Follow KVARTHA on Google news Follow Us!
ad

മരണം വിട്ടൊഴിയാതെ നിപ : കോടതിയുടെ പ്രവര്‍ത്തനവും നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിക്ക് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്

നിപ വൈറസ് ബാധിച്ച് രണ്ട് പേര്‍ കൂടി കഴിഞ്ഞദിവസം മരിച്ച സാഹചര്യത്തില്‍ കോഴിക്കോട് Kozhikode, News, Trending, Kozhikode, Health, Health & Fitness, Medical College, Treatment, Kerala, District Collector, Report, High Court of Kerala,
കോഴിക്കോട്: (www.kvartha.com 01.06.2018) നിപ വൈറസ് ബാധിച്ച് രണ്ട് പേര്‍ കൂടി കഴിഞ്ഞദിവസം മരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കണമെന്ന് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി.

പത്ത് ദിവസത്തേക്ക് കോടതി നിര്‍ത്തി വയ്ക്കണമെന്നാണ് ഹൈക്കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. നിപ്പ വൈറസ് ബാധയേറ്റ് ജില്ലാ കോടതി സീനിയര്‍ സൂപ്രണ്ട് ടി.പി. മധുസൂദനന്‍ ബുധനാഴ്ച രാത്രി മരിച്ചിരുന്നു. ഇതിന് പിന്നാലെ കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നല്‍കിയ കത്തില്‍ കലക്ടറില്‍ നിന്ന് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു.


നിപ വൈറസ് ബാധിച്ച് മധുസൂദനന്‍ മരിച്ചതിന് പിന്നാലെയാണ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.കെ. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയത്. കോടതിക്ക് അവധി നല്‍കാതെ, ന്യായാധിപന്മാര്‍ ചേംബറിലിരുന്ന് കേസുകള്‍ നീട്ടിവയ്ക്കുന്ന രീതി കൈക്കൊള്ളണമെന്നാണ് അഭിഭാഷകരുടെ ആവശ്യം. അഡ്വ. എ. പ്രദീപ് കുമാര്‍, ഡോ. എം.കെ. മുനീര്‍ തുടങ്ങിയ ജനപ്രതിനിധികളുടെ പിന്തുണയും ഇക്കാര്യത്തില്‍ ബാര്‍ അസോസിയേഷന്‍ തേടിയിട്ടുണ്ട്.

നേരത്തെ, ബാലുശേരി ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും ഒരാഴ്ചത്തേക്ക് അവധിയില്‍ പ്രവേശിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. കൂടുതല്‍ മുന്‍ കരുതല്‍ എടുക്കുന്നതിന്റെ ഭാഗമായാണ് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പകരം മറ്റൊരു സംവിധാനം ഒരുക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. അതേസമയം, ഒ.പി പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

ജില്ലയിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നും കഴിഞ്ഞ രണ്ട് ദിവസമായി മരിച്ചവരുമായി അടുത്ത് ഇടപഴകിയവര്‍ നിപ സെല്ലുമായി ബന്ധപ്പെടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം 120 ഫോണ്‍ കോളുകളാണ് നിപ സെല്ലില്‍ വന്നിരിക്കുന്നത്. അതിനിടെ രോഗത്തിന് ആശ്വാസമേകുമെന്ന് പ്രതീക്ഷിക്കുന്ന ഓസ്‌ട്രേലിയയില്‍ നിന്നുള്ള മരുന്ന് വെള്ളിയാഴ്ച രാത്രിയോടെ എത്തിക്കാനാകുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ഹ്യൂമണ്‍ മോണോക്‌ളോണല്‍ ആന്റിബോഡി എം 102.4 മരുന്നാണ് 50 ഡോസ് ആസ്‌ട്രേലിയയില്‍ നിന്ന് അയച്ചിരിക്കുന്നത്. ചികിത്സാ മാര്‍ഗരേഖ രൂപപ്പെടുത്തിയശേഷം ഇതു രോഗികള്‍ക്ക് നല്കിത്തുടങ്ങും. ഒരാള്‍ക്ക് മൂന്നു ഡോസ് വീതം നല്‍കിയാല്‍ മതിയെന്നാണ് വിവരം.

നിപ വൈറസ് ബാധ കണ്ടെത്തിയ 11 ദിവസത്തിനുള്ളില്‍ ഇതുവരെ 17 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിപ വൈറസാണ് വില്ലനെന്നു കണ്ടെത്താനായെങ്കിലും വൈറസിന്റെ ഉറവിടം കണ്ടെത്താനോ പകരുന്നതു തടയാനോ ആരോഗ്യവകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം മരിച്ച റസിനു വൈറസ് പകര്‍ന്നതു ബാലുശേരി താലൂക്ക് ആശുപത്രിയില്‍നിന്നാണ്. ഇതു കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നും മാത്രമാണു വൈറസ് പകര്‍ന്നതെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ ഇതുവരെയുള്ള കണക്കൂകൂട്ടല്‍.

1353 പേരാണു നിലവില്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. രണ്ടു പേര്‍ ചികിത്സയിലുണ്ട്. ഒന്‍പതു പേര്‍ നിരീക്ഷണത്തിലും കഴിയുന്നു.

നിപ ആശങ്ക നിലനില്‍ക്കുന്നതിനാല്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലും തലശേരി വിദ്യാഭ്യാസ ജില്ലയിലും സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് നീട്ടിവച്ചിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Nipah death: Collector seeks nod to suspend work at Kozhikode district court, Kozhikode, News, Trending, Kozhikode, Health, Health & Fitness, Medical College, Treatment, Kerala, District Collector, Report, High Court of Kerala.