Follow KVARTHA on Google news Follow Us!
ad

ബ്രോക്കര്‍ രാജീവ് വധക്കേസില്‍ ഉദയഭാനുവിനെ 'പെടുത്താന്‍' വക്കീലന്മാരുടെ സംഘടിത ശ്രമം എന്തുകൊണ്ട്?

ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ സി പി ഉദയഭാനുവിനെ ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലക്കേസുമായി ബന്ധപ്പെടുത്തി മോശമാക്കാനും Kerala, News, Thiruvananthapuram, Murder case, Is CP Udayabhanu involved in Rajeev murder case, or not?
തിരുവനന്തപുരം: (www.kvartha.com 01.10.2017) ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ സി പി ഉദയഭാനുവിനെ ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലക്കേസുമായി ബന്ധപ്പെടുത്തി മോശമാക്കാനും ഒറ്റപ്പെടുത്താനും അഭിഭാഷകരുടെ തീവ്രശ്രമമെന്നു സൂചന. കഴിഞ്ഞ രണ്ടു ദിവസമായി എറണാകുളത്തെ എല്ലാ മാധ്യമ പ്രവര്‍ത്തകരും ഹൈക്കോടതിയിലെ ഒരു വിഭാഗം അഭിഭാഷകരുടെ ഈ ശ്രമത്തിന് സാക്ഷികളാണ്. മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ പ്രശ്നമുണ്ടാവുകയും ഹൈക്കോടതിയില്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുകയും വിലക്കുകയും ചെയ്തപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കാപ്പമാണ് അഡ്വക്കേറ്റ് ഉദയഭാനു നിന്നത്.

അതിനുള്ള പ്രതികാരമായാണ് ഇപ്പോഴത്തെ അവസരം അഭിഭാഷകര്‍ ഉപയോഗിക്കുന്നത്. മുന്‍ എം പി സെബാസ്റ്റ്യന്‍ പോള്‍, കാളീശ്വരം രാജ് എന്നിവരാണ് അന്ന് മാധ്യമങ്ങള്‍ക്കൊപ്പം നിന്ന മറ്റ് പ്രമുഖ അഭിഭാഷകര്‍. അവരെയും ഉദയഭാനുവിനെയും ഒറ്റപ്പെടുത്താന്‍ ശ്രമമുണ്ടായെങ്കിലും സ്വന്തം പ്രവര്‍ത്തന മേഖലയിലെ മികവുകൊണ്ട് ആ ശ്രമങ്ങളെ അതിജീവിക്കുകയാണ് അവര്‍ ചെയ്തത്. ഈ ഒറ്റപ്പെടുത്തലിനേക്കുറിച്ച് സെബാസ്റ്റിയന്‍ പോള്‍ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു.

രാജീവ് വധക്കേസിലെ പ്രധാന പ്രതിയായി കരുതപ്പെടുന്ന ജോണി കൊലയ്ക്കു ശേഷം ആദ്യം ഫോണില്‍ വിളിച്ചത് ഉദയഭാനുവിനെയാണ് എന്നു കണ്ടതോടെയാണ് അദ്ദേഹത്തിലേക്കും അന്വേഷണം നീണ്ടത്. രാജീവും ജോണിയുമായി റിയല്‍ എസ്റ്റേറ്റ് ബന്ധമുണ്ടെന്ന് ഉദയഭാനു സമ്മതിക്കുന്നുമുണ്ട്. എന്നാല്‍ കൊലയുമായി ബന്ധമില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ജോണി വിളിച്ച് അറിയിച്ചയുടന്‍ രാജീവിന്റെ മരണത്തേക്കുറിച്ച് പൊലീസില്‍ അറിയിച്ചത് താനാണെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഉദയഭാനു പൊലീസില്‍ അറിയിച്ചിട്ടില്ലെന്നാണ് റൂറല്‍ എസ് പി യതീശ്ചന്ദ്ര മാധ്യമങ്ങളോട് പറഞ്ഞത്. താന്‍ സിഐയെ വിളിച്ച് പറഞ്ഞതായി ഉദയഭാനു അതിനു ശേഷവും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ പരസ്യ പ്രതികരണത്തിന് അദ്ദേഹം തയ്യാറായിട്ടില്ല. ശനിയാഴ്ച ഈ വിഷയം ചര്‍ച്ച ചെയ്ത മനോരമ ന്യൂസും മാതൃഭൂമി ന്യൂസും അദ്ദേഹത്തെ ബന്ധപ്പെട്ടെങ്കിലും ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വിസമ്മതിക്കുകയാണുണ്ടായത്.

ഉദയഭാനുവിനെതിരേ കൊല്ലപ്പെട്ട രാജീവ് നേരത്തേ ഹൈക്കോടതിയില്‍ നല്‍കിയ പരാതി ശനിയാഴ്ച ചില ചാനലുകള്‍ക്ക് നല്‍കിയത് ഹൈക്കോടതിയിലെ ചില അഭിഭാഷകരാണ്. എന്നാല്‍ സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് രാജീവിന് കൊടുത്ത അമ്പത് ലക്ഷം രൂപ തിരിച്ചുകിട്ടാതെ വന്നപ്പോള്‍ പൊലീസിന് നല്‍കിയ പരാതി മറികടക്കാനാണ് ഹൈക്കോടതിയില്‍ രാജീവ് പരാതി നല്‍കിയത് എന്നാണ് ഉദയഭാനുവിന്റെ വിശദീകരണം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലേക്ക് സിപിഎം പരിഗണിച്ചവരില്‍ ഒരാളാണ് സി പി ഉദയഭാനു. ജിഷ്ണു പ്രണോയി കേസില്‍ ഉദയഭാനുവിനെ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിക്കണം എന്നാണ് ജിഷ്ണുവിന്റെ കുടുംബം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. അത് സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. ചന്ദ്രബോസ് വധക്കേസിലും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അദ്ദേഹമായിരുന്നു. കുപ്രസിദ്ധമായ വിതുര പെണ്‍വാണിഭക്കേസിലുള്‍പ്പെടെ പ്രോസിക്യൂട്ടറായി പ്രവര്‍ത്തിച്ചും ശ്രദ്ധേയനായ അഭിഭാഷകനാണ് അദ്ദേഹം. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഉദയഭാനുവിന് രാജീവ് വധവുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ അദ്ദേഹത്തെ സംരക്ഷിക്കേണ്ട എന്നാണ് സിപിഎം നേതൃത്വത്തില്‍ ഉണ്ടായിരിക്കുന്ന പൊതുധാരണ എന്ന് അറിയുന്നു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, Murder case, Is CP Udayabhanu involved in Rajeev murder case, or not?