്ന പാര്‍ട്ടിയായി ട്വന്‌റി 20 വളര്‍ന്നു. 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ എട്ട് മണ്ഡലങ്ങളില്‍ മത്സരിച്ച പാര്‍ട്ടി ഈ മണ്ഡലങ്ങളില്‍ നിന്നെല്ലാമായി 1,45,664 വോട്ട് സമാഹരിച്ചു. കുന്നത്തുനാട്ടിലും പെരുമ്പാവൂരും ബിജെപി നാലാം സ്ഥാനത്തായി. അങ്ങനെയിരിക്കെ ട്വന്‌റി 20 ഈ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുമെന്നാണ് കരുതുന്നത്.

ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽ 2019 ലെ കണക്ക് പ്രകാരം 12,30,197 വോട്ടർമാരാണുള്ളത്. ആകെ പുരുഷ വോട്ടർമാർ 6,30,324 പേർ. മൊത്തം വനിത വോട്ടർമാർ 5,99,865 പേർ. കാർഷിക വിലയിടിവും , നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും വന്യ ജീവി ആക്രമണവും ഒക്കെ തന്നെയാണ് ഈ തെരഞ്ഞെടുപ്പിൽ ഇവിടുത്തെയും ചർച്ചാ വിഷയം. എം.പി യുടെയും കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെയും പ്രവർത്തനങ്ങളുടെ വിലയിരുത്തൽ തന്നെയാണ് ഈ മണ്ഡലത്തിലും നടക്കുന്നത്. ചാലക്കുടി ആരുടെ കോട്ടയാണ്? അത് പറയുക അസാധ്യം.

മുകുന്ദപുരം യുഡിഎഫ് കോട്ടയായിരുന്നെങ്കില്‍ അത് ചാലക്കുടിയായി രൂപം മാറിയപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും ജയിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലെ കരുത്തുറ്റവര്‍ വാഴുകയും വീഴുകയും ചെയ്ത മണ്ഡലത്തില്‍നിന്ന് ആരാണ് ലോക്‌സഭയിലേക്ക് എത്തുകയെന്ന് പ്രവചിക്കുക അസാധ്യം. മണ്ഡലത്തിന്റെ പൊതുമനസ് അറിയാൻ തെരഞ്ഞെടുപ്പ് ഫലം വരും വരെ കാത്തിരിക്കണം. ട്വന്‌റി 20യുടെ ഈ വരവ് ആര്‍ക്കുള്ള വെല്ലുവിളിയാണെന്നതിലും ആശ്രയിച്ചിരിക്കും തിരഞ്ഞെടുപ്പ് ഫലം.

News, Malayalam News, Politics, Election, Chalakudy, Lok Sabha election, UDF.LDF,



Keywords: News, Malayalam News, Politics, Election, Chalakudy, Lok Sabha election, UDF.LDF, Lok Sabha Election: 4-way fight in Chalakudy
< !- START disable copy paste -->

Post a Comment