Follow KVARTHA on Google news Follow Us!
ad

ടി എം കൃഷ്ണയെന്ന വിപ്ലവ ഗായകന്‍

ഈ വര്‍ഷത്തെ മാഗ്‌സെസെ പുരസ്‌കാര ജേതാക്കളില്‍ ഒരാള്‍ ടി എം കൃഷ്ണയാണ്. കര്‍ണാടക സംഗീത വേദികളിലെ പ്രൗഡ സാനിധ്യമായ തൊഡൂര്‍ Article, Award, Karnataka, Amala Thambai, Magsaysay award, TM Krishna, Musician, Karnatic Music, A Southern Music the Karnatic Story, TM Krishna the singer
അമല തമ്പായി

(www.kvartha.com 30 07.2016) ഈ വര്‍ഷത്തെ മാഗ്‌സെസെ പുരസ്‌കാര ജേതാക്കളില്‍ ഒരാള്‍ ടി എം കൃഷ്ണയാണ്. കര്‍ണാടക സംഗീത വേദികളിലെ പ്രൗഡ സാനിധ്യമായ തൊഡൂര്‍ മാഡബുസി കൃഷ്ണയെന്ന സംഗീത പ്രതിഭയെ തേടി മാഗ്‌സസെ പുരസ്‌കാരമെത്തുമ്പോള്‍ തുടക്കം കുറിക്കുന്നത് പുതിയൊരു ചരിത്രത്തിനാണ്.

ഇന്ത്യയിലെ അഗാധമായ സാമൂഹിക വേര്‍തിരിവുകളിലെ മുറിവുണക്കി എന്നും മതത്തിന്റേയും വര്‍ഗത്തിന്റേയും വേലിക്കെട്ടുകള്‍ മറികടന്നു സംഗീതത്തിന് നല്‍കാന്‍ കഴിയുന്നവ ഒരു കലാകാരന്‍ എന്ന നിലയില്‍ സമര്‍പ്പിച്ചെന്നുമാണ് 'ഉയര്‍ന്നുവരുന്ന നേതൃത്വം' എന്ന വിഭാഗത്തില്‍ കൃഷ്ണയെ തെരെഞ്ഞെടുക്കുമ്പോള്‍ മാഗ്‌സസെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് വിലയിരുത്തിയത്.

ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ വിലയിരുത്തല്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്നതിനു കൃഷ്ണയുടെ ജീവിതവും നിലപാടുകളും തന്നെ തെളിവ്. ചെന്നൈയിലെ ബ്രാഹ്മണ കുടുംബത്തില്‍ ജനനം. ആറ് വയസുമുതല്‍ കര്‍ണാടിക് സംഗീതത്തിലെ പ്രതിഭകളില്‍ നിന്നു സംഗീതാഭ്യാസനം. ചെങ്കല്‍പേട്ട് രംഗനാഥനും ശെമ്മാങ്കുടി ശ്രീനിവാസ അയ്യരും എം എസ് സുബ്ബലക്ഷ്മിയുമൊക്കെ ആദ്യകാല ഗുരുക്കന്മാര്‍.

എന്നാല്‍ പരമ്പരാഗത സംഗീതത്തിന്റെ ചിട്ടവട്ടങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ കേള്‍വിക്കാരെ വിസ്മയത്തുമ്പില്‍ നിര്‍ത്തുമ്പോഴും മറ്റൊരു മുഖമുണ്ട് ടി എം കൃഷ്ണയ്ക്ക്. സംഗീതത്തിലും സമൂഹത്തിലും ഇനിയും മാറിയിട്ടില്ലാത്ത ജാതിമേധാവിത്വത്തെയും വരേണ്യ വല്‍ക്കരണത്തെയും ചോദ്യം ചെയ്യുന്ന വിപ്ലവഗായകന്റെ മുഖം. എന്താണ് ശുദ്ധമെന്നും അശുദ്ധമെന്നും ഉറക്കെ വിളിച്ചു ചോദിക്കാന്‍ ധൈര്യം കാണിക്കുന്ന മനുഷ്യന്‍. കര്‍ണാടക സംഗീതചരിത്രത്തില്‍ ബ്രാഹ്മണ സമൂഹത്തില്‍നിന്ന് ഇത്ര ശക്തമായി ജാതീയതയെ ചോദ്യം ചെയ്ത മറ്റൊരു സംഗീതജ്ഞനുണ്ടാവില്ല. ജനപ്രിയ ഗായകനുമുണ്ടാവില്ല.

തമിഴ്‌നാട്ടിലെ നാടന്‍ പാട്ടുകാരായ തിരുക്കൂത്ത് പാട്ടുകാരുടെ വേദികളില്‍ പാടാന്‍ കൃഷ്ണയ്ക്കല്ലാതെ മറ്റാര്‍ക്കു കഴിയും? അവരുടെ ജീവിതമെഴുതിയതും ഇതേ കൃഷ്ണ തന്നെ. കര്‍ണാടകയിലെ മൂന്നാം ലിംഗക്കാരായ ജോഗപ്പയെന്ന നാടോടി ഗായകര്‍ക്കൊപ്പം വേദി പങ്കിട്ട ഏക കര്‍ണാടക സംഗീതജ്ഞന്‍. താഴ്ന്ന ജാതിക്കാരായ ദേശി ഗായകരുടെ ജീവചരിത്രകാരന്‍. വിശേഷണങ്ങള്‍ നീളുന്നു.

ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചതിനാലും കര്‍ണാടക സംഗീതത്തിന്റെ പാരമ്പര്യമായ അംശങ്ങള്‍ മാത്രം പഠിച്ച് വളര്‍ന്നതിനാലും നാട്ടുസംഗീതത്തിന്റെ ആഴം ഗ്രഹിക്കാന്‍ തനിക്കു കഴിഞ്ഞില്ലെന്ന കൃഷ്ണയുടെ കുറ്റസമ്മതം പലരേയും ഞെട്ടിച്ചു. കര്‍ണാടക സംഗീതത്തെ കുടുംബസ്വത്തായി കൊണ്ടു നടന്നിരുന്ന വരേണ്യ വര്‍ഗ്ഗത്തിന്റെ ഉറക്കം കെടുത്തുന്നതായിരുന്നു കൃഷ്ണ നടത്തിയ പല പഠനങ്ങളും. 3,000 വര്‍ഷത്തെ പാരമ്പര്യം പറയുന്ന കര്‍ണാടക സംഗീതത്തിന് കേവലം 2,00 വര്‍ഷത്തെ പഴക്കമേ ഉള്ളൂ എന്ന് കൃഷ്ണ വാദിച്ചു.

ദേവദാസികള്‍, ഇശൈ വെള്ളാളര്‍ തുടങ്ങിയവരുടെ പരമ്പാരഗത സംഗീതത്തിന്റെയും ഇസ്ലാമിക സംഗീതത്തിന്റെയും വടക്കന്‍ കര്‍ണാടകയുടെയും മധ്യപ്രദേശിന്റെയും പ്രാദേശിക സംഗീത വിഭാഗങ്ങളുടെയുമൊക്കെ അംശങ്ങള്‍ ചേര്‍ന്നതാണ് ഇന്നത്തെ കര്‍ണാടിക് സംഗീതത്തിന്റെ അടിസ്ഥാനമെന്നും 'എ സതേണ്‍ മ്യൂസിക് ദ കര്‍ണാട്ടിക് സ്‌റ്റോറി' എന്ന പുസ്തകത്തില്‍ കൃഷ്ണ തെളിയിച്ചു. വധശിക്ഷയ്‌ക്കെതിരെയുള്ള ശക്തമായ നിലപാടുകളിലൂടെ പരമ്പരാഗത പൊതുബോധത്തോടുള്ള തന്റെ എതിരഭിപ്രായം പരസ്യമായി പ്രഖ്യാപിക്കാനും കൃഷ്ണ മടിച്ചില്ല.

ഒരു മുഖ്യധാര സംഗീതജ്ഞനും ഇടപെടാത്ത മേഖലളിലൊക്കെ സാനിധ്യമറിയിക്കുന്ന വിപ്ലവഗായകനായ കൃഷ്ണയെ തേടി മാഗ്‌സെസെ പുരസ്‌കാരമെത്തുന്നത് ഒട്ടും യാദൃശ്ചികമല്ല. ഇത്തവണത്തെ പുരസ്‌കാരം കേവലമൊരു കലാകാരനോ സംഗീതജ്ഞനോ അല്ല ലഭിച്ചിരിക്കുന്നത്. ഒരു വിപ്ലവഗായകനാണെന്നാവും ചരിത്രം അടയാളപ്പെടുത്തുക.

Article, Award, Karnataka, Amala Thambai, Magsaysay award, TM Krishna, Musician, Karnatic Music, A Southern Music the Karnatic Story, TM Krishna the singer.

Keywords: Article, Award, Karnataka, Amala Thambai, Magsaysay award, TM Krishna, Musician, Karnatic Music, A Southern Music the Karnatic Story, TM Krishna the singer.