Follow KVARTHA on Google news Follow Us!
ad

വിട പറഞ്ഞത് രാഷ്ട്രീയ രംഗത്തെ കരുത്തുറ്റ വ്യക്തിത്വം, ശ്രീമൂലം അസംബ്ലിയിലും ശ്രീ ചിത്രാ സ്‌റ്റേറ്റ് അസംബ്ലിയിലും സാന്നിധ്യമറിയിച്ച ഇ ചന്ദ്രശേഖരന്‍ നായര്‍ കര പുരളാത്ത നേതാവ്

ചൊവ്വാഴ്ച അന്തരിച്ച ഇ ചന്ദ്രശേഖരൻ നായർ മുൻ മന്ത്രി CPI leader E Chandrashekharn was the
തിരുവനന്തപുരം: (www.kvartha.com 29.11.2017) ചൊവ്വാഴ്ച അന്തരിച്ച ഇ ചന്ദ്രശേഖരൻ നായർ മുൻ മന്ത്രി എന്ന നിലയിലും അതോടൊപ്പം എം എൽ എ എന്ന നിലയിലും കഴിവ് തെളിയിച്ച വ്യക്തിത്വമാണ്. ശ്രീമൂലം അസംബ്ലിയിലും ശ്രീ ചിത്രാ സ്‌റ്റേറ്റ് അസംബ്ലിയിലും തിരു-കൊച്ചി നിയമസഭയിലും അംഗമായിരുന്നു അദ്ദേഹം. തിരുവിതാംകൂറിലെ പ്രമുഖ അഭിഭാഷകനായിരുന്ന കൊല്ലം എഴുകോണ്‍, ഇടയിലഴികത്ത് ഈശ്വരപിള്ളയുടെയും ഇരുമ്പനങ്ങാട് മുട്ടത്തുവയലില്‍ മീനാക്ഷിയമ്മയുടെയും മകനായി 1928 ഡിസംബര്‍ 2 ന് കൊല്ലം, ഇരുമ്പനങ്ങാട് മുട്ടത്തുവയലിലാണ് ജനനം. 

കൊട്ടാരക്കര സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍, സര്‍ക്കാര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം, കൊട്ടാരക്കര തൃക്കണ്ണമംഗല്‍ സംസ്‌കൃത ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഗോദവര്‍മ്മ തിരുമുല്‍പ്പാടിന്റെ കീഴില്‍ സംസ്‌കൃത പഠനം. കൊട്ടാരക്കര സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നിന്നും ഇ.എസ്.എല്‍.സി. പാസ്സായശേഷം ചങ്ങനാശ്ശേരി എസ്.ബി കോളജില്‍ നിന്നും ഇന്റര്‍മീഡിയേറ്റ് പാസ്സായി. അണ്ണാമല സര്‍വ്വകലാശാലയില്‍ നിന്നും ഗണിതശാസ്ത്രത്തില്‍ ബിരുദം. എറണാകുളം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്നും നിയമബിരുദം എന്നിങ്ങനെ വിദ്യാഭ്യാസം പൂർത്തിയാക്കി.

അണ്ണാമല സര്‍വ്വകലാശാലയിലെ പഠനത്തിന് ശേഷം, പിതാവ് സ്ഥാപിച്ച കൊട്ടാരക്കരയിലെ ഹൈസ്‌കൂളില്‍ ഹെഡ്മാസ്റ്ററായും കണക്ക് അധ്യാപകനായും പ്രവര്‍ത്തിച്ചു. ബി.ടി. യോഗ്യത ഇല്ലാത്തതിനാല്‍ ഒരു വര്‍ഷത്തിന് ശേഷം ഹെഡ് മാസ്റ്റര്‍ പദവിയ്ക്ക് അംഗീകാരം ലഭിച്ചില്ല. നിയമപഠനത്തിന് ശേഷവും സ്‌കൂളില്‍ ഗണിതാദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചു.

അണ്ണാമല സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിയായിരിക്കെ വിദ്യാര്‍ത്ഥി കോണ്‍സിലൂടെ 1948 ല്‍ ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും തുടര്‍ന്ന് 1952 ല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. സി.പി.ഐ. കൊട്ടാരക്കര ടൗണ്‍ സെല്‍ സെക്രട്ടറി, കൊട്ടാരക്കര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, താലൂക്ക് സെക്രട്ടറി, സംസ്ഥാന കൗണ്‍സില്‍ അംഗം, ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം, സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

1957ലും 1967ലും കൊട്ടാരക്കരയില്‍ നിന്നും 1977ലും 1980ലും ചടയമംഗലത്തു നിന്നും 1987ല്‍ പത്തനാപുരത്ത് നിന്നും 1996ല്‍ കരുനാഗപ്പള്ളിയില്‍ നിന്നുമടക്കം 19 വര്‍ഷം നിയമസഭാംഗമായിരുന്നു. മുഖ്യമന്ത്രി സി.അച്യുതമോനോന് നിയമസഭാംഗമാകുന്നതിന് 1970 ഫ്രെബ്രുവരി ഒന്നിന് കൊട്ടാരക്കരയില്‍ നിന്നുള്ള നിയമസഭാംഗത്വം രാജിവച്ചു.

1957ല്‍ ഒന്നാം കേരള നിയമസഭയില്‍ ഭൂപരിഷ്‌കരണ ബില്ലിന്റെ സെലക്ട് കമ്മിറ്റി അംഗമായിരുന്നു. 1967ല്‍ മൂന്നാം കേരള നിയമസഭയില്‍ ഭൂപരിഷ്‌കരണ ബില്ലിന്റേയും സര്‍വ്വകലാശാല ബില്ലിന്റേയും സെലക്ട് കമ്മിറ്റി അംഗമായിരുന്നു. സി .എച്ച്. മുഹമ്മദ് കോയയുടെ അഭാവത്തില്‍ സര്‍വ്വകലാശാല ബില്ലിന്റെ സെലക്ട് കമ്മിറ്റി യോഗങ്ങളുടെ അദ്ധ്യക്ഷന്‍ ഇ. ചന്ദ്രശേഖരന്‍നായര്‍ ആയിരുന്നു. മൂന്നാം കേരള നിയമസഭയുടെ ഒന്നും രണ്ടും സമ്മേളനങ്ങളില്‍ പാനല്‍ ഓഫ് ചെയര്‍മാന്‍ ആയിരുന്നു. 1977-79ല്‍ അഞ്ചാം കേരള നിയമസഭയില്‍ സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും സംബന്ധിച്ച സമിതിയുടെ അദ്ധ്യക്ഷനായിരുന്നു. അഞ്ചാം കേരള നിയമസഭയുടെ (1977-79) ഒന്നും രണ്ടും നാലും ആറും സമ്മേളനങ്ങളില്‍ പാനല്‍ ഓഫ് ചെയര്‍മാന്‍ ആയിരുന്നു. 1980ല്‍ നിയമസഭ വിഷയ നിര്‍ണയ സമിതികള്‍ രൂപീകരിക്കുന്നത് സംബന്ധിച്ച അഡ്‌ഹോക്ക് കമ്മിറ്റിയുടെ ചെയര്‍മാന്‍ ആയിരുന്നു. 1999ല്‍ നിയമസഭ വിഷയ നിര്‍ണയ സമിതികളുടെ പ്രവര്‍ത്തനം ശക്തമാക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ ചെയര്‍മാനും ഇ.ചന്ദ്രശേഖരന്‍ നായരായിരുന്നു.

1980-81ല്‍ ഭക്ഷ്യ- പൊതുവിതരണ- ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രിയായിരുന്നു. 1987-91ല്‍ ഭക്ഷ്യ-പൊതുവിതരണം-മൃഗസംരക്ഷണം-ക്ഷീരവികസന വകുപ്പുകളുടെ മന്ത്രിയായിരുന്നു. 1996-2001ല്‍ ഭക്ഷ്യ-പൊതു വിതരണം- ഉപഭോക്തൃകാര്യം -വിനോദസഞ്ചാര വികസനം- നിയമം-മൃഗസംരക്ഷണം- ക്ഷീരവികസനം- ക്ഷീരവികസന സഹകരണ സംഘങ്ങള്‍ എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു.

'കേരള വികസന മാതൃക: പ്രതിസന്ധിയും പരിഹാരമാര്‍ഗ്ഗങ്ങളും', 'ഹിന്ദുമതം ഹിന്ദുത്വം', 'ചിതറിയ ഓര്‍മ്മകള്‍' 'മറക്കാത്ത ഓര്‍മ്മകള്‍' എന്നീ പുസ്തകങ്ങളുടെ കര്‍ത്താവാണ്. 'ഹിന്ദുമതം ഹിന്ദുത്വം' എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

മികച്ച പാര്‍ലമെന്റേറിയനുള്ള ആര്‍.ശങ്കരനാരായണന്‍ തമ്പി പുരസ്‌കാരം, മികച്ച സഹകാരിക്കുള്ള സദാനന്ദന്‍ അവാര്‍ഡ്, കെ.എം.ചാണ്ടി അവാര്‍ഡ്, ബി. വിജയകുമാര്‍ അവാര്‍ഡ്, രാഷ്ട്രീയ ഏകത പുരസ്‌കാരം, ഗള്‍ഫ് മലയാളി അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ജനയുഗത്തിന്റെ മാനേജിംഗ് എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്ന ചന്ദ്രശേഖരന്‍ നായര്‍ 2007 മുതല്‍ ജനയുഗം ദിനപത്രത്തില്‍ 'ഇടപെടല്‍'എന്ന പക്തിയും എഴുതിയിരുന്നു. മലയാള മനോരമ ദിനപത്രത്തിലും കുറച്ച് കാലം ഒരു പംക്തി കൈകാര്യം ചെയ്തിരുന്നു.

ഭാര്യ മനോരമ നായര്‍ റിട്ട.ഹെഡ്മിസ്ട്രസ് ആണ്. ഗീതയും ജയചന്ദ്രനുമാണ് മക്കള്‍. ഗീതയുടെ ഭര്‍ത്താവ് മുന്‍ ലേബര്‍ കമ്മിഷണര്‍ സി.രഘുവാണ്. കാലിഫോര്‍ണിയയില്‍ എഞ്ചിനീയറായ മകന്‍ ജയചന്ദ്രന്റെ ഭാര്യ ലക്ഷ്മി കാലിഫോര്‍ണിയയില്‍ ഹൃദ്രോഗ വിദഗ്ധയാണ്.

Summary: CPI leader E Chandrashekharn was the veteran political leader. He was the person who entered in shreemoolam assembly and shreechithra state assembly. He also part of Kerala assembly and won many times.