Follow KVARTHA on Google news Follow Us!
ad

ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കര്‍ണാടക സ്വദേശിയായ പാസ്റ്റര്‍ അറസ്റ്റില്‍

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത കര്‍ണാടക സ്വദേശി പാസ്റ്റര്‍ Kottayam, Kerala, News, Cheating, Arrested, Police, Complaint, Court, Remanded.
കോട്ടയം: (www.kvartha.com 01.10.2017) വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത കര്‍ണാടക സ്വദേശി പാസ്റ്റര്‍ സഹപ്രവര്‍ത്തകരെയും വഞ്ചിച്ചു. വര്‍ഷങ്ങളായി തട്ടിപ്പു നടത്തിവന്ന കുന്നങ്കുളം ചീരന്‍ വീട്ടില്‍ സജി സൈമണ്‍ (50) പോലീസ് പിടിയിലായതറിഞ്ഞ് കുറവിലങ്ങാട് പോലീസ് സ്‌റ്റേഷനിലേക്ക് പരാതികളുടെ പ്രവാഹമാണ്. നാല്പതു ലക്ഷം രൂപ നഷ്ടമായവരും പാസ്റ്ററെ അന്വേഷിച്ച് സ്‌റ്റേഷനിലെത്തിയിരുന്നു. കൂടാതെ ആന്ധ്രയിലെ ഒരു ടി.വി ചാനല്‍ സ്വന്തമായുണ്ടെന്നും അവിടെയും ജോലിക്കാരെ ആവശ്യമുണ്ടെന്നും പറഞ്ഞ് ഇയാള്‍ പണം തട്ടിയെടുത്തിട്ടുള്ളതായി അറിയുന്നു.

കര്‍ണാടക റായിച്ചൂര്‍ പ്രഭു ക്ഷേത്രത്തിന് സമീപം ഗായത്രി കോളനിയില്‍ സജി സൈമണ്‍ വര്‍ഷങ്ങളായി കേരളത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതിനിടയില്‍ ഇയാള്‍ സമാനമായ തട്ടിപ്പുകളും നടത്തിയിട്ടുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ കൊല്ലം കുണ്ടറയിലും പാലക്കാട്ടും കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കാനഡയിലെ ടോറാണ്ടോ മൗണ്ടിലെ പെന്റികോസ്റ്റ് സഭയുടെ കീഴിലുള്ള ചിയാനോ ആശുപത്രിയിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് ഇയാള്‍ കൂടുതലും തട്ടിപ്പ് നടത്തിവന്നിരുന്നത്. നഴ്‌സുമാരാണ് വഞ്ചിതരായവരില്‍ അധികവും. ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ഉണ്ടെന്നാണ് ഇയാളുടെ അവകാശവാദം. എന്നാല്‍ ഇതിനുള്ള തെളിവുകളൊന്നും പാസ്റ്റര്‍ക്ക് പോലീസിന് നല്കാന്‍ കഴിഞ്ഞിട്ടില്ല.



പണം നല്കി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിസ ലഭിക്കാതിരുന്നതോടെ കുറവിലങ്ങാട് സ്വദേശിനി വെള്ളായിപറമ്പില്‍ ജസി അടക്കം അഞ്ചുപേര്‍ നല്കിയ പരാതിയിലാണ് ഇയാളെ കുറവിലങ്ങാട് എസ്.ഐ ഷമീര്‍ഖാന്‍ കുന്നംകുളത്തുനിന്നും അറസ്റ്റ് ചെയ്തത്. പ്രാര്‍ത്ഥനാലയത്തില്‍ എത്തിയിരുന്ന വിശ്വാസികളെ സ്വാധീനിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിവന്നിരുന്നത്. സഹ പാസ്റ്റര്‍മാരെയും ഇയാള്‍ തട്ടിപ്പിനിരയാക്കി. ആദ്യം വിശ്വാസത്തിലെടുത്തശേഷമാണ് ഇയാള്‍ ആളുകളെ ആകഷിച്ചിരുന്നത്. മിക്കവരും ഇയാളെ നേരില്‍ കണ്ടിട്ടില്ല. ടെലിഫോണിലൂടെ ബന്ധപ്പെട്ട് ജോലി വാഗ്ദാനം ചെയ്യുകയാണ് പതിവ്.

കാനഡയിലെ സഭയുടെ ആശുപത്രിയില്‍ ജോലിക്ക് ആളുകളെ ആവശ്യമുണ്ടെന്നും നിങ്ങളുടെ പട്ടിണി അകറ്റിതരാമെന്നും പറയും. ഇതോടെ പാസ്റ്ററുടെ വാക്കുകള്‍ വിശ്വാസത്തിലെടുക്കുകയാണ് സഭാംഗങ്ങള്‍. തുടര്‍ന്ന് നിങ്ങളുടെ ബന്ധുക്കളാരെങ്കിലും നഴ്‌സിംഗ് പഠിച്ച് പാസായി നില്പുണ്ടെങ്കില്‍ അവരെയും കാനഡക്ക് വിടാന്‍ സഹായിക്കാമെന്ന് പറയും. ആരെങ്കിലും സഹായം ചോദിച്ചാലുടന്‍ മൊബൈല്‍ നമ്പര്‍ നല്കും. ഫോണില്‍ ബന്ധപ്പെടുമ്പോള്‍ ആദ്യം സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും പാസ്‌പോര്‍ട്ടിന്റെ കോപ്പിയും ആവശ്യപ്പെടും. അത് തപാലില്‍ അയച്ചുതന്നാല്‍ മതിയെന്ന് പറയുന്നതോടെ ഉദ്യോഗാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും സന്തോഷമാവും. തുടര്‍ന്ന് ആഴ്ചകള്‍ കഴിയുംമുമ്പേ എല്ലാം റെഡിയായിട്ടുണ്ടെന്നും വിസക്കായി മുപ്പതു ലക്ഷം രൂപ വേണ്ടിവരുമെന്നും പറയും. തുടര്‍ന്ന് അക്കൗണ്ട് നമ്പറും കൈമാറും. ഇതോടെ പാസ്റ്ററെ കാണാതെതന്നെ മിക്കവരും പണം അക്കൗണ്ടില്‍ ഇട്ടുകൊടുക്കുകയായിരുന്നു പതിവ്.

കുറവിലങ്ങാട് സ്വദേശിനി ജസിക്കും ഇതേ അനുഭവമായിരുന്നു. ആറു മാസത്തിനകം കാനഡയില്‍ ജോലി ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞതോടെയാണ് ജസി അക്കൗണ്ടില്‍ പണം ഇട്ടുകൊടുത്തത്. സമയം കഴിഞ്ഞിട്ടും ഒരനക്കവും ഉണ്ടായില്ല.

തുടര്‍ന്ന് വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കാതെയായി. ഇതോടെയാണ് കബളിപ്പിക്കലിന് വിധേയരായ മറ്റ് നാലു പേരെയും കൂട്ടി മുഖ്യമന്ത്രിക്ക് പരാതി നല്കിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് പരാതികള്‍ കോട്ടയം ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീഖിന് അയച്ചുകൊടുക്കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കടുത്തുരുത്തി സി.ഐ കെ.പി.ടോംസണ്‍, കുറവിലങ്ങാട് എസ്.ഐ ഷമീര്‍ഖാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് ഇയാളെ പിടികൂടിയത്.

വി.ഐ.പികളായ വിശ്വാസികള്‍ക്കായി ഇയാള്‍ സ്വന്തം ചിലവില്‍ എ.സി യുള്ള പ്രാര്‍ത്ഥനാലയം സജ്ജമാക്കിയിരുന്നു. നൂറു പേര്‍ക്ക് മാത്രമേ ഒരേസമയം ഇവിടെ ശുശ്രൂഷയില്‍ പങ്കെടുക്കാനാവു. പോലീസ് എത്തുമ്പോള്‍ ഇയാള്‍ ശുശ്രൂഷ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തിറങ്ങിയ ഉടന്‍ പോലീസ് ഇയാളെ പിടികൂടി കുറവിലങ്ങാട്ടേക്ക് കൊണ്ടുവരികയായിരുന്നു.

കോട്ടയം ആര്‍പ്പുക്കര സ്വദേശിയായ പാസ്റ്ററെയും ഇയാള്‍ കബളിപ്പിച്ചു. മൂന്നു ലക്ഷം രൂപയാണ് പാസ്റ്റര്‍ അബ്രഹാം വിസക്കായി സജിയെ ഏല്പിച്ചത്. പാസ്റ്റര്‍ അബ്രഹാമും പണം നഷ്ടപ്പെട്ടതില്‍ പോലീസിന് പരാതി നല്കിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ സജിയെ റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kottayam, Kerala, News, Cheating, Arrested, Police, Complaint, Court, Remanded, Cheating: Karnataka native arrested.