Follow KVARTHA on Google news Follow Us!
ad

കാറും ബസും കൂട്ടിയിടിച്ച് വീട്ടമ്മയും ബന്ധുവും മരിച്ചു

വിദേശത്ത് നിന്നും നാട്ടിലെത്തിയ മകനെ കൂട്ടിക്കൊണ്ടു മടങ്ങവേ ഇന്നോവ കാര്‍ കെ.എസ്.ആര്‍.ടി.സി ബസിലിടിച്ച് വീട്ടമ്മയും ബന്ധുവും Idukki, Thodupuzha, Kerala, Accident, Accidental Death, Car accident, bus, Obituary
തൊടുപുഴ: (www,kvartha.com 30/11/2015) വിദേശത്ത് നിന്നും നാട്ടിലെത്തിയ മകനെ കൂട്ടിക്കൊണ്ടു മടങ്ങവേ ഇന്നോവ കാര്‍ കെ.എസ്.ആര്‍.ടി.സി ബസിലിടിച്ച് വീട്ടമ്മയും ബന്ധുവും മരിച്ചു. മൂണ്ടക്കയം കരിനിലം തുറവാതക്കല്‍ അന്നമ്മ ആന്റണി(45), വാഹനം ഓടിച്ചിരുന്ന ഭര്‍തൃസഹോദര പുത്രന്‍ ബോബി (33) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന അന്നമ്മയുടെ ഭര്‍ത്താവ് ആന്റണി(56), മകന്‍ മനു(26), മകള്‍ മിനു(22) എന്നിവരെ സാരമായ പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച പുലര്‍ച്ചെ 6.20 ഓടെ മുട്ടം ചളളാവയലിലാണ് അപകടം. മുണ്ടക്കയത്തുനിന്നു പെരിന്തല്‍മണ്ണയ്ക്കു പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസില്‍ നെടുമ്പാശ്ശേരിയില്‍ നിന്നു വരികയായിരുന്ന ഇന്നോവ ഇടിക്കുകയായിരുന്നു. ഇന്നോവ അമിതവേഗത്തിലായിരുന്നെന്ന് ബസിലെ യാത്രക്കാര്‍ പറയുന്നു.

വള്ളിപ്പാറ സ്‌റ്റോപ്പില്‍ ബസ് നിര്‍ത്തി യാത്രക്കാരനെ ഇറക്കി ഏതാനൂം മീറ്റര്‍ മൂന്നോട്ട് എടുക്കുമ്പോഴാണ് അപകടം. എതിരെ വരികയായിരുന്ന ഇന്നോവ, ബസിനു വലതുവശത്തിടിച്ച ശേഷം രണ്ടുതവണ റോഡില്‍ വട്ടം കറങ്ങി സമീപത്തെ മതിലിലിടിച്ച് റോഡിലേയ്ക്കു പതിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കാറോടിച്ചിരുന്ന ബോബി ഉറങ്ങി പോയതാണ് അപകട കാരണമെന്ന് കരുതുന്നു. കാറിന്റെ ഒരു വശം പൂര്‍ണമായും തകര്‍ന്നു. ബോബിയും പിന്‍സീറ്റിലിരുന്ന അന്നമ്മയും അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ബസിലുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്നാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ആന്റണിക്കും മുഖത്തും മനുവിന് തലയ്ക്കുമാണ് പരുക്ക്.

കാഞ്ഞാര്‍ പോലീസും തൊടുപുഴയില്‍ നിന്നുള്ള അഗ്‌നിശമന സേനയും എത്തി. ഒന്നര വര്‍ഷമായി മനു അബുദാബിയില്‍ ജോലി ചെയ്യുകയായിരുന്നു. മരിച്ച ബോബി മുണ്ടക്കയം പുഞ്ചവയലില്‍ ഇലക്ട്രിക് വ്യാപാര സ്ഥാപനം നടത്തുകയാണ്. ജെസിയാണ് ഭാര്യ. മൂന്നുവയസുള്ള അന്ന ഏകമകളാണ്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.




Keywords: Idukki, Thodupuzha, Kerala, Accident, Accidental Death, Car accident, bus, Obituary