Follow KVARTHA on Google news Follow Us!
ad

ഞെട്ടല്‍ മാറും മുമ്പേ ശ്രീലങ്കയെ ഭയപ്പെടുത്തി വീണ്ടും ഇന്റലിജന്‍സ് റിപോര്‍ട്ട്; വിശ്വാസികളുടെ വേഷത്തിലെത്തി പെണ്‍ചാവേറുകള്‍ ബുദ്ധവിഹാരങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി സൂചന

ഈസ്റ്റര്‍ ദിനത്തില്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ശ്രീലങ്കയിലെ കൊളംബോയിലുണ്ടായ സ്‌ഫോടന പരമ്പരയുടെ ഞെട്ടല്‍ മാറും മുമ്പേ രാജ്യത്തെ ഭയപ്പെടുത്തി ഇന്റലിജന്‍സ് റിപോWorld, News, Srilanka, Sri Lanka, Bomb Blast, Colombo, Religion, Church, "Possible Attacks On Buddhist Temples", Sri Lankan Intelligence Reports
കൊളംബോ: (www.kvartha.com 29.04.2019) ഈസ്റ്റര്‍ ദിനത്തില്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ശ്രീലങ്കയിലെ കൊളംബോയിലുണ്ടായ സ്‌ഫോടന പരമ്പരയുടെ ഞെട്ടല്‍ മാറും മുമ്പേ രാജ്യത്തെ ഭയപ്പെടുത്തി ഇന്റലിജന്‍സ് റിപോര്‍ട്ട്. ഇനിയും സ്‌ഫോടനങ്ങള്‍ നടക്കാനുള്ള സാധ്യതയാണ് ഇന്റലിജന്‍സ് റിപോര്‍ട്ട് നല്‍കുന്നത്. വിശ്വാസികളുടെ വേഷത്തിലെത്തി പെണ്‍ചാവേറുകള്‍ ബുദ്ധവിഹാരങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി ശ്രീലങ്കന്‍ ഇന്റലിജന്‍സിന് വിവരം കിട്ടിയതായി ഡെയ്‌ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.

പെണ്‍ ചാവേറുകള്‍ വിശ്വാസികളായി നടിച്ച് ബുദ്ധവിഹാരങ്ങളില്‍ ആക്രമണം നടത്തുമെന്നാണ് ഇന്റലിജന്‍സിന് കിട്ടിയ വിവരം. പ്രത്യേക തരത്തിലുള്ള ഒരു വെളുത്ത വസ്ത്രം ധരിച്ചുകൊണ്ടാണ് സ്ത്രീകള്‍ ബുദ്ധവിഹാരങ്ങളില്‍ സന്ദര്‍ശനം നടത്തുക. ഗിരിയുള്ളയിലെ ഒരു തുണിക്കടയില്‍ നിന്നും ചില മുസ്‌ലിം യുവതികള്‍ ചേര്‍ന്ന് ഇത്തരത്തിലുള്ള ഒമ്പത് ജോഡി വെള്ള വസ്ത്രങ്ങള്‍ക്കുവേണ്ടി 29,000 ശ്രീലങ്കന്‍ രൂപ (ഏകദേശം 10,000 ഇന്ത്യന്‍ രൂപ) ചെലവഴിച്ചതായാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ക്ക് കിട്ടിയ വിവരം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കിട്ടിയിട്ടുണ്ട്. ശ്രീലങ്കയുടെ കിഴക്കന്‍ പ്രവിശ്യയിലെ സൈന്താമരുതുവില്‍ പോലീസ് നടത്തിയ റെയ്ഡിനിടയില്‍ ഇതില്‍ അഞ്ചുജോഡി വസ്ത്രങ്ങള്‍ കണ്ടെത്തിയിരുന്നു.

ഇതിന്റെ ചുവടുപിടിച്ചു നടത്തിയ അന്വേഷണത്തിലാണ് മൊത്തം ഒന്രത് ജോഡി വസ്ത്രങ്ങളാണ് അവര്‍ വാങ്ങിയതെന്നുള്ള വിവരം കിട്ടുന്നത്. ബാക്കിയുള്ള നാല് ജോഡി വസ്ത്രങ്ങള്‍ കണ്ടെടുക്കാന്‍ പോലീസിന് ഇനിയും സാധിച്ചിട്ടില്ല. ഇത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഈ വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് നാല് പെണ്‍ ചാവേറുകള്‍ ബുദ്ധവിഹാരങ്ങളെ ലക്ഷ്യമിട്ട് അക്രമണം നടത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ പറയുന്നത്.

തീവ്രവാദ അക്രമണമുണ്ടായതിന് പിന്നാലെ മുഖം മറച്ചുകൊണ്ടുള്ള പര്‍ദയ്ക്ക് ശ്രീലങ്കന്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നാഷണല്‍ തൗഹീദ് ജമാഅത്തിനെ നിരോധിക്കുകയും ചെയ്തു. അതിനിടെ ശ്രീലങ്കയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ഐഎസ്‌ഐഎസ് ഭീകരരുമായി സൈന്യം നടത്തിയ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചിരുന്നു.


Keywords: World, News, Srilanka, Sri Lanka, Bomb Blast, Colombo, Religion, Church, "Possible Attacks On Buddhist Temples", Sri Lankan Intelligence Reports