Follow KVARTHA on Google news Follow Us!
ad

തെറ്റിദ്ധരിപ്പിക്കുന്നവര്‍ക്ക് വേണ്ടിയല്ല... തെറ്റിദ്ധരിച്ചവര്‍ക്ക് വേണ്ടി മാത്രം; മന്ത്രി എം എം മണിയുടെ ഇന്നോവ ക്രിസ്റ്റയ്ക്ക് ഉപയോഗിച്ച 34 ടയറിന്റെ സത്യാവസ്ഥ ഇതാണ്; ട്രോളുമായി നിറഞ്ഞുനിന്ന ഉണ്ണിത്താന്‍ എംപിക്കും തൃത്താലയിലെ യുവ എംഎല്‍എയ്ക്കും മറുപടി

കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും കൊട്ടിഘോഷിച്ച വാര്‍ത്തയായിരുന്നു വൈദ്യുതി മന്ത്രി എം എം മണി 10 തവണ തന്റെ കാറിന്റെ ടയര്‍ മാറ്റി എന്നത് Kerala, News, Thiruvananthapuram, Car, Facebook, Minister, Controversy, MM Mani's FB post on Tyre controversy
തിരുവനന്തപുരം: (www.kvartha.com 30.10.2019) കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും കൊട്ടിഘോഷിച്ച വാര്‍ത്തയായിരുന്നു വൈദ്യുതി മന്ത്രി എം എം മണി 10 തവണ തന്റെ കാറിന്റെ ടയര്‍ മാറ്റി എന്നത്. സത്യാവസ്ഥ അറിയും മുമ്പെ അത് മലവെള്ളം പോലെ പ്രവഹിച്ചു. സോഷ്യല്‍ മീഡിയകളില്‍ ട്രോളുകളുടെ പ്രവാഹമായിരുന്നു. മാധ്യമങ്ങള്‍ വിമര്‍ശനം കൊണ്ടുമൂടി. പരിഹാസവുമായി പ്രതിപക്ഷ നേതാക്കളുമെത്തി. കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍, തൃത്താല എംഎല്‍എ വി ടി ബല്‍റാം ഒക്കെ ഫെയ്‌സ്ബുക്കിലൂടെ ട്രോളാന്‍ മുമ്പന്തിയിലുണ്ടായിരുന്നു. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ ഇതാണെന്ന് വിവരിച്ച് മന്ത്രി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

കണക്കുകള്‍ സഹിതമാണ് എം എം മണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ട്രോളന്‍മാര്‍ ട്രോളട്ടെയെന്നും തമാശയല്ലേ ആസ്വദിക്കാം എന്നും എന്നാല്‍ അത് നിര്‍ദോഷമായ ഒരു തമാശ എന്ന നിലയില്‍ നിന്നും അപവാദ പ്രചരണത്തിനുള്ള ഉപാധിയായി മാറുമ്പോള്‍ വസ്തുതയും തെറ്റിധരിപ്പിക്കപ്പെട്ടവര്‍ അറിയണമല്ലോ എന്ന് തോന്നിയതുകൊണ്ടാണ് ഈ വിശദീകരണം എന്നുപറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. തെറ്റിദ്ധരിപ്പിക്കുന്നവര്‍ക്ക് വേണ്ടിയല്ല... തെറ്റിദ്ധരിച്ചവര്‍ക്ക് വേണ്ടി മാത്രമാണിതെന്നും വിശദീകരണത്തില്‍ പറയുന്നു.



പോസ്റ്റിന്റെ പൂര്‍ണരൂപം

വിവരാവകാശത്തില്‍ കിട്ടിയ ഒരു ടയര്‍ കണക്ക് വൈറലായി ഓടുന്നുണ്ടല്ലോ... ട്രോളന്‍മാര്‍ ട്രോളട്ടെ... തമാശയല്ലേ ആസ്വദിക്കാം എന്നാണ് ആദ്യം എടുത്തത്. എന്നാല്‍ അത് നിര്‍ദോഷമായ ഒരു തമാശ എന്ന നിലയില്‍ നിന്നും അപവാദ പ്രചരണത്തിനുള്ള ഉപാധിയായി മാറുമ്പോള്‍ വസ്തുതയും തെറ്റിധരിപ്പിക്കപ്പെട്ടവര്‍ അറിയണമല്ലോ എന്ന് തോന്നി.

എനിക്ക് അനുവദിച്ച ക്രിസ്റ്റ കാറിന്റെ (KL-01-CB 8340) ടയര്‍ 34 എണ്ണം മാറി (10 തവണ) എന്നതു മാത്രമാണ് വിവരാവകാശ കണക്കായി പുറത്തുവന്നത്. ഈ കാര്‍ ആ പറയുന്ന കാലഘട്ടത്തില്‍ ആകെ എത്ര ദൂരം ഓടി, എവിടെ ഓടി എന്ന കണക്ക് കൂടി പറയേണ്ടതുണ്ട് എന്ന് തോന്നി.

സാധാരണ റോഡുകളില്‍ ഓടുമ്പോള്‍ സുരക്ഷിതമായി ഓടുന്നതിന് ക്രിസ്റ്റ കാറിന്റെ ടയറുകള്‍ക്ക് കിട്ടുന്ന മൈലേജ് ശരാശരി 20,000 കി. മി. മാത്രമാണ്. ഈ കാര്‍ ഈ കാലയളവില്‍ ആകെ ഓടിയത് 1,24,075 കി.മീ. ആണ്. ഇതില്‍ ഭൂരിഭാഗവും ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയില്‍ കുത്തനെയുള്ള കയറ്റവും ഇറക്കവും കൊടുംവളവുകളും പുളവുകളും നിറഞ്ഞ റോഡുകളിലാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്‍ സമയത്ത് ഓടിയെത്താന്‍ അത്യാവശ്യം വേഗത്തില്‍ തന്നെയാണ് വണ്ടി പോയിട്ടുള്ളത്. ഇതിന്റെയൊക്കെ ഫലമായി ടയറിന്റെ ആയുസ് കുറയും. എന്നിട്ടും 14,597 കിലോമീറ്റര്‍ മൈലേജ് ടയറുകള്‍ക്ക് കിട്ടിയിട്ടുണ്ട്.

കണക്ക് ചിത്രത്തിലുണ്ട്.

മന്ത്രിയുടെ വണ്ടിയുടെ ടയര്‍ മാറുന്നത് മന്ത്രിയോ മന്ത്രിയുടെ ഓഫിസില്‍ നിന്നോ അല്ല. പകരം ടൂറിസം വകുപ്പിലെ ചുമതലയുള്ള സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരാണ്. ടയര്‍ പരിശോധിച്ച് മാറേണ്ടതുണ്ട് എന്ന് കൃത്യമായി ബോധ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണിത്. അല്ലാതെ യാത്രയ്ക്കിടെ അത്യാവശം വന്ന് 34 ടയറുകള്‍ മാറിയിട്ടുണ്ട് എന്ന് കണക്കെഴുതി മന്ത്രി പണം പറ്റുകയല്ല. ടയര്‍ വാങ്ങി വിറ്റു പണമുണ്ടാക്കി എന്നൊക്കെ തെറ്റിധരിച്ചു പോയവരുണ്ടെങ്കില്‍ അവര്‍ കാര്യം മനസിലാക്കും എന്ന് കരുതുന്നു.

കാള പെറ്റു എന്ന് ഘോഷിക്കുന്നവര്‍, കയ്യിലെ കയറുമായി ഇങ്ങോട്ടു വരണ്ട.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

keywords: Kerala, News, Thiruvananthapuram, Car, Facebook, Minister, Controversy,  MM Mani's FB post on Tyre controversy