Follow KVARTHA on Google news Follow Us!
ad

'മമ്മൂട്ടിയുടെ സമീപകാലത്തിറങ്ങിയ ഏറ്റവും സ്റ്റൈലിഷ് സിനിമ, അടിപൊളി ലുക്ക്, ആദ്യ പകുതി ഇഴച്ചിലിൽ ഒതുങ്ങിയപ്പോൾ രണ്ടാം പകുതിയിൽ വേഗത കൂടി, കഥയിലെ പുതുമയില്ലായ്മ കല്ലുകടിയായെങ്കിലും തീർച്ചയായും കണ്ടിരിക്കാൻ കഴിയുന്ന സിനിമ, ,ദി ഗ്രേറ്റ് ഫാദർ, നിരൂപണം വായിക്കാം

കാത്തിരിപ്പിന്റെ വേദന ഏറ്റവും കൂടുതൽ നൽകിയ സിനിമകളിൽ ഒന്നായിരുന്നു 'ദി ഗ്രേറ്റ് ഫാദർ The most stylish film has released recently, but story could not meet any difference, and the
-മുബ്‌നാസ് കൊടുവള്ളി

കാസർകോട്: (www.kvartha.com 30.03.2017) കാത്തിരിപ്പിന്റെ വേദന ഏറ്റവും കൂടുതൽ നൽകിയ സിനിമകളിൽ ഒന്നായിരുന്നു 'ദി ഗ്രേറ്റ് ഫാദർ'. ഈ ഒരു സിനിമക്ക് വേണ്ടി മലയാളികൾ കാത്തിരുന്നത് പോലെ മറ്റൊരു സിനിമക്ക് വേണ്ടിയും ആരും അടുത്ത കാലത്തായി കാത്തിരുന്നിട്ടില്ല.

ടീസറും പാട്ടും പോസ്റ്ററുകളുമൊക്കെ നൽകിയ പ്രതീക്ഷയും കൂടിയായപ്പോൾ ചിത്രം കാണാൻ വേറെ കാരണങ്ങളൊന്നും തേടി പോകേണ്ടി വന്നില്ല. ആദ്യ ഷോക്ക് തന്നെ തിയേറ്ററിലേക്ക് ഓടി.

അമിത പ്രതീക്ഷയുമായി തിയേറ്ററുകളിലേക്ക് പോകുന്നവർക്ക് ഒരു പക്ഷെ അൽപം നിരാശ തോന്നിയേക്കാം. എന്നാൽ ഒരു സാധാരണ പ്രേക്ഷകന് ഇതൊരു സൂപ്പർ സിനിമയാണ്. അച്ഛനമ്മമാരെ ഇഷ്ട്ടപ്പെടുന്ന മക്കൾ, മക്കളെ ഇഷ്ടപ്പെടുന്ന അച്ഛനമ്മമാർ അവരുടെയിടയിലെ സ്നേഹം, വേദന, പങ്കുവെക്കൽ എല്ലാം വ്യക്തമായി കാണിച്ച സിനിമ കുടുംബ പ്രേക്ഷകർ തീർച്ചയായും കണ്ടിരിക്കണം.

പെൺകുട്ടികളുടെ സുരക്ഷ, പീഡനം, കുട്ടികൾക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമണം, ദുരുപയോഗം തുടങ്ങി സമൂഹത്തിൽ ഇന്ന് നടക്കുന്ന കൊള്ളരുതായ്മയുടെ മികച്ച ദൃശ്യാവിഷ്‌ക്കാരമാണ് , ദി ഗ്രേറ്റ് ഫാദർ,. പീഡോഫീലിയ (കുട്ടികളുമായി മുതിർന്നവർ നടത്തുന്ന ലൈംഗിക വേഴ്ച ) എന്ന ആശയം മുൻ നിർത്തിയാണ് സിനിമ സഞ്ചരിക്കുന്നത്. ഇതൊരു മാനസിക രോഗമാണെന്നിരിക്കെ ഇതിനുള്ള യഥാർത്ഥ മരുന്ന് എന്താണെന്നും ചിത്രം പറയുന്നുണ്ട്.

വൈറ്റ് പോയന്റ്സ്:

മമ്മൂട്ടി തന്നെയാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്. ഓരോ സീനിലും നിറഞ്ഞു നിൽക്കുന്ന താരത്തിന്റെ ഏറ്റവും മികച്ച ലുക്ക്‌ തന്നെയാണ് ദി ഗ്രേറ്റ് ഫാദർ, അഡാർ ഐറ്റം തന്നെ. ഒരു നോട്ടം കൊണ്ടോ ചിരി കൊണ്ടോ പോലും പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന തിരശ്ശീലയിലെ സാന്നിധ്യം മമ്മൂട്ടിയുടെ കാലം കഴിഞ്ഞെന്ന് മന്ത്രമോതുന്നവർക്കുള്ള താക്കീതാണ്. ഇത്ര സുന്ദരനായി വേറൊരു സിനിമയിലും ഈ നടനെ കണ്ടിട്ടില്ല.

മകളെ ജീവന് തുല്യം സ്നേഹിക്കുക്കുകയും സുഹൃത്തായി കാണുകയും ചെയ്യുന്ന നൈനാന്
പക്ഷെ മകൾക്കൊന്ന് നൊന്തപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് പോയി. പിന്നെ കശ്മലൻമാരെ തേടി മമ്മൂട്ടിയിറങ്ങുകയാണ് , അതും തന്റെ പഴയ കറുത്ത കാറിൽ. ദി ഗ്രേറ്റ് ഫാദർ ഡേവിഡ് നൈനാനായി മമ്മൂട്ടി കസറി.

മമ്മൂട്ടിയുടെ മകളായി അനിഘയും തകർത്തു. ആദ്യ രംഗങ്ങളിലെ ചുറുചുറുക്കുള്ള കുട്ടിയിൽ നിന്നും വേദനയും വിഷമവുമുള്ള മറ്റൊരു അനിഘയാകാൻ ഈ ബാലതാരത്തിന് എളുപ്പത്തിൽ സാധിച്ചു. പോലീസുകാരനായി ആര്യ നല്ല പ്രകടനം കാഴ്‌ച വെച്ചു. ആർനോൾഡ് ലുക്കും വില്ലൻ സ്വഭാവവും പരുക്കൻ രൂപവുമുള്ള കഥാപാത്രം ആര്യ മികച്ചതാക്കി.

സ്നേഹ, മിയ, ഐ എം വിജയൻ, ശാം തുടങ്ങി എല്ലാവരും തങ്ങളുടെ കഥാപാത്രത്തോട് കൂറ് പുലർത്തി. വില്ലൻ മികച്ചതായിരുന്നു ഒരേ സമയം രണ്ടാളായി മാറുന്ന ഇയാൾക്ക് (സസ്പെൻസ് ഉള്ളതിനാൽ പേര് പറയുന്നില്ല ) മികച്ച ഭാവിയുണ്ടെന്ന കാര്യത്തിൽ സംശയമില്ല.

സമകാലിക സംഭവങ്ങളെ കോർത്തിണക്കി മികച്ച സാമൂഹിക സന്ദേശം നൽകുന്ന സിനിമയൊരുക്കിയ ഹനീഫ് അദാനിക്ക് അഭിനനന്ദനങ്ങൾ. സമൂഹത്തിൽ ഇന്ന് ഏറ്റവും കൂടുതൽ നടക്കുന്ന വിപത്താണ് ലൈംഗിക അതിക്രമങ്ങൾ, അതും കുട്ടികൾക്ക് നേരെ. എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ പെൺകുട്ടികളെ പിച്ചി ചീന്താൻ നടക്കുന്ന കാമ വെറിയന്മാർ നമുക്ക് ചുറ്റിലുമുണ്ടെന്ന് എഴുത്തുകാരൻ ഓർമിപ്പിച്ച് തരുന്നു.

ഒന്ന് കണ്ണ് തെറ്റിയാൽ എത്തിപ്പിടിക്കാൻ നമ്മുടെയെല്ലാവരുടെ വീട്ടിലും അവരുണ്ട്. ജോലിയുടെ തിരക്കിൽ എല്ലാം വെട്ടിപ്പിടിക്കാനുള്ള വ്യഗ്രതയിൽ ലോകം ചുറ്റുന്ന രക്ഷിതാക്കൾ മക്കളെ ശ്രദ്ധിക്കാതെ പോകരുതെന്ന് സിനിമ ഓർമപ്പെടുത്തുന്നു.


അച്ഛൻ പെൺകുട്ടികൾക്ക് ഹീറോ ആണ്. എല്ലാ അച്ഛന്മാരിലും ഒരു സൂപ്പർ ഹീറോ ഒളിഞ്ഞ് കിടക്കുന്നുണ്ട്. രാജ്യത്തിന്റെ നിയമമോ പോലീസിന്റെ ലോ ആൻഡ് ഓർഡറോ ഭരണഘടനയിലെ ആർട്ടിക്ക്ളോ ഒന്നുമല്ല നടപ്പാകേണ്ടതെന്നാണ് പൊതു സമൂഹം പറയുന്നത്. ഒരു അച്ഛന്റെ നിയമമാണ് അമ്മയുടെ നിയമമാണ്. ഇരക്ക് കിട്ടേണ്ട നീതിക്ക് വേണ്ടിയാകണം നിയമങ്ങളും വ്യവസ്ഥകളും, അല്ലാത്തതൊക്കെ എടുത്ത് വലിച്ചെറിയണമെന്ന പൊതു സമൂഹത്തിന്റ ബോധത്തെ സാധൂകരിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.

അതെ ഡേവിഡ് നൈനാൻ, നിങ്ങൾ ചെയ്തത് ശരിയാണ് നൂറു ശതമാനം ശരി, സ്ത്രീ സുരക്ഷക്ക് കോട്ടം വരുത്തുന്നവരെ പിന്നെ മാലയിട്ട് സ്വീകരിക്കണോ? അവരെ കൊട്ടിഘോഷിച്ച് ജയിലിലാക്കിയിട്ട് എന്തിനാണ്? തിന്ന് കൊഴുത്ത് ബ്രോയിലർ കോഴികളായി തിരിച്ച് കൊണ്ട് വരാനോ? നൈനാന് നന്ദി ഇരക്ക് നീതി ലഭിച്ചിരിക്കുന്നുവെന്ന് സമൂഹത്തിന് വിശ്വസിക്കാം. ഹനീഫ് അദാനി, മികച്ച വിഷയത്തെ തന്നെ തെരഞ്ഞെടുത്തതിൽ അനുമോദനങ്ങൾ അർഹിക്കുന്നു

വസ്ത്രാലങ്കാരം മികച്ചതായിരുന്നു ഓരോ ഫ്രയിമിലും മമ്മൂട്ടിയെ ഒരുക്കി നിർത്താൻ കോസ്റ്റിയൂം ഡിസൈനർക്ക് കഴിഞ്ഞു. സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതം ശരാശരി നിലവാരം പുലർത്തി. ക്യാമറ നല്ല രീതിയിൽ ഉപയോഗിച്ചിട്ടുണ്ട്. തുടക്കത്തിലേ അപകടം, ചെയ്സിംഗ് എന്നീ രംഗങ്ങളെല്ലാം മികച്ചതാണ്.

ബ്ളാക്ക് പോയന്റ്സ്

കഥയിലെ പുതുമയില്ലായ്മയാണ് പ്രധാന പ്രശ്നം. സിനിമ തുടങ്ങുമ്പോൾ തന്നെ എല്ലാവർക്കും കഥ മനസ്സിലാകുന്നുണ്ട്. പിന്നെ ആ വില്ലനെ കാണാനുള്ള സസ്‍പെൻസ് മാത്രമേ ബാക്കി വെക്കുന്നുള്ളൂ. സ്ഥിരം കണ്ട സിനിമകൾ, കഥകൾ, തിരക്കഥയിലും വലിയ പുതുമയൊന്നുമില്ല. എവിടെയൊക്കെയോ പരിചയമുള്ള കുറെ കഥകൾ കോർത്തിണക്കിയുണ്ടാക്കിയ ഒരു മാലയെന്ന് തോന്നിപ്പോകും.

സംവിധായകൻ ഒരു മമ്മൂട്ടി ഫാൻ ആണെന്ന് വ്യക്തമാണ്. പലയിടത്തും അദ്ദേഹത്തിൻറെ താരാരാധന പുറത്ത് വന്ന് പോയിട്ടുണ്ട്. മമ്മൂട്ടിയെ സ്റ്റൈലിഷ് ആയി കാണിക്കാൻ വേണ്ടി എത്രയോ സീനുകൾ എഴുതി വെച്ച പോലെ. എന്തിന് വേണ്ടിയാണിത്തരം ഗോഷ്ടികൾ എഴുത്തുകാർ കാണിക്കുന്നത്?

വൈകാരിക രംഗങ്ങൾ പൊളിച്ചടക്കുന്ന മമ്മൂട്ടി സിനിമയുടെ തുടക്ക രംഗത്ത് ആടാൻ മറന്ന് പോയ ആട്ടക്കാരനെ പോലെ നിൽക്കുന്നത് കണ്ട് സങ്കടം തോന്നിപ്പോയി. മമ്മൂട്ടി ഒരു സംവിധായകന്റെ നടനാണ്. വേണ്ട നിർദ്ദേശങ്ങൾ കിട്ടിയാൽ മാത്രമേ അദ്ദേഹത്തിന് അഭിനയിച്ച് ഫലിപ്പിക്കാൻ കഴിയുകയുള്ളൂ. അങ്ങനെയിരിക്കെ ആ രംഗത്തെ വഷളാക്കിയത് സംവിധായകൻ തന്നെയാണെന്ന് പറയേണ്ടി വരും.

ആര്യയുടെ ശബ്ദം ഡബ്ബ് ചെയ്തത് ആദ്യ രംഗങ്ങളിൽ തീരെ ശരിയായില്ല. ശബ്ദം ആദ്യവും ചുണ്ടനക്കം പിന്നീടുമാണ് വന്നത്. പിന്നീട് അത് ശരിയായി. ഹോസ്റ്റലിൽ ആര്യ പിളേളരെ പിടിക്കാൻ പോകുന്ന രംഗമുണ്ട്. പിളേളരെന്ന് പരിചയപ്പെടുത്തുന്നവർ കുറെ പ്രായമുള്ളവരാണ്. വേറെ വിദ്യാർത്ഥികളെ കിട്ടാഞ്ഞിട്ടാണോ സംവിധായകൻ അത്തരമൊരു സാഹസത്തിന് മുതിർന്നത്?

സിനിമക്ക് മൊത്തത്തിൽ ഒരു ചടുലത ഇല്ല. ഒരു സസ്പെൻസ് മൂവി ആകുമ്പോൾ അൽപം കൂടി വേഗത കൈവരിക്കേണ്ടതുണ്ട്. അത് നഷ്ടമായി. അന്വേഷണത്തിലൊന്നും പുതുമയില്ല. വില്ലനെ കാണിക്കുന്നില്ലെന്നത് മാറ്റി നിർത്തിയാൽ കൊലപാതകത്തിലൊന്നും ഒരു വ്യത്യസ്തത കൊണ്ട് വരാൻ കഴിഞ്ഞില്ല (മെമ്മറീസ്, ദൃശ്യമൊക്കെ പോലെ). അന്വേഷണവും സ്വാഭാവിക രീതിയിലാണ്. ഒരു ടെക്‌നിക്കൽ സ്കില്ലും എവിടെയും ഉപയോഗിച്ചിട്ടില്ല.

ഗോപി സുന്ദറിന് കഷ്ടകാലമാണ് ഇപ്പോൾ. സത്യയിലെ മോശം പാട്ടിന് ശേഷം ഈ സിനിമയിലെ രണ്ടാമത്തെ പാട്ടും അരോചകമായി തോന്നി. അനാവശ്യമായി ഏച്ച്‌ കെട്ടിയത് പോലെ.

സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതം മാറ്റിയോ? ടീസറിലേയും മോഷൻ പോസ്റ്ററിലേയും പശ്ചാത്തല സംഗീതവും ഇംഗ്ലീഷ് ബാക്ഗ്രൗണ്ടും സിനിമയിൽ എങ്ങും കണ്ടില്ല.

എഡിററിംഗിൽ ഒരുപാട് സ്ഥലത്ത് കത്രിക വെക്കാൻ മറന്ന് പോയി. ആദ്യ രംഗത്തിലെ ട്രാജഡി സീൻ, ആര്യ അന്വേഷണത്തിന് വരുന്ന രംഗം, സ്‌കൂളുകളിൽ കൗൺസിലിംഗ് . ഇവിടെയൊന്നും ഇത്രദൈർഘ്യം വേണ്ടായിരുന്നുവെന്ന് തോന്നിപ്പോകും.

ബിഗ് ബി പ്രതീക്ഷിച്ച് ആരും തിയേറ്ററിലേക്ക് പോകരുത്. അതിനേക്കാൾ ലുക്ക് മമ്മൂട്ടിക്ക് ഈ സിനിമയിൽ ഉണ്ടെങ്കിലും അത്ര സ്റ്റൈലിഷ് അല്ല ഗ്രേറ്റ് ഫാദർ, പശ്ചാത്തല സംഗീതവും ബിഗ്ബി യുടെ അത്ര പോര. എന്നാൽ ഇങ്ങനെയൊരു സിനിമ ഇന്ന് കേരളത്തിന് ആവശ്യമാണ്. ഈ ചിത്രം നിർമ്മിക്കാൻ ധൈര്യം കാണിച്ച പ്രിഥ്വിരാജിനും സന്തോഷ് ശിവനും ഷാജി നടേശനും അഭിനന്ദനങ്ങൾ.

ഇതൊരു അറിയിപ്പാണ്. ഇവിടുത്തെ നിയമപാലകർക്കുള്ള അറിയിപ്പ്, ഭരണ വർഗ്ഗങ്ങൾക്കുള്ള അറിയിപ്പ്, കോടതി കാണാതെ പോകുന്ന സത്യങ്ങൾക്കുള്ള ഓർമപ്പെടുത്തൽ. ഇനിയും ഈ നാട്ടിലെ പെൺകുട്ടികളെ ആരെങ്കിലും കടന്ന് പിടിക്കുകയോ ഉപദ്രവിക്കുകയോ പീഡിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്‌താൽ അപ്പോൾ നിയമം നോക്കി നിൽക്കുകയും സർക്കാർ കൈമലർത്തുകയും ചെയ്യുമ്പോൾ അവിടെ ഡേവിഡ് നൈനാൻമാർ പിറവിയെടുക്കുമെന്ന മുന്നറിയിപ്പാണ് സിനിമ നൽകുന്നത് (ഫോർ ദി പീപ്പിൾ സിനിമയിലെ സന്ദേശം പോലെ). എല്ലാ വീട്ടിലുമുണ്ട് ഡേവിഡ് നൈനാൻ. അവരിലെ സൂപ്പർ ഫാദർ, ഇത് നിയമ വിരുദ്ധമാണെങ്കിൽ പോലും അത്തരക്കാരെ വേറെന്ത് ചെയ്യണമെന്ന സമൂഹത്തിന്റെ പൊതു ചോദ്യമാണ് സിനിമയുടെ സന്ദേശം

കൂട്ടിയും കുറച്ചും ഹരിച്ചും ഗുണിച്ചും നോക്കിയാൽ നൂറിൽ (100 ) അറുപതിയെട്ട് (68) മാർക്ക് കൊടുക്കാം. മമ്മൂട്ടി ഫാൻസിന് 75 മാർക്ക് വരെ കൊടുക്കാം.

Summary: Mammottys starred new film The Great Father review: The most stylish film has released recently, but story could not meet any difference, and the way he took was good and message it pass to the society is remarkable.

Keywords: Mammottys starred new film The Great Father review