Follow KVARTHA on Google news Follow Us!
ad

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ചൊല്ലി പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും ഏറ്റുമുട്ടി; പരാജയമെന്ന് ചെന്നിത്തല, ഹോം ഐസോലേഷന് നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് പരിശോധനകള്‍ കുറവാണ് നടത്തുന്നതെന്നും ദേശീയശരാശരിക്ക് താഴെയാണിതെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാണിച്ചു. Encounter between CM and Opposition Leader about pandemic #കേരളാവാര്‍ത്തകള്‍ #മുഖ്യമന്ത്രി #പ്രതിപക്ഷനേതാവ്‌
തിരുവനന്തപുരം: (www.kvartha.com 30.07.2020) കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ചൊല്ലി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഏറ്റുമുട്ടി. തിരുവനന്തപുരം ജില്ലയില്‍ രോഗലക്ഷണങ്ങളില്ലാത്ത രോഗികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ വീട്ടില്‍ ചികിത്സ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് തര്‍ക്കം രൂക്ഷമായത്. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. സര്‍ക്കാര്‍ എ, ബി, സി എന്നീ പ്ലാനുകള്‍ കൊട്ടിഘോഷിച്ചതല്ലാതെ ഒന്നും ചെയ്തില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. രോഗികളോട് വീട്ടിലിരുന്ന് ചികിത്സ തേടാന്‍ പറഞ്ഞിട്ട് സര്‍ക്കാര്‍ ഒളിച്ചോടുകയാണെന്നും അദ്ദേഹം പരിഹസിച്ചു. 

CM

എന്നാല്‍ ഹോം ഐസോലേഷന് ആരേയും നിര്‍ബന്ധിക്കില്ലെന്നും ലക്ഷണമില്ലാത്ത ധാരാളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് കൊണ്ടാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഹോം ഐസോലേഷന് ത്രിതല മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി. മുമ്പ് രോഗശമന സിദ്ധാന്തവുമായി (mitigation theory) വന്ന പ്രതിപക്ഷനേതാവ് അത് തെറ്റാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ തിരുത്തിയില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രോഗത്തിന്റെ തീവ്രതയും വ്യാപനവും അനുസരിച്ചുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് പരിശോധനകള്‍ കുറവാണ് നടത്തുന്നതെന്നും ദേശീയശരാശരിക്ക് താഴെയാണിതെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാണിച്ചു. രോഗികളുടെ എണ്ണവും മറ്റും കൃത്യമായി പുറത്തുവിടുന്നില്ലെന്നും പരിശോധനാ ഫലം ഒരാഴ്ച വരെ വൈകുന്നെന്നും ഇത് രോഗവ്യാപനത്തിന് കാരണമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പല സംവിധാനങ്ങളും പ്രാവര്‍ത്തികമാക്കിയില്ലെന്നും പ്രവാസികളെ ക്വാറന്റയിന്‍ ചെയ്യാനായി തയ്യാറാക്കുമെന്ന് പറഞ്ഞ കാര്യങ്ങളൊന്നും നടപ്പായില്ലെന്നും ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റയില്‍ ഫലപ്രദമായില്ലെന്നും അദ്ദേഹം പറഞ്ഞു.   

സംസ്ഥാനത്തിന്റെ ആരോഗ്യരംഗം ഈ സര്‍ക്കാരാണ് മികച്ചതാക്കിയതെന്ന് ആരും അവകാശപ്പെട്ടിട്ടില്ലെന്നും റെക്കോഡ് സ്ഥാപിക്കുകയോ പബ്‌ളിസിറ്റിയോ അല്ല, മഹാമാരിയെ തടയുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തുടക്കത്തില്‍ കേരളം ലോകത്തിന് മാതൃകയാണെന്ന് വിദേശ മാധ്യമങ്ങള്‍ എഴുതിയപ്പോള്‍ പി ആര്‍ വര്‍ക്കാണെന്നാണ് പ്രതിപക്ഷനേതാവ് അടക്കമുള്ള യു ഡി എഫ് നേതാക്കള്‍ പറഞ്ഞത്. രോഗവ്യാപനം തീവ്രമായപ്പോള്‍ ചെറിയ വിമര്‍ശനങ്ങളുമായി ബി ബി സിയില്‍ വാര്‍ത്ത വന്നപ്പോള്‍ കേരള മാതൃക പൊളിഞ്ഞെന്ന് ഇവര്‍ തന്നെ പറയുന്നു. അപ്പോള്‍ ആദ്യം വന്ന വാര്‍ത്ത പി ആര്‍ വര്‍ക്കല്ലെന്ന് പ്രതിപക്ഷം സമ്മതിക്കുകയല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.

Keywords: Encounter between CM and Opposition Leader about pandemic, CM, Opposition Leader, Pandemic, Quarantine, Home isolation, BBC, PR Work, UDF, Test, Result.