Follow KVARTHA on Google news Follow Us!
ad

ഗൃഹലക്ഷ്മിയുടെ മുലയൂട്ടല്‍ വിവാദം അതിര്‍ത്തി കടന്ന് ബത്തക്കയിലും, ബലാല്‍സംഗത്തിലും എത്തി നില്‍ക്കുന്നു

ഗൃഹലക്ഷ്മി ഉയര്‍ത്തിക്കൊണ്ടു വന്ന മുലയൂട്ടല്‍ വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. അതിനു മുമ്പേ Article, Prathibha-Rajan, Students, Teacher, Griha Lakshmi, College.
എഴുത്തുപുര/

പ്രതിഭാരാജന്‍

(www.kvartha.com 30.03.2018) ഗൃഹലക്ഷ്മി ഉയര്‍ത്തിക്കൊണ്ടു വന്ന മുലയൂട്ടല്‍ വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. അതിനു മുമ്പേ തുടങ്ങി ഫറൂക്ക് കോളജില്‍ ബത്തക്ക വിവാദവും കണ്ണൂരിലെ ബലാല്‍സംഗ ശ്രമവും. ഫറൂക്ക് ട്രെയിനിംഗ് കോളജിലെ വിദ്യാര്‍ത്ഥിനികളില്‍ ഭൂരിപക്ഷവും മുസ്ലീം മത വിശ്വാസികളാണ്. അവിടുത്തെ കോളജ് പ്രൊഫസര്‍ ജവഹര്‍ മുനവര്‍ ഇതിനിടെയുള്ള പ്രസംഗത്തില്‍ ഇങ്ങനെ വിളിച്ചു പറഞ്ഞു.

പര്‍ദ ധരിച്ചാലും കുട്ടികള്‍ ലെഗിന്‍സ് കാട്ടി നടക്കുന്നു. മറച്ചു വെക്കേണ്ടതെന്താണോ അവയൊക്കെ പുറത്തു കാട്ടാന്‍ ശ്രമിക്കുന്നു.

'ചൂഴ്‌ന്നെടുത്ത വത്തക്കപ്പോലെ മുലയും കാണിച്ച് നടക്കുകയാണ് ഇവിടുത്തെ പെണ്ണുങ്ങള്‍'

കേട്ടതു പാതി കേള്‍ക്കാത്തത് പാതി വിദ്യാര്‍ത്ഥി രാഷ്ട്രീയം ഇളകി മറിഞ്ഞു.

വഴക്കും വക്കാണവുമായി.

'പെണ്ണിന്റെ മാറിനെ

ബത്തക്കയോടുപമിച്ച

കാമഭാവനേ....

അടികൊള്ളണം

നിനക്കടികൊള്ളണം

അടികൊള്ളണമെന്ന'

പാരഡി കവിതയുണ്ടായി.

Article, Prathibha-Rajan, Students, Teacher, Griha Lakshmi, College, Social media against Grihalakshmi issue .

സംഭവം കഴിഞ്ഞ് ആഴ്ച പിന്നിട്ടു. അധ്യാപകന്റെ ഭാഗത്തും ഇപ്പോള്‍ ന്യായം പിച്ച വെച്ചു തുടങ്ങിയിട്ടുണ്ട്. ബത്തക്ക എന്നു മാത്രമല്ല, ആലിലയും അരഞ്ഞാണവും കാട്ടി നടക്കുന്നുവെന്ന് തന്നെ പറയണമെന്നാണ് മറുവാദം.
കണ്ണൂരില്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടില്‍, പറശ്ശനിക്കടവിനടുത്ത് ഒരു വിദ്യാഭ്യാസ സ്ഥാപനമുണ്ട്. പേര് നിഫ്റ്റ്. അഥവാ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി. കൈത്തറിയേയും, ഖദറിനേയും ലോകോത്തര ഫാഷന്‍ റാമ്പിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥിനികളാണ് ഇതില്‍ പലരും. വൈവിധ്യങ്ങളായ വേഷം ധരിക്കുന്ന ഇവിടുത്തെ കുട്ടികള്‍ വ്യാപകമായ ലൈംഗിക വൈകൃതത്തിനു ഇരയാവുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നടന്നു പോകുന്ന കുട്ടികളുടെ മുലയില്‍ തല്ലുക, നിരനിരയായി നിന്ന് സ്വയംഭോഗം ചെയ്തു കാണിക്കുക, ഭാഷയറിയാത്തവരെ വഴി ചോദിച്ചാല്‍ വഴി മാറ്റിപ്പറഞ്ഞ് ചുറ്റിക്കുക, പിന്തുടര്‍ന്ന് ബലാല്‍സംഗത്തിനു ശ്രമിക്കുക, കാറില്‍ വലിച്ചു കയറ്റാന്‍ ശ്രമിക്കുക തുടങ്ങിയ നവരസങ്ങളും അവിടെ അരങ്ങു തകര്‍ക്കുന്നു. സഹികെട്ട് അവര്‍ ചേര്‍ന്ന് സമരത്തിനിറങ്ങി. ചില തെമ്മാടികളെ അറസ്റ്റു ചെയ്തു. സ്ത്രീയുടെ മാറിടം മുഖചിത്രമായി പ്രസിദ്ധീകരിച്ച് ദാ മുല, ആണായി പിറന്നവന്‍ ആരും തന്നെ നോക്കി വെള്ളമിറക്കിപ്പോകരുതെന്ന് ആക്രോശിക്കുന്ന മാധ്യമ രംഗത്തെ സദാചാര പോലീസ് പണി നോക്കുന്ന ഗൃഹലക്ഷ്മിയുടെ പുതിയ പതിപ്പില്‍ നമുക്ക് പ്രതികരണം പ്രതീക്ഷിക്കാം.

ഗൃഹലക്ഷ്മി മാര്‍ച്ച് ആദ്യ ലക്കത്തിലെ മുഖചിത്രത്തില്‍ ലിജു ജോസഫ് എന്ന സ്ത്രീ ബ്ലൗസിന്റെ ബട്ടന്‍ അഴിച്ചു മാറ്റി മുലകളില്‍ ഒരെണ്ണം പുറത്തേക്കെടുത്ത് പാര്‍വ്വതി എന്നു പേരുള്ള മറ്റാരുടേയോ കൈക്കുഞ്ഞിനു മുലയൂട്ടുന്ന ചിത്രമുണ്ട്. 'തുറിച്ചു നോക്കരുത് ഞങ്ങള്‍ക്കു മുലയൂട്ടണം ' ഇതാണ് തലക്കെട്ട്. പരസ്യമായി മുലയൂട്ടുന്നത് നോക്കി വെള്ളമിറക്കുന്നവര്‍ക്കുള്ള താക്കീതുകള്‍ അടക്കം വിവിധയിനം മുലക്കലഹങ്ങള്‍ വരെ പതിപ്പിലുണ്ട്. ഇക്കിളിക്കാര്‍ ആര്‍ത്തിയോടെ വാങ്ങി വായിക്കുന്നു. ഒരിക്കല്‍ പറഞ്ഞിട്ടു തീരാത്തതിനാല്‍ ഗൃഹലക്ഷ്മി ബാക്കി അടുത്ത ലക്കത്തിലും വെച്ചു കാച്ചി. രണ്ടും നല്ലതു പോലെ വിറ്റു പോയി.

കൂടുതല്‍ മനസിലാക്കാന്‍ ശ്രമിച്ചപ്പോഴാണ് പരസ്യവാചകത്തിലെ, സദാചാര ചാരിത്ര വാചകത്തിലെ മൂല്യമറിയുന്നത്. മുലയൂട്ടലിനായി ഫോസ് ചെയ്തതും, രണ്ടു ലക്കങ്ങളിലായി സദാചാര വീമ്പുകള്‍ വച്ചു കാച്ചിയതുമായ ലിജു ജോസഫ് അവിവാഹിതയായ കന്യകയാണ്. പാര്‍വതി എന്ന കൈക്കുഞ്ഞിനെ വാടകക്ക് എടുത്ത് അവര്‍ മുല തുറന്നു. കുഞ്ഞിന്റെ ചുണ്ട് അവിടെ ഒട്ടിച്ചു വെച്ചു. ഗൃഹലക്ഷ്മി ഫോട്ടോ എടുത്തു. മാസിക ചൂടപ്പം പോലെ വിറ്റു തീര്‍ന്നു. ചുംബന സമരത്തിലൂടെ ഇന്ത്യന്‍ സംസ്‌കൃതിയെ തന്നെ പിടിച്ചു കുലുക്കിയ രശ്മി നായര്‍ അടക്കം പലരും പ്രതികരിച്ചു. വാടകക്കെടുത്തല്ല, സ്വന്തം കുഞ്ഞിനു മുലയൂട്ടുന്ന ചിത്രം മാധ്യമങ്ങള്‍ക്കു നല്‍കിയാണ് രശ്മി ഇതിനോട് പ്രതികരിച്ചത്.

മുഖചിത്രം ചിന്തിപ്പിച്ചത് യൂറോപ്പിലെ വിഖ്യാതനായ ചിത്രകാരന്‍ 'ബാര്‍തൊളോമിസോ എസ്‌തെബന്‍ മുരില്ലോ' (Bartolomé Esteban Murillo) യുടെ വിവാദപരമായ ഒരു പെയ്ന്റിങ്ങിലേക്കാണ്. പേര്, 'അച്ഛന് മുലയൂട്ടുന്ന മകള്‍'. കുറ്റം ചെയ്തവരെ പട്ടിണിക്കിട്ട് കൊല്ലുക എന്നത് പഴയ നാട്ടു രാജ്യ യൂറോപ്യന്‍ രീതിയായിരുന്നു. ഏക മകള്‍ മാത്രം ബന്ധുവായുള്ള ഒരു വൃദ്ധനെ ഒരിക്കല്‍ അങ്ങനെ കൊല്ലാനുള്ള ശിക്ഷ കല്‍പ്പിക്കാന്‍ ഇട വന്നു. തടവിലായ വൃദ്ധന്‍ പാര്‍ക്കുന്ന ഇരുട്ടറയില്‍ ഏക പുത്രിക്ക് മാത്രം പ്രവേശിക്കാം. ആഹാരം നിരോധിച്ചതിനാല്‍ പട്ടിണി കിടന്നു മരണത്തെ വരിക്കാന്‍ ഒരുങ്ങുന്ന പിതാവിന്റെ ദയനീയതക്ക് മുമ്പില്‍ അവള്‍ നിസ്സഹായയായി നിന്നു കൊടുത്തില്ല. മുന്നില്‍ തെളിഞ്ഞ ഏക വഴി ഇരുട്ടറയിലിരുന്ന് അച്ചനെ മുലയൂട്ടുക എന്നതു മാത്രമായിരുന്നു.

പാപത്തിനു സമാനമായ, ലോക അലിഖിത നിയമങ്ങള്‍ക്ക് വിരുദ്ധമായി സ്‌നേഹ പരിചരണത്തിന്റെ മറ്റൊരു അദ്ധ്യായം രചിക്കലായിരുന്നു ആ സംഭവം. വിവരം ഇറ്റലി വിട്ട് പുറത്തേക്കൊഴുകി. വലിയ ഒച്ചപ്പാടുകളുണ്ടായി. പൊതു സമൂഹം രണ്ടു തട്ടിലായി. പവിത്രമായ പിതൃ പുത്രി ബന്ധത്തിന് കളങ്കം വരുത്തിയെന്ന് ഒരു പക്ഷം. മറ്റെല്ലാറ്റിനും ഉപരിയായി, സ്‌നേഹ വിശ്വാസങ്ങളെ പ്രകീര്‍ത്തിച്ചു കൊണ്ട് മറു പക്ഷം. ലോക രാജ്യങ്ങള്‍ ഇടപെട്ടു. കത്തിപ്പടര്‍ന്ന ധാര്‍മ്മിക രോഷങ്ങള്‍ക്കു മുമ്പില്‍ ഒടുവില്‍ ഭരണകൂടം മുട്ടു മടക്കി. വൃദ്ധനെ വെറുതെ വിടാന്‍ ഭരണാധികാരിക്ക് കല്‍പ്പിക്കേണ്ടി വന്നു.

ഈ സംഭവത്തെ ലോക ജനതയുടെ ടേണിങ്ങ് പോയന്റാക്കി മാറ്റിയത്, അന്നത്തെ കലാകാരന്മാരും, ചരിത്ര രചയിതാക്കളുമാണ്. അത്തരം രചനകളില്‍ ഒന്നാണ് ബാര്‍തൊളോമിസോ എസ്‌തെബന്‍ മുരില്ലോയുടെ ഈ പെയിന്റിംഗ്. മറ്റൊരു സംഭവം ബ്രിട്ടനിലായിരുന്നു നടന്നത്. അരക്കെട്ടിനു താഴെയുള്ള ഭാഗമാകെ തളര്‍ന്നു പോയ ഒരുവന്റെ ഭാര്യക്കു ശാരീരികാവശ്യത്തിന്റെ പേരില്‍ പരിചാരകനുമായി ലൈംഗിക വേഴ്ച്ചയില്‍ ഏര്‍പ്പെടാനുള്ള അധികാരമുണ്ടെന്ന് എച്ച്. ലോറന്‍സ് തന്റെ ' ലേഡി ചാറ്റര്‍ലീസ് ലൗവ്വര്‍' എന്ന നോവലില്‍ പറഞ്ഞു. ഇതു കേട്ട ബ്രിട്ടണ്‍ മാത്രമല്ല, ലോകമാകെ ഞെട്ടി. ലോറന്‍സിനു മേല്‍ കേസുണ്ടായി. രചന കൊണ്ടോ, പ്രഭാഷണം കൊണ്ടോ, അംഗവിക്ഷേപം കൊണ്ടോ, അന്യനു ഞെട്ടലുണ്ടാക്കാന്‍ ഒരാള്‍ക്കും അധികാരമില്ല. ബ്രിട്ടണ്‍ കോടതി വിധിച്ചു. പുസ്തകം കണ്ടുകെട്ടി. അതിനു ശേഷമാണ് അശ്ശീല രചനകളും, പ്രസ്താവനകളും ലോകത്താകമാനം ആവിഷ്‌ക്കാര സ്വാതന്ത്രത്തില്‍ നിന്നും പുറത്തായത്.

ഇതുപോലെ എന്തൊക്കെയോ വിപ്ലവങ്ങള്‍ സമാനമായ കാര്യങ്ങള്‍ മനസില്‍ കണ്ടായിരിക്കണം ചിലപ്പോള്‍ ഗൃഹലക്ഷ്മി ബ്ലൗസിന്റെ ബട്ടണഴിപ്പിച്ചത്. പക്ഷെ അമ്മഞ്ഞിപ്പാലില്ലാത്ത മാറിടത്തു നിന്നും ചുരത്തിയത് വെറുപ്പിന്റെ ഉറവ. മുലയൂട്ടുന്ന അമ്മയും കുഞ്ഞിന്റെയും ചിത്രം അതിമനോഹരമായി ലോകത്ത് പല തവണ പകര്‍ത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതൊക്കെയും കുട്ടികളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ളതായിരുന്നു. ഇവിടെ ഗൃഹലക്ഷ്മിയുടെ മുഖചിത്രം മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിന്റെ അണ്ണാക്ക് ഒരു കന്യകയുടെ മുലഞെട്ടില്‍ തിരുകിക്കയറ്റി വായനക്കാരോട് സദാചാരം പ്രസംഗിച്ച് കുളിരുണ്ടാക്കി രോഗിയായ വായനക്കാരന്റെ പോക്കറ്റില്‍ നിന്നും പിടിച്ചു പറിക്കുകയാണ്.

പണം വാരാനുള്ള ചെപ്പടി വിദ്യ മലയാളത്തിലും പ്രയോഗിച്ചു നോക്കാന്‍ മാതൃഭൂമിയെ പ്രലോഭിപ്പിച്ചത് ചിലപ്പോള്‍ ഇതിനിടെ ആസ്ത്രലിയയില്‍ നടന്ന ഒരു സംഭവമായിരിക്കാം. അവിടെ ഒരു പറ്റം സ്ത്രീകള്‍ പൂര്‍ണ നഗ്‌നരായി, നുല്‍ബന്ധം പോലുമില്ലാതെ കടലിനു അഭിമുഖമായി വെയിലത്ത് മലര്‍ന്നു കിടന്നു. കൂട്ടത്തില്‍ ഓരോ കൈക്കുഞ്ഞുമുണ്ടായിരുന്നു. ലോകരാഷ്ട്രങ്ങളില്‍ പടം ലൈവായി കത്തിക്കാളി. വികാരങ്ങള്‍ക്ക് തീ പിടിച്ച സംഭവം. ഇവിടെ ഗൃഹലക്ഷ്മി തട്ടി വിട്ടതിനു സമാനമായി അവിടെയും ആവശ്യം ഞങ്ങളുടെ നഗ്‌ന ശരീരത്തിലല്ല, മനസിലാണ് സൗന്ദര്യം എന്നതാണ്. കൈക്കുഞ്ഞിനേയും മടിയിലിരുത്തി നടത്തിയ നഗ്‌ന പ്രദര്‍ശനം വഴി എത്രയോ തലമുറക്ക് കഴിയാനുള്ളത് കിട്ടിക്കാണും അവര്‍ക്ക്. മുലക്കണ്ണിന്റെ അറ്റത്ത് ഒരു കൈക്കുഞ്ഞിന്റെ ചുണ്ട് ഒട്ടിച്ചു ചേര്‍ത്ത് ഇവിടെ നടത്തിയ വേലത്തരവും വയറ്റില്‍പ്പിഴപ്പ് തന്നെയാണ് കാരണമെന്ന് വേണം കരുതാന്‍. മുഖചിത്രമുണ്ടാക്കുന്ന കോലാഹലങ്ങള്‍ എന്തു തന്നെയായാലും ശരി, നേരിടാന്‍ തയ്യാറാണെന്ന് കന്യക കൂടിയായ ലിജു ജോസഫ് തന്നെ തുറന്ന് സമ്മതിച്ചിട്ടുമുണ്ട്.

'ഉദരം നിമിത്തം ബഹുകൃത വേഷം'

'നാരീസ്തനഭരനാഭീദേശം

ദൃഷ്ട്വാ മാ ഗാ മോഹാവേശം

ഏതന്മാം സവസാദി വികാരം

മനസി വിചിന്തയ വാരം വാരം''

'സ്ത്രീയുടെ കനമാര്‍ന്ന മുലകളും അടിവയറും കണ്ട് മനസ്സിന്റെ ഉറപ്പില്ലായ്മയില്‍ ചെന്നു വീഴരുത്. അവ മാംസത്തിന്റെയും കൊഴുപ്പിന്റെയും രൂപഭേദങ്ങളാണ് എന്ന കാര്യം എപ്പോഴും കരുതി വെക്കുക....'ഇത് ശങ്കരാചാര്യര്‍ 'മോഹമുദ്ഗര'ത്തില്‍ പറഞ്ഞിട്ടുള്ളതാണ്. അതു കൊണ്ട് പൂവാലന്മാരേ, ഞരമ്പു രേഗികളെ ജാഗ്രത. അവ കേവലം കൊഴുപ്പു നിറഞ്ഞ മാംസപിണ്ഡങ്ങള്‍ മാത്രമാണ്. നിങ്ങളും വലിച്ചൂറ്റിക്കുടിച്ചിട്ടുണ്ട്. ചെറുപ്പത്തില്‍ ഈ പാല്‍ടാങ്കിനെ. ഇത്രേയുള്ളു സംഗതി. ഇതിനെയൊക്കെ ബത്തക്കയോടും മറ്റും ഉപമിച്ച് കോലാഹലം കൂട്ടേണ്ട ഒരു കാര്യവുമില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Prathibha-Rajan, Students, Teacher, Griha Lakshmi, College, Social media against Grihalakshmi issue .