Follow KVARTHA on Google news Follow Us!
ad

വയോജന നയം ഇപ്പോഴും ഫ്രീസറില്‍; വയോജന സൗഹൃദ പഞ്ചായത്ത് എവിടെ?

വൃദ്ധ ജനങ്ങള്‍ക്കു മികച്ച പരിഗണന ഉറപ്പാക്കുന്നതിന് സംസ്ഥാനസര്‍ക്കാര്‍ ഒമ്പതു Thiruvananthapuram, hospital, Treatment, Nurse, Govt-Doctors, Kerala,
തിരുവനന്തപുരം: (www.kvartha.com 29.09.0215) വൃദ്ധ ജനങ്ങള്‍ക്കു മികച്ച പരിഗണന ഉറപ്പാക്കുന്നതിന് സംസ്ഥാനസര്‍ക്കാര്‍ ഒമ്പതു വര്‍ഷം മുമ്പു പ്രഖ്യാപിച്ച വയോജന നയം ഫ്രീസറില്‍. അതിലെ പ്രഖ്യാപനങ്ങളിലേറെയും നടപ്പായില്ല. ഒക്ടോബര്‍ ഒന്നിന് വീണ്ടുമൊരു വയോജന ദിനം വരുമ്പോള്‍ അതേ നയത്തിലെ കാര്യങ്ങള്‍ ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണു സര്‍ക്കാര്‍.

2006ല്‍ ആണ് കേരളത്തില്‍ ആദ്യമായി വയോജന നയം രൂപീകരിച്ചത്. 60 വയസിനു മുകളിലുള്ളവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി വിഭാഗത്തില്‍ പ്രത്യേക ക്യൂ ഉണ്ടാകുമെന്നുള്‍പ്പെടെയായിരുന്നു അവകാശവാദം. പക്ഷേ, നടപ്പായില്ലെന്നു മാത്രം. 2006 ലെ നയത്തിന്റെ അടിസ്ഥാനത്തില്‍ ഏഴു വര്‍ഷം ആരും ഒന്നു ചെയ്തില്ല. പക്ഷേ, 2013ല്‍ ആ നയം പരിഷ്‌കരിച്ചിരുന്നു. 'നിലവിലുണ്ടായിരുന്ന വയോജന നയം പരിഷ്‌കരിച്ച് അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനു വേണ്ടി വിവിധ പരിപാടികള്‍ നടപ്പിലാക്കുന്നതിനു കര്‍മ പദ്ധതി രൂപവല്‍കരിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ' എന്നാണ്  മുതിര്‍ന്ന പൗരന്മാര്‍ക്കു വേണ്ടിയുള്ള സംസ്ഥാന നയം, 2013ന്റെ ആമുഖത്തില്‍ പറയുന്നത്.

 2013 മെയ് അഞ്ചിനാണ് സാമൂഹ്യനീതി വകുപ്പ് ഇതു പുറത്തിറക്കിയത്. ഈ നയത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ ചെയ്യേണ്ട കാര്യങ്ങള്‍ക്ക് അതാതു വകുപ്പുകളെ ചുമതലപ്പെടുത്തുകയും ചെയ്തു. ഏകോപനച്ചുമതല മാത്രമാണ് സാമൂഹ്യനീതി വകുപ്പിനുള്ളത്. നടപ്പാക്കേണ്ടത് വ്യത്യസ്ഥ വകുപ്പുകളാണ്. ഉദാഹരണത്തിന് വൈദ്യശാസ്ത്ര പഠനം, നഴ്‌സിംഗ് എന്നീ മേഖലകളിലെ പാഠ്യപദ്ധതിയില്‍ വൃദ്ധരോഗ ചികില്‍സ അടിയന്തരമായി ഉള്‍പ്പെടുത്തേണ്ടതാണ് എന്ന് നയത്തില്‍ പറയുന്നുണ്ട്. അത് നടപ്പാക്കാന്‍ കര്‍മ പദ്ധതി തയ്യാറാക്കേണ്ടത് ആരോഗ്യ വകുപ്പാണ്.

അതിനു പ്രത്യേക സംഘത്തെ അവര്‍ നിയോഗിച്ചിട്ടുമുണ്ട്. എന്നാണ് സാമൂഹികനീതി വകുപ്പിന്റെ വിശദീകരണം. എന്നാല്‍ നയരേഖയില്‍ വൃദ്ധരോഗ ചികില്‍സയേക്കുറിച്ച് പറയുന്നുണ്ടെങ്കിലും അത് നടപ്പാക്കാന്‍ ഒരു ചുവടുപോലും സര്‍ക്കാര്‍ ഇതുവരെ വച്ചിട്ടില്ലെന്നാണ് അനുഭവം. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും വൃദ്ധരോഗ ചികില്‍സയില്‍ പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാരും നഴ്‌സുമാരും ഉണ്ടാകണം; പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ആദ്യകാല ലക്ഷ്യമായിരുന്ന കുടുംബാസൂത്രണത്തിന് പ്രസക്തി കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ അവയൊക്കെ മുതിര്‍ന്നവരുടെ പരിരക്ഷയ്ക്ക് ഊന്നല്‍ നല്‍കാന്‍ ശ്രദ്ധിക്കണം എന്നു നയത്തില്‍ വിശദീകരിക്കുന്നുണ്ട്.

 അതിനപ്പുറം ഒന്നുമുണ്ടായില്ല. വയോജനങ്ങള്‍ക്കുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതിന് സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി അധ്യക്ഷനും ആരോഗ്യം, പൊതുവിദ്യാഭ്യാസം, ധനകാര്യം, തദ്ദേശ സ്വയംഭരണം, ആഭ്യന്തരം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാര്‍ അംഗങ്ങളുമായി സമിതിയുണ്ട്. ഈ ഓരോ വകുപ്പിലെയും രണ്ട് വിദഗ്ധര്‍ വീതം ഉള്‍പ്പെടുന്ന ദൗത്യ സംഘത്തെയും നിയോഗിച്ചു. സാമൂഹ്യനീതി വകുപ്പ് ഡയറക്ടറാണ് അധ്യക്ഷന്‍. ഈ സംഘം വിവിധ വകുപ്പുകളുടെ നിര്‍ദേശങ്ങള്‍ തയ്യാറാക്കി സെക്രട്ടറിമാരുടെ സമിതിക്ക് സമര്‍പ്പിക്കണം എന്നാണു നിര്‍ദേശം. മാത്രമല്ല, ഓരോ വര്‍ഷം കൂടുമ്പോഴും ഈ നയവും കര്‍മപദ്ധതിയും പുനരവലോകനം ചെയ്യുമെന്നും നയരേഖ വ്യക്തമാക്കുന്നു.

പക്ഷേ, ഇതുവരെ നടപ്പാക്കിത്തുടങ്ങിയിട്ടില്ലാത്ത നയം ഈ വര്‍ഷം എങ്ങനെ പുനരവലോകനം ചെയ്യും എന്ന ചോദ്യം ബാക്കി. വാര്‍ഷിക അവലോകനം മാര്‍ച്ചിലാണ് നടത്തേണ്ടത്. കുറേ കാര്യങ്ങളൊക്കെ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷേ, ഓരോ വകുപ്പും തയ്യാറാക്കുന്ന പദ്ധതിക്ക് ധനകാര്യ വകുപ്പിന്റെ അനുമതി ഉള്‍പ്പെടെ വാങ്ങി നടപ്പാക്കുന്ന പ്രക്രിയയാണ്, സമയമെടുക്കും എന്നാണ് സാമൂഹ്യനീതി വകുപ്പ് പറയുന്നത്. നയം നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വയോജന സൗഹൃദ പഞ്ചായത്തുകള്‍ പ്രഖ്യാപിക്കാനും ആലോചിച്ചിരുന്നു. പൈലറ്റ് പദ്ധതി എന്ന നിലയില്‍ തിരുവനന്തപുരം ജില്ലയിലെ മാണിക്യവിളാകം പഞ്ചായത്തിനെയാണു പരിഗണിക്കുന്നത്. പക്ഷേ, എപ്പോള്‍ അതു നടപ്പാകും എന്ന് തീരുമാനമായിട്ടില്ല.

Old age day, Kerala govt to declare it's old policy again, Thiruvananthapuram, Hospital, Treatment, Nurse, Govt-Doctors, Kerala.