Follow KVARTHA on Google news Follow Us!
ad

കര്‍ണാടക രാഷ്ട്രീയം: അത് അട്ടിമറിയാണ്, ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന സാമ്പത്തിക അട്ടിമറി

ഓപ്പറേഷന്‍ ലോട്ടസ് ദിവസങ്ങളോളം പത്രവാര്‍ത്തകളില്‍ തിളങ്ങി നിന്നതാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കീഴില്‍ വിജയിച്ച് വന്ന ജനപ്രതിനിധിയെ Article, Karnataka, Politics, Trending, Mubeen Anappara, Article about Karnataka Politics
മുബീന്‍ ആനപ്പാറ

(www.kvartha.com 29.07.2019) ഓപ്പറേഷന്‍ ലോട്ടസ് ദിവസങ്ങളോളം പത്രവാര്‍ത്തകളില്‍ തിളങ്ങി നിന്നതാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കീഴില്‍ വിജയിച്ച് വന്ന ജനപ്രതിനിധിയെ സാമ്പത്തിക സഹായം കൊണ്ടും സിബിഐ പോലെയുള്ള അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചും എതിര്‍ചേരിയിലേക്ക് കൊണ്ടുവരുന്ന ഒരു നാറിയ രാഷ്ട്രീയ കുതന്ത്രമാണ് കുറച്ചു ദിവസങ്ങളായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കുന്നത്. ലോകസഭാ തിരഞ്ഞെടുപ്പിനോടടുത്തും അതിനു ശേഷവും പല രാഷ്ട്രീയ നേതാക്കന്മാരും പരസ്പര വിരുദ്ധ ചേരികളിലേക്ക് ചേക്കേറുകയുണ്ടായി. മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും ബീഹാറിലും പഞ്ചാബിലും ഗുജറാത്തിലും ഗോവയിലും കര്‍ണാടകയിലും രാഷ്ട്രീയ കൂടുമാറ്റത്തിന്റെ അലയൊലികള്‍ ശക്തമായിരുന്നു.

ഇന്ത്യയിലെ പ്രഭലമായ രണ്ട് രാഷ്ട്രീയ പാര്‍ട്ടികളാണ് കോണ്‍ഗ്രസ്സും ബിജെപിയും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണത്തിലിരുന്ന കോണ്‍ഗ്രസ്സും ഇപ്പോള്‍ തുടര്‍ച്ചയായി രണ്ടാം തവണ ഭരണത്തിലിരിക്കുന്ന ബിജെപിയും, പരസ്പര വിരുദ്ധമായ രീതിയിലുള്ള പ്രവര്‍ത്തന രീതിയിലാണ് നീങ്ങുന്നത്. കോണ്‍ഗ്രസ്സ് മതേതരത്വ സോഷ്യലിസ്റ്റ് നയങ്ങള്‍ കൂട്ടുപിടിച്ച് കുടുംബ ഭരണം കാഴ്ച്ചവെക്കുമ്പോള്‍ ബിജെപി വര്‍ഗീയ നയങ്ങള്‍ കൂട്ടുപിടിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പക്ഷെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഭരണത്തിലിരിക്കുന്ന ബിജെപി കോര്‍പറേറ്റ് കമ്പനികളുടെ പിന്തുണയാല്‍ ശക്തമായ സാമ്പത്തിക നിലയിലാണുളളത്. അത് കൊണ്ട് തന്നെ സാമ്പത്തികമായ കുതന്ത്രങ്ങളാണ് ഇന്ന് ഭാരതം സാക്ഷ്യം വഹിക്കുന്നത്.


ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പുണ്ടായ നിയമസഭാ തിരഞ്ഞെടുപ്പുകളിലൊന്നാണ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെയും ബിജെപിയുടെ അമരക്കാരന്‍ അമിത്ഷായുടെയും ഈറ്റില്ലമായ ഗുജറാത്തില്‍ കോണ്‍ഗ്രസ്സ് ശക്തമായ പോരാട്ടമാണ് കാഴ്ച്ചവെച്ചത്. എന്നാലിന്ന് കോണ്‍ഗ്രസ്സിന്റെ യുവരക്തമായ അനുരാഗ് ഠാക്കുര്‍ അടക്കം എതിര്‍ചേരിയിലേക്ക് ചേക്കാറാന്‍ കാത്തു നില്‍ക്കുകയാണ്. മഹാരാഷ്ട്ര പ്രതിപക്ഷ നേതാവടക്കം ലോകസഭാ തിരഞ്ഞടുപ്പിനോടടുത്ത് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നു. കോണ്‍ഗ്രസ്സിന്റെ വിവിധ നേതാക്കളാണ് സീറ്റിന് വേണ്ടി മറുകണ്ടം ചാടിയത്. ദേശീയ സെക്രട്ടറിയായിരുന്ന കേരളീയന്‍ ടോം വടക്കന്‍ അടക്കമുള്ളവര്‍ ബിജെപിയിലേക്ക് ചേക്കേറി. ഒരു നേതാവിനെ ഇന്ന് കോണ്‍ഗ്രസ് രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവാണെന്ന് ഉറപ്പിച്ച് പറയാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ഇന്ന് കോണ്‍ഗ്രസിലുള്ളയാള്‍ നാളെ നേരം പുലരുമ്പോള്‍ ബിജെപിയുടെ പതാകയിക്ക് കീഴില്‍ നില്‍ക്കുന്നത് കാണാം.

കര്‍ണാടക ഒരു പാഠമാണ്, തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിനെ എങ്ങനെ അട്ടിമറിക്കാമെന്നതിനുള്ള പാഠം. സൈനിക അട്ടിമറികള്‍ ഒരു പാട് കേട്ടതാണ് നാം. സൈനിക ശക്തിയുപയോഗിച്ച് അട്ടിമറിക്കപ്പെട്ട പാക്കിസ്ഥാന്‍ കഥകള്‍ കേട്ടു. എന്നാല്‍ സാമ്പത്തിക സ്രോതസ്സും അന്വേഷണ ഏജന്‍സികളെയും ഉപയോഗിച്ച് തിരഞ്ഞടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിച്ചിടുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. കര്‍ണാടക അത് അടിവരയിടുന്നു. തിരഞ്ഞെടുക്കപ്പെട്ട ജെ.ഡി.എസ് - കോണ്‍ഗ്രസ് സര്‍ക്കാറിനെ, അവരുടെ പതിനേഴോളം വരുന്ന എം എല്‍ എമാരെ സാമ്പത്തിക സഹായം ചെയ്ത്, അതും ഭീമമായ സാമ്പത്തിക സഹായം നല്‍കി തങ്ങളെ വിജയിപിച്ച പാര്‍ട്ടിയേയും ജനങ്ങളെയും മറന്ന് മറുകണ്ടം ചാടിച്ചു.

വിമതരായ പതിനേഴോളം വരുന്ന എംഎല്‍എമാരെ കൂടെ കൂട്ടി സര്‍ക്കാരിനെതിരെ അവിശ്വസ പ്രമേയം കൊണ്ട് വരികയും കുമാര സ്വാമിയെ അട്ടിമറിച്ചിടുകയും ചെയിതു. സൈനിക നീക്കത്തിലൂടെ സര്‍ക്കാറിനെ അട്ടിമറിച്ചിടുന്ന അതേ രീതിയാണ് കര്‍ണാടകയിലും നടന്നത്. സാമ്പത്തിക ബലം ഉപയോഗിച്ച് കുതിര കച്ചവടത്തിലൂടെ എംഎല്‍എമാരെ ചാക്കിട്ടു പിടിക്കുകയും ഇതുപയോഗിച്ച് സര്‍ക്കാറിനെ അട്ടിമറിക്കുകയും ചെയിതു.ജനപ്രതിനിധികളെ ചാക്കിട്ടു പിടിക്കുന്നത് നിത്യ സംഭവമായി കൊണ്ടിരിക്കുകയാണ്. ഗോവയില്‍ പ്രതിപക്ഷ നേതാവടക്കം ഭൂരിഭാഗം പ്രതിപക്ഷ എംഎല്‍എമാരും ഭരണപക്ഷമായ ബിജെപിയുടെ ഭാഗത്തെത്തി. പശ്ചിമ ബംഗാളില്‍ തൃണമൂലിന്റെയും ഇടതുമുന്നണിയുടെയും നേതാക്കളെയും ത്രിപുരയില്‍ ഇടതുമുന്നണിയുടെ എംഎല്‍എമാരെയും ബിജെപി റാഞ്ചി കൊണ്ട് പോയ ചരിത്രം നമുക്കറിയാം. ജനാധിപത്യത്തെയും ജനഹിതത്തെയും തീര്‍ത്തും നോക്കുകുത്തിയാക്കുന്ന സംഭവങ്ങളാണ് തുടര്‍ച്ചയായി ഇന്ത്യയില്‍ അരങ്ങേറി കൊണ്ടിരിക്കുന്നത്.
   
കോണ്‍ഗ്രസ്സ് വിതച്ച രാഷ്ട്രീയ പാടത്തില്‍ ബിജെപി കൊയ്യുന്നതാണ് നാമിന്ന് കാണുന്നത്. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായിരുന്ന കോണ്‍ഗ്രസിനെ ചോദ്യം ചെയ്യാന്‍ മുളച്ച് വരുന്നവരെ മുളയിലെ നുള്ളി കളയുകയും എന്നിട്ടും വളര്‍ന്നവരെ ചാക്കിട്ടു പിടിച്ച് കൂടെ കൂട്ടിയത് കോണ്‍ഗ്രസ് തന്നെയാണ്. ശക്തിയുള്ള കാലത്ത് കോണ്‍ഗ്രസ്സ് മറ്റു ദുര്‍ബല പാര്‍ട്ടികളോട് ചെയിതതാണ് ഇന്ന് ബിജെപി ശക്തിക്ഷയിച്ചു പോയ കോണ്‍ഗ്രസിനോട് ചെയ്യുന്നത്. സോമനാഥ് ചാറ്റര്‍ജിയെ വിലക്കെടുത്തതും നാലു വര്‍ഷം കൊടുത്തിരുന്ന പിന്തുണ സിപിഎം പിന്‍വലിച്ചപ്പോള്‍ മന്‍മോഹന്‍ സിംഗ് ഒരു പാര്‍ട്ടിയെ ഒന്നടങ്കം വിലക്കെടുത്തതും രാഷ്ട്രീയ ഭാരതം കണ്ടു.

കര്‍ണാടക നാടകത്തില്‍ പരാജിതരായ കോണ്‍ഗ്രസ് നേതാക്കളായ സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും ഒരു കാലത്ത് മറ്റു പാര്‍ട്ടികളിലെ നേതാക്കളായിരുന്നു. കോണ്‍ഗ്രസ് ചെയ്തത് ഇന്ന് ബിജെപി ചെയ്യുന്നു. നാളെ ഒരു കാലത്ത് കാലചക്രം തിരിയുമ്പോള്‍ ബിജെപി ക്ഷയിക്കുമ്പോള്‍ ബിജെപിയോടും ഇത് മറ്റു പാര്‍ട്ടികള്‍ ചെയ്തേക്കാം.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്ന് പറഞ്ഞ് അഭിമാനം കൊള്ളുന്നവരാണ് നാം. അത് മാറാതിരിക്കണമെങ്കില്‍ ഇത് പോലെയുള്ള അട്ടിമറികളും കുതിര കച്ചവടവും ഇനിയും നടക്കാതിരിക്കണം. റിസോര്‍ട്ട് രാഷ്ട്രീയം അവസാനിക്കണം അതിന് ശക്തമായ നിയമം കൊണ്ട് വരണം. കൂറുമാറുന്നതും കാലുവാരുന്നതും എല്ലാ രാഷ്ട്രീയക്കാരെയും ചാക്കിട്ടു പിടിക്കുന്ന രാഷ്ട്രീയ തെമ്മാടികളെയും രാഷ്ട്രീയത്തില്‍ നിന്ന് തന്നെ വിലക്കികൊണ്ടുള്ള നിയമം കൊണ്ട് വരണം. ഒരിക്കലും ഒരു പാര്‍ലമെന്റെ സീറ്റിലേക്കും മത്സരിക്കാന്‍ കഴിയാത്ത വിധത്തില്‍ അവരുടെ രാഷ്ട്രീയ ഭാവി അവസാനിപ്പിക്കണം. ഈയൊരു വഴിയേ റിസോര്‍ട്ട് രാഷ്ട്രീയം അവസാനിക്കാനും ജനാധിപത്യത്തെ സംരക്ഷിക്കാനും സാധിക്കുകയുള്ളൂ.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Karnataka, Politics, Trending, Mubeen Anappara, Article about Karnataka Politics
  < !- START disable copy paste -->