Follow KVARTHA on Google news Follow Us!
ad

Kottiyoor Festival | ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കൊട്ടിയൂരില്‍ ഇളനീര്‍ അഭിഷേകം നടത്തി

പെരുമാളിനെ ദര്‍ശിക്കാനെത്തിയത് പതിനായിരങ്ങള്‍ Kottiyoor News, Ilaneer Abhishekam, Temple
കൊട്ടിയൂര്‍: (www.kvartha.com) കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും എത്തിയ ശിവഭക്തരുടെ ഓംകാര ധ്വനികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ കൊട്ടിയൂര്‍ പെരുമാളിന് ഇളനീരഭിഷേകം നടത്തി. ശനിയാഴ്ച ഭക്തിസാന്ദ്രമായ കൊട്ടിയൂര്‍ ഉത്സവ നഗരിയില്‍ സ്ത്രീകളടക്കം പതിനായിരങ്ങളാണ് പെരുമാളിനെ ദര്‍ശിക്കാനെത്തിയത്. മഹോത്സവത്തിലെ പ്രധാന ആരാധനകളില്‍ രണ്ടാമത്തേതായ അഷ്ടമി ആരാധനയും പ്രധാന ചടങ്ങായ ഇളനീരാട്ടവുമാണ് ശനിയാഴ്ച നടന്നത്. 

ഉച്ചശീവേലിക്കുശേഷമാണ് അഷ്ടമിപ്പാട്ട് എന്നറിയപ്പെടുന്ന അഷ്ടമി ആരാധന നടന്നത്. ഭണ്ഡാര അറയുടെ മുന്നിലായി നടന്ന അഷ്ടമി ആരാധനാ പൂജ സ്ഥാനികനായ പന്തീരടി കാമ്പ്രമാണ് നടത്തിയത്. വെള്ളിയാഴ്ച രാത്രിയില്‍ ഇളനീരാട്ടത്തിനായി വ്രതക്കാര്‍ ആചാരപൂര്‍വമെത്തിച്ച് തിരുവഞ്ചിറയില്‍ സമര്‍പ്പിച്ച ഇളനീര്‍ കാവുകള്‍ ഇന്നലെ രാവിലെ ഉഷഃപൂജക്കുശേഷം കൈക്കോളന്മാര്‍ ചെത്തിയൊരുക്കി അഭിഷേകത്തിനായി മണിത്തറയിലെത്തിച്ചു.

Kottiyoor, News, Kerala, Temple, Ilaneer Abhishekam at Kottiyoor in a devotional atmosphere.

രാത്രിയില്‍ ഇളനീരാട്ടം നടക്കുന്നതിന് തൊട്ടു മുന്നേ മുത്തപ്പന്‍ വരവ് എന്ന ചടങ്ങ് നടന്നു. പുറംകലയന്‍ സ്ഥാനികന്‍ മുഖത്തെഴുത്ത് നടത്തി ശരീരം മുഴുവന്‍ ചായം പൂശി കൊട്ടേരിക്കാവില്‍ നിന്നും കുറിച്യ പടയാളികളുമായെത്തി തിരുവഞ്ചിറയില്‍ പ്രവേശിച്ച് മണിത്തറക്കടുത്ത മുഖമണ്ഡപത്തിലെത്തി ചപ്പാരം വാളുകളെ വണങ്ങി അരിയും കളഭവും പ്രസാദവുമായി മടങ്ങുന്ന ചടങ്ങാണിത്.

Kottiyoor, News, Kerala, Temple, Ilaneer Abhishekam at Kottiyoor in a devotional atmosphere.

മുത്തപ്പന്‍ വരവിനുശേഷം പാലോന്നം നമ്പൂതിരി രാശി വിളിച്ചതോടെയാണ് ഇളനീരാട്ടം നടന്നത്. കാര്യത്ത് കൈക്കോളന്‍ ചെത്തി ഒരുക്കിയ ഇളനീരുകള്‍ സമുദായി ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ ഉഷ്ണക്കാമ്പ്രം നമ്പൂതിരിയാണ് സ്വയംഭൂവില്‍ അഭിഷേകം ചെയ്തത്. അഭിഷേകം ചെയ്ത ഇളനീരുകള്‍ ഭക്തര്‍ക്ക് വിതരണം ചെയ്തു. വൈശാഖ മഹോത്സവത്തിലെ മൂന്നാമത്തെ ആരാധനയായ രേവതി ആരാധന 13 നും അവസാനത്തെ ആരാധനയായ രോഹിണി ആരാധന 17 നും നടക്കും. ഇന്നലെ ഇളനീരാട്ടവും അവധി ദിനവുമായതോടെ രാവിലെ മുതല്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.

Keywords: Kottiyoor, News, Kerala, Temple, Ilaneer Abhishekam at Kottiyoor in a devotional atmosphere.

Post a Comment